എസ്രാ 2:64-70
എസ്രാ 2:64-70 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറ് കുതിരയും ഇരുനൂറ്റിനാല്പത്തഞ്ച് കോവർകഴുതയും നാനൂറ്റി മുപ്പത്തഞ്ച് ഒട്ടകവും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതയും അവർക്കുണ്ടായിരുന്നു. എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് ഔദാര്യദാനങ്ങൾ കൊടുത്തു. അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു. പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽ കാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. എല്ലാ യിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
എസ്രാ 2:64-70 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരാണ് പ്രവാസത്തിൽനിന്നു തിരിച്ചുവന്നത്. കൂടാതെ അവർക്ക് ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴു ദാസീദാസന്മാരും ഇരുനൂറു ഗായികാഗായകന്മാരും ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറു കുതിര, ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുത, നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകം, ആറായിരത്തെഴുനൂറ്റി ഇരുപതു കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. യെരൂശലേമിൽ സർവേശ്വരന്റെ ആലയത്തിന്റെ സന്നിധിയിൽ എത്തിച്ചേർന്നപ്പോൾ ചില പിതൃഭവനത്തലവന്മാർ ദേവാലയം യഥാസ്ഥാനത്ത് നിർമ്മിക്കാൻ സ്വമേധാദാനങ്ങൾ അർപ്പിച്ചു. അവർ തങ്ങളുടെ കഴിവിനൊത്ത് നിർമ്മാണനിധിയിൽ അർപ്പിച്ചു; അത് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും ആയിരുന്നു. പുരോഹിതന്മാരും ലേവ്യരും ജനങ്ങളിൽ ചിലരും യെരൂശലേമിലും ചുറ്റുപാടും താമസിച്ചു. ഗായകരും ദ്വാരപാലകന്മാരും ദേവാലയശുശ്രൂഷകരും തങ്ങളുടെ നഗരങ്ങളിൽ പാർത്തു. അങ്ങനെ എല്ലാ ഇസ്രായേല്യരും അവിടെ പാർപ്പുറപ്പിച്ചു.
എസ്രാ 2:64-70 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് (42,360) പേർ ആയിരുന്നു. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തിയേഴ് (7,337) പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്ത്രീകളുമായ ഇരുനൂറ് (200) സംഗീതക്കാർ ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറ് (736) കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ച് (245) കോവർകഴുതകളും നാനൂറ്റിമുപ്പത്തഞ്ച് (435) ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിയിരുപത് (6,720) കഴുതകളും അവർക്കുണ്ടായിരുന്നു. എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു. അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും അയ്യായിരം (5,000) മാനെ വെള്ളിയും നൂറ് (100) പുരോഹിതവസ്ത്രവും കൊടുത്തു. പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
എസ്രാ 2:64-70 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേർ ആയിരുന്നു. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. എഴുനൂറ്റി മുപ്പത്താറു കുതിരയും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതയും നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു. എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങൾ കൊടുത്തു. അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു. പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
എസ്രാ 2:64-70 സമകാലിക മലയാളവിവർത്തനം (MCV)
ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. 736 കുതിര, 245 കോവർകഴുത, 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി. തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി. പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.