ഗലാത്യർ 2:11-14
ഗലാത്യർ 2:11-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ കേഫാവ് അന്ത്യൊക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോട് എതിർത്തുനിന്നു. യാക്കോബിന്റെ അടുക്കൽനിന്നു ചിലർ വരുംമുമ്പേ അവൻ ജാതികളോടുകൂടെ തിന്നുപോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞുനിന്നു. ശേഷം യെഹൂദന്മാരും അവനോടുകൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോകുവാൻ ഇടവന്നു. അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞത്: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നത് എന്ത്?
ഗലാത്യർ 2:11-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പത്രോസ് അന്ത്യോക്യയിൽ വന്നപ്പോൾ അദ്ദേഹം ചെയ്തത് ശരിയല്ലാഞ്ഞതുകൊണ്ട് മുഖത്തുനോക്കി ഞാൻ അദ്ദേഹത്തെ എതിർത്തു. യാക്കോബിന്റെ അടുക്കൽനിന്നു വന്ന ഏതാനും പേർ അവിടെ എത്തുന്നതിനുമുമ്പ്, അദ്ദേഹം വിജാതീയ സഹോദരന്മാരോടുകൂടി ഭക്ഷണം കഴിച്ചു വന്നിരുന്നു. എന്നാൽ അവർ വന്നുകഴിഞ്ഞ് ആ പതിവു നിറുത്തി അവരിൽനിന്ന് അകന്നുനിന്നു. എന്തുകൊണ്ടെന്നാൽ പരിച്ഛേദനവാദികളെ അദ്ദേഹം ഭയപ്പെട്ടു. പത്രോസിനോടൊപ്പം ഇതരയെഹൂദ സഹോദരന്മാരും ഭീരുക്കളെപ്പോലെ പെരുമാറുവാൻ തുടങ്ങി; ബർനബാസുപോലും ഈ കാപട്യത്തിനു വഴിപ്പെട്ടു. അവർ സുവിശേഷസത്യം അനുസരിച്ചല്ല നടക്കുന്നതെന്നു കണ്ടപ്പോൾ എല്ലാവരുടെയും മുമ്പിൽവച്ച് ഞാൻ പത്രോസിനോടു പറഞ്ഞു: “താങ്കൾ ഒരു യെഹൂദനായിരുന്നിട്ടും യെഹൂദമര്യാദപ്രകാരമല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നത്; അങ്ങനെയെങ്കിൽ യെഹൂദന്മാരെപ്പോലെ ജീവിക്കണമെന്നു വിജാതീയരെ നിങ്ങൾ നിർബന്ധിക്കുന്നതെന്തിന്?”
ഗലാത്യർ 2:11-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കേഫാവ് അന്ത്യൊക്യപട്ടണത്തില്‍ വന്നപ്പോൾ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോട് എതിർത്തുനിന്നു. യാക്കോബിന്‍റെ അടുക്കൽനിന്ന് ചിലർ വരുംമുമ്പെ കേഫാവ് ജാതികളോടുകൂടെ തിന്നു പോന്നു; എന്നാൽ അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു ജാതികളിൽ നിന്നു പിൻവാങ്ങി പിരിഞ്ഞു നിന്നു. ശേഷം യെഹൂദസഹോദരന്മാരും കേഫാവിനോടുകൂടെ ഈ കപടം കാണിച്ചു. അതുകൊണ്ട് ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു. എന്നാൽ, അവർ സുവിശേഷത്തിന്റെ സത്യം പിന്തുടരുന്നില്ല എന്നു കണ്ടിട്ട് ഞാൻ എല്ലാവരുടെയും മുമ്പിൽവച്ച് കേഫാവിനോട് പറഞ്ഞത്: ”യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജനതകളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജനതകളെ യെഹൂദമര്യാദ അനുസരിക്കുവാൻ നിര്‍ബ്ബന്ധിക്കുന്നത് എങ്ങനെ?”
ഗലാത്യർ 2:11-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തുനിന്നു. യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു. ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു. അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?
ഗലാത്യർ 2:11-14 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, പത്രോസ് അന്ത്യോക്യയിൽ വന്നപ്പോൾ, അയാൾ കുറ്റക്കാരനെന്നുകണ്ട് ഞാൻ അയാളെ പരസ്യമായി എതിർത്തു. കാരണം, യെഹൂദേതരരോടൊത്തു ഭക്ഷണം കഴിച്ചുവന്ന പത്രോസ്, യാക്കോബിന്റെ അടുക്കൽനിന്ന് ചിലർ വന്നപ്പോൾ, യെഹൂദരെ ഭയന്ന് സ്വയം പിന്മാറുകയും ഭക്ഷണം കഴിക്കാതെ മാറിനിൽക്കുകയും ചെയ്തു. ആയതിനാൽ, മറ്റു യെഹൂദരും അദ്ദേഹത്തോടൊപ്പം ഈ കാപട്യത്തിൽ പങ്കുകാരായി; ബർന്നബാസുപോലും അവരുടെ കാപട്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടാൻ ഇത് കാരണമായിത്തീർന്നു. അവർ സുവിശേഷസത്യം അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നു ഞാൻ കണ്ടപ്പോൾ അവരുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ ഞാൻ പത്രോസിനോട്: “യെഹൂദനായ താങ്കൾ യെഹൂദനെപ്പോലെയല്ല, യെഹൂദേതരനെപ്പോലെയാണ് ജീവിക്കുന്നത്. അങ്ങനെയെങ്കിൽ യെഹൂദരുടെ ജീവിതശൈലി അനുവർത്തിക്കാൻ യെഹൂദേതരരെ നിർബന്ധിക്കുന്നത് എന്തിന്?