ഗലാത്യർ 2:14-16
ഗലാത്യർ 2:14-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞത്: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നത് എന്ത്? നാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാപികളല്ല, യെഹൂദന്മാരത്രേ; എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല എന്ന് അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽതന്നെ നീതീകരിക്കപ്പെടേണ്ടതിനു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
ഗലാത്യർ 2:14-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ സുവിശേഷസത്യം അനുസരിച്ചല്ല നടക്കുന്നതെന്നു കണ്ടപ്പോൾ എല്ലാവരുടെയും മുമ്പിൽവച്ച് ഞാൻ പത്രോസിനോടു പറഞ്ഞു: “താങ്കൾ ഒരു യെഹൂദനായിരുന്നിട്ടും യെഹൂദമര്യാദപ്രകാരമല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നത്; അങ്ങനെയെങ്കിൽ യെഹൂദന്മാരെപ്പോലെ ജീവിക്കണമെന്നു വിജാതീയരെ നിങ്ങൾ നിർബന്ധിക്കുന്നതെന്തിന്?” “നാം ജന്മനാ യെഹൂദന്മാരാണ്, വിജാതീയരായ പാപികളല്ല” എന്നിരുന്നാലും ഒരുവൻ കുറ്റമറ്റവനായി ദൈവത്താൽ അംഗീകരിക്കപ്പെടുന്നത് യെഹൂദമതനിയമം പാലിക്കുന്നതുകൊണ്ടല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസംകൊണ്ടു മാത്രമാകുന്നു എന്നു നമുക്ക് അറിയാമല്ലോ. നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ടല്ല, പ്രത്യുത ക്രിസ്തുവിലുള്ള വിശ്വാസംമൂലമാണ് ദൈവത്താൽ അംഗീകരിക്കപ്പെടുന്നതെന്നു നാം അറിയുന്നു. എന്തുകൊണ്ടെന്നാൽ നിയമങ്ങൾ പാലിക്കുന്നതുകൊണ്ടു മാത്രം ആരും കുറ്റമറ്റവനായി ദൈവത്താൽ അംഗീകരിക്കപ്പെടുന്നില്ല.
ഗലാത്യർ 2:14-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ, അവർ സുവിശേഷത്തിന്റെ സത്യം പിന്തുടരുന്നില്ല എന്നു കണ്ടിട്ട് ഞാൻ എല്ലാവരുടെയും മുമ്പിൽവച്ച് കേഫാവിനോട് പറഞ്ഞത്: ”യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജനതകളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജനതകളെ യെഹൂദമര്യാദ അനുസരിക്കുവാൻ നിര്‍ബ്ബന്ധിക്കുന്നത് എങ്ങനെ?” നാം ജാതികളായ പാപികളല്ല, ജനനംകൊണ്ട് യെഹൂദന്മാരത്രെ; യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ആരും നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ട് നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നെ നാം നീതീകരിക്കപ്പെടേണ്ടതിന് ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
ഗലാത്യർ 2:14-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു? നാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാപികളല്ല, യെഹൂദന്മാരത്രെ; എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
ഗലാത്യർ 2:14-16 സമകാലിക മലയാളവിവർത്തനം (MCV)
അവർ സുവിശേഷസത്യം അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നു ഞാൻ കണ്ടപ്പോൾ അവരുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ ഞാൻ പത്രോസിനോട്: “യെഹൂദനായ താങ്കൾ യെഹൂദനെപ്പോലെയല്ല, യെഹൂദേതരനെപ്പോലെയാണ് ജീവിക്കുന്നത്. അങ്ങനെയെങ്കിൽ യെഹൂദരുടെ ജീവിതശൈലി അനുവർത്തിക്കാൻ യെഹൂദേതരരെ നിർബന്ധിക്കുന്നത് എന്തിന്? “ജന്മനാ നാം യെഹൂദരാണ്; പാപികളായ യെഹൂദേതരരല്ല. ഒരു വ്യക്തി നീതീകരിക്കപ്പെടുന്നത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് എന്ന് അറിയുക. ന്യായപ്രമാണത്തിന്റെ അനുഷ്ഠാനങ്ങളാലല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ് നാം ക്രിസ്തുയേശുവിൽ വിശ്വസിച്ചത്. കാരണം ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ആരും നീതീകരിക്കപ്പെടുന്നില്ല.