എസ്രാ 4:1-24
എസ്രാ 4:1-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രവാസികൾ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മന്ദിരം പണിയുന്നു എന്നു യെഹൂദായുടെയും ബെന്യാമീന്റെയും വൈരികൾ കേട്ടപ്പോൾ അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്ന് അവരോട്: ഞങ്ങൾ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങൾ അവന്, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ എസർ- ഹദ്ദോന്റെ കാലംമുതൽ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു. അതിന് സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോട്: ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല; പാർസിരാജാവായ കോരെശ്രാജാവ് ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം എന്നു പറഞ്ഞു. ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന് ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന് അവരെ പേടിപ്പിച്ചു. അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കേണ്ടതിന് അവർ പാർസിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചവരെയും അവർക്കു വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി. അഹശ്വേരോശിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ ആരംഭത്തിൽത്തന്നെ, അവർ യെഹൂദായിലെയും യെരൂശലേമിലെയും നിവാസികൾക്ക് വിരോധമായി അന്യായപത്രം എഴുതി അയച്ചു. അർത്ഥഹ്ശഷ്ടാവിന്റെ കാലത്തു ബിശ്ലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന് ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യ അക്ഷരത്തിൽ, അരാമ്യഭാഷയിൽത്തന്നെ എഴുതിയിരുന്നു. ധർമാധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിനു വിരോധമായി അർത്ഥഹ്ശഷ്ടാരാജാവിന് ഒരു പത്രിക എഴുതി അയച്ചു. ധർമാധ്യക്ഷൻ രെഹൂമും രായസക്കാരൻ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരും മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ചു കൊണ്ടുവന്ന് ശമര്യപട്ടണങ്ങളിലും നദിക്ക് ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷം ജാതികളും ഇത്യാദി. അവർ അർത്ഥഹ്ശഷ്ടാരാജാവിന് അയച്ച പത്രികയുടെ പകർപ്പ് എന്തെന്നാൽ: നദിക്ക് ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇത്യാദി രാജാവ് ബോധിപ്പാൻ: തിരുമുമ്പിൽനിന്നു പുറപ്പെട്ട് ഞങ്ങളുടെ അടുക്കൽ യെരൂശലേമിൽ വന്നിരിക്കുന്ന യെഹൂദന്മാർ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു. പട്ടണം പണിത് മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടയ്ക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാക്കന്മാർക്ക് നഷ്ടം വരുത്തും എന്നു രാജാവിനു ബോധിച്ചിരിക്കേണം. എന്നാൽ ഞങ്ങൾ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന് അപമാനം വരുന്നത് കണ്ടുകൊണ്ടിരിക്കുന്നത് ഞങ്ങൾക്ക് ഉചിതമല്ലായ്കയാലും ഞങ്ങൾ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു. അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ നോക്കിയാൽ ഈ പട്ടണം മത്സരവും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതിൽ അവർ പുരാതനമേ കലഹം ഉണ്ടാക്കിയതിനാൽ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തിൽനിന്ന് അറിവാറാകും. ഈ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടുത്തേക്ക് നദിക്ക് ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്ന് രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു. അതിനു രാജാവ് ധർമാധ്യക്ഷനായ രെഹൂമിനും രായസക്കാരനായ ശിംശായിക്കും ശമര്യനിവാസികളായ അവരുടെ കൂട്ടക്കാർക്കും നദിക്കും അക്കരെയുള്ള ശേഷം പേർക്കും മറുപടി എഴുതി അയച്ചത് എന്തെന്നാൽ: നിങ്ങൾക്കു കുശലം ഇത്യാദി; നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു. നാം കല്പന കൊടുത്തിട്ട് അവർ ശോധനചെയ്തു നോക്കിയപ്പോൾ ആ പട്ടണം പുരാതനമേ രാജാക്കന്മാരോട് എതിർത്തുനില്ക്കുന്നത് എന്നും അതിൽ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്ക് അക്കരെയുള്ള നാടൊക്കെയും വാണു, കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു. ആകയാൽ നാം മറ്റൊരു കല്പന അയയ്ക്കുന്നതുവരെ അവർ പട്ടണം പണിയുന്നതു നിർത്തിവയ്ക്കേണ്ടതിന് ആജ്ഞാപിപ്പിൻ. നിങ്ങൾ അതിൽ ഉപേക്ഷ ചെയ്യാതെ ജാഗ്രതയായിരിപ്പിൻ; രാജാക്കന്മാർക്ക് നഷ്ടവും ഹാനിയും വരരുത്. അർത്ഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ബലാൽക്കാരത്തോടെ അവരെ ഹേമിച്ച് പണി മുടക്കി. അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.
എസ്രാ 4:1-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തിരിച്ചെത്തിയ പ്രവാസികൾ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന് ആലയം പണിയുന്ന വിവരം യെഹൂദായുടെയും ബെന്യാമീന്യരുടെയും ശത്രുക്കൾ അറിഞ്ഞു. അവർ സെരുബ്ബാബേലിനെയും പിതൃഭവനത്തലവന്മാരെയും സമീപിച്ചു പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേർന്നു പണിതുകൊള്ളട്ടെ. നിങ്ങൾ ആരാധിക്കുന്ന ദൈവത്തെ നിങ്ങളെപ്പോലെതന്നെ ഞങ്ങളും ആരാധിക്കുന്നുണ്ടല്ലോ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അസ്സീറിയാരാജാവ് എസർ-ഹദ്ദോന്റെ കാലംമുതൽ ഞങ്ങൾ ആ ദൈവത്തിനു യാഗം അർപ്പിക്കുകയും ചെയ്തുവരുന്നു.” സെരുബ്ബാബേലും യേശുവയും മറ്റ് ഇസ്രായേൽ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ആലയം പണിയാൻ നിങ്ങൾക്ക് അവകാശമില്ല. പേർഷ്യൻരാജാവായ സൈറസ് കല്പിച്ചതുപോലെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ ആലയം ഞങ്ങൾതന്നെ പണിതുകൊള്ളാം.” അപ്പോൾ ദേശനിവാസികൾ ദേവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരുന്ന യെഹൂദ്യരെ നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. അവരുടെ പ്രയത്നം നിഷ്ഫലമാക്കുവാൻ അവർക്കെതിരെ ഉപദേഷ്ടാക്കന്മാരെ കോഴ കൊടുത്തു വശത്താക്കി. ഇതു പേർഷ്യൻരാജാവായ സൈറസിന്റെ ഭരണകാലം മുതൽ ദാരിയൂസിന്റെ ഭരണകാലംവരെ തുടർന്നു. അഹശ്വേരോശിന്റെ വാഴ്ച ആരംഭിച്ചപ്പോൾ യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അവർ പരാതി സമർപ്പിച്ചു. അർത്ഥക്സേർക്സസിന്റെ ഭരണകാലത്തും ബിശ്‍ലാമും മിത്രെദാത്തും താബെയേലും കൂട്ടുകാരും ചേർന്ന് പേർഷ്യൻരാജാവിന് അരാമ്യഭാഷയിൽ ഒരു കത്തെഴുതി. ഗവർണർ രെഹൂമും കാര്യദർശി ശിംശായിയും ചേർന്ന് യെരൂശലേമിനെതിരെ അർത്ഥക്സേർക്സസ് രാജാവിന് ഒരു കത്തെഴുതി. ഗവർണർ രെഹൂമിനോടും കാര്യദർശി ശിംശായിയോടും ഒപ്പം അവരുടെ സഹപ്രവർത്തകർ, ന്യായാധിപന്മാർ, സ്ഥാനപതികൾ, ഉപദേഷ്ടാക്കന്മാർ, ഉദ്യോഗസ്ഥർ മുതലായവരും അർക്കാവ്യർ, ബാബിലോന്യർ, ഏലാമ്യർ എന്നിവരും ചേർന്നാണ് അത് എഴുതിയത്. മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർരാജാവ് പിടിച്ചുകൊണ്ടുവന്ന് ശമര്യ പട്ടണങ്ങളിലും യൂഫ്രട്ടീസ്നദിക്ക് ഇക്കരെ വിവിധ സ്ഥലങ്ങളിലുമായി പാർപ്പിച്ചിരുന്ന മറ്റു ജനങ്ങൾക്കും അതിൽ പങ്കുണ്ടായിരുന്നു. അർത്ഥക്സേർക്സസ് രാജാവിന് അയച്ച കത്തിന്റെ പകർപ്പാണിത്: “നദിക്ക് ഇക്കരെയുള്ള അവിടുത്തെ പ്രജകൾ ബോധിപ്പിക്കുന്നത്: അവിടെനിന്നു യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാർ ദുഷ്ടതയും മത്സരവും നിറഞ്ഞ ആ പട്ടണം വീണ്ടും പണിയുന്നു. അതിന്റെ മതിലുകൾ പണിയുകയും അസ്തിവാരത്തിന്റെ കേടുപാടു തീർക്കുകയും ചെയ്തുകൊണ്ടിരിക്കയാണ്. പട്ടണം പുതുക്കിപ്പണിതു മതിലുകൾ പൂർത്തിയാക്കി കഴിഞ്ഞാൽ പിന്നീട് കപ്പമോ, ചുങ്കമോ, കരമോ അവർ അടയ്‍ക്കുകയില്ല. അങ്ങനെ രാജ്യത്തിന്റെ മുതലെടുപ്പു കുറഞ്ഞുപോകും എന്നുള്ളത് ഞങ്ങൾ തിരുസമക്ഷം ഉണർത്തിക്കുന്നു. അങ്ങു നല്‌കുന്നത് ഉപ്പുകൂട്ടി ഭക്ഷിക്കുന്നവരായതുകൊണ്ട് അങ്ങയെ അനാദരിക്കുന്നത് കണ്ടുകൊണ്ടിരിക്കുക ഞങ്ങൾക്ക് അസഹ്യമായതിനാൽ ഈ വിവരം ഞങ്ങൾ ബോധിപ്പിക്കുകയാണ്. ഈ പട്ടണം കലഹങ്ങൾക്ക് ജന്മം കൊടുക്കുന്നതും രാജാക്കന്മാർക്കും നാടുവാഴികൾക്കും ഉപദ്രവം ചെയ്യുന്നതും പണ്ടുമുതലേ കലഹങ്ങൾ ഇളക്കിവിട്ടിരുന്നതും ആണെന്നും അതുകൊണ്ടാണ് ഇതു നശിച്ചു കിടക്കുന്നതെന്നും അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകം പരിശോധിച്ചാൽ ബോധ്യമാകും. ഈ പട്ടണം വീണ്ടും പണിയുകയും അതിന്റെ മതിലുകൾ പൂർത്തിയാക്കുകയും ചെയ്താൽ നദിക്ക് ഇക്കരെയുള്ള ദേശത്ത് അവിടുത്തേക്ക് ഒരു അധികാരവും ഉണ്ടായിരിക്കുകയില്ലെന്ന് ഞങ്ങൾ ഉണർത്തിച്ചുകൊള്ളുന്നു.” രാജാവ് മറുപടി അയച്ചു: “ഗവർണർ രെഹൂമിനും കാര്യദർശി ശിംശായിക്കും അവരുടെ സഹപ്രവർത്തകരായി ശമര്യയിലും നദിക്ക് അക്കരെയുള്ള മറ്റു ദേശങ്ങളിലും പാർക്കുന്നവർക്കും മംഗളാശംസകൾ. നിങ്ങൾ കൊടുത്തയച്ച എഴുത്തു ഞാൻ വ്യക്തമായി വായിച്ചുകേട്ടു. എന്റെ കല്പന അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ, പണ്ടു മുതൽതന്നെ ആ പട്ടണം രാജാക്കന്മാർക്കെതിരെ മത്സരിച്ചിട്ടുണ്ടെന്നും അവിടെ കലഹവും കലാപവും ഉണ്ടായിട്ടുണ്ടെന്നും മനസ്സിലായി. നദിക്ക് അക്കരെയുള്ള നാടെല്ലാം അടക്കി ഭരിച്ച് കപ്പവും ചുങ്കവും നികുതിയും ഈടാക്കിയിരുന്ന പ്രബലരായ രാജാക്കന്മാർ യെരൂശലേമിൽ വാണിരുന്നു. അതുകൊണ്ട് ഇനിയൊരു കല്പനയുണ്ടാകുന്നതുവരെ പട്ടണത്തിന്റെ പണി നിർത്തിവയ്‍ക്കാൻ അവരോട് ആജ്ഞാപിക്കുക. നിങ്ങൾ ഇതിൽ ഉപേക്ഷ കാണിക്കാതെ ജാഗരൂകരായിരിക്കണം. രാജാവിന്റെ താൽപര്യങ്ങൾക്കു ഹാനികരമായ ഉപദ്രവം എന്തിനാണ് വളർത്തുന്നത്?” അർത്ഥക്സേർക്സസ് രാജാവിന്റെ എഴുത്തിന്റെ പകർപ്പു വായിച്ചുകേട്ടപ്പോൾ തന്നെ രെഹൂമും കാര്യദർശി ശിംശായിയും കൂടെ ഉണ്ടായിരുന്നവരും യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ദ്രുതഗതിയിൽ ചെന്ന് അധികാരവും ശക്തിയുമുപയോഗിച്ച് പണി നിർത്തിവയ്പിച്ചു. അങ്ങനെ യെരൂശലേം ദേവാലയത്തിന്റെ പണി മുടങ്ങി. പേർഷ്യൻരാജാവായ ദാരിയൂസിന്റെ വാഴ്ചയുടെ രണ്ടാം വർഷംവരെ അത് അങ്ങനെ കിടന്നു.
എസ്രാ 4:1-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രവാസികളുടെ തലമുറ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും, ബെന്യാമീന്റെയും വൈരികൾ കേട്ടപ്പോൾ അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽവന്ന് അവരോട് “ഞങ്ങളും നിങ്ങളോട് ചേർന്ന് പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെപ്പോലെ ഞങ്ങളും അന്വേഷിക്കുകയും, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർ രാജാവായ ഏസെർ-ഹദ്ദോന്റെ നാൾമുതൽ ആ ദൈവത്തിന് ഞങ്ങൾ യാഗം കഴിക്കുകയും ചെയ്തുപോരുന്നു” എന്നു പറഞ്ഞു. അതിന് സെരുബ്ബാബേലും, യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോട് “ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല. പാർസിരാജാവായ കോരെശ്‌രാജാവ് ഞങ്ങളോട് കല്പിച്ചത് പോലെ ഞങ്ങൾ മാത്രം യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ആലയം പണിതുകൊള്ളാം” എന്നു പറഞ്ഞു. അപ്പോൾ ദേശനിവാസികൾ യെഹൂദാ ജനത്തിന് ധൈര്യക്ഷയം വരുത്തി; പണിയാതിരിക്കേണ്ടതിന് അവരെ ഭയപ്പെടുത്തി. അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കേണ്ടതിന്, അവർ പാർസിരാജാവായ കോരെശിന്റെ കാലം മുതൽ പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചവരെയും, അവർക്ക് വിരോധമായി കാര്യസ്ഥന്മാരെ കൂലി കൊടുത്ത് നിയോഗിച്ചു. അഹശ്വേരോശിന്‍റെ കാലത്ത്, അവന്റെ വാഴ്ചയുടെ ആരംഭത്തിൽ, അവർ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്ക് വിരോധമായി ഒരു പരാതി എഴുതി നൽകി. അർത്ഥഹ്ശഷ്ടാരാജാവിന്റെ കാലത്തും, ബിശ്ലാമും, മിത്രെദാത്തും, താബെയേലും, ശേഷം അവരുടെ കൂട്ടുകാരും പാർസിരാജാവായ അർത്ഥഹ്ശഷ്ടാരാജാവിന് ഒരു പത്രിക അരാമ്യാക്ഷരത്തിൽ, അരാമ്യഭാഷയിൽ തന്നെ എഴുതി അയച്ചു. സൈന്യാധിപനായ രെഹൂമും എഴുത്തുകാരനായ ശിംശായിയും യെരൂശലേമിന് വിരോധമായി അർത്ഥഹ്ശഷ്ടാരാജാവിന് ഇപ്രകാരം എഴുതി അയച്ചു. സൈന്യാധിപൻ രെഹൂമും എഴുത്തുകാരൻ ശിംശായിയും അവരോട് ചേർന്ന്, കൂട്ടുകാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരുടെ പ്രതിനിധികളും മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ച് കൊണ്ടുവന്ന് ശമര്യാപട്ടണങ്ങളിലും നദിക്ക് ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷം ജാതികളും ഇത് എഴുതി. അവർ അർത്ഥഹ്ശഷ്ടാരാജാവിന് അയച്ച പത്രികയുടെ പകർപ്പ് ഇപ്രകാരമാണ്: “നദിക്ക് ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇപ്രകാരം രാജാവിനെ അറിയിക്കുന്നു: “തിരുമുമ്പിൽനിന്ന് പുറപ്പെട്ടു യെരൂശലേമിൽ ഞങ്ങളുടെ അടുക്കൽ വന്നിരിക്കുന്ന യെഹൂദന്മാർ, മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു. പട്ടണം പണിത് മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടയ്ക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാവിന്‍റെ ഖജനാവിന് നഷ്ടം വരുത്തും എന്ന് രാജാവ് അറിഞ്ഞിരിക്കേണം. “എന്നാൽ ഞങ്ങൾ കൊട്ടാരത്തിൽ നിന്ന് സഹായം ലഭിച്ചവരായതുകൊണ്ട്, രാജാവിനുണ്ടാകുന്ന അപമാനം കാണുന്നത് ഉചിതമല്ലായ്കയാൽ, ഞങ്ങൾ ആളയച്ച് രാജാവിനെ ഇത് ബോധിപ്പിച്ചുകൊള്ളുന്നു. അങ്ങേയുടെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകം പരിശോധിച്ചാൽ ഈ പട്ടണം മത്സരവും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും, അതിൽ പണ്ടുമുതലേ രാജ്യദ്രോഹത്തിന് പ്രേരണ നൽകുന്ന കലാപകാരികൾ ഉള്ളതുകൊണ്ട് ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും മനസ്സിലാക്കാൻ ഇടയാകും. ഈ പട്ടണം പണിത് അതിന്‍റെ മതില്‍പണി പൂർത്തിയായാൽ, അങ്ങേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു.” അതിന് രാജാവ് മറുപടി അയച്ചത് എന്തെന്നാൽ: “സൈന്യാധിപനായ രെഹൂമിന്നും, എഴുത്തുകാരനായ ശിംശായിക്കും, ശമര്യാനിവാസികളായ അവരുടെ കൂട്ടുകാർക്കും, നദിക്ക് അക്കരെയുള്ള ശേഷമുള്ളവർക്കും സമാധാനം ഉണ്ടാകട്ടെ. “നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു. നാം കല്പന കൊടുത്തിട്ട് അവർ ശോധന ചെയ്തു നോക്കിയപ്പോൾ ആ പട്ടണം പണ്ടുമുതലേ രാജാക്കന്മാരോട് എതിർത്ത് നില്ക്കുന്നത് എന്നും അതിൽ മത്സരവും രാജ്യദ്രോഹവും നിലനിന്നിരുന്നു എന്നും യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നതായും, അവർ നദിക്ക് അക്കരെയുള്ള നാടൊക്കെയും വാണ് കരവും നികുതിയും ചുങ്കവും ഈടാക്കിയിരുന്നതായും കണ്ടിരിക്കുന്നു. ആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ, അവർ പട്ടണം പണി നിർത്തിവെക്കേണ്ടതിന് ആജ്ഞാപിപ്പിൻ. ഇക്കാര്യത്തിൽ ഉപേക്ഷ വരാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം; രാജാക്കന്മാർക്ക് നഷ്ടവും നാശവും വർദ്ധിപ്പിക്കുന്നതെന്തിന്?” അർത്ഥഹ്ശഷ്ടാരാജാവിന്‍റെ എഴുത്തിന്റെ പകർപ്പ് രെഹൂമും എഴുത്തുകാരനായ ശിംശായിയും അവരുടെ കൂട്ടുകാരും വായിച്ച് കേട്ടപ്പോൾ, അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ വേഗത്തിൽ ചെന്നു ബലപ്രയോഗത്താൽ അവരുടെ പണി മുടക്കി. അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി, പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ മുടങ്ങിക്കിടന്നു.
എസ്രാ 4:1-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രവാസികൾ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും ബെന്യാമീന്റെയും വൈരികൾ കേട്ടപ്പോൾ അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്നു അവരോടു: ഞങ്ങൾ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങൾ അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ എസർഹദ്ദോന്റെ കാലംമുതൽ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു. അതിന്നു സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോടു: ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല; പാർസിരാജാവായ കോരെശ്‌രാജാവു ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ തന്നേ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു അതു പണിതുകൊള്ളാം എന്നു പറഞ്ഞു. ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു. അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവർ പാർസിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചവരെയും അവർക്കു വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി. അഹശ്വേരോശിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ ആരംഭത്തിൽ തന്നേ, അവർ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു. അർത്ഥഹ്ശഷ്ടാവിന്റെ കാലത്തു ബിശ്ലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തിൽ, അരാമ്യഭാഷയിൽ തന്നേ എഴുതിയിരുന്നു. ധർമ്മാദ്ധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിന്നു വിരോധമായി അർത്ഥഹ്ശഷ്ടാരാജാവിന്നു ഒരു പത്രിക എഴുതി അയച്ചു. ധർമ്മാദ്ധ്യക്ഷൻ രെഹൂമും രായസക്കാരൻ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരും മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ചു കൊണ്ടുവന്നു ശമര്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി. അവർ അർത്ഥഹ്ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകർപ്പു എന്തെന്നാൽ: നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇത്യാദി രാജാവു ബോധിപ്പാൻ: തിരുമുമ്പിൽനിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കൽ യെരൂശലേമിൽ വന്നിരിക്കുന്ന യെഹൂദന്മാർ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു. പട്ടണം പണിതു മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാക്കന്മാർക്കു നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം. എന്നാൽ ഞങ്ങൾ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങൾക്കു ഉചിതമല്ലായ്കയാലും ഞങ്ങൾ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു. അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ നോക്കിയാൽ ഈ പട്ടണം മത്സരവും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതിൽ അവർ പുരാതനമേ കലഹം ഉണ്ടാക്കിയതിനാൽ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തിൽനിന്നു അറിവാറാകും. ഈ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു. അതിന്നു രാജാവു ധർമ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്യാനിവാസികളായ അവരുടെ കൂട്ടക്കാർക്കും നദിക്കും അക്കരെയുള്ള ശേഷംപേർക്കും മറുപടി എഴുതി അയച്ചതു എന്തെന്നാൽ: നിങ്ങൾക്കു കുശലം ഇത്യാദി; നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു. നാം കല്പന കൊടുത്തിട്ടു അവർ ശോധനചെയ്തു നോക്കിയപ്പോൾ ആ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിർത്തുനില്ക്കുന്നതു എന്നും അതിൽ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു. ആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവർ പട്ടണം പണിയുന്നതു നിർത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിൻ. നിങ്ങൾ അതിൽ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിൻ; രാജാക്കന്മാർക്കു നഷ്ടവും ഹാനിയും വരരുതു. അർത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ബലാല്ക്കാരത്തോടെ അവരെ ഹേമിച്ചു പണി മുടക്കി. അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.
എസ്രാ 4:1-24 സമകാലിക മലയാളവിവർത്തനം (MCV)
പ്രവാസികൾ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയുന്നു എന്ന് യെഹൂദയുടെയും ബെന്യാമീന്റെയും ശത്രുക്കൾ കേട്ടപ്പോൾ അവർ സെരൂബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേർന്നുപണിയട്ടെ. നിങ്ങളെപ്പോലെതന്നെ നിങ്ങളുടെ ദൈവത്തെ അന്വേഷിക്കുന്നവരാണു ഞങ്ങൾ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ ഏസെർ-ഹദ്ദോന്റെ കാലംമുതൽ ഞങ്ങൾ അവിടത്തേക്ക് യാഗം കഴിക്കുകയും ചെയ്തുപോരുന്നു.” അതിനു സെരൂബ്ബാബേലും യോശുവയും ശേഷം ഇസ്രായേൽ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ഒരു ആലയം പണിയുന്നതിൽ നിങ്ങൾക്കു ഞങ്ങളോടു പങ്കില്ല. പാർസിരാജാവായ കോരെശ്രാജാവ് ഞങ്ങളോടു കൽപ്പിച്ചതുപോലെ ഞങ്ങൾ തനിയേ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം.” അപ്പോൾ ദേശവാസികൾ യെഹൂദാജനത്തെ നിരുത്സാഹപ്പെടുത്തി, പണി മുന്നോട്ടു കൊണ്ടുപോകാതവണ്ണം അവരെ ഭയപ്പെടുത്തി; അവർക്കെതിരേ പ്രവർത്തിച്ച് അവരുടെ പദ്ധതി തകർക്കേണ്ടതിന് പാർസിരാജാവായ കോരെശിന്റെ കാലം മുഴുവനും തുടർന്ന് പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലംവരെയും കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി. അഹശ്വേരോശിന്റെ ഭരണത്തിന്റെ ആരംഭത്തിൽ അവർ യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികൾക്കെതിരേ ഒരു പരാതി നൽകി. പാർസിരാജാവായ അർഥഹ്ശഷ്ടാവിന്റെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ എന്നിവരും അവരുടെ മറ്റു കൂട്ടാളികളും ചേർന്ന് അർഥഹ്ശഷ്ടാവിന് ഒരു കത്ത് അയച്ചു. അരാമ്യ അക്ഷരത്തിൽ, അരാമ്യഭാഷയിലായിരുന്നു അത് എഴുതിയിരുന്നത്. ദേശാധിപതിയായ രെഹൂമും ലേഖകനായ ശിംശായിയും ജെറുശലേമിനെതിരേ ഇപ്രകാരമൊരു കത്ത് അർഥഹ്ശഷ്ടാരാജാവിന് അയച്ചു: ദേശാധിപതിയായ രെഹൂമും ലേഖകനായ ശിംശായിയും അവരുടെ സഹകാരികളായിട്ടുള്ള ബാക്കി ന്യായാധിപന്മാരും ഉദ്യോഗസ്ഥരും ഭരണാധിപന്മാരും ചേർന്ന് ഇത് എഴുതി. ഇവർ പാർസികൾ, ഏരെക്ക്യർ, ബാബേല്യർ, ശൂശനിൽനിന്നുള്ള ഏലാമ്യർ, മഹാനും ശ്രേഷ്ഠനുമായ അശ്ശൂർബാനിപ്പാൽ നാടുകടത്തി ശമര്യാപട്ടണത്തിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർപ്പിച്ചിരുന്ന ജനത്തിന്റെ മേധാവികളായിരുന്നു. അവർ അയച്ച കത്തിന്റെ പകർപ്പ് ഇപ്രകാരമാണ്: അർഥഹ്ശഷ്ടാരാജാവിന്: യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള അങ്ങയുടെ ദാസരായ ആൾക്കാരിൽനിന്നും രാജാവ് അറിയുന്നതിന്: തിരുമുമ്പിൽനിന്നു ഞങ്ങളുടെ അടുക്കലേക്കു വന്ന യെഹൂദർ ജെറുശലേമിൽ എത്തി, മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം വീണ്ടും പണിയുകയും അതിന്റെ മതിലുകൾ പുനർനിർമിക്കുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു. പട്ടണം പുനർനിർമാണം ചെയ്ത്, മതിലുകൾ കെട്ടിത്തീർന്നാൽ പിന്നെ അവർ കരം, കപ്പം, കടത്തുകൂലി എന്നിവ ഒന്നും അടയ്ക്കുകയില്ല; അങ്ങനെ രാജാക്കന്മാരുടെ വരുമാനം കുറയും. ഞങ്ങൾ കൊട്ടാരത്തോടു കടപ്പെട്ടവരാകുകയാൽ, രാജാവിനു അപകീർത്തി വരുന്നതു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തന്മൂലം, അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തങ്ങൾ പരിശോധിപ്പിക്കുന്നതിനാണ് ഞങ്ങൾ ഈ വിവരം രാജാവിനെ അറിയിക്കുന്നത്. അതുകൊണ്ട് പൂർവകാലചരിത്രം ഒന്നു പരിശോധിച്ചാലും. ഈ പട്ടണം മത്സരമുള്ളതും രാജാക്കന്മാർക്കും പ്രവിശ്യകൾക്കും പ്രയാസമുണ്ടാക്കിക്കൊണ്ട് പുരാതനകാലംമുതൽ കലഹമുള്ളതുമായ സ്ഥലമാണെന്നു രേഖകളിൽ അങ്ങു കാണും. ഇതു നശിക്കപ്പെടാനുള്ള കാരണവും ഇതാണ്. ഈ പട്ടണം പണിയപ്പെടുകയും മതിലുകൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്താൽ, യൂഫ്രട്ടീസ് നദിക്കു മറുകരെ രാജാവിനു സ്വന്തമായി ഒന്നുംതന്നെ അവശേഷിക്കുകയില്ലെന്ന് ഞങ്ങൾ അങ്ങയെ അറിയിക്കുന്നു. അതിനു മറുപടിയായി രാജാവ് ഇപ്രകാരം എഴുതി: ദേശാധിപതിയായ രെഹൂമിനും ലേഖകനായ ശിംശായിക്കും ശമര്യയിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർക്കുന്ന അവരുടെ കൂട്ടാളികൾക്കും: വന്ദനം. നിങ്ങൾ അയച്ച കത്തു നമ്മുടെമുമ്പാകെ വായിച്ച് തർജമ ചെയ്യപ്പെട്ടു. നാം കൽപ്പിച്ചിട്ട് നടത്തിയ അന്വേഷണത്തിൽ, ഈ പട്ടണം പണ്ടുമുതൽത്തന്നെ രാജാക്കന്മാരോട് എതിർത്തുനിന്നിരുന്നതാണെന്നും മത്സരവും രാജ്യദ്രോഹവും അവിടെ ഉണ്ടായിരുന്നെന്നും വ്യക്തമായി. യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യകളെല്ലാം ഭരിച്ച്, കരവും കപ്പവും കടത്തുകൂലിയും ശേഖരിച്ചിരുന്ന ശക്തരായ രാജാക്കന്മാർ ജെറുശലേമിൽ ഉണ്ടായിരുന്നതായും നാം മനസ്സിലാക്കുന്നു. അതുകൊണ്ട്, നാം ഇനിയും ഒരു ഉത്തരവു പുറപ്പെടുവിക്കുന്നതുവരെ പട്ടണം പണിയാതിരിക്കേണ്ടതിന്, ഈ മനുഷ്യർ അവരുടെ ജോലി നിർത്തിവെക്കാൻ ആജ്ഞാപിക്കുക. ഈ കാര്യത്തിൽ ഉപേക്ഷ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഈ ഭീഷണി വർധിപ്പിച്ച് രാജകീയ താൽപ്പര്യങ്ങൾക്കു വലിയ നഷ്ടം വരുത്തുന്നത് എന്തിന്? അർഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും ലേഖകനായ ശിംശായിയും അവരുടെ കൂട്ടാളികളും വായിച്ചുകേട്ടപ്പോൾ അവർ ജെറുശലേമിലെ യെഹൂദരുടെയടുക്കൽ വേഗം ചെന്ന് ബലം പ്രയോഗിച്ച് പണികൾ മുടക്കി. അങ്ങനെ ജെറുശലേമിൽ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാംവർഷംവരെ അതു മുടങ്ങിത്തന്നെ കിടന്നു.