എസ്രാ 1:5-11
എസ്രാ 1:5-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ യെഹൂദായുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണർത്തിയ ഏവനും യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന് യാത്ര പുറപ്പെട്ടു. അവരുടെ ചുറ്റും പാർത്തവർ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, പൊന്ന്, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിശേഷവസ്തുക്കൾ എന്നിവകൊണ്ടും അവരെ സഹായിച്ചു. നെബൂഖദ്നേസർ യെരൂശലേമിൽനിന്നു കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ്രാജാവ് പുറത്തേക്ക് എടുപ്പിച്ചു. പാർസിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്ക് എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ആവിത്: പൊൻതാലം മുപ്പത്, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പത്, പൊൻപാത്രം മുപ്പത്, രണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്ത്, മറ്റുള്ള ഉപകരണങ്ങൾ ആയിരം. പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറ് ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്ന് യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
എസ്രാ 1:5-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ യെഹൂദായുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവപ്രചോദിതരായ എല്ലാവരും യെരൂശലേമിൽ സർവേശ്വരന്റെ ആലയം പണിയാൻ പുറപ്പെട്ടു. അവരുടെ അയൽക്കാർ ദേവാലയത്തിന് അർപ്പിക്കാനുള്ള സ്വമേധാദാനങ്ങൾക്കു പുറമേ വെള്ളിപ്പാത്രങ്ങൾ, സ്വർണം, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലപിടിപ്പുള്ള ഉപകരണങ്ങൾ എന്നിവ നല്‌കി അവരെ സഹായിച്ചു. നെബുഖദ്നേസർ യെരൂശലേമിലെ സർവേശ്വരന്റെ ആലയത്തിൽനിന്ന് എടുത്തുകൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ സൈറസ്‍രാജാവ് പുറത്തുകൊണ്ടുവന്നു. ഭണ്ഡാരവിചാരിപ്പുകാരനായ മിത്രെദാത്തിന്റെ ചുമതലയിലാണ് ഇങ്ങനെ ചെയ്തത്. അയാൾ അതു യെഹൂദാപ്രഭുവായ ശേശ്ബസ്സറിനെ എണ്ണി ഏല്പിച്ചു. അവയുടെ എണ്ണം: സ്വർണത്തളിക മുപ്പത്, വെള്ളിത്തളിക ആയിരം, ധൂപകലശങ്ങൾ ഇരുപത്തൊമ്പത്, സ്വർണക്കോപ്പ മുപ്പത്, രണ്ടാം ഇനം വെള്ളിക്കോപ്പ നാനൂറ്റിപ്പത്ത്, മറ്റു പാത്രങ്ങൾ ആയിരം, സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ ആകെ അയ്യായിരത്തിനാനൂറ്. ബാബിലോണിൽനിന്നു പ്രവാസികളെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നപ്പോൾ ശേശ്ബസ്സർ ഇവയെല്ലാംകൂടെ കൊണ്ടുവന്നു.
എസ്രാ 1:5-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും, പുരോഹിതന്മാരും ലേവ്യരും, ദൈവം ഉണർത്തിയ എല്ലാവരും, യെരൂശലേമിൽ യഹോവയുടെ ആലയം പണിയുവാൻ പോകേണ്ടതിന് യാത്ര പുറപ്പെട്ടു. അവരുടെ ചുറ്റും പാർത്തവർ ഔദാര്യദാനങ്ങൾ കൊടുത്തത് കൂടാതെ, വെള്ളിയും പൊന്നും കൊണ്ടുള്ള ഉപകരണങ്ങൾ, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലയേറിയ വസ്തുക്കൾ എന്നിവ കൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചു. നെബൂഖദ്നേസർ യെരൂശലേമിൽനിന്ന് കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളും കോരെശ്രാജാവ് പുറത്തേക്ക് എടുപ്പിച്ചു. പാർസിരാജാവായ കോരെശ് ഖജനാവ് സൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്ക് എടുപ്പിച്ച് യെഹൂദാപ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ഇത്രയായിരുന്നു: പൊൻതാലം മുപ്പതു (30), വെള്ളിത്താലം ആയിരം (1,000), കത്തി ഇരുപത്തൊമ്പതു (29), പൊൻപാത്രം മുപ്പതു (30), അതേപോലെയുള്ള വെള്ളിപ്പാത്രം നാനൂറ്റിപ്പത്ത് (410), മറ്റുള്ള ഉപകരണങ്ങൾ ആയിരം (1,000). പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറ് (5,400) ആയിരുന്നു. പ്രവാസികളെ ബാബേലിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
എസ്രാ 1:5-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണർത്തിയ ഏവനും യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന്നു യാത്ര പുറപ്പെട്ടു. അവരുടെ ചുറ്റും പാർത്തവർ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, പൊന്നു മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിശേഷവസ്തുക്കൾ എന്നിവകൊണ്ടും അവരെ സഹായിച്ചു. നെബൂഖദ്നേസർ യെരൂശലേമിൽനിന്നു കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ്‌രാജാവു പുറത്തേക്കു എടുപ്പിച്ചു. പാർസിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്കു എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബ്സ്സരിന്നു എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ആവിതു: പൊൻതാലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊൻപാത്രം മുപ്പതു, രണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങൾ ആയിരം. പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
എസ്രാ 1:5-11 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും കുടുംബത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും—ദൈവത്താൽ മനസ്സുണർത്തപ്പെട്ട എല്ലാവരും—ജെറുശലേമിലെ യഹോവയുടെ ആലയത്തിന്റെ പണിക്കുപോകാൻ ഒരുങ്ങി. അവരുടെ ചുറ്റുപാടുമുണ്ടായിരുന്നവർ സ്വമേധായാഗങ്ങൾക്കു പുറമേ, വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, സ്വർണം, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലപിടിപ്പുള്ള ദാനങ്ങൾ എന്നിവയും നൽകി സഹായിച്ചു. നെബൂഖദ്നേസർ ജെറുശലേമിൽനിന്നു കൊണ്ടുവന്നു തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ കോരെശ്‌രാജാവ് പുറത്തെടുപ്പിച്ചു. പാർസിരാജാവായ കോരെശ്, ഭണ്ഡാരസൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ എടുത്ത് യെഹൂദാ പ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ഇപ്രകാരമായിരുന്നു: സ്വർണത്താലം 30 വെള്ളിത്താലം 1,000 വെള്ളികൊണ്ടുള്ള ചട്ടി 29 സ്വർണപ്പാത്രം 30 മറ്റുതരം വെള്ളിപ്പാത്രം 410 മറ്റ് ഉപകരണങ്ങൾ 1,000. സ്വർണവും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ ആകെ 5,400 എണ്ണം ഉണ്ടായിരുന്നു.