ഉൽപത്തി 10:8-12
ഉൽപത്തി 10:8-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാമായുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവയായിരുന്നു. ആ ദേശത്തുനിന്ന് അശ്ശൂർ പുറപ്പെട്ടു നീനെവേ, രെഹോബോത്ത് പട്ടണം, കാലഹ്, നീനെവേക്കും കാലഹിനും മധ്യേ മഹാനഗരമായ രേസൻ എന്നിവ പണിതു.
ഉൽപത്തി 10:8-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കൂശിന്റെ പുത്രനായിരുന്നു നിമ്രോദ്. അവൻ ഭൂമിയിലെ ആദ്യത്തെ യുദ്ധവീരനായിത്തീർന്നു. സർവേശ്വരന്റെ ഹിതത്താൽ അവൻ ശക്തനായ ഒരു നായാട്ടുകാരനും ആയിരുന്നു. അതുകൊണ്ട് “സർവേശ്വരന്റെ സന്നിധിയിൽ നിമ്രോദിനെപ്പോലെ ശക്തനായ ഒരു നായാട്ടുകാരൻ” എന്നൊരു ചൊല്ല് അവരുടെ ഇടയിൽ ഉണ്ടായി. ആരംഭത്തിൽ അയാളുടെ രാജ്യം ഷിനാറിലുള്ള ബാബിലോൺ, എരെക്, അക്കാദ്, കൽനേ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു. അവിടെനിന്ന് അസ്സീറിയയിലേക്ക് കടന്നു, നിനെവേ, രെഹോബേത്ത്, കാലഹ്, നിനെവേക്കും വൻനഗരമായ കാലഹിനും ഇടയ്‍ക്കുള്ള രേസെൻ എന്നീ പട്ടണങ്ങൾ അയാൾ സ്ഥാപിച്ചു.
ഉൽപത്തി 10:8-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ട്: “യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു പഴഞ്ചൊല്ലുണ്ടായി. ആരംഭത്തിൽ അവന്റെ രാജ്യം ശിനാർദേശത്ത് ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു. ആ ദേശത്തുനിന്ന് നിമ്രോദ് അശ്ശൂരിലേക്ക് പുറപ്പെട്ടു നീനെവേ, രെഹോബോത്ത്-ഇർ, കാലഹ്, നീനെവേയ്ക്കും കാലഹിനും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.
ഉൽപത്തി 10:8-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു. ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബൊത്ത് പട്ടണം, കാലഹ്, നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.
ഉൽപത്തി 10:8-12 സമകാലിക മലയാളവിവർത്തനം (MCV)
കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു. അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്. അയാളുടെ രാജ്യത്തിന്റെ പ്രഥമകേന്ദ്രങ്ങൾ ശിനാർ ദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനെ എന്നിവയായിരുന്നു. അയാൾ അവിടെനിന്ന് അശ്ശൂരിലേക്കു തന്റെ രാജ്യം വിസ്തൃതമാക്കി, അവിടെ നിനവേ, രെഹോബോത്ത് പട്ടണം, കാലഹ്, നിനവേക്കും കാലഹിനും മധ്യേയുള്ള മഹാനഗരമായ രേസെൻ എന്നീ പട്ടണങ്ങളും പണിതു.