എസ്രാ 3:1-13
എസ്രാ 3:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ യിസ്രായേൽമക്കൾ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ ജനം ഒരുമനപ്പെട്ട് യെരൂശലേമിൽ വന്നുകൂടി. യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന് യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു. അവർ ദേശത്തെ നിവാസികളെ പേടിച്ചിട്ട് യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയിൽ പണിതു; അതിന്മേൽ യഹോവയ്ക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തും ഉള്ള ഹോമയാഗങ്ങളെത്തന്നെ അർപ്പിച്ചു. എഴുതിയിരിക്കുന്നതുപോലെ അവർ കൂടാരപ്പെരുന്നാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്റെ ആവശ്യംപോലെ അവർ ഹോമയാഗം കഴിച്ചു. അതിന്റെശേഷം അവർ നിരന്തരഹോമയാഗങ്ങളും അമാവാസ്യകൾക്കും യഹോവയ്ക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കൊക്കെയും യഹോവയ്ക്ക് ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു. ഏഴാംമാസം ഒന്നാം തീയതിമുതൽ അവർ യഹോവയ്ക്കു ഹോമയാഗം കഴിപ്പാൻ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല. അവർ കല്പണിക്കാർക്കും ആശാരികൾക്കും ദ്രവ്യമായിട്ടും പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന് സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു. അവർ യെരൂശലേമിലെ ദൈവാലയത്തിങ്കൽ എത്തിയതിന്റെ രണ്ടാമാണ്ട് രണ്ടാം മാസം ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷം സഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്കു വന്നവർ എല്ലാവരും കൂടി പണിതുടങ്ങി; ഇരുപത് വയസ്സുമുതൽ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാൻ നിയമിച്ചു. അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽവിചാരണ ചെയ്‍വാൻ ഒരുമനപ്പെട്ടു നിന്നു. പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ യിസ്രായേൽരാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിർത്തി. അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോട് അവന്റെ ദയ എന്നേക്കും ഉള്ളത് എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ട് ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുഘോഷിച്ചു. എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു. അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട് ഘോഷം ബഹുദൂരം കേട്ടു.
എസ്രാ 3:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പട്ടണങ്ങളിൽ വസിച്ചുപോന്ന ഇസ്രായേൽജനം ഏഴാം മാസത്തിൽ ഏകമനസ്സോടെ യെരൂശലേമിൽ ഒത്തുകൂടി. യോസാദാക്കിന്റെ പുത്രൻ യേശുവയും സഹപുരോഹിതന്മാരും ശെയൽതീയേലിന്റെ പുത്രൻ സെരുബ്ബാബേലും ബന്ധുജനങ്ങളും ചേർന്നു ദൈവപുരുഷനായ മോശയുടെ ധർമശാസ്ത്രത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഹോമയാഗങ്ങൾ അർപ്പിക്കാൻ ഇസ്രായേലിന്റെ ദൈവത്തിനു യാഗപീഠം പണിതു. തദ്ദേശവാസികളെ ഭയപ്പെട്ടിരുന്നെങ്കിലും അവർ പൂർവസ്ഥാനത്തുതന്നെ അതു നിർമ്മിച്ചു; അതിന്മേൽ രാവിലെയും വൈകുന്നേരവും സർവേശ്വരന് ഹോമയാഗങ്ങൾ അർപ്പിച്ചു. ധർമശാസ്ത്രവിധിപ്രകാരം അവർ കൂടാരപ്പെരുന്നാൾ ആചരിച്ചു. നിയമപ്രകാരം നിത്യേന അനുഷ്ഠിക്കേണ്ട ഹോമയാഗങ്ങൾ അവർ മുടക്കംകൂടാതെ അർപ്പിച്ചു. പിന്നീട് അവർ നിരന്തരഹോമയാഗങ്ങളും അമാവാസിയിലെയും സർവേശ്വരന്റെ എല്ലാ നിശ്ചിത പെരുന്നാളുകളിലെയും യാഗങ്ങളും സ്വമേധാദാനം നടത്തുന്നവരുടെ യാഗങ്ങളും അർപ്പിച്ചു. ഏഴാംമാസം ഒന്നാം ദിവസം അവർ സർവേശ്വരനു ഹോമയാഗം അർപ്പിക്കാൻ തുടങ്ങി. അപ്പോഴും സർവേശ്വരന്റെ മന്ദിരത്തിന്റെ അടിസ്ഥാനം ഇട്ടിരുന്നില്ല. പേർഷ്യൻരാജാവായ സൈറസിന്റെ അനുവാദത്തോടെ കല്പണിക്കാർക്കും മരപ്പണിക്കാർക്കും പണവും ലെബാനോനിൽനിന്ന് കടൽവഴി യോപ്പയിലേക്കു ദേവദാരു കൊണ്ടുവരുന്നതിന് സീദോന്യർക്കും സോർനിവാസികൾക്കും ഭക്ഷണപാനീയങ്ങളും എണ്ണയും കൂലിയായി നല്‌കി. അവർ യെരൂശലേം ദേവാലയത്തിങ്കലേക്കു വന്നതിന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയൽതീയേലിന്റെ പുത്രൻ സെരുബ്ബാബേലും യോസാദാക്കിന്റെ പുത്രൻ യേശുവയും ബന്ധുജനങ്ങളും പുരോഹിതന്മാരും ലേവ്യരും പ്രവാസം കഴിഞ്ഞുവന്ന മറ്റെല്ലാ ജനങ്ങളും ചേർന്നു പണി ആരംഭിച്ചു. ഇരുപതു വയസ്സിനുമേൽ പ്രായമുള്ള ലേവ്യരെ സർവേശ്വരന്റെ മന്ദിരത്തിന്റെ പണിയുടെ മേൽനോട്ടം വഹിക്കാൻ നിയമിച്ചു. യേശുവയും പുത്രന്മാരും ചാർച്ചക്കാരും കദ്മീയേലും പുത്രന്മാരും യൂദായുടെ മക്കളും ഹെനാദാദിന്റെ പുത്രന്മാരും ലേവ്യരും അവരുടെ പുത്രന്മാരും ഒരുമിച്ച് സർവേശ്വരന്റെ മന്ദിരത്തിന്റെ പണിക്കാരുടെ മേൽനോട്ടം വഹിച്ചു. പണിക്കാർ ദേവാലയത്തിന് അടിസ്ഥാനം ഇട്ടപ്പോൾ ഇസ്രായേൽരാജാവായ ദാവീദ് കല്പിച്ചിരുന്നതുപോലെ പുരോഹിതന്മാർ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് കാഹളങ്ങളോടും ആസാഫ്യരായ ലേവ്യർ കൈത്താളങ്ങളോടും കൂടെ സർവേശ്വരനെ സ്തുതിക്കാൻ യഥാസ്ഥാനത്ത് അണിനിരന്നു. അവർ അവിടുത്തേക്ക് സ്തുതിയും സ്തോത്രവും അർപ്പിച്ചുകൊണ്ട് ഇങ്ങനെ പാടി; മറ്റുള്ളവർ ഏറ്റുപാടി: “സർവേശ്വരൻ എത്ര നല്ലവൻ; ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമല്ലോ.” ദേവാലയത്തിന് അടിസ്ഥാനമിട്ടതുകൊണ്ട് ജനങ്ങൾ ആർപ്പുവിളികളോടെ സർവേശ്വരനെ സ്തുതിച്ചു. ദേവാലയത്തിന് അടിസ്ഥാനം ഇടുന്നതു കണ്ടപ്പോൾ അനേകം പേർ ആഹ്ലാദത്തോടെ ആർത്തുവിളിച്ചു; എന്നാൽ ആദ്യത്തെ ദേവാലയം കണ്ടിട്ടുള്ള പ്രായംചെന്ന പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും പൊട്ടിക്കരഞ്ഞു. ജനങ്ങളുടെ ആനന്ദഘോഷവും വിലാപശബ്ദവും തിരിച്ചറിയാൻ കഴിയാത്തവിധം കൂടിക്കലർന്നു. അവരുടെ അത്യുച്ചത്തിലുള്ള ആർപ്പുവിളിയുടെ ആരവം ബഹുദൂരം കേൾക്കാമായിരുന്നു.
എസ്രാ 3:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേൽ മക്കൾ പ്രവാസത്തില്‍ നിന്ന് മടങ്ങിവന്നു പട്ടണങ്ങളിൽ പാർക്കുമ്പോൾ ഏഴാം മാസത്തിൽ അവർ ഒരുമനപ്പെട്ട് യെരൂശലേമിൽ വന്നുകൂടി. യോസാദാക്കിന്റെ മകൻ യേശുവയും, അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും, ശെയല്ത്തീയേലിന്റെ മകൻ സെരുബ്ബാബേലും, അവന്റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന്, യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു. അവർ ദേശനിവാസികളെ ഭയപ്പെട്ടെങ്കിലും, യാഗപീഠത്തെ അതിന്‍റെ പഴയ അടിസ്ഥാനത്തിൽ പണിതു; യഹോവയ്ക്ക് കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങൾ, അതിൽ അർപ്പിച്ചു. ന്യായപ്രമാണത്തില്‍ എഴുതിയിരുന്ന ചട്ടപ്രകാരം അവർ കൂടാരപ്പെരുന്നാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം, എണ്ണം അനുസരിച്ച് അവർ ഹോമയാഗം അർപ്പിച്ചു. അതിനുശേഷം അവർ നിരന്തരഹോമയാഗങ്ങളും, അമാവാസ്യകൾക്കും, യഹോവയ്ക്ക് വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കും, യഹോവയ്ക്ക് ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു. ഏഴാം മാസം ഒന്നാം തിയ്യതി മുതൽ അവർ യഹോവയ്ക്ക് ഹോമയാഗം അർപ്പിക്കുവാൻ തുടങ്ങി. എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല. അവർ കല്പണിക്കാർക്കും, ആശാരികൾക്കും പണമായിട്ടും, പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം, ലെബാനോനിൽനിന്ന് ദേവദാരു കടൽവഴി യാഫോവിലേക്ക് കൊണ്ടുവരേണ്ടതിന്, സീദോന്യർക്കും സോര്യർക്കും ഭക്ഷണവും, പാനീയവും എണ്ണയും കൂലിയായി കൊടുത്തു. അവർ യെരൂശലേമിലെ ദൈവാലയത്തിൽ എത്തിയതിന്‍റെ രണ്ടാം വർഷം രണ്ടാം മാസം ശെയല്ത്തീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും, അവരുടെ ശേഷം സഹോദരന്മാരും, പുരോഹിതന്മാരും, ലേവ്യരും, പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്ക് വന്നവർ എല്ലാവരുംകൂടി പണി തുടങ്ങി. ഇരുപതു വയസ്സ് മുതൽ മേലോട്ട് പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്‍റെ പണിക്ക് മേൽനോട്ടത്തിന് നിയമിച്ചു. അങ്ങനെ യേശുവയും, അവന്റെ പുത്രന്മാരും, സഹോദരന്മാരും, കദ്മീയേലും, അവന്റെ പുത്രന്മാരും, യൂദായുടെ പുത്രന്മാരും, ഹെനാദാദിന്റെ പുത്രന്മാരും, അവരുടെ പുത്രന്മാരും, ലേവ്യരായ സഹോദരന്മാരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽനോട്ടം വഹിക്കുവാൻ ഒരുമനപ്പെട്ടു നിന്നു. പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ, യിസ്രായേൽ രാജാവായ ദാവീദിന്‍റെ ചട്ടപ്രകാരം, യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും, ആസാഫ്യരായ ലേവ്യരെ, കൈത്താളങ്ങളോട് കൂടെയും നിർത്തി. “അവിടുന്ന് നല്ലവൻ; യിസ്രായേലിനോട് അവിടുത്തെ ദയ എന്നേക്കും ഉള്ളത്” എന്നിങ്ങനെ ഗാനപ്രതിഗാനം ചെയ്തുകൊണ്ട് അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചു. അവർ അങ്ങനെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആർത്തു ഘോഷിച്ചു. എന്നാൽ, പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടത് നേരിട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി. മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു. അങ്ങനെ അവർ അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട്, ജനത്തിന് സന്തോഷത്തിന്‍റെയും കരച്ചലിന്‍റെയും ശബ്ദം തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു. ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട് ഘോഷസ്വരം ബഹുദൂരം കേട്ടു.
എസ്രാ 3:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ യിസ്രായേൽമക്കൾ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ ജനം ഒരുമനപ്പെട്ടു യെരൂശലേമിൽ വന്നുകൂടി. യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റു ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന്നു യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു. അവർ ദേശത്തെ നിവാസികളെ പേടിച്ചിട്ടു യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയിൽ പണിതു; അതിന്മേൽ യഹോവെക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങളെത്തന്നേ അർപ്പിച്ചു. എഴുതിയിരിക്കുന്നതുപോലെ അവർ കൂടാരപ്പെരുനാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്റെ ആവശ്യംപോലെ അവർ ഹോമയാഗം കഴിച്ചു. അതിന്റെശേഷം അവർ നിരന്തരഹോമയാഗങ്ങളും അമാവാസ്യകൾക്കും യഹോവെക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കു ഒക്കെയും യഹോവെക്കു ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു. ഏഴാം മാസം ഒന്നാം തിയ്യതിമുതൽ അവർ യഹോവെക്കു ഹോമയാഗം കഴിപ്പാൻ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല. അവർ കല്പണിക്കാർക്കും ആശാരികൾക്കും ദ്രവ്യമായിട്ടും പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു. അവർ യെരൂശലേമിലെ ദൈവാലയത്തിങ്കൽ എത്തിയതിന്റെ രണ്ടാമാണ്ടു രണ്ടാം മാസം ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷംസഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്നു യെരൂശലേമിലേക്കു വന്നവർ എല്ലാവരും കൂടി പണി തുടങ്ങി; ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാൻ നിയമിച്ചു. അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽവിചാരണ ചെയ്‌വാൻ ഒരുമനപ്പെട്ടുനിന്നു. പണിയുന്നവർ യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ടപ്പോൾ യിസ്രായേൽരാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിർത്തി. അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തിസ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തിൽ ആർത്തു ഘോഷിച്ചു. എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടുകണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു. അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ടു ഘോഷം ബഹുദൂരം കേട്ടു.
എസ്രാ 3:1-13 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേൽജനം പട്ടണത്തിൽ താമസമാക്കിയതിനുശേഷം, ഏഴാംമാസം ആയപ്പോൾ ജനമെല്ലാം ഏകമനസ്സോടെ ജെറുശലേമിൽ ഒത്തുചേർന്നു. അപ്പോൾ യോസാദാക്കിന്റെ മകനായ യോശുവയും അദ്ദേഹത്തിന്റെ സഹപുരോഹിതന്മാരും ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്നു ദൈവപുരുഷനായ മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന രീതിയിൽ ഇസ്രായേലിന്റെ ദൈവത്തിനു ഹോമയാഗം അർപ്പിക്കേണ്ടതിനു യാഗപീഠം നിർമിക്കാൻ തുടങ്ങി. അവർക്കു ദേശവാസികളെ പേടിയുണ്ടായിരുന്നു എന്നതൊഴിച്ചാൽ; അവർ യാഗപീഠത്തെ അതിന്റെ അടിസ്ഥാനത്തിൽത്തന്നെ പണിത് യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിച്ചു; രാവിലെയും വൈകിട്ടും ഉള്ള യാഗങ്ങളും അർപ്പിച്ചു. എഴുതപ്പെട്ടിരുന്നതുപോലെ അവർ കൂടാരപ്പെരുന്നാൾ ആചരിക്കുകയും, നിയമപ്രകാരം ഓരോ ദിവസത്തേക്കുമുള്ള എണ്ണമനുസരിച്ച് ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തു. അതിന്റെശേഷം അവർ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗങ്ങൾ, അമാവാസികളിലും യഹോവയുടെ വിശുദ്ധോത്സവങ്ങളിലും ഉള്ള യാഗങ്ങൾ, എന്നിവകൂടാതെ യഹോവയ്ക്ക് സ്വമേധാദാനങ്ങൾ കൊടുക്കുന്നവരും യാഗങ്ങൾ അർപ്പിച്ചു. അവർ ഏഴാംമാസം ഒന്നാംതീയതിമുതൽ യഹോവയ്ക്കു ഹോമയാഗം അർപ്പിക്കാൻ തുടങ്ങി. ഇപ്രകാരമെല്ലാം ചെയ്തിരുന്നെങ്കിലും അവർ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല. അവർ കൽപ്പണിക്കാർക്കും ആശാരിമാർക്കും പണവും പാർസിരാജാവായ കോരെശ് അനുവദിച്ചതനുസരിച്ചു ലെബാനോനിൽനിന്നു കടൽമാർഗം ദേവദാരു യോപ്പയിലേക്ക് എത്തിക്കേണ്ടതിനു സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും ഒലിവെണ്ണയും കൊടുത്തു. ജെറുശലേമിലെ ദൈവത്തിന്റെ ഭവനത്തിലെത്തിയതിന്റെ രണ്ടാംവർഷം രണ്ടാംമാസം ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്ന് ജെറുശലേമിലേക്കു മടങ്ങിവന്നശേഷം സഹോദരന്മാർ എല്ലാവരും ചേർന്നു പണി ആരംഭിച്ചു; ഇരുപതിനും അതിനു മേലോട്ടും പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിക്കു മേൽനോട്ടം വഹിക്കാൻ അവർ നിയമിച്ചു. യോശുവയും അദ്ദേഹത്തിന്റെ പുത്രന്മാരും സഹോദരന്മാരും ഹോദവ്യാവിന്റെ പിൻഗാമികളായ കദ്മീയേലും അദ്ദേഹത്തിന്റെ പുത്രന്മാരും ഹെനാദാദിന്റെ മക്കളും അവരുടെ മക്കളും സഹോദരന്മാരും—ഇവരെല്ലാം ലേവ്യരായിരുന്നു—ദൈവാലയം പണിയുന്നവർക്കു മേൽനോട്ടം വഹിക്കാൻ ഒരുമിച്ചുകൂടി. പണിക്കാർ യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടപ്പോൾ ഇസ്രായേൽരാജാവായ ദാവീദ് ഏർപ്പെടുത്തിയിരുന്നപ്രകാരം വിശുദ്ധവസ്ത്രം ധരിച്ച്, കാഹളമേന്തിയ പുരോഹിതന്മാരും ഇലത്താളങ്ങളോടെ ആസാഫിന്റെ പുത്രന്മാരായ ലേവ്യരും യഹോവയെ സ്തുതിക്കാനായി അവർക്കുള്ള സ്ഥാനങ്ങളിൽ നിന്നു. അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചുകൊണ്ട്: “അവിടന്നു നല്ലവൻ; ഇസ്രായേലിനോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്ന ഗാനം അവർ ആലപിച്ചു. അങ്ങനെ ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുകൊണ്ട് യഹോവയെ സ്തുതിച്ചു, യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതിനാണ് അവർ ഇപ്രകാരം ചെയ്തത്. എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും, ആദ്യത്തെ മന്ദിരം കണ്ടിട്ടുള്ള അനേകം വൃദ്ധന്മാർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇടുന്നതു കണ്ടപ്പോൾ ഉറക്കെ കരഞ്ഞു; മറ്റുപലരും സന്തോഷത്താൽ ആർത്തു. അങ്ങനെ ജനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിൽ ആയിരുന്നതിനാൽ സന്തോഷഘോഷത്തിന്റെയും കരച്ചിലിന്റെയും ശബ്ദംതമ്മിൽ വേർതിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല. ഈ ശബ്ദം വളരെദൂരം കേൾക്കാമായിരുന്നു.