ഉൽപത്തി 12:1-9

ഉൽപത്തി 12:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ചു വയസ്സായിരുന്നു. അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻദേശത്ത് എത്തി. അബ്രാം ശെഖേമെന്ന സ്ഥലംവരെയും ഏലോൻമോരേവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യർ ദേശത്തു പാർത്തിരുന്നു. യഹോവ അബ്രാമിനു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവൻ അവിടെ ഒരു യാഗപീഠം പണിതു. അവൻ അവിടെനിന്നു ബേഥേലിനു കിഴക്കുള്ള മലയ്ക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു. അബ്രാം പിന്നെയും തെക്കോട്ടു യാത്ര ചെയ്തുകൊണ്ടിരുന്നു.

ഉൽപത്തി 12:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ അബ്രാമിനോട് അരുളിച്ചെയ്തു: “നീ നിന്റെ നാടും കുടുംബവും ബന്ധുക്കളെയും വിട്ട് ഞാൻ കാണിച്ചു തരുന്ന ദേശത്തേക്കു പോകുക. അവിടെ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും. നിന്നെ അനുഗ്രഹിച്ചു നിന്റെ പേര് മഹത്തരമാക്കും. നീ ഒരു അനുഗ്രഹമായിത്തീരും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. നിന്നിലൂടെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” സർവേശ്വരൻ കല്പിച്ചതുപോലെ അബ്രാം യാത്ര പുറപ്പെട്ടു; ലോത്തും കൂടെപ്പോയി. എഴുപത്തിഅഞ്ചാമത്തെ വയസ്സിലാണ് അബ്രാം ഹാരാനിൽനിന്നു യാത്ര പുറപ്പെട്ടത്. ഭാര്യ സാറായി, സഹോദരപുത്രൻ ലോത്ത് എന്നിവരൊന്നിച്ച്, ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും സമ്പത്തുമായി അബ്രാം കനാൻദേശം ലക്ഷ്യമാക്കി യാത്ര തുടർന്നു. അവർ അവിടെ എത്തി. ആ ദേശത്തിലൂടെ സഞ്ചരിച്ച് അദ്ദേഹം ശെഖേമിൽ മോരെയിലെ കരുവേലകവൃക്ഷത്തിനടുത്ത് ചെന്നുചേർന്നു. കനാന്യർ അന്ന് ആ പ്രദേശത്തു പാർത്തിരുന്നു. സർവേശ്വരൻ അബ്രാമിനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്റെ സന്തതികൾക്ക് ഈ ദേശം ഞാൻ നല്‌കും.” അവിടുന്നു പ്രത്യക്ഷപ്പെട്ട സ്ഥലത്ത് അബ്രാം സർവേശ്വരന് ഒരു യാഗപീഠം പണിതു. അവിടെനിന്ന് അദ്ദേഹം ബേഥേലിനു കിഴക്കുള്ള മലയിൽ ചെന്ന് ബേഥേലിനു കിഴക്കും ഹായിക്ക് പടിഞ്ഞാറുമായി കൂടാരമടിച്ചു. അവിടെയും യാഗപീഠം പണിതു സർവേശ്വരന്റെ നാമത്തിൽ ആരാധിച്ചു. അബ്രാം നെഗെബുദേശത്തേക്കു യാത്ര തുടർന്നു.

ഉൽപത്തി 12:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നീ നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു ഞാൻ നിന്നെ കാണിക്കുവാനിരിക്കുന്ന ദേശത്തേക്ക് പോകുക. ഞാൻ നിന്നെ വലിയ ഒരു ജനതയാക്കും; ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും.” യഹോവ തന്നോട് കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു. അബ്രാം തന്‍റെ ഭാര്യയായ സാറായിയെയും സഹോദരന്‍റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തും ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ട് കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു. അങ്ങനെ അവർ കനാൻദേശത്ത് എത്തി. അബ്രാം ശെഖേം എന്ന സ്ഥലംവരെയും ഏലോൻമോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. ആ കാലത്ത് കനാന്യർ അവിടെ പാർത്തിരുന്നു. യഹോവ അബ്രാമിനു പ്രത്യക്ഷനായി: “നിന്‍റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും” എന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അബ്രാം അവിടെ ഒരു യാഗപീഠം പണിതു. അവൻ അവിടെനിന്ന് ബേഥേലിനു കിഴക്കുള്ള മലയ്ക്ക് പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി അവൻ തന്‍റെ കൂടാരം അടിച്ചു; അവിടെ അവൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു. അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

ഉൽപത്തി 12:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു. അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻദേശത്തു എത്തി. അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻമോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻ ദേശത്തു പാർത്തിരുന്നു. യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു. അവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു. അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

ഉൽപത്തി 12:1-9 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും നിന്റെ പിതൃഭവനക്കാരെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക. “ഞാൻ നിന്നെ വലിയൊരു ജനതയാക്കും; ഞാൻ നിന്നെ അനുഗ്രഹിക്കും; നിന്റെ നാമം ഞാൻ ശ്രേഷ്ഠമാക്കും. നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; ഭൂമിയിലെ സകലവംശങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും.” അങ്ങനെ യഹോവ തന്നോടു കൽപ്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു; ലോത്തും അദ്ദേഹത്തോടുകൂടെ പോയി. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു. അദ്ദേഹം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ പുത്രനായ ലോത്തിനെയും തങ്ങൾ ഹാരാനിൽവെച്ചു നേടിയ സകലസ്വത്തും ഹാരാനിൽവെച്ച് തങ്ങൾ സമ്പാദിച്ച സേവകരെയും കൂട്ടി കനാൻദേശത്തേക്കു യാത്രതിരിച്ചു; അവർ കനാൻദേശത്ത് എത്തിച്ചേരുകയും ചെയ്തു. അബ്രാം ആ ദേശത്തുകൂടി ശേഖേമിലെ മോരേയിലുള്ള മഹാവൃക്ഷംവരെയും യാത്രചെയ്തു. അക്കാലത്ത് കനാന്യരായിരുന്നു ആ ദേശത്തുണ്ടായിരുന്നത്. യഹോവ അബ്രാമിനു പ്രത്യക്ഷനായി, “ഞാൻ ഈ ദേശം നിന്റെ സന്തതിക്കു നൽകും” എന്ന് അരുളിച്ചെയ്തു. അതിനുശേഷം അദ്ദേഹം തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു. അവിടെനിന്ന് അബ്രാം ബേഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു പോയി. അവിടെ തന്റെ കൂടാരം അടിച്ചു; ആ സ്ഥലത്തിന്റെ പടിഞ്ഞാറുവശത്തു ബേഥേലും കിഴക്കുവശത്തു ഹായിയും ആയിരുന്നു. അവിടെ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു. അബ്രാം പിന്നെയും ദക്ഷിണദിക്ക് ലക്ഷ്യമാക്കി തന്റെ പ്രയാണം തുടർന്നു.