ഗലാത്യർ 1:10-21

ഗലാത്യർ 1:10-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല. സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓർപ്പിക്കുന്നു. അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചത്. യെഹൂദമതത്തിലെ എന്റെ മുമ്പിലത്തെ നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ച് അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു. എങ്കിലും എന്റെ ജനനംമുതൽ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന് അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോട് ആലോചിക്കയോ, എനിക്കു മുമ്പേ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരേ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു. മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിനു യെരൂശലേമിലേക്കു പോയി പതിനഞ്ചു ദിവസം അവനോടുകൂടെ പാർത്തു. എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല. ഞാൻ നിങ്ങൾക്ക് എഴുതുന്നതു ഭോഷ്കല്ല എന്നതിനു ദൈവം സാക്ഷി. പിന്നെ ഞാൻ സുറിയ, കിലിക്യ ദിക്കുകളിലേക്കു പോയി.

പങ്ക് വെക്കു
ഗലാത്യർ 1 വായിക്കുക

ഗലാത്യർ 1:10-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മനുഷ്യരുടെ അംഗീകാരം നേടുന്നതിനുവേണ്ടി ഞാൻ ശ്രമിക്കുന്നു എന്നു തോന്നുന്നുവോ? ഒരിക്കലുമില്ല! എനിക്കു വേണ്ടത് ദൈവത്തിന്റെ അംഗീകാരമാണ്! ജനസമ്മിതി നേടാൻവേണ്ടിയാണോ ഞാൻ ശ്രമിക്കുന്നത്? അപ്രകാരം ചെയ്യുന്നപക്ഷം ഞാൻ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല. സഹോദരരേ, ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ പ്രസംഗിക്കുന്ന സുവിശേഷം മനുഷ്യനിൽനിന്ന് ഉദ്ഭവിക്കുന്നതല്ല. അത് ഏതെങ്കിലും മനുഷ്യനിൽനിന്ന് എനിക്കു ലഭിക്കുകയോ, ആരെങ്കിലും എന്നെ പഠിപ്പിക്കുകയോ ചെയ്തതുമല്ല. യേശുക്രിസ്തുതന്നെയാണ് അത് എനിക്കു വെളിപ്പെടുത്തിത്തന്നത്. യെഹൂദമതാവലംബി ആയിരുന്നപ്പോൾ എങ്ങനെയാണു ഞാൻ ജീവിച്ചതെന്നു നിങ്ങൾ കേട്ടിരിക്കുമല്ലോ. അന്നു ദൈവത്തിന്റെ സഭയെ പീഡിപ്പിക്കുവാനും അതിനെ നശിപ്പിക്കുവാനും ഞാൻ പരമാവധി പരിശ്രമിച്ചു. മതാനുഷ്ഠാനത്തിൽ ഞാൻ എന്റെ സമകാലികരായ യെഹൂദന്മാരുടെ മുൻപന്തിയിലായിരുന്നു; പൂർവികരുടെ പാരമ്പര്യങ്ങൾ പാലിക്കുന്നതിൽ അതീവ നിഷ്ഠയുള്ളവനും ആയിരുന്നു. എന്നാൽ ഞാൻ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം തിരുകൃപയാൽ എന്നെ തിരഞ്ഞെടുത്ത് വിജാതീയരോടു സുവിശേഷം പ്രസംഗിക്കുവാൻ അവിടുത്തെ പുത്രനെ എനിക്കു വെളിപ്പെടുത്തിത്തന്നു. അങ്ങനെ എന്നെ വിളിച്ചപ്പോൾ ഉപദേശം തേടി ഞാൻ ആരുടെയും അടുക്കൽ പോയില്ല. എനിക്കു മുമ്പ് അപ്പോസ്തോലന്മാരായവരെ കാണാൻ ഞാൻ യെരൂശലേമിലേക്കും പോയില്ല. പിന്നെയോ, ഉടനെതന്നെ ഞാൻ അറേബ്യയിലേക്കു പോകുകയും അവിടെനിന്നു ദമാസ്കസിലേക്കു തിരിച്ചുവരികയുമാണ് ചെയ്തത്. പത്രോസിനെ കണ്ടു വിവരങ്ങൾ അറിയുവാൻ ഞാൻ യെരൂശലേമിലേക്കു പോകുകയും പതിനഞ്ചു ദിവസം അദ്ദേഹത്തിന്റെ കൂടെ പാർക്കുകയും ചെയ്തത് മൂന്നു വർഷത്തിനു ശേഷമാണ്. കർത്താവിന്റെ സഹോദരൻ യാക്കോബിനെ അല്ലാതെ അപ്പോസ്തോലന്മാരിൽ വേറെ ആരെയും ഞാൻ കണ്ടില്ല. ഞാൻ എഴുതുന്ന ഇക്കാര്യങ്ങൾ വ്യാജമല്ല എന്നു ദൈവം അറിയുന്നു. പിന്നീടു ഞാൻ സിറിയ, കിലിക്യപ്രദേശങ്ങളിലേക്കു പോയി.

പങ്ക് വെക്കു
ഗലാത്യർ 1 വായിക്കുക

ഗലാത്യർ 1:10-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇപ്പോൾ എനിക്ക് മനുഷ്യൻ്റെയോ അതോ ദൈവത്തിൻ്റെയോ അംഗീകാരം വേണ്ടത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ഞാൻ ക്രിസ്തുവിന്‍റെ ദാസനല്ല. സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം കേവലം മാനുഷികമല്ല എന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് ഞാൻ മനുഷ്യരിൽനിന്ന് സ്വീകരിച്ചിട്ടില്ല, ഞാൻ പഠിച്ചിട്ടുമില്ല, പ്രത്യുത എന്നോടുള്ള യേശുക്രിസ്തുവിന്‍റെ വെളിപാടിനാൽ അത്രേ ഞാൻ പ്രാപിച്ചത്. യെഹൂദമതത്തിലെ എന്‍റെ മുമ്പത്തെ ജീവിതത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്‍റെ സഭയെ അത്യന്തം ഉപദ്രവിക്കുകയും അതിനെ മുടിക്കുകയും എന്‍റെ പിതൃപാരമ്പര്യത്തെക്കുറിച്ച് എനിക്ക് അത്യന്തം എരിവേറി, ഞാൻ എന്‍റെ സമപ്രായക്കാരായ യെഹൂദന്മാരിൽ പലരേക്കാളും യെഹൂദമതത്തിൽ അധികം മുന്നേറുകയും ചെയ്തുപോന്നു. എങ്കിലും എന്‍റെ അമ്മയുടെ ഉദരത്തിൽവച്ചു തന്നെ എന്നെ വേർതിരിച്ച് തന്‍റെ കൃപയാൽ എന്നെ വിളിച്ചിരിക്കുന്ന ദൈവം ഞാൻ ജനതകളുടെ ഇടയിൽ അവനെ പ്രസംഗിക്കേണ്ടതിന് പുത്രനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ മനുഷ്യരോട് ആലോചിക്കുകയോ എനിക്ക് മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്ക് പോകയോ ചെയ്യാതെ അരാബിരാജ്യത്തിലേക്ക് പോകുകയും പിന്നെ ദമസ്കൊസ് പട്ടണത്തിലേക്ക് മടങ്ങിപ്പോരുകയും ചെയ്തു. പിന്നെ മൂന്നു വർഷം കഴിഞ്ഞിട്ട് കേഫാവുമായി മുഖപരിചയമാകേണ്ടതിന് ഞാൻ യെരൂശലേമിലേക്ക് പോയി പതിനഞ്ചുദിവസം ഞാൻ അവനോടുകൂടെ പാർത്തു. എന്നാൽ കർത്താവിന്‍റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുവനെയും ഞാൻ കണ്ടില്ല. ദൈവമുമ്പിൽ ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഭോഷ്കല്ല. പിന്നെ ഞാൻ സിറിയ, കിലിക്യ ഭൂപ്രദേശങ്ങളിലേക്കു പോയി.

പങ്ക് വെക്കു
ഗലാത്യർ 1 വായിക്കുക

ഗലാത്യർ 1:10-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല. സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓർപ്പിക്കുന്നു. അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചതു. യെഹൂദമതത്തിലെ എന്റെ മുമ്പത്തെ നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു. എങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോടു ആലോചിക്കയോ എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു. മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകൂടെ പാർത്തു. എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല. ഞാൻ നിങ്ങൾക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി. പിന്നെ ഞാൻ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.

പങ്ക് വെക്കു
ഗലാത്യർ 1 വായിക്കുക

ഗലാത്യർ 1:10-21 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ ഇപ്പോൾ മനുഷ്യരുടെ അംഗീകാരമാണോ ദൈവത്തിന്റെ അംഗീകാരമാണോ നേടാൻ ശ്രമിക്കുന്നത്? അതോ ഞാൻ പൊതുജനത്തെ പ്രസാദിപ്പിക്കാനാണോ ശ്രമിക്കുന്നത്? ഇപ്പോഴും ഞാൻ മനുഷ്യരെയാണ് പ്രസാദിപ്പിക്കുന്നതെങ്കിൽ ഞാൻ ക്രിസ്തുവിന്റെ ദാസനല്ല. സഹോദരങ്ങളേ, ഞാൻ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാൻ അറിയിക്കുന്നു. ഞാൻ അത് ഏതെങ്കിലും മനുഷ്യനിൽനിന്ന് സ്വീകരിച്ചതോ പഠിച്ചതോ അല്ല; യേശുക്രിസ്തുവിൽനിന്ന് നേരിട്ടുള്ള വെളിപ്പാടിനാൽ എനിക്കു ലഭിച്ചതാണ്. യെഹൂദാമതത്തിലെ എന്റെ മുൻകാല ജീവിതശൈലി നിങ്ങൾക്കറിയാമല്ലോ. ദൈവത്തിന്റെ സഭയെ ഞാൻ തീവ്രമായി ഉപദ്രവിക്കുകയും നശിപ്പിക്കുകയുംചെയ്തിരുന്നു. എന്റെ പിതൃപാരമ്പര്യങ്ങളിൽ ശുഷ്കാന്തി മൂത്ത്, സമകാലീനരായ എന്റെ ജനങ്ങളെക്കാൾ യെഹൂദാമതത്തിൽ ഞാൻ വളരെ മുന്നേറിക്കൊണ്ടിരുന്നു. എന്നാൽ, യെഹൂദേതരരോട് സുവിശേഷം പ്രസംഗിക്കേണ്ടതിന് ഞാൻ ജനിക്കുന്നതിനുമുമ്പേതന്നെ എന്നെ നിയമിക്കാനും, അവിടത്തെ കൃപയാൽ എന്നെ അതിനായി നിയോഗിക്കാനും ദൈവത്തിനു പ്രസാദം തോന്നി. അതിനായി ദൈവപുത്രൻ എനിക്കു വെളിപ്പെട്ട ഉടൻതന്നെ ഞാൻ ഒരു മനുഷ്യനോടും വിദഗ്ദ്ധാഭിപ്രായം തേടുകയോ; എനിക്കുമുമ്പേ അപ്പൊസ്തലന്മാരായവരെ കാണാൻ ജെറുശലേമിലേക്കു പോകുകയോ ചെയ്യാതെ അറേബ്യയിലേക്കാണ് ഞാൻ പോയത്. പിന്നീട് ദമസ്കോസിലേക്കു മടങ്ങിവരികയും ചെയ്തു. പത്രോസുമായി പരിചയമാകേണ്ടതിന്, മൂന്നു വർഷത്തിനുശേഷം ഞാൻ ജെറുശലേമിലേക്കു പോകുകയും പതിനഞ്ചു ദിവസം അദ്ദേഹത്തോടുകൂടെ താമസിക്കുകയും ചെയ്തു. കർത്താവിന്റെ സഹോദരനായ യാക്കോബിനെ ഒഴികെ മറ്റ് അപ്പൊസ്തലന്മാരെ ആരെയും ഞാൻ കണ്ടില്ല. ഞാൻ എഴുതുന്നതു വ്യാജമല്ല എന്നു ദൈവംമുമ്പാകെ ഞാൻ ഉറപ്പുതരുന്നു. അതിനുശേഷം ഞാൻ സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലേക്കുപോയി.

പങ്ക് വെക്കു
ഗലാത്യർ 1 വായിക്കുക

ഗലാത്യർ 1:10-21

ഗലാത്യർ 1:10-21 MALOVBSI