ഉൽപത്തി 13:1-9
ഉൽപത്തി 13:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കേ ദേശത്തു വന്നു. കന്നുകാലി, വെള്ളി, പൊന്ന് ഈവകയിൽ അബ്രാം ബഹുസമ്പന്നനായിരുന്നു. അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിനും ഹായിക്കും മധ്യേ തനിക്ക് ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു. അബ്രാമിനോടുകൂടെ വന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു. അവർ ഒന്നിച്ചു പാർപ്പാൻ തക്കവണ്ണം ദേശത്തിന് അവരെ വഹിച്ചുകൂടാഞ്ഞു; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നിച്ചു പാർപ്പാൻ കഴിഞ്ഞില്ല. അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാർത്തിരുന്നു. അതുകൊണ്ട് അബ്രാം ലോത്തിനോട്: എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
ഉൽപത്തി 13:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രാം ഭാര്യയോടും ലോത്തിനോടും ഒത്തു തനിക്കുള്ള സർവസ്വവുമായി ഈജിപ്തിൽനിന്നു നെഗെബിലേക്കു മടങ്ങിപ്പോയി. ആടുമാടുകൾ, വെള്ളി, സ്വർണം ഇവകൊണ്ട് അബ്രാം വളരെ സമ്പന്നനായിരുന്നു. അദ്ദേഹം നെഗെബിൽനിന്നു പുറപ്പെട്ട് ബേഥേലിൽ എത്തി. ബേഥേലിനും ഹായിക്കുമിടയ്‍ക്കു മുമ്പു കൂടാരമടിക്കുകയും ആദ്യമായി ഒരു യാഗപീഠം ഉണ്ടാക്കുകയും ചെയ്തിരുന്ന സ്ഥലംവരെ യാത്ര ചെയ്തു. അവിടെ അദ്ദേഹം സർവേശ്വരന്റെ നാമത്തിൽ ആരാധിച്ചു. അബ്രാമിനെ അനുഗമിച്ച ലോത്തിനും ആടുമാടുകളും കൂടാരങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇരുകൂട്ടർക്കും ഒരുമിച്ചു കഴിയാൻ വേണ്ടത്ര മേച്ചിൽപ്പുറം അവിടെ ഇല്ലായിരുന്നു. അത്രവളരെ ആടുമാടുകളും മറ്റു സമ്പത്തും അവർക്കുണ്ടായിരുന്നു. അബ്രാമിന്റെയും ലോത്തിന്റെയും ഇടയന്മാർ തമ്മിൽ കലഹിക്കുക പതിവായി. അക്കാലത്ത് കനാന്യരും പെരിസ്യരും ആ ദേശത്തു പാർത്തിരുന്നു. അബ്രാം ലോത്തിനോടു പറഞ്ഞു: “നാം തമ്മിലോ നമ്മുടെ ഇടയന്മാർ തമ്മിലോ കലഹം ഉണ്ടായിക്കൂടാ. ഈ ദേശം മുഴുവൻ നിന്റെ മുമ്പിലില്ലേ? നമുക്കു തമ്മിൽ വേർപിരിയാം. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ട്; അതല്ല, നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്‍ക്കൊള്ളാം.”
ഉൽപത്തി 13:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽ നിന്നു പുറപ്പെട്ടു തെക്കേ ദേശത്തു വന്നു. കന്നുകാലിയിലും, വെള്ളിയിലും, പൊന്നിലും അബ്രാം ബഹുസമ്പന്നനായിരുന്നു. അവൻ തന്റെ യാത്രയിൽ തെക്കുനിന്ന് ബേഥേൽവരെയും ബേഥേലിനും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദ്യമായി ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു. അബ്രാമിനോടുകൂടെവന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു. അവർ ഒന്നിച്ചുപാർക്കുവാൻ തക്കവണ്ണം ദേശത്തിന് അവരെ താങ്ങുവാൻ കഴിയുമായിരുന്നില്ല; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നിച്ചുപാർക്കുവാൻ കഴിഞ്ഞില്ല. അബ്രാമിൻ്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ ശണ്ഠയുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാർത്തിരുന്നു. അതുകൊണ്ട് അബ്രാം ലോത്തിനോട്: “എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ ശണ്ഠ ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. ദേശം മുഴുവൻ നിന്‍റെ മുമ്പിൽ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടു പോകുന്നുവെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.
ഉൽപത്തി 13:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു. കന്നുകാലി, വെള്ളി, പൊന്നു ഈ വകയിൽ അബ്രാം ബഹുസമ്പന്നനായിരുന്നു. അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു. അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു. അവർ ഒന്നിച്ചുപാർപ്പാൻ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവർക്കു ഒന്നിച്ചുപാർപ്പാൻ കഴിഞ്ഞില്ല. അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാർത്തിരുന്നു. അതു കൊണ്ടു അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
ഉൽപത്തി 13:1-9 സമകാലിക മലയാളവിവർത്തനം (MCV)
അബ്രാം ഭാര്യയോടുകൂടെ, തനിക്കുള്ള സകലവുമായി ഈജിപ്റ്റിൽനിന്ന് ദക്ഷിണദിക്കിലേക്ക് യാത്രചെയ്തു. ലോത്തും അദ്ദേഹത്തെ അനുഗമിച്ചു. കന്നുകാലികൾ, വെള്ളി, സ്വർണം എന്നിവയിൽ അബ്രാം മഹാസമ്പന്നനായിരുന്നു. അദ്ദേഹം തെക്കേദേശത്തുനിന്നു പല സ്ഥലങ്ങളിലൂടെ യാത്രചെയ്ത് ബേഥേൽവരെയും ബേഥേലിനും ഹായിക്കും മധ്യേ താൻ മുമ്പ് കൂടാരം അടിച്ചിരുന്നതും ആദ്യം യാഗപീഠം പണിതിരുന്നതുമായ സ്ഥലംവരെയും ചെന്നു. അവിടെ അബ്രാം യഹോവയെ ആരാധിച്ചു. അബ്രാമിനോടുകൂടെ യാത്രചെയ്തിരുന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു. അവർ ഒരുമിച്ചു താമസിച്ചാൽ ദേശത്തിന് അവരെ പോറ്റാൻ സാധിക്കുകയില്ല എന്ന നിലയിലായി; ഒരുമിച്ചു ജീവിക്കാൻ കഴിയാത്തവിധം അത്രയധികമായിരുന്നു അവരുടെ സമ്പത്ത്. അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാരും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാരുംതമ്മിൽ കലഹമുണ്ടായി. അക്കാലത്ത് കനാന്യരും പെരിസ്യരും ആ ദേശത്തു താമസിച്ചിരുന്നു. അതുകൊണ്ട് അബ്രാം ലോത്തിനോട്: “നിനക്കും എനിക്കുംതമ്മിലോ നിന്റെയും എന്റെയും ഇടയന്മാർതമ്മിലോ ഒരു വഴക്കും ഉണ്ടാകരുത്; നാം അടുത്ത ബന്ധുക്കളല്ലേ! ദേശംമുഴുവനും നിന്റെ മുമ്പിൽ ഇല്ലയോ? നമുക്കു വേർപിരിയാം. നീ ഇടത്തോട്ടു പോകുന്നെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; അതല്ല, നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.