ഉൽപത്തി 12:17-20
ഉൽപത്തി 12:17-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബ്രാമിന്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: നീ എന്നോട് ഈ ചെയ്തത് എന്ത്? ഇവൾ നിന്റെ ഭാര്യയെന്ന് എന്നെ അറിയിക്കാഞ്ഞത് എന്ത്? അവൾ എന്റെ സഹോദരി എന്ന് എന്തിനു പറഞ്ഞു? ഞാൻ അവളെ ഭാര്യയായിട്ട് എടുപ്പാൻ സംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടുപോക എന്നു പറഞ്ഞു. ഫറവോൻ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവനുള്ള സകലവുമായി പറഞ്ഞയച്ചു.
ഉൽപത്തി 12:17-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രാമിന്റെ ഭാര്യ സാറായി നിമിത്തം സർവേശ്വരൻ ഫറവോയെയും കുടുംബാംഗങ്ങളെയും മാരകരോഗങ്ങളാൽ പീഡിപ്പിച്ചു. അതുകൊണ്ട് ഫറവോ അബ്രാമിനെ വിളിപ്പിച്ചു ചോദിച്ചു: “എന്നോടു നീ ഇങ്ങനെ ചെയ്തത് എന്ത്? അവൾ നിന്റെ ഭാര്യ എന്ന് എന്നോടു പറയാതിരുന്നതെന്തുകൊണ്ട്? അവളെ ഭാര്യയായി ഞാൻ സ്വീകരിക്കത്തക്കവിധം ‘ഇവൾ എന്റെ സഹോദരി’യെന്ന് നീ എന്തിനു പറഞ്ഞു? ഇതാ നിന്റെ ഭാര്യ, അവളെ കൂട്ടിക്കൊണ്ടുപോകുക.” അബ്രാമിനെ സംബന്ധിച്ച് ഫറവോ തന്റെ ആളുകൾക്ക് കല്പനകൾ കൊടുത്തു. അവർ അബ്രാമിനെയും ഭാര്യയെയും അദ്ദേഹത്തിന്റെ സർവസമ്പത്തോടുംകൂടി പറഞ്ഞയച്ചു.
ഉൽപത്തി 12:17-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അബ്രാമിൻ്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും മഹാരോഗങ്ങളാൽ ദണ്ഡിപ്പിച്ചു. അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: “നീ എന്നോട് ഈ ചെയ്തത് എന്ത്? അവൾ നിന്‍റെ ഭാര്യയെന്ന് നീ എന്നെ അറിയിക്കാഞ്ഞത് എന്ത്? ഞാൻ അവളെ എന്‍റെ ഭാര്യയായിട്ട് എടുക്കത്തക്കവിധം അവൾ നിന്‍റെ സഹോദരിയെന്ന് നീ എന്തിന് പറഞ്ഞു? ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ട് നിന്‍റെ വഴിക്കുപോകുക” എന്നു പറഞ്ഞു. ഫറവോൻ അബ്രാമിനെക്കുറിച്ചു തന്‍റെ ആളുകളോട് കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവനുള്ള സകലവുമായി പറഞ്ഞയച്ചു.
ഉൽപത്തി 12:17-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അബ്രാമിന്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവൾ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? അവൾ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാൻ അവളെ ഭാര്യയായിട്ടു എടുപ്പാൻ സംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു. ഫറവോൻ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.
ഉൽപത്തി 12:17-20 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, യഹോവ അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം ഫറവോനെയും അദ്ദേഹത്തിന്റെ ഭവനക്കാരെയും മഹാരോഗങ്ങളാൽ പീഡിപ്പിച്ചു. അപ്പോൾ ഫറവോൻ അബ്രാമിനെ ആളയച്ചുവരുത്തി, “നീ എന്നോട് ഈ ചെയ്തതെന്ത്? ഇവൾ നിന്റെ ഭാര്യയാണെന്ന് എന്തുകൊണ്ട് എന്നോടു പറയാതിരുന്നു? ‘ഇവൾ എന്റെ സഹോദരിയാണ്’ എന്നു നീ പറഞ്ഞതെന്തിന്? ഞാൻ അവളെ ഭാര്യയായി സ്വീകരിക്കാൻ സംഗതിയായല്ലോ? ഇപ്പോൾ ഇതാ നിന്റെ ഭാര്യ, ഇവളെ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞു. പിന്നെ ഫറവോൻ തന്റെ ആളുകൾക്ക് അബ്രാമിനെ സംബന്ധിച്ച് ആജ്ഞ നൽകുകയും അവർ അദ്ദേഹത്തെ ഭാര്യയോടും അദ്ദേഹത്തിന്റെ സകലസമ്പത്തോടുംകൂടെ യാത്രയാക്കുകയും ചെയ്തു.