ഗലാത്യർ 3:15-22

ഗലാത്യർ 3:15-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും, അതിന് ഉറപ്പു വന്നശേഷം ആരും ദുർബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല. എന്നാൽ അബ്രാഹാമിനും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്ന് അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അതു ക്രിസ്തു തന്നെ. ഞാൻ പറയുന്നതിന്റെ താൽപര്യമോ: നാനൂറ്റിമുപ്പത് ആണ്ടു കഴിഞ്ഞിട്ട് ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പ് ഉറപ്പാക്കിയ നിയമത്തെ ദുർബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നത്; അബ്രാഹാമിനോ ദൈവം അതിനെ വാഗ്ദത്തംമൂലം നല്കി. എന്നാൽ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മധ്യസ്ഥന്റെ കൈയിൽ ഏല്പിച്ചതുമത്രേ. ഒരുത്തൻ മാത്രം എങ്കിൽ മധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്ക് ആധാരമാകുമായിരുന്നു. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിനു തിരുവെഴുത്ത് എല്ലാവറ്റെയും പാപത്തിൻ കീഴടച്ചുകളഞ്ഞു.

പങ്ക് വെക്കു
ഗലാത്യർ 3 വായിക്കുക

ഗലാത്യർ 3:15-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സഹോദരരേ, സാധാരണജീവിതത്തിൽനിന്ന് ഒരു ദൃഷ്ടാന്തം ഞാൻ ഉദ്ധരിക്കട്ടെ: ഒരു കാര്യം സംബന്ധിച്ച് രണ്ടുപേർ ഒരു ഉടമ്പടി ഉണ്ടാക്കിയാൽ മറ്റാർക്കും അത് അസാധുവാക്കുവാനോ, അതിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുവാനോ സാധ്യമല്ല. ദൈവത്തിന്റെ വാഗ്ദാനങ്ങൾ അബ്രഹാമിനും അദ്ദേഹത്തിന്റെ സന്തതിക്കുമാണ് നല്‌കപ്പെട്ടത്. അനേകം ആളുകൾ എന്നർഥം വരുന്ന ബഹുവചനമല്ല, ഒരാൾ എന്ന് അർഥം ധ്വനിക്കുന്ന ഏകവചനമായ ‘നിന്റെ സന്തതിക്കും’ എന്നത്രേ വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത്. ‘നിന്റെ സന്തതി’ എന്നു പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്. ഞാൻ പറയുന്നതിന്റെ സാരം ഇതാണ്: ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ചെയ്തു. അതു പാലിക്കുമെന്ന് വാഗ്ദാനവും ചെയ്തു. നാനൂറ്റിമുപ്പതു വർഷം കഴിഞ്ഞു നല്‌കപ്പെട്ട നിയമസംഹിതയ്‍ക്ക് ദൈവത്തിന്റെ ഉടമ്പടിയെ അസാധുവാക്കുന്നതിനോ വാഗ്ദാനം ഉപേക്ഷിക്കുന്നതിനോ സാധ്യമല്ല. എന്തെന്നാൽ ദൈവം നല്‌കുന്ന അവകാശം നിയമത്തെയാണ് ആശ്രയിച്ചിരിക്കുന്നതെങ്കിൽ, അതൊരിക്കലും വാഗ്ദാനത്തെ ആശ്രയിച്ചുള്ളതായിരിക്കുകയില്ല. വാഗ്ദാനംമൂലമാണ് ദൈവം അബ്രഹാമിന് ആ അവകാശം നല്‌കിയത്. അങ്ങനെയെങ്കിൽ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേർത്തുതന്നതാണ്. മാലാഖമാർ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു. എന്നാൽ ഒരുവൻ മാത്രമുള്ളിടത്ത് മധ്യസ്ഥന്റെ ആവശ്യമില്ല. ദൈവം ഏകനാണല്ലോ. അങ്ങനെയെങ്കിൽ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങൾക്കു വിരുദ്ധമാണെന്നോ? ഒരിക്കലുമല്ല; ജീവൻ പ്രദാനം ചെയ്യുവാൻ കഴിയുന്ന നിയമസംഹിത ഉണ്ടായിരുന്നെങ്കിൽ അതിലെ അനുശാസനങ്ങൾ അനുഷ്ഠിക്കുന്നതിനാൽ മനുഷ്യർ ദൈവത്തിന്റെ മുമ്പിൽ കുറ്റമറ്റവരായി തീരുമായിരുന്നല്ലോ. എന്നാൽ വേദഗ്രന്ഥത്തിലെ പ്രസ്താവനയനുസരിച്ച് സമസ്തലോകവും പാപത്തിന്റെ അധികാരത്തിൻകീഴിലാണ്. അതുകൊണ്ട്, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അവകാശം വിശ്വസിക്കുന്നവർക്കു നല്‌കപ്പെടുന്നു.

പങ്ക് വെക്കു
ഗലാത്യർ 3 വായിക്കുക

ഗലാത്യർ 3:15-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സഹോദരന്മാരേ, ഞാൻ മാനുഷികരീതിയിൽ പറയാം: അത് മാനുഷികമായ ഒരു ഉടമ്പടി ആയിരുന്നാലും അതിന് ഉറപ്പുവന്നാൽ ആരും അതിനെ ദുർബ്ബലമാക്കുകയോ അതിനോട് കൂട്ടുകയോ ചെയ്യുന്നില്ല. എന്നാൽ അബ്രാഹാമിനും അവന്‍റെ സന്തതിയ്ക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, എന്നാൽ നിന്‍റെ സന്തതിയ്ക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നത്; അത് ക്രിസ്തു തന്നെ. ഇപ്പോൾ ഞാൻ പറയുന്നതിൻ്റെ താല്പര്യമോ: നാനൂറ്റിമുപ്പത് വർഷം കഴിഞ്ഞിട്ട് ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം ദൈവം മുമ്പ് ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണം നിമിത്തം വന്നു എങ്കിൽ അത് ഇനി മേൽ വാഗ്ദത്തം നിമിത്തമല്ല വരുന്നത്; എന്നാൽ അബ്രാഹാമിനോ ദൈവം അവകാശം വാഗ്ദത്തം നിമിത്തം സൗജന്യമായി നല്കി. പിന്നെ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച അബ്രാഹാമിന്‍റെ സന്തതിവരുവോളം, ന്യായപ്രമാണം ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥൻ്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ഒരുവൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുവൻ മാത്രം. അതുകൊണ്ട് ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്ക് വിരോധമോ? ഒരിക്കലും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ നീതി വാസ്തവമായി ആ ന്യായപ്രമാണത്താൽ വരുമായിരുന്നു. എന്നാൽ വിശ്വസിക്കുന്ന ഏവർക്കും യേശുക്രിസ്തുവിലെ വിശ്വാസത്തിന്‍റെ വാഗ്ദാനം നൽകുവാൻ തക്കവണ്ണം തിരുവെഴുത്ത് എല്ലാറ്റിനെയും പാപത്തിൻ കീഴിൽ ആക്കിക്കളഞ്ഞു.

പങ്ക് വെക്കു
ഗലാത്യർ 3 വായിക്കുക

ഗലാത്യർ 3:15-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും അതിന്നു ഉറപ്പു വന്നശേഷം ആരും ദുർബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല. എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി. എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.

പങ്ക് വെക്കു
ഗലാത്യർ 3 വായിക്കുക

ഗലാത്യർ 3:15-22 സമകാലിക മലയാളവിവർത്തനം (MCV)

സഹോദരങ്ങളേ, നിങ്ങൾക്കു സുപരിചിതമായ ഒരു കാര്യം ഞാൻ പറയാം; സ്ഥിരമാക്കപ്പെട്ട ഒരു വിൽപ്പത്രം മാറ്റാനോ അതിനോടു കൂട്ടിച്ചേർക്കാനോ ആരാലും സാധ്യമല്ലല്ലോ. അബ്രാഹാമിനും അദ്ദേഹത്തിന്റെ സന്തതിക്കും ദൈവം വാഗ്ദാനങ്ങൾ നൽകി; “സന്തതികൾക്ക്” എന്ന് അനേകരെ ഉദ്ദേശിച്ചല്ല നൽകിയത്, മറിച്ച് “നിന്റെ സന്തതിക്ക്,” അതായത്, അദ്ദേഹത്തിന്റെ വംശജൻ എന്നാണ് പറയുന്നത്, അതു ക്രിസ്തുവാണ്. ഇതാണ് ഞാൻ പറയുന്നതിന്റെ സാരം: മുമ്പേതന്നെ ദൈവം സ്ഥിരമാക്കി പൂർത്തീകരിക്കുമെന്ന് വാഗ്ദാനംചെയ്ത ഉടമ്പടി—നാനൂറ്റിമുപ്പത് വർഷത്തിനുശേഷം ന്യായപ്രമാണം നൽകപ്പെട്ടു എന്ന കാരണത്താൽ—അവിടന്നുതന്നെ അതു നിഷേധിച്ച് അസാധുവാക്കുകയില്ല. അവകാശം ന്യായപ്രമാണത്തിനാലാണ് ലഭിക്കുന്നത് എങ്കിൽ അതു വാഗ്ദാനങ്ങളിൽ അധിഷ്ഠിതമല്ല; എന്നാൽ ദൈവം അബ്രാഹാമിന് അത് ഒരു വാഗ്ദാനത്താലാണ് നൽകിയത്. പിന്നെ എന്തിനാണ് ന്യായപ്രമാണം നൽകുകതന്നെ ചെയ്തത്? ലംഘനങ്ങൾ എന്താണെന്നുള്ളത് വ്യക്തമാക്കാനാണ് ന്യായപ്രമാണം കൂട്ടിച്ചേർക്കപ്പെട്ടത്. ഇത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സന്തതിയുടെ വരവുവരെമാത്രവുമാണ്. ഈ നിയമം ദൂതന്മാരിലൂടെ ഒരു മധ്യസ്ഥന്റെ പക്കൽ ഏൽപ്പിച്ചിട്ടുള്ളതാണ്. ഒന്നിലധികം വ്യക്തികൾ ഉണ്ടെങ്കിൽമാത്രമേ ഒരു മധ്യസ്ഥന്റെ ആവശ്യമുള്ളു; എന്നാൽ ദൈവം ഏകനല്ലോ. അങ്ങനെയെങ്കിൽ ന്യായപ്രമാണം ദൈവികവാഗ്ദാനങ്ങൾക്ക് എതിരാണോ? ഒരിക്കലും അല്ല. ന്യായപ്രമാണം ജീവൻ പ്രദാനംചെയ്യാൻ കഴിവുള്ളത് ആയിരുന്നു എങ്കിൽ ന്യായപ്രമാണംമുഖേന നീതീകരണം തീർച്ചയായും ലഭ്യമാകുമായിരുന്നു. എന്നാൽ സകലതും പാപത്തിന്റെ തടവറയിലാണെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. ഇത് യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും വിശ്വാസത്താൽ വാഗ്ദാനങ്ങൾ ലഭ്യമാക്കേണ്ടതിനു വേണ്ടിയാണ്.

പങ്ക് വെക്കു
ഗലാത്യർ 3 വായിക്കുക