ഗലാത്യർ 5:19-26
ഗലാത്യർ 5:19-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. നാം അന്യോന്യം പോരിനു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുത്.
ഗലാത്യർ 5:19-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യന്റെ അധമസ്വഭാവത്തിന്റെ വ്യാപാരങ്ങൾ എന്തെല്ലാമെന്ന് എല്ലാവർക്കുമറിയാം; അവ അസാന്മാർഗികത, അശുദ്ധി, കാമാസക്തി, വിഗ്രഹാരാധന, മന്ത്രവാദം മുതലായവയാണ്. മാത്രമല്ല, മനുഷ്യർ ശത്രുക്കളായിത്തീർന്ന് പരസ്പരം പടവെട്ടുന്നു; അവർ അസൂയാലുക്കളും കോപിഷ്ഠരും അത്യാഗ്രഹികളുമായിത്തീരുന്നു; അവർ അന്യന്റെ മുതലിനായി ആഗ്രഹിക്കുകയും മദ്യപിച്ചു കൂത്താടുകയും ചെയ്യുന്നു; അതുപോലെയുള്ള മറ്റു പ്രവൃത്തികളിലും ഏർപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നവർക്ക് ദൈവരാജ്യത്തിന് അവകാശം ലഭിക്കുകയില്ല എന്നു ഞാൻ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. എന്നാൽ ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, വിനയം, ആത്മനിയന്ത്രണം ഇവയാണ്. ഇവയ്‍ക്കെതിരെ ഒരു നിയമവുമില്ല. ക്രിസ്തുയേശുവിനുള്ളവർ തങ്ങളുടെ പ്രാകൃതസ്വഭാവത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടി ക്രൂശിച്ചിരിക്കുന്നു. ആത്മാവു നമുക്കു ജീവൻ പ്രദാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തെ നയിക്കേണ്ടതും ആത്മാവുതന്നെ. നാം അഹങ്കരിക്കുകയോ, അന്യോന്യം പ്രകോപിപ്പിക്കുകയോ, അസൂയാലുക്കളായി വർത്തിക്കുകയോ ചെയ്യരുത്.
ഗലാത്യർ 5:19-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജഡത്തിൻ്റെ പ്രവൃത്തികളോ ദുർന്നടപ്പ്, വ്യഭിചാരം, അശുദ്ധി, ഭോഗാസക്തി, വിഗ്രഹാരാധന, ആഭിചാരം, പക, വിവാദം, മത്സരം, ഉഗ്രകോപം, സ്പർദ്ധ, അസൂയ, ഹത്യ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. എന്നാൽ ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല. ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്‍റെ ആസക്തികളോടും ദുർമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. പരിശുദ്ധാത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുക. നാം പരസ്പരം പ്രകോപിപ്പിച്ചും പരസ്പരം അസൂയപ്പെട്ടുംകൊണ്ട് വൃഥാഭിമാനികൾ ആകരുത്.
ഗലാത്യർ 5:19-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.
ഗലാത്യർ 5:19-26 സമകാലിക മലയാളവിവർത്തനം (MCV)
മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്. എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു. നാം ആത്മാവിനാൽ ജീവിക്കുന്നവരായതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും ആത്മനിയന്ത്രിതമായിരിക്കണം. നാം അഹംഭാവികളായി പരസ്പരം പ്രകോപിപ്പിക്കുന്നവരും മത്സരിക്കുന്നവരും ആകരുത്.