യെഹെസ്കേൽ 7:1-27

യെഹെസ്കേൽ 7:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു. ഇപ്പോൾ നിനക്ക് അവസാനം വന്നിരിക്കുന്നു; ഞാൻ എന്റെ കോപം നിന്റെമേൽ അയച്ച് നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്റെ സകല മ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും. എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു അനർഥം ഒരു അനർഥം ഇതാ, വരുന്നു! അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരേ ഉണർന്നു വരുന്നു! ഇതാ, അതു വരുന്നു. ദേശനിവാസിയേ, ആപത്ത് നിനക്കു വന്നിരിക്കുന്നു; കാലമായി, നാൾ അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്റെ ആർപ്പുവിളിയല്ല. ഇപ്പോൾ ഞാൻ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകർന്ന്, എന്റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായം വിധിച്ച് നിന്റെ സകല മ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും. എന്റെ കണ്ണ് ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോടു പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടു വരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങൾ അറിയും. ഇതാ, നാൾ; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു. സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല. കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാൽ വാങ്ങുന്നവൻ സന്തോഷിക്കയും വില്ക്കുന്നവൻ ദുഃഖിക്കയും വേണ്ടാ. അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവന് വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകല കോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല. അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്റെ ക്രോധം അതിന്റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാൽ ആരും യുദ്ധത്തിനു പോകുന്നില്ല. പുറത്തു വാൾ, അകത്തു മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും. എന്നാൽ അവരിൽവച്ച് ചാടിപ്പോകുന്നവർ ചാടിപ്പോകയും ഓരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്‌വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും. എല്ലാ കൈകളും തളരും; എല്ലാ മുഴങ്കാലുകളും വെള്ളംപോലെ ഒഴുകും. അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകല മുഖങ്ങളിലും ലജ്ജയും എല്ലാ തലകളിലും കഷണ്ടിയും ഉണ്ടായിരിക്കും. അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവർക്ക് മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല; അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറ് നിറകയും ഇല്ല; അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ. അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി പ്രയോഗിച്ചു; അതുകൊണ്ട് അവർ തങ്ങൾക്കു മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്കു മലമാക്കിയിരിക്കുന്നു. ഞാൻ അത് അന്യന്മാരുടെ കൈയിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്കു കൊള്ളയായും കൊടുക്കും; അവർ അത് അശുദ്ധമാക്കും. ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും. അവർ എന്റെ നിധിയെ അശുദ്ധമാക്കും; കവർച്ചക്കാർ അതിനകത്തു കടന്ന് അതിനെ അശുദ്ധമാക്കും. ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക. ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും. നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും. അപകടത്തിന്മേൽ അപകടവും ശ്രുതിമേൽ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്റെ പക്കൽനിന്ന് ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും പൊയ്പോകും. രാജാവ് ദുഃഖിക്കും; പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകൾ വിറയ്ക്കും; ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്കു ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ 7:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എനിക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി: “മനുഷ്യപുത്രാ, സർവേശ്വരനായ കർത്താവ് ഇസ്രായേൽദേശത്തോട് അരുളിച്ചെയ്യുന്നു: ഇതാ അവസാനം; ദേശത്തിന്റെ മുഴുവൻ നാശം അടുത്തിരിക്കുന്നു. ഇതാ, നിന്റെ അവസാനം അടുത്തിരിക്കുന്നു. നിന്റെമേൽ ഞാൻ എന്റെ ക്രോധം അഴിച്ചുവിടും. നിന്റെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ നിന്നെ വിധിക്കും. നിന്റെ എല്ലാ മ്ലേച്ഛതകൾക്കും തക്കവിധം ഞാൻ നിന്നെ ശിക്ഷിക്കും. ഞാൻ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാട്ടുകയുമില്ല. നിന്റെ ദുർനടത്തയ്‍ക്കും നിന്റെ മ്ലേച്ഛതകൾക്കും ഒത്തവിധം ഞാൻ നിന്നെ ശിക്ഷിക്കും. ഞാനാണു സർവേശ്വരൻ എന്നു നീ അപ്പോൾ ഗ്രഹിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “നാശത്തിനുമേൽ നാശം വന്നു ഭവിക്കും. അവസാനം വന്നുചേർന്നിരിക്കുന്നു. ഇതാ, അത് അടുത്തെത്തിയിരിക്കുന്നു! അതു നിനക്കെതിരെ ഉണർന്ന് അടുത്തു വന്നിരിക്കുന്നു. ദേശവാസികളേ, ഇതാ വിനാശം വന്നിരിക്കുന്നു. സമയമായി, നാശത്തിന്റെ നാൾ ആസന്നമായി. അതാ മലമുകളിൽ ആർപ്പുവിളി കേൾക്കുന്നു. പക്ഷേ, അതു സന്തോഷത്തിന്റെ ആരവമല്ല. ഇപ്പോൾ ഞാൻ എന്റെ ക്രോധം നിന്റെമേൽ പകരും. എന്റെ കോപം നിന്റെമേൽ ചൊരിഞ്ഞുതീർക്കും. നിന്റെ പ്രവൃത്തിക്കൊത്തവിധം വിധിക്കുകയും നിന്റെ എല്ലാ മ്ലേച്ഛതകൾക്കും ഒത്തവിധം നിന്നെ ശിക്ഷിക്കുകയും ചെയ്യും. ഞാൻ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാണിക്കുകയുമില്ല. നിന്നിലുള്ള മ്ലേച്ഛതകൾക്കും പ്രവൃത്തികൾക്കും അനുസൃതമായി ഞാൻ നിന്നെ ശിക്ഷിക്കും. സർവേശ്വരനായ ഞാനാണു നിന്നെ ശിക്ഷിക്കുന്നതെന്ന് അപ്പോൾ നീ അറിയും. ഇതാ, ആ ദിനം വന്നിരിക്കുന്നു! ഇതാ, അക്രമം പെരുകുന്നു. അഹങ്കാരം അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുന്നു. അക്രമം ദുഷ്ടതയുടെ വടിയായി വളർന്നിരിക്കുന്നു. അവരിൽ ആരും അവശേഷിക്കുകയില്ല. അവരുടെ സമൃദ്ധിയോ ധനമോ പ്രതാപമോ ഒന്നും അവശേഷിക്കുകയില്ല. സമയമായി; ദിവസം അടുത്തു. വാങ്ങുന്നവൻ സന്തോഷിക്കാതെയും വിൽക്കുന്നവൻ വിലപിക്കാതെയും ഇരിക്കട്ടെ. കാരണം, ദൈവകോപം എല്ലാവരുടെയുംമേൽ ഒരുപോലെ നിപതിക്കും. ഇരുവരും ജീവിച്ചിരുന്നാലും വിൽക്കുന്നവനു താൻ വിറ്റതു തിരിച്ചുകിട്ടുകയില്ല. ദൈവകോപം സർവജനത്തിന്റെയുംമേൽ നിപതിച്ചിരിക്കുന്നുവല്ലോ. അതു പിൻവാങ്ങുകയില്ല. തന്റെ അധർമം നിമിത്തം അവരിൽ ആരും ജീവനോടെ ശേഷിക്കുകയില്ല. അവർ കാഹളം മുഴക്കി. എന്നാൽ എല്ലാവരുടെയുംമേൽ എന്റെ ക്രോധം നിപതിച്ചിരിക്കുകയാൽ ആരും യുദ്ധത്തിനു പോകുന്നില്ല. പുറത്തു വാൾ അകത്ത് പകർച്ചവ്യാധിയും ക്ഷാമവും; നഗരത്തിനു പുറത്തുള്ളവർ വാളാൽ മരിക്കും. അകത്തുള്ളവർ ക്ഷാമത്തിനും പകർച്ചവ്യാധിക്കും ഇരയാകും. ഇവയെ അതിജീവിച്ചു രക്ഷപെടുന്നവർ തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് ഓർത്തു വിലപിച്ചുകൊണ്ടു താഴ്‌വരകളിൽനിന്നു പറന്നുയരുന്ന പ്രാവുകളെപ്പോലെ പർവതങ്ങളിൽ അഭയം തേടും. എല്ലാ കരങ്ങളും തളരും; എല്ലാ കാൽമുട്ടുകളും വിറയ്‍ക്കും. അവർ ചാക്കുതുണി ഉടുക്കും; കൊടുംഭീതി അവരെ മൂടും. എല്ലാ ശിരസ്സുകളും മുണ്ഡനം ചെയ്യപ്പെടും. അവർ എല്ലാവരും ലജ്ജിതരാകും. അവർ വെള്ളി തെരുവീഥികളിൽ വലിച്ചെറിയും, സ്വർണം അവർക്കു മലിനവസ്തുവായിത്തീരും. സർവേശ്വരന്റെ കോപത്തിന്റെ ദിവസം പൊന്നിനും വെള്ളിക്കും അവരെ രക്ഷിക്കാൻ കഴിയുകയില്ല. അവയ്‍ക്ക് അവരുടെ വിശപ്പടക്കാനോ വയറു നിറയ്‍ക്കാനോ സാധ്യമല്ല. അവർക്കിടർച്ച വരുത്തിയത് അവയാണല്ലോ. അവർ മനോഹരമായ ആഭരണങ്ങൾകൊണ്ട് ഡംഭം കാട്ടി. അവകൊണ്ട് അവർ മ്ലേച്ഛവിഗ്രഹങ്ങളും നിന്ദ്യബിംബങ്ങളും നിർമിച്ചു. അതിനാൽ ഞാൻ അവ അവർക്ക് അശുദ്ധവസ്തുക്കളാക്കും. അവ വിദേശികൾ കൊള്ളയടിക്കാനും അക്രമികൾ കവർച്ച ചെയ്യാനും ഞാൻ ഇടവരുത്തും. അവർ അവ അശുദ്ധമാക്കും. ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും; വിശുദ്ധസ്ഥലം അവർ അശുദ്ധമാക്കും. കവർച്ചക്കാർ പ്രവേശിച്ച് അവിടം മലിനവും ശൂന്യവുമാക്കും. ദേശം കൊലപാതകംകൊണ്ടും നഗരം അക്രമംകൊണ്ടും നിറയും. അതിനാൽ അവരുടെ വാസസ്ഥലങ്ങൾ കൈവശമാക്കാൻ ഏറ്റവും നീചരായ ജനതകളെ ഞാൻ കൊണ്ടുവരും. അവർ അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമാക്കും. ഞാൻ ബലവാന്മാരുടെ അഹന്ത അവസാനിപ്പിക്കും. കഠിനവേദന ഉണ്ടാകുമ്പോൾ അവർ ശാന്തിതേടും; എന്നാൽ അത് അവർക്കു ലഭിക്കുകയില്ല. നാശത്തിന്മേൽ നാശം വന്നുചേരും; അശുഭവാർത്തകൾക്കുമേൽ അശുഭവാർത്തകൾ പ്രചരിക്കും. പ്രവാചകന്മാരോട് അവർ ദർശനം തേടും; എന്നാൽ പുരോഹിതന്മാർക്കു നിയമവും ജനപ്രമാണികൾക്ക് ഉപദേശവും നല്‌കുവാനില്ല. രാജാവ് വിലപിക്കും; രാജകുമാരൻ നിരാശനാകും. ദേശത്തെങ്ങും ജനങ്ങളുടെ കൈകൾ ഭയംകൊണ്ടു വിറയ്‍ക്കും; അവരുടെ പ്രവൃത്തികൾക്കൊത്തവിധം ഞാനവരോടു പെരുമാറും. അവർ വിധിക്കുന്നതുപോലെ ഞാൻ അവരെയും വിധിക്കും. ഞാനാണ് സർവേശ്വരൻ എന്ന് അവർ അറിയും.

യെഹെസ്കേൽ 7:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ അവസാനം! യിസ്രായേൽ ദേശത്തിന്‍റെ നാലുഭാഗത്തും അവസാനം വന്നെത്തിയിരിക്കുന്നു! ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു; ഞാൻ എന്‍റെ കോപം നിന്‍റെമേൽ അയച്ച് നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് നിന്‍റെ സകലമ്ലേച്ഛതകൾക്കും നിന്നോട് പകരം ചെയ്യും. എന്‍റെ കണ്ണ് നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നോട് പകരം ചെയ്യും; നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു അനർത്ഥം, ഒരു അനർത്ഥം ഇതാ, വരുന്നു! അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അത് നിന്‍റെനേരെ ഉണർന്നുവരുന്നു! ഇതാ, അത് വരുന്നു. ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, സമയം അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്‍റെ ആർപ്പുവിളിയല്ല. ഇപ്പോൾ ഞാൻ വേഗത്തിൽ എന്‍റെ ക്രോധം നിന്‍റെമേൽ പകർന്ന്, എന്‍റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് നിന്‍റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും. എന്‍റെ കണ്ണ് ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്‍റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോട് പകരം ചെയ്യും; നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങൾ അറിയും. “ഇതാ, നാൾ; ഇതാ, അത് വരുന്നു; നിന്‍റെ ആപത്ത് പുറപ്പെട്ടിരിക്കുന്നു; വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു. സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കുകയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകുകയുമില്ല. കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്‍റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ വാങ്ങുന്നവൻ സന്തോഷിക്കുകയും വില്‍ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ. “അവർ ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്‍റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല. “അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്‍റെ ക്രോധം അതിന്‍റെ സകല ജനസമൂഹത്തിന്മേലും വന്നിരിക്കുകയാൽ ആരും യുദ്ധത്തിനു പോകുന്നില്ല, പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും. എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും ഓരോരുത്തനും അവനവന്‍റെ അകൃത്യത്തെക്കുറിച്ച് താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും. എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ബലഹീനമാകും. അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും. “അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവർക്ക് മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല; അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല, അവരുടെ വയറ് നിറയുകയും ഇല്ല; അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ. അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു; അതുകൊണ്ട് അവർ അവർക്ക് മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്ക് മലമാക്കിയിരിക്കുന്നു. ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്ക് കൊള്ളയായും കൊടുക്കും; അവർ അത് അശുദ്ധമാക്കും. ഞാൻ എന്‍റെ മുഖം അവരിൽ നിന്നു തിരിക്കും. അവർ എന്‍റെ അമൂല്യസ്ഥലത്തെ അശുദ്ധമാക്കും; കവർച്ചക്കാർ അതിനകത്ത് കടന്ന് അതിനെ അശുദ്ധമാക്കും. “ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക. ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകൾ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും. നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും. അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും; അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്‍റെ പക്കൽനിന്ന് ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും നഷ്ടമായിപ്പോകും. രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും; ദേശത്തെ ജനത്തിന്‍റെ കൈകൾ വിറയ്ക്കും; ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്ക് ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.“

യെഹെസ്കേൽ 7:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, യഹോവയായ കർത്താവു യിസ്രായേൽദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു. ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു; ഞാൻ എന്റെ കോപം നിന്റെമേൽ അയച്ചു നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും. എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു അനർത്ഥം ഒരു അനർത്ഥം ഇതാ, വരുന്നു! അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണർന്നുവരുന്നു! ഇതാ, അതു വരുന്നു. ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാൾ അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്റെ ആർപ്പുവിളിയല്ല. ഇപ്പോൾ ഞാൻ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകർന്നു, എന്റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും. എന്റെ കണ്ണു ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാൻ നിന്നോടു പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങൾ അറിയും. ഇതാ, നാൾ; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിർത്തിരിക്കുന്നു. സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല. കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാൽ വാങ്ങുന്നവൻ സന്തോഷിക്കയും വില്ക്കുന്നവൻ ദുഃഖിക്കയും വേണ്ടാ. അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല. അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്റെ ക്രോധം അതിന്റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാൽ ആരും യുദ്ധത്തിന്നു പോകുന്നില്ല, പുറത്തു വാൾ, അകത്തു മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും. എന്നാൽ അവരിൽവെച്ചു ചാടിപ്പോകുന്നവർ ചാടിപ്പോകയും ഓരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്‌വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും. എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും. അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും. അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവർക്കു മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല; അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവർക്കു അകൃത്യഹേതു ആയിരുന്നുവല്ലോ. അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവർ തങ്ങൾക്കു മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അതു അവർക്കു മലമാക്കിയിരിക്കുന്നു. ഞാൻ അതു അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്കു കൊള്ളയായും കൊടുക്കും; അവർ അതു അശുദ്ധമാക്കും. ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും. അവർ എന്റെ നിധിയെ അശുദ്ധമാക്കും; കവർച്ചക്കാർ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും. ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക. ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും. നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അതു ഇല്ലാതെ ഇരിക്കും. അപകടത്തിന്മേൽ അപകടവും ശ്രുതിമേൽ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്റെ പക്കൽനിന്നു ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്നു ആലോചനയും പൊയ്പോകും. രാജാവു ദുഃഖിക്കും; പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകൾ വിറെക്കും; ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്കു ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.

യെഹെസ്കേൽ 7:1-27 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തോട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഇതാ അവസാനം! ദേശത്തിന്റെ നാലു കോണുകളിലും അവസാനം വന്നെത്തിയിരിക്കുന്നു! ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു, ഞാൻ എന്റെ കോപം നിനക്കെതിരേ അഴിച്ചുവിടും. നിന്റെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ നിന്നെ ന്യായംവിധിക്കും അറപ്പുളവാക്കുന്ന നിന്റെ സകലപ്രവൃത്തികൾക്കും നിന്നോടു പകരംവീട്ടും. എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; ഒരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്ക് ഒത്തവണ്ണം നിശ്ചയമായും ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘അനർഥം! അനർഥത്തിനു പിറകെ അനർഥം! ഇതാ അതു വരുന്നു! അവസാനം വന്നെത്തിയിരിക്കുന്നു! അവസാനം വന്നെത്തിയിരിക്കുന്നു! അതു നിന്റെനേരേ ഉണർന്നുവരുന്നു. ഇതാ, അതു വന്നിരിക്കുന്നു! വിനാശം നിന്മേൽ വന്നെത്തിയിരിക്കുന്നു, ഈ ദേശത്തു വസിക്കുന്ന നിന്മേൽത്തന്നെ. സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം സമീപമായി! പർവതങ്ങളിൽ ആർപ്പുവിളി കേൾക്കുന്നു; ആനന്ദത്തിന്റെ അല്ലതാനും. ഇപ്പോൾത്തന്നെ ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; നിന്നോടുള്ള എന്റെ കോപം ഞാൻ നിറവേറ്റും; നിന്റെ പെരുമാറ്റത്തിന് അനുസൃതമായിത്തന്നെ ഞാൻ നിന്നെ ന്യായംവിധിക്കുകയും നിന്റെ മ്ലേച്ഛതകൾക്കെല്ലാം നിന്നോടു പകരംവീട്ടുകയും ചെയ്യും. എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; യാതൊരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്കൊത്തവണ്ണം ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അപ്പോൾ യഹോവയാണ് നിന്നെ ദണ്ഡിപ്പിക്കുന്നതെന്നു നീ അറിയും. “ ‘ഇതാ, ആ ദിവസം! ഇതാ, അതു വരുന്നു! നിന്റെ നാശം പുറപ്പെട്ടിരിക്കുന്നു; വടി പൂത്തിരിക്കുന്നു, അഹങ്കാരം തളിർത്തിരിക്കുന്നു! അക്രമം എഴുന്നേറ്റിരിക്കുന്നു, ദുഷ്ടരെ ശിക്ഷിക്കുന്നതിനുള്ള ഒരു വടിയായിത്തന്നെ. ആ ജനത്തിൽ ആരുംതന്നെ, ആ ജനസമൂഹത്തിലോ അവരുടെ ധനത്തിലോ മൂല്യവത്തായ ഒന്നും അവശേഷിക്കുകയില്ല. സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം എത്തിച്ചേർന്നു! വാങ്ങുന്നവർ സന്തോഷിക്കുകയോ വിൽക്കുന്നവർ വിലപിക്കയോ ചെയ്യാതിരിക്കട്ടെ; കാരണം, എന്റെ ക്രോധം ആ മുഴുവൻ ജനസമൂഹത്തിന്മേലും വന്നിരിക്കുന്നു. വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം വിറ്റവന് താൻ വിറ്റതു തിരിച്ചുകിട്ടുകയില്ല. അവരുടെ എല്ലാ പുരുഷാരത്തെപ്പറ്റിയുമുള്ള ദർശനം മറിച്ചാകുകയില്ല. അവരുടെ പാപംനിമിത്തം ഒരാളുടെയും ജീവൻ സംരക്ഷിക്കപ്പെടുകയില്ല. “ ‘അവർ കാഹളമൂതി സകലതും സജ്ജമാക്കിയിരിക്കുന്നു; എന്നാൽ ആരുംതന്നെ യുദ്ധത്തിനു പുറപ്പെടുന്നില്ല, കാരണം എന്റെ ക്രോധം ആ സമൂഹം മുഴുവന്റെയുംമേൽ ഇരിക്കുന്നു. പട്ടണത്തിനുപുറത്ത് വാൾ; അകത്ത് പകർച്ചവ്യാധിയും ക്ഷാമവും. വയലിൽ ഇരിക്കുന്നവർ വാളാൽ മരിക്കും. ക്ഷാമവും പകർച്ചവ്യാധിയും നഗരത്തിലുള്ളവരെ നശിപ്പിച്ചുകളയും. അവരിൽ പലായിതർ രക്ഷപ്പെട്ടാൽത്തന്നെയും പർവതങ്ങളിലേക്ക് ഓടിപ്പോകും. താഴ്വരകളിലെ പ്രാവുകളെപ്പോലെ അവർ എല്ലാവരും വിലപിക്കും, ഓരോരുത്തരുടെയും പാപങ്ങൾമൂലംതന്നെ. എല്ലാ കൈകളും തളരും; എല്ലാ കാലുകളും മൂത്രത്താൽ നനയും. അവർ ചാക്കുശീല ധരിക്കും, നടുക്കം അവരെ കീഴടക്കും. എല്ലാ മുഖങ്ങളിലും ലജ്ജ ഉണ്ടായിരിക്കും, എല്ലാ തലയും ക്ഷൗരം ചെയ്യപ്പെടും. “ ‘അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും, അവരുടെ സ്വർണം മലിനമായ വസ്തുപോലെ പരിഗണിക്കപ്പെടും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കോ സ്വർണത്തിനോ അവരെ മോചിപ്പിക്കാൻ കഴിയുകയില്ല. വിശപ്പടക്കുന്നതിനോ വയറുനിറയ്ക്കുന്നതിനോ അവർക്കത് ഉപകരിക്കുകയില്ല. അത് അവരെ പാപത്തിലേക്കു വീഴാൻ കാരണമാക്കിയല്ലോ. തങ്ങളുടെ മനോഹരങ്ങളായ ആഭരണങ്ങളിൽ അവർ അഹങ്കരിച്ചു. മ്ലേച്ഛവും നിന്ദ്യവുമായ വിഗ്രഹങ്ങൾ നിർമിക്കുന്നതിനായി അവർ അത് ഉപയോഗിച്ചു. അതിനാൽ അതു ഞാൻ അവർക്ക് ഒരു ഹീനവസ്തുവാക്കിത്തീർക്കും. അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും ഭൂമിയിലെ ദുഷ്ടർക്കു കവർച്ചയായും കൊടുക്കും, അവർ അതിനെ അശുദ്ധമാക്കും. ആ ജനത്തിൽനിന്നു ഞാൻ മുഖം തിരിച്ചുകളയും, എനിക്കു വിലപ്പെട്ട സ്ഥലത്തെ കൊള്ളക്കാർ അശുദ്ധമാക്കും. അവർ അതിൽ പ്രവേശിക്കുകയും അതിനെ മലിനമാക്കുകയും ചെയ്യും. “ ‘ദേശം രക്തപാതകംകൊണ്ടും പട്ടണം അക്രമംകൊണ്ടും നിറഞ്ഞിരിക്കുകയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക! അവരുടെ വീടുകൾ കൈവശമാക്കുന്നതിന് ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും. ബലിഷ്ഠരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും, അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമായിത്തീരും. ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും; എന്നാൽ അവർ അതു കണ്ടെത്തുകയില്ല. നാശത്തിനുമീതേ നാശവും കിംവദന്തിക്കുമീതേ കിംവദന്തിയും ഉണ്ടാകും. അവർ പ്രവാചകനിൽനിന്ന് ഒരു ദർശനം അന്വേഷിക്കും ന്യായപ്രമാണത്തിൽനിന്നും പുരോഹിതൻ നൽകുന്ന ഉപദേശം നിലയ്ക്കും, ഗോത്രത്തലവന്മാരുടെ ആലോചനയും അവസാനിക്കും. രാജാവു വിലപിക്കും, പ്രഭു നൈരാശ്യത്താൽ മൂടപ്പെടും, ദേശത്തിലെ ജനങ്ങളുടെ കൈകൾ വിറയ്ക്കും. അവരുടെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ അവരോട് ഇടപെടും, അവരുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഞാൻ അവരെ ന്യായംവിധിക്കും. അപ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”