എസ്രാ 6:1-12

എസ്രാ 6:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദാര്യാവേശ്‍രാജാവ് കല്പന കൊടുത്ത പ്രകാരം അവർ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധന കഴിച്ചു. അവർ മേദ്യസംസ്ഥാനത്തിലെ അഹ്‍മെഥാരാജധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ട് എഴുതിയിരുന്നതെന്തെന്നാൽ: കോരെശ്‍രാജാവിന്റെ ഒന്നാം ആണ്ടിൽ കോരെശ്‍രാജാവ് കല്പന കൊടുത്തത്: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം; അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ട് ഇടേണം; അതിന് അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം. വലിയകല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങൾകൊണ്ട് ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവ് രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുക്കേണം. അതുകൂടാതെ നെബൂഖദ്നേസർ യെരൂശലേമിലെ ദൈവാലയത്തിൽനിന്ന് എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തിൽ അതതിന്റെ സ്ഥലത്തു വരുവാൻ തക്കവണ്ണം ദൈവാലയത്തിൽ വയ്ക്കയും വേണം. ആകയാൽ നദിക്ക് അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥർ-ബോസ്നയേ, നിങ്ങളും നദിക്ക് അക്കരെയുള്ള അഫർസ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്ന് അകന്നു നില്ക്കേണം. ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ. ഈ ദൈവാലയം പണിയേണ്ടതിന് നിങ്ങൾ യെഹൂദന്മാരുടെ മൂപ്പന്മാർക്ക് ചെയ്യേണ്ടുന്നതിനെക്കുറിച്ച് ഞാൻ കല്പിക്കുന്നതെന്തെന്നാൽ: നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്ന് ആ ആളുകൾക്ക് കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു. അവർ സ്വർഗത്തിലെ ദൈവത്തിനു സൗരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിനും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കേണ്ടതിനും സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിപ്പാൻ അവർക്ക് ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാർ പറയുംപോലെ ദിവസംപ്രതി കുറവുകൂടാതെ കൊടുക്കേണ്ടതാകുന്നു. ആരെങ്കിലും ഈ കല്പന മാറ്റിയാൽ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവന്റെ വീട് അതുനിമിത്തം കുപ്പക്കുന്ന് ആക്കിക്കളകയും വേണം എന്നും ഞാൻ കല്പന കൊടുക്കുന്നു. ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിനും ജനത്തിനും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാര്യാവേശ് ആയ ഞാൻ കല്പന കൊടുക്കുന്നു; ഇത് ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.

പങ്ക് വെക്കു
എസ്രാ 6 വായിക്കുക

എസ്രാ 6:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാരിയൂസിന്റെ കല്പന അനുസരിച്ചു ബാബിലോണിൽ സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചു. മേദ്യപ്രവിശ്യയുടെ തലസ്ഥാനമായ എക്ബാത്താനയിൽ അവർ ഒരു ചുരുൾ കണ്ടെത്തി. അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: “സൈറസ്‍രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷം യെരൂശലേംദേവാലയത്തെക്കുറിച്ച് പുറപ്പെടുവിച്ച കല്പന: കാഴ്ചകളും ഹോമയാഗങ്ങളും അർപ്പിക്കുന്ന ആലയം വീണ്ടും പണിയണം. അതിന്റെ ഉയരം അറുപതു മുഴവും വീതി അറുപതു മുഴവും ആയിരിക്കണം. മൂന്നു നിര കല്ലുകൾക്കുമീതെ ഒരു നിര തടി എന്ന ക്രമത്തിലായിരിക്കണം അതു പണിയേണ്ടത്. ചെലവ് രാജഭണ്ഡാരത്തിൽനിന്നു നല്‌കേണ്ടതാണ്. യെരൂശലേമിലെ ദേവാലയത്തിൽനിന്നു നെബുഖദ്നേസർ ബാബിലോണിലേക്കു കൊണ്ടുപോയതും സ്വർണം, വെള്ളി എന്നിവകൊണ്ടു നിർമ്മിച്ചതുമായ പാത്രങ്ങൾ മടക്കിക്കൊടുക്കണം; അവ യെരൂശലേംദേവാലയത്തിൽ അതതു സ്ഥാനത്ത് വയ്‍ക്കണം.” ദാരിയൂസ് ഇപ്രകാരം മറുപടി നല്‌കി: “നദിക്ക് അക്കരെയുള്ള പ്രദേശത്തിന്റെ ഗവർണർ തത്നായിയും, ശെഥർ-ബോസ്നായിയും അവരുടെ സഹപ്രവർത്തകരായ അധികാരികളും പണിക്കു തടസ്സം നില്‌ക്കരുത്; ദേവാലയത്തിന്റെ പണി നിർബാധം നടക്കട്ടെ. യെഹൂദന്മാരുടെ ദേശാധിപതിയും അവരുടെ പ്രമാണികളും ഈ ദേവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ. ദേവാലയത്തിന്റെ പുനർനിർമ്മാണത്തിനു യെഹൂദാപ്രമാണികൾക്കു നിങ്ങൾ ചെയ്തു കൊടുക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള എന്റെ കല്പന ഇതാണ്. നദിക്കക്കരെ നികുതി ഇനത്തിൽ ലഭിക്കുന്ന രാജകീയ വരുമാനത്തിൽനിന്ന് ചെലവ് പൂർണമായി ഉടൻതന്നെ അവരെ ഏല്പിക്കണം. സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിക്കാൻ കാളക്കുട്ടികൾ, മുട്ടാടുകൾ, കുഞ്ഞാടുകൾ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാർ ആവശ്യപ്പെടുന്നത്ര കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും മുടക്കം കൂടാതെ ദിനംതോറും നല്‌കണം. അങ്ങനെ അവർ സ്വർഗത്തിലെ ദൈവത്തിനു ഹിതകരമായ യാഗം അർപ്പിക്കുകയും രാജാവിന്റെയും പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യട്ടെ. ആരെങ്കിലും മേല്പറഞ്ഞ കല്പന ലംഘിച്ചാൽ അവന്റെ വീടിന്റെ ഒരു തുലാം ഇളക്കിയെടുത്ത് ഒരറ്റം കൂർപ്പിച്ച് അതിന്മേൽ അവനെ കോർത്ത് തുലാം നാട്ടി നിറുത്തണം. അവന്റെ വീട് കുപ്പക്കുന്ന് ആക്കുകയും വേണം എന്നു ഞാൻ കല്പിക്കുന്നു. ഈ കല്പന ലംഘിക്കുകയോ തന്റെ നാമം സ്ഥാപിക്കുന്നതിനു ദൈവം തിരഞ്ഞെടുത്ത യെരൂശലേമിലെ ഈ ദേവാലയം നശിപ്പിക്കാനോ ശ്രമിക്കുന്ന ഏതൊരു രാജാവിനെയും ജനത്തെയും ദൈവം നശിപ്പിക്കും. ദാരിയൂസായ ഞാൻ ഈ ഉത്തരവു നല്‌കുന്നു. അതു വീഴ്ചകൂടാതെ നടപ്പാക്കണം.”

പങ്ക് വെക്കു
എസ്രാ 6 വായിക്കുക

എസ്രാ 6:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദാര്യാവേശ്‌രാജാവിന്‍റെ കല്പനപ്രകാരം അവർ ബാബേലിൽ, ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചു. അവർ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജധാനിയിൽ ഒരു ചുരുൾ കണ്ടെത്തി, ആ രേഖയിൽ എഴുതിയിരുന്നപ്രകാരം കോരെശ്‌രാജാവിന്‍റെ ഒന്നാം ആണ്ടിൽ രാജാവ് കല്പന കൊടുത്തത്: “യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം. അതിന്‍റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ട് ഇടേണം; അതിന് അറുപതു മുഴം ഉയരവും, അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം. വലിയ കല്ലുകൾ മൂന്നുവരിയും, പുതിയ തടികൊണ്ടുള്ള ഉത്തരങ്ങൾ ഒരു വരിയും ആയിരിക്കേണം. ചെലവ് രാജാവിന്‍റെ ഭണ്ഡാരത്തിൽ നിന്ന് കൊടുക്കേണം. അത് കൂടാതെ നെബൂഖദ്നേസർ യെരൂശലേമിലെ ദൈവാലയത്തിൽ നിന്ന് എടുത്ത്, ബാബേലിലേക്ക് കൊണ്ട് വന്ന ദൈവാലയം വക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ തിരികെ യെരൂശലേമിലെ മന്ദിരത്തിൽ, അതതിന്‍റെ സ്ഥാനത്ത് ദൈവാലയത്തിൽ വെയ്ക്കുകയും വേണം.” “ആകയാൽ നദിക്ക് അക്കരെയുള്ള ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നയും, നിങ്ങളുടെ അഫർസ്യരായ കൂട്ടുകാരും അവിടെനിന്ന് അകന്നു നില്ക്കേണം. ഈ ദൈവാലയത്തിന്‍റെ പണിയിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും, അവരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്‍റെ സ്ഥാനത്തു തന്നെ പണിയട്ടെ. “കൂടാതെ, ഈ ദൈവാലയം പണിയുന്ന യെഹൂദന്മാരുടെ മൂപ്പന്മാർക്ക് ഇപ്രകാരം ചെയ്യേണമെന്നും ഞാൻ കല്പിക്കുന്നു. നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്‍റെ വരുമാനത്തിൽ നിന്ന് അവർക്ക് തടസ്സം വരുത്താതെ, കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു. അവർ സ്വർഗ്ഗത്തിലെ ദൈവത്തിന് സൗരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിനും, രാജാവിന്‍റെയും പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാർത്ഥിക്കേണ്ടതിനും സ്വർഗ്ഗത്തിലെ ദൈവത്തിന് ഹോമയാഗം കഴിക്കുവാൻ അവർക്ക് ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവ യെരൂശലേമിലെ പുരോഹിതന്മാർ ആവശ്യപ്പെടുന്നപോലെ ദിവസംപ്രതി കുറവു കൂടാതെ കൊടുക്കേണ്ടതാകുന്നു. ആരെങ്കിലും ഈ കല്പന മാറ്റിയാൽ, അവന്‍റെ വീടിന്‍റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി, അതിന്മേൽ അവനെ തൂക്കിക്കളകയും, അവന്‍റെ വീട് കുപ്പക്കുന്ന് ആക്കിക്കളകയും വേണം എന്നും ഞാൻ കല്പന കൊടുക്കുന്നു. ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏത് രാജാവിനും, ജനത്തിനും തന്‍റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. “ദാര്യാവേശായ ഞാൻ കല്പന കൊടുക്കുന്നു; ഇത് ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.”

പങ്ക് വെക്കു
എസ്രാ 6 വായിക്കുക

എസ്രാ 6:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദാര്യവേശ്‌രാജാവു കല്പന കൊടുത്ത പ്രകാരം അവർ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവെച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധന കഴിച്ചു. അവർ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാൽ: കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവു കല്പന കൊടുത്തതു: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം: അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ടു ഇടേണം; അതിന്നു അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം. വലിയ കല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങൾകൊണ്ടു ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവു രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുക്കേണം. അതു കൂടാതെ നെബൂഖദ്നേസർ യെരൂശലേമിലെ ദൈവാലയത്തിൽനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തിൽ അതതിന്റെ സ്ഥലത്തു വരുവാന്തക്കവണ്ണം ദൈവാലയത്തിൽ വെക്കുകയും വേണം. ആകയാൽ നദിക്കു അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥർ-ബോസ്നയേ, നിങ്ങളും നദിക്കു അക്കരെയുള്ള അഫർസ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്നു അകന്നുനില്ക്കേണം. ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തിൽ നിങ്ങൾ ഇടപെടരുതു; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ. ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങൾ യെഹൂദന്മാരുടെ മൂപ്പന്മാർക്കു ചെയ്യേണ്ടതിനെക്കുറിച്ചു ഞാൻ കല്പിക്കുന്നതെന്തെന്നാൽ: നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്നു ആ ആളുകൾക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു. അവർ സ്വർഗ്ഗത്തിലെ ദൈവത്തിന്നു സൗരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിന്നും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്നും സ്വർഗ്ഗത്തിലെ ദൈവത്തിന്നു ഹോമയാഗം കഴിപ്പാൻ അവർക്കു ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, കോതമ്പു, ഉപ്പു, വീഞ്ഞു, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാർ പറയുംപോലെ ദിവസംപ്രതി കുറവുകൂടാതെ കൊടുക്കേണ്ടതാകുന്നു. ആരെങ്കിലും ഈ കല്പന മാറ്റിയാൽ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവന്റെ വിടു അതുനിമിത്തം കുപ്പക്കുന്നു ആക്കിക്കളകയും വേണം എന്നും ഞാൻ കല്പന കൊടുക്കുന്നു. ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിന്നും ജനത്തിന്നും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാര്യാവേശായ ഞാൻ കല്പന കൊടുക്കുന്നു; ഇതു ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.

പങ്ക് വെക്കു
എസ്രാ 6 വായിക്കുക

എസ്രാ 6:1-12 സമകാലിക മലയാളവിവർത്തനം (MCV)

ദാര്യാവേശ് രാജാവിന്റെ കൽപ്പനപ്രകാരം, ബാബേൽ ഭണ്ഡാരഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖാശാലകൾ പരിശോധിച്ചു; മേദ്യപ്രവിശ്യയിലെ അഹ്മെഥാ കോട്ടയിൽനിന്ന് ഇപ്രകാരം ഒരു ചുരുൾ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിവേദനപത്രിക: കോരെശ് രാജാവിന്റെ ഒന്നാമാണ്ടിൽ, രാജാവു ജെറുശലേമിലെ ദൈവത്തിന്റെ ആലയത്തെ സംബന്ധിച്ച് ഒരു കൽപ്പന പുറപ്പെടുവിച്ചു: ജെറുശലേമിലെ ദൈവാലയം യാഗങ്ങൾ അർപ്പിക്കപ്പെടുന്ന സ്ഥലമായി പുനർനിർമിക്കപ്പെടട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഇടുകയും അത് അറുപതുമുഴം ഉയരത്തിലും അറുപതുമുഴം വീതിയിലും പണിയുകയും വേണം. അതിനു മൂന്നുനിര വലിയ കല്ലുകളും, തടിയുടെ ഒരുനിരയും ഉണ്ടായിരിക്കണം. ഇവയുടെ ചെലവ് രാജഭണ്ഡാരത്തിൽനിന്നാണ് വഹിക്കേണ്ടത്. ഇതിനുപുറമേ, ജെറുശലേമിലെ മന്ദിരത്തിൽനിന്ന് നെബൂഖദ്നേസർ ബാബേലിലേക്കു എടുത്തുകൊണ്ടുവന്ന, ദൈവാലയത്തിലെ സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ ജെറുശലേമിലെ മന്ദിരത്തിലെ അവയുടെ പൂർവസ്ഥാനങ്ങളിൽത്തന്നെ വെക്കാൻ അവ തിരികെ നൽകേണ്ടതുമാണ്. ആയതിനാൽ യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ തത്നായിയും ശെഥർ-ബോസ്നായിയും ആ പ്രവിശ്യയുടെ മറ്റ് അധികാരികളായ നിങ്ങളും അവിടെനിന്ന് അകന്നു നിൽക്കട്ടെ; ഈ ദൈവാലയത്തിന്റെ നിർമാണത്തിൽ നിങ്ങൾ ഇടപെടരുത്. യെഹൂദരുടെ ദേശാധിപതിയും യെഹൂദനേതാക്കന്മാരും ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ. അതുമാത്രമല്ല, ദൈവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്ന യെഹൂദനേതാക്കന്മാർക്കു നിങ്ങൾ ഇപ്രകാരം ചെയ്തുകൊടുക്കണമെന്നും നാം കൽപ്പിക്കുന്നു: പണിമുടങ്ങാതിരിക്കേണ്ടതിന് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യ രാജഭണ്ഡാരത്തിലേക്കു നൽകേണ്ടതായ വരുമാനത്തിൽനിന്ന് ഈ ജനത്തിന്റെ ചെലവു പൂർണമായി മുടക്കംകൂടാതെ വഹിക്കേണം. അവർക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും—സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം അർപ്പിക്കേണ്ടതിന് ആവശ്യമായ കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, ആൺകുഞ്ഞാടുകൾ എന്നിവയും ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, ഒലിവെണ്ണ, എന്നിവയും ജെറുശലേമിലെ പുരോഹിതന്മാരുടെ അഭ്യർഥനപ്രകാരം അവർക്കു മുടക്കംകൂടാതെ ദിവസേന നൽകണം. ഇങ്ങനെ അവർ സ്വർഗത്തിലെ ദൈവത്തിനു പ്രസാദകരമായ യാഗങ്ങൾ അർപ്പിക്കുകയും, രാജാവിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുമല്ലോ! ഈ കൽപ്പനകളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അവന്റെ വീടിന്റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി അതിൽ അവനെ തൂക്കിക്കളയുകയും, അവന്റെ വീട് കൽക്കൂമ്പാരമാക്കുകയും വേണം എന്നുകൂടി നാം കൽപ്പിക്കുന്നു. ഇതിൽ മാറ്റം വരുത്തുന്നതിനോ ജെറുശലേമിലെ ഈ ദൈവാലയം നശിപ്പിക്കാനോ തുനിയുന്ന ഏതു രാജാവിനെയോ ജനത്തെയോ തന്റെ നാമം അവിടെ സ്ഥാപിച്ചിരിക്കുന്ന ദൈവം നശിപ്പിക്കട്ടെ. ദാര്യാവേശ് എന്ന നാം ഉത്തരവാക്കിയിരിക്കുന്നു. ഇവ ജാഗ്രതയോടെ നടപ്പിലാക്കേണ്ടതാണ്.

പങ്ക് വെക്കു
എസ്രാ 6 വായിക്കുക