യെഹെസ്കേൽ 8:6-10

യെഹെസ്കേൽ 8:6-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ എന്നോട്: മനുഷ്യപുത്രാ, അവർ ചെയ്യുന്നത്, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടുപോകേണ്ടതിനു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്ന് അരുളിച്ചെയ്തു. അവൻ എന്നെ പ്രാകാരത്തിന്റെ വാതിൽക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു. അവൻ എന്നോട്: മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു. അവൻ എന്നോട്: അകത്തു ചെന്ന്, അവർ ഇവിടെ ചെയ്യുന്ന: വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു. അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകല വിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു.

യെഹെസ്കേൽ 8:6-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്ന് എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, അവർ എന്താണ് ചെയ്യുന്നതെന്നു നീ കാണുന്നില്ലേ? ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടുപോകാനായി ഇസ്രായേൽജനം മഹാമ്ലേച്ഛതകൾ അവിടെ കാട്ടുന്നു. എന്നാൽ ഇതിലും വലിയ മ്ലേച്ഛതകൾ നീ കാണും.” പിന്നീട് അവിടുന്ന് എന്നെ അങ്കണത്തിന്റെ വാതില്‌ക്കൽ കൊണ്ടുവന്നു. ഞാൻ അവിടെ ചുവരിൽ ഒരു ദ്വാരം കണ്ടു. “മനുഷ്യപുത്രാ, ചുവർ കുത്തിത്തുറക്കുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു; ഞാൻ ചുവർ തുരന്നു. അതാ, ഒരു വാതിൽ! “അകത്തു കടന്ന് അവർ അവിടെ ചെയ്യുന്ന നികൃഷ്ടവും മ്ലേച്ഛവുമായ കൃതൃങ്ങൾ കാണുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു. അങ്ങനെ ഞാൻ അകത്തു ചെന്നു നോക്കി. അതാ, ഇസ്രായേൽജനം ആരാധിക്കുന്ന വിഗ്രഹങ്ങളുടെയും എല്ലാവിധ ഇഴജന്തുക്കളുടെയും വെറുപ്പുളവാക്കുന്ന ജീവികളുടെയും ചിത്രങ്ങൾ ചുറ്റുമുള്ള ചുവരിൽ ആലേഖനം ചെയ്തിരിക്കുന്നു.

യെഹെസ്കേൽ 8:6-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, അവർ ചെയ്യുന്നത്, ഞാൻ എന്‍റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന് യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകൾ നീ കാണും” എന്നു അരുളിച്ചെയ്തു. അവിടുന്ന് എന്നെ പ്രാകാരത്തിന്‍റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു. അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക” എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു. അവിടുന്ന് എന്നോട്: “അകത്ത് ചെന്നു, അവർ ഇവിടെ ചെയ്യുന്ന കടുത്ത മ്ലേച്ഛതകൾ നോക്കുക” എന്നു കല്പിച്ചു. അങ്ങനെ ഞാൻ അകത്ത് ചെന്നു; വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽ ഗൃഹത്തിന്‍റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു.

യെഹെസ്കേൽ 8:6-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ എന്നോടു: മനുഷ്യപുത്രാ, അവർ ചെയ്യുന്നതു, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു. അവൻ എന്നെ പ്രാകാരത്തിന്റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു. അവൻ എന്നോടു: മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു. അവൻ എന്നോടു: അകത്തു ചെന്നു, അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു. അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരെച്ചിരിക്കുന്നതു കണ്ടു.

യെഹെസ്കേൽ 8:6-10 സമകാലിക മലയാളവിവർത്തനം (MCV)

അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, അവർ ചെയ്യുന്നതു നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എന്നെ ആട്ടിപ്പായിക്കുംവിധം ഇസ്രായേൽഗൃഹം ചെയ്യുന്ന ഏറ്റവും അറപ്പുളവാക്കുന്ന പ്രവൃത്തികൾ നീ കാണുന്നുണ്ടോ? ഇതിലും നീചമായതു നീ ഇനിയും കാണും.” അതിനുശേഷം അവിടന്ന് എന്നെ അങ്കണത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ ചുമരിൽ ഒരു ദ്വാരം കണ്ടു. “മനുഷ്യപുത്രാ, ചുമർ തുരക്കുക,” എന്ന് അവിടന്ന് എന്നോടു കൽപ്പിച്ചു, ഞാൻ ചുമർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു. അവിടന്ന് എന്നോട്: “അകത്തുപോയി അവർ അവിടെ ചെയ്യുന്ന ദുഷ്ടതയും അറപ്പുളവാക്കുന്ന പ്രവൃത്തികളും നോക്കുക” എന്നു പറഞ്ഞു. ഞാൻ ഉള്ളിൽ കടന്നുനോക്കി. എല്ലാത്തരം ഇഴജാതികളെയും അറപ്പുളവാക്കുന്ന മൃഗങ്ങളെയും ഇസ്രായേൽഗൃഹത്തിന്റെ എല്ലാ വിഗ്രഹങ്ങളെയും ചുമരിൽ വരച്ചുവെച്ചിരിക്കുന്നതു ഞാൻ കണ്ടു.