എസ്രാ 1:1-4

എസ്രാ 1:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാട് നിവൃത്തിയാകേണ്ടതിനു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സിനെ ഉണർത്തീട്ട് അവൻ തന്റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ: പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ എന്നോടു കല്പിച്ചുമിരിക്കുന്നു. നിങ്ങളിൽ അവന്റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടുകൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദായിലെ യെരൂശലേമിലേക്കു യാത്ര പുറപ്പെട്ട് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം. ശേഷിച്ചിരിക്കുന്ന ഏവനും അവൻ പ്രവാസിയായി പാർക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികൾ പൊന്ന്, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകയ്ക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.

പങ്ക് വെക്കു
എസ്രാ 1 വായിക്കുക

എസ്രാ 1:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിറവേറുംവിധം പേർഷ്യാരാജാവായ സൈറസിനെ അദ്ദേഹത്തിന്റെ വാഴ്ചയുടെ ഒന്നാം വർഷം അവിടുന്നു പ്രചോദിപ്പിച്ചു. ഒരു വിളംബരം എഴുതി രാജ്യത്തെങ്ങും പ്രസിദ്ധപ്പെടുത്തി: “പേർഷ്യാരാജാവായ സൈറസ് കല്പിക്കുന്നു: സ്വർഗത്തിലെ ദൈവമായ സർവേശ്വരൻ ഭൂമിയിലെ സകല രാജ്യങ്ങളും എനിക്കു തന്നിരിക്കുന്നു. യെഹൂദ്യയിലെ യെരൂശലേമിൽ അവിടുത്തേക്ക് ഒരു മന്ദിരം പണിയാൻ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ഇടയിൽ പാർക്കുന്ന അവിടുത്തെ ജനം- ദൈവം അവരോടുകൂടെ ഉണ്ടായിരിക്കട്ടെ -യെഹൂദ്യയിലെ യെരൂശലേമിലേക്കു പോയി ദൈവമായ സർവേശ്വരന്റെ ആലയം പുനരുദ്ധരിക്കട്ടെ. അവിടുന്നാണല്ലോ യെരൂശലേമിലെ ദൈവം. അവരിൽ അവശേഷിക്കുന്ന ജനം അവർ എവിടെ പാർക്കുന്നവരായാലും അവരെ തദ്ദേശവാസികൾ യെരൂശലേമിലെ ദേവാലയത്തിനുവേണ്ടി സ്വമേധാകാഴ്ചകൾക്കു പുറമേ വെള്ളി, സ്വർണം, മറ്റു വസ്തുക്കൾ, കന്നുകാലികൾ എന്നിവ നല്‌കി സഹായിക്കണം.

പങ്ക് വെക്കു
എസ്രാ 1 വായിക്കുക

എസ്രാ 1:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പാർസിരാജാവായ കോരെശിന്‍റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്‍റെ മനസ്സ് ഉണർത്തിയിട്ട്, അവൻ തന്‍റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി എല്ലാവരേയും അറിയിച്ചത് എന്തെന്നാൽ: “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിയുവാൻ എന്നോട് കല്പിച്ചുമിരിക്കുന്നു. നിങ്ങളിൽ അവന്‍റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്‍റെ ദൈവം അവനോട് കൂടെ ഇരിക്കുമാറാകട്ടെ. അവൻ യെഹൂദായിലെ യെരൂശലേമിലേക്ക് യാത്ര പുറപ്പെട്ടു യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം. ശേഷിച്ചിരിക്കുന്നവർ പാർക്കുന്ന ഇടത്തൊക്കെയും അതത് സ്ഥലത്തിലെ സ്വദേശികൾ, പൊന്ന്, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും, യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.”

പങ്ക് വെക്കു
എസ്രാ 1 വായിക്കുക

എസ്രാ 1:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിവൃത്തിയാകേണ്ടതിന്നു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സിനെ ഉണർത്തീട്ടു അവൻ തന്റെ രാജ്യത്തു എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ: പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ എന്നോടു കല്പിച്ചുമിരിക്കുന്നു. നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടുകൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം. ശേഷിച്ചിരിക്കുന്ന ഏവന്നും അവൻ പ്രവാസിയായി പാർക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികൾ പൊന്നു, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.

പങ്ക് വെക്കു
എസ്രാ 1 വായിക്കുക

എസ്രാ 1:1-4 സമകാലിക മലയാളവിവർത്തനം (MCV)

പാർസിരാജാവായ കോരെശിന്റെ ഒന്നാംവർഷത്തിൽ, യിരെമ്യാവിലൂടെ സംസാരിച്ച യഹോവയുടെ വചനം നിറവേറുന്നതിനു, യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അദ്ദേഹം തന്റെ രാജ്യംമുഴുവനും ഒരു വിളംബരം പുറപ്പെടുവിക്കുകയും അതു രേഖപ്പെടുത്തിവെക്കുകയും ചെയ്തത് ഇപ്രകാരമാണ്: “പാർസിരാജാവായ കോരെശ് ഈ വിധം ആജ്ഞാപിക്കുന്നു: “ ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകിയിരിക്കുന്നു. യെഹൂദ്യയിലെ ജെറുശലേമിൽ അവിടത്തേക്കുവേണ്ടി ഒരു ആലയം പണിയാൻ അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു. അതിനാൽ നിങ്ങളിൽ യഹോവയുടെ ജനമായി ആരെങ്കിലുമുണ്ടെങ്കിൽ, അവർ യെഹൂദ്യയിലെ ജെറുശലേമിലേക്കു യാത്ര പുറപ്പെടട്ടെ. അവർ പോയി ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവിടന്നാണല്ലോ ജെറുശലേമിലെ ദൈവം. അവരുടെ ദൈവം അവരോടുകൂടെ ഇരിക്കുമാറാകട്ടെ യെഹൂദരിൽ അവശേഷിക്കുന്നവർക്ക് അവരുടെ അയൽവാസികൾ അവരുടെ നിലനിൽപ്പിന്റെ ചെലവിലേക്കായി ജെറുശലേമിലെ ദൈവാലയത്തിനുള്ള സ്വമേധായാഗങ്ങൾ നൽകുന്നതോടൊപ്പം അവർക്കും വെള്ളിയും സ്വർണവും മറ്റു സാധനങ്ങളും കന്നുകാലികളെയും സംഭാവനചെയ്യണം.’ ”

പങ്ക് വെക്കു
എസ്രാ 1 വായിക്കുക