ഉൽപത്തി 1:9-18
ഉൽപത്തി 1:9-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം: ആകാശത്തിൻകീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു. ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം. പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. പകൽ വാഴേണ്ടതിനു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവം കണ്ടു.
ഉൽപത്തി 1:9-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശത്തിനു താഴെയുള്ള ജലം ഒരുമിച്ചുകൂടി “ഉണങ്ങിയ നിലം പ്രത്യക്ഷപ്പെടട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിനു ഭൂമി എന്നും, ഒരുമിച്ചുകൂടിയ ജലത്തിനു സമുദ്രം എന്നും പേരിട്ടു. അതു നല്ലതെന്നു ദൈവം കണ്ടു. “പച്ചപ്പുല്ലും ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും അങ്ങനെ എല്ലാവിധ സസ്യങ്ങളും ഭൂമിയിൽ മുളയ്‍ക്കട്ടെ” എന്നു ദൈവം കല്പിച്ചു. ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും ഭൂമിയിലുണ്ടായി. അവ നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, ഉഷസ്സായി; മൂന്നാം ദിവസം. “പകലും രാത്രിയും തമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശഗോളങ്ങൾ ഉണ്ടാകട്ടെ; അവ ദിവസങ്ങളും ഋതുക്കളും വർഷങ്ങളും അറിയാനുള്ള അടയാളങ്ങളായിരിക്കട്ടെ. ഭൂമിക്കു പ്രകാശം നല്‌കുവാൻ അവ ആകാശദീപങ്ങളും ആയിരിക്കട്ടെ” എന്നു ദൈവം കല്പിച്ചു, അങ്ങനെ സംഭവിച്ചു. ദൈവം രണ്ടു വലിയ പ്രകാശഗോളങ്ങൾ സൃഷ്‍ടിച്ചു- പകൽ വാഴുവാൻ സൂര്യനും രാത്രി വാഴുവാൻ ചന്ദ്രനും നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്‍ടിച്ചു. ഇങ്ങനെ ഭൂമിക്ക് പ്രകാശം നല്‌കാനും പകലിന്റെയും രാത്രിയുടെയുംമേൽ ആധിപത്യം നടത്താനും വെളിച്ചവും ഇരുളും തമ്മിൽ വേർതിരിക്കാനുമായി അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു; അവ നല്ലതെന്നു ദൈവം കണ്ടു.
ഉൽപത്തി 1:9-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം: “ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ” എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിനു ദൈവം “ഭൂമി“ എന്നും വെള്ളത്തിന്റെ കൂട്ടത്തിനു “സമുദ്രം“ എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു. ഭൂമിയിൽ നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതത് തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഭൂമിയിൽനിന്നു പുല്ലും അതത് തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, മൂന്നാംദിവസം. “പകലും രാവും തമ്മിൽ വേർതിരിക്കുവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും ഋതുക്കളും, ദിവസവും, വർഷങ്ങളും തിരിച്ചറിയുവാനായും ഇരിക്കട്ടെ; ഭൂമിയെ പ്രകാശിപ്പിക്കുവാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. പകൽ വാഴേണ്ടതിന് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന് വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിക്കുവാനും പകലും രാത്രിയും നിയന്ത്രിക്കുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിക്കുവാനുമായി ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവം കണ്ടു.
ഉൽപത്തി 1:9-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു. ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം. പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
ഉൽപത്തി 1:9-18 സമകാലിക മലയാളവിവർത്തനം (MCV)
“ആകാശത്തിനുതാഴെയുള്ള വെള്ളം ഒരു സ്ഥലത്തു കൂടിച്ചേർന്ന് ഉണങ്ങിയ നിലം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിനു ദൈവം “കര” എന്നും വെള്ളത്തിന്റെ ശേഖരത്തിനു “സമുദ്രം” എന്നും പേരുവിളിച്ചു; നല്ലത് എന്നു ദൈവം കണ്ടു. “ഭൂമിയിൽ സസ്യജാലങ്ങൾ മുളയ്ക്കട്ടെ: ഭൂമിയിൽനിന്ന് വിത്തുള്ള സസ്യങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു. ഭൂമി അതതുതരം വിത്തുള്ള സസ്യജാലങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. നല്ലത് എന്നു ദൈവം കണ്ടു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—മൂന്നാംദിവസം. “പകലും രാത്രിയുംതമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ; ഋതുക്കൾ, ദിവസങ്ങൾ, സംവത്സരങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള ചിഹ്നങ്ങളായി ആ പ്രകാശങ്ങൾ മാറട്ടെ; ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിതാനത്തിൽ അവ പ്രകാശസ്രോതസ്സുകളായിരിക്കട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു. പകലിന്റെ അധിപതിയായി വലുപ്പം കൂടിയ പ്രകാശവും രാത്രിയുടെ അധിപതിയായി വലുപ്പം കുറഞ്ഞ പ്രകാശവും—ഇങ്ങനെ രണ്ടു വലിയ പ്രകാശത്തെ ദൈവം ഉണ്ടാക്കി. അവിടന്നു നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. ദൈവം ആകാശവിതാനത്തിൽ ഈ പ്രകാശങ്ങളെ സ്ഥാപിച്ചത് ഭൂമിയെ പ്രകാശിപ്പിക്കാനും പകലിന്റെയും രാത്രിയുടെയും അധിപതികളായിരിക്കാനും പ്രകാശവും ഇരുളുംതമ്മിൽ വേർതിരിക്കാനുമായിരുന്നു. നല്ലത് എന്നു ദൈവം കണ്ടു.