യെഹെസ്കേൽ 48:1-35

യെഹെസ്കേൽ 48:1-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ആവിത്: വടക്കേ അറ്റംമുതൽ ഹെത്ലോൻ വഴിക്കരികെയുള്ള ഹമാത്ത്‍വരെ വടക്കോട്ടു ദെമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസർ-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്ന്. ദാന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ആശേരിന്റെ ഓഹരി ഒന്ന്. ആശേരിന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്ന്. നഫ്താലിയുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്ന്. മനശ്ശെയുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്ന്. എഫ്രയീമിന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെ രൂബേന്റെ ഓഹരി ഒന്ന്. രൂബേന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെ യെഹൂദായുടെ ഓഹരി ഒന്ന്. യെഹൂദായുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെയുള്ള മറ്റേ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങൾ അർപ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം. നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ടുന്ന വഴിപാട് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം. ഈ വിശുദ്ധവഴിപാട് പുരോഹിതന്മാർക്ക് ഉള്ളതായിരിക്കേണം; അതു വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നെ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം. അത് എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്തു ലേവ്യർ തെറ്റിപ്പോയതുപോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം. അങ്ങനെ അത് അവർക്കു ലേവ്യരുടെ അതിരിങ്കൽ ദേശത്തിന്റെ വഴിപാടിൽനിന്ന് ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കേണം. പുരോഹിതന്മാരുടെ അതിരിനൊത്തവണ്ണം ലേവ്യർക്കും ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നെ. അവർ അതിൽ ഒട്ടും വില്ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്റെ ആദ്യഫലമായ ഇത് അന്യർക്കു കൈവശം കൊടുക്കയുമരുത്; അതു യഹോവയ്ക്കു വിശുദ്ധമല്ലോ. എന്നാൽ ഇരുപത്തയ്യായിരം മുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിനു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം. അതിന്റെ അളവ് ആവിത്: വടക്കേഭാഗം നാലായിരത്തഞ്ഞൂറും തെക്കേ ഭാഗം നാലായിരത്തഞ്ഞൂറും കിഴക്കേഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറേഭാഗം നാലായിരത്തഞ്ഞൂറും മുഴം. നഗരത്തിനുള്ള വെളിമ്പ്രദേശമോ; വടക്കോട്ട് ഇരുനൂറ്റമ്പതും തെക്കോട്ട് ഇരുനൂറ്റമ്പതും കിഴക്കോട്ട് ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ട് ഇരുനൂറ്റമ്പതും മുഴം. എന്നാൽ വിശുദ്ധവഴിപാടിന് ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന് ഒത്തവണ്ണം തന്നെ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം. യിസ്രായേലിന്റെ സർവഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യേണം. വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങൾ അർപ്പിക്കേണം. ശേഷിപ്പോ, പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിനും നഗരസ്വത്തിനും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിനെതിരേ കിഴക്കേ അതിരിങ്കലും പടിഞ്ഞാറ് ഇരുപത്തയ്യായിരം മുഴത്തിനെതിരേ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികൾക്കൊത്തവണ്ണം തന്നെ; ഇതു പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കേണം. പ്രഭുവിനുള്ളതിന്റെ നടുവിൽ ലേവ്യർക്കുള്ള സ്വത്തുമുതൽക്കും നഗരസ്വത്തുമുതൽക്കും യെഹൂദായുടെ അതിരിനും ബെന്യാമീന്റെ അതിരിനും ഇടയിൽ ഉള്ളതു പ്രഭുവിനുള്ളതായിരിക്കേണം. ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ബെന്യാമീന് ഓഹരി ഒന്ന്. ബെന്യാമീന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ശിമെയോന് ഓഹരി ഒന്ന്. ശിമെയോന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ യിസ്സാഖാരിനു ഓഹരി ഒന്ന്. യിസ്സാഖാരിന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ സെബൂലൂന് ഓഹരി ഒന്ന്. സെബൂലൂന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ഗാദിന് ഓഹരി ഒന്ന്. ഗാദിന്റെ അതിരിങ്കൽ തെക്കോട്ടു തെക്കേഭാഗത്ത് അതിർ താമാർമുതൽ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം. നിങ്ങൾ ചീട്ടിട്ടു യിസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നെ; അവരുടെ ഓഹരികൾ ഇവ തന്നെ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. നഗരത്തിന്റെ പരിമാണമാവിത്: വടക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു മുഴം. നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽഗോത്രങ്ങളുടെ പേരുകൾക്ക് ഒത്തവണ്ണം ആയിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്ന്; യെഹൂദായുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്. കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: യോസേഫിന്റെ ഗോപുരം ഒന്ന്; ബെന്യാമീന്റെ ഗോപുരം ഒന്ന്; ദാന്റെ ഗോപുരം ഒന്ന്. തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ശിമെയോന്റെ ഗോപുരം ഒന്ന്; യിസ്സാഖാരിന്റെ ഗോപുരം ഒന്ന്; സെബൂലൂന്റെ ഗോപുരം ഒന്ന്. പടിഞ്ഞാറേഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ഗാദിന്റെ ഗോപുരം ഒന്ന്; ആശേരിന്റെ ഗോപുരം ഒന്ന്; നഫ്താലിയുടെ ഗോപുരം ഒന്ന്. അതിന്റെ ചുറ്റളവ് പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിനു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.

യെഹെസ്കേൽ 48:1-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശപ്പെട്ട ദേശങ്ങൾ: വടക്കേ അറ്റംമുതൽ ഹെത്‍ലോൻ വഴി ഹാമാത്തിലേക്കുള്ള പ്രവേശനദ്വാരംവരെയും ഹാമാത്തിനെതിരെ ദമാസ്കസിന്റെ വടക്കേ അതിർത്തിയിലുള്ള ഹസർ-ഏനാൻവരെയും കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഭാഗം ദാൻഗോത്രത്തിനാണ്. അതിനോടു ചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറേ അറ്റംവരെ കിടക്കുന്ന ഭാഗം ആശേർ ഗോത്രത്തിനുള്ളതാണ്. അതിനോടു ചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ഭാഗം നഫ്താലിഗോത്രത്തിൻറേതും അതിനോട് തൊട്ടു കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ഭാഗം മനശ്ശെഗോത്രത്തിൻറേതുമാണ്. അതിനോടു ചേർന്ന് കിഴക്കേ അറ്റംമുതൽ പടിഞ്ഞാറുവരെ എഫ്രയീംഗോത്രത്തിൻറേതും അതിനോടു ചേർന്നു കിഴക്കേ അറ്റംമുതൽ പടിഞ്ഞാറുവരെ രൂബേൻഗോത്രത്തിൻറേതും അതിനോട് ചേർന്നു കിഴക്കേ അറ്റംമുതൽ പടിഞ്ഞാറുവരെയുള്ള ഭാഗം യെഹൂദാഗോത്രത്തിൻറേതുമാണ്. യെഹൂദാഗോത്രത്തിന്റെ ഓഹരിയോടു ചേർന്ന് കിഴക്കേ അറ്റംമുതൽ പടിഞ്ഞാറുവരെ ഒരു ഗോത്രത്തിന്റെ ഓഹരിയുടെ നീളത്തിലും ഇരുപത്തയ്യായിരം മുഴം വീതിയിലുമുള്ള പ്രദേശം കിഴക്കു പടിഞ്ഞാറായി പ്രത്യേകം വേർതിരിക്കണം. അതിന്റെ മധ്യത്തിലായിരിക്കും വിശുദ്ധമന്ദിരം. സർവേശ്വരനായി വേർതിരിക്കുന്ന സ്ഥലത്തിന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉണ്ടായിരിക്കണം. വിശുദ്ധഓഹരി ഇങ്ങനെ ഭാഗിക്കണം: വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവുമുള്ള ഭാഗം പുരോഹിതന്മാർക്കുള്ളതാണ്. ഇതിന്റെ മധ്യത്തിലാണ് സർവേശ്വരന്റെ വിശുദ്ധമന്ദിരം. സാദോക്കിന്റെ പുത്രന്മാരായ അഭിഷിക്ത പുരോഹിതന്മാർക്കുവേണ്ടിയുള്ളതാണ് ഇത്. ഇസ്രായേൽജനങ്ങളും ലേവ്യരുടെ വഴിതെറ്റിപോയപ്പോൾ അവരെപ്പോലെ അപഥസഞ്ചാരം ചെയ്യാതെ എന്റെ കാര്യവിചാരകനായിരുന്ന സാദോക്കിന്റെ പുത്രന്മാരാണ് അവർ. ലേവ്യരുടെ പ്രദേശത്തോടു ചേർന്നുള്ള ദേശത്തിന്റെ വിശുദ്ധ ഓഹരിയിൽനിന്ന് അതിവിശുദ്ധമായി വേർതിരിച്ചെടുത്ത ഓഹരിയാണ് അവരുടേത്. പുരോഹിതന്മാരുടെ സ്ഥലത്തോടു ചേർന്ന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള പ്രദേശം ലേവ്യർക്കുള്ളതാണ്. അതിന്റെ മൊത്തം നീളം ഇരുപത്തയ്യായിരം മുഴം; വീതി പതിനായിരം മുഴവും അതിൽ ഒരു ഭാഗം പോലും വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇതു സർവേശ്വരനുള്ളതും വിശുദ്ധവുമാകയാൽ അന്യാധീനപ്പെടുത്തുകയും അരുത്. ശേഷിക്കുന്ന അയ്യായിരം മുഴം വീതിയും ഇരുപത്തയ്യായിരം മുഴം നീളവുമുള്ള സ്ഥലം, പാർപ്പിടങ്ങൾ, തുറന്നസ്ഥലം എന്നിങ്ങനെ നഗരത്തിന്റെ സാധാരണ ആവശ്യങ്ങൾക്കും വേണ്ടിയുള്ളതാണ്. അതിന്റെ മധ്യത്തിലായിരിക്കണം നഗരം. നഗരത്തിന്റെ നാലുവശങ്ങളിൽ ഓരോന്നിനും നാലായിരത്തി അഞ്ഞൂറു മുഴം വീതം നീളമുണ്ടായിരിക്കണം. നഗരത്തിന് വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇരുനൂറ്റമ്പതു മുഴം വീതമുള്ള തുറസ്സായ സ്ഥലം ഉണ്ടായിരിക്കണം. വിശുദ്ധഓഹരിയുടെ അരികിൽ മിച്ചമുള്ളത് കിഴക്കും പടിഞ്ഞാറും പതിനായിരം മുഴം വീതം നീളമുള്ള സ്ഥലം കൃഷിഭൂമിയായി ഉപയോഗിക്കണം. അവിടെ ഉത്പാദിപ്പിക്കുന്ന വിളകൾ നഗരത്തിലെ പണിക്കാരുടെ ഭക്ഷണത്തിനുള്ളതായിരിക്കണം. നഗരത്തിൽ പാർക്കുന്ന എല്ലാവരും ഇസ്രായേലിലെ ഏതു ഗോത്രക്കാരനായാലും അവിടെ കൃഷി ചെയ്യണം. നിങ്ങൾ വേർതിരിക്കുന്ന വിശുദ്ധസ്ഥലവും നഗരവും മൊത്തം ഇരുപത്തയ്യായിരം മുഴം നീളവും വീതിയുള്ള സമചതുരമായിരിക്കണം. വിശുദ്ധഓഹരിയുടെയും നഗരത്തിന്റെയും ഇരുവശങ്ങളിലും ശേഷിക്കുന്ന സ്ഥലം രാജാവിനുള്ളതാണ്. അത് വിശുദ്ധഓഹരിയുടെ ഇരുപത്തയ്യായിരം മുഴം സ്ഥലത്തുനിന്നു കിഴക്കേ അതിർത്തിവരെയും ഇരുപത്തയ്യായിരം മുഴം പടിഞ്ഞാറോട്ട് പടിഞ്ഞാറെ അതിർത്തിവരെയും ഗോത്രങ്ങളുടെ ഓഹരിക്കു സമാന്തരമായി കിടക്കുന്ന പ്രദേശമാണ്. വിശുദ്ധസ്ഥലവും വിശുദ്ധമന്ദിരവും അതിന്റെ മധ്യത്തിലായിരിക്കും. ലേവ്യരുടെ സ്വത്തും നഗരസ്വത്തും രാജാവിന്റെ ഓഹരിയുടെ മധ്യത്തിലും; രാജാവിനുള്ള ഓഹരിയാകട്ടെ ബെന്യാമീൻഗോത്രത്തിന്റെയും യെഹൂദാഗോത്രത്തിന്റെയും ഓഹരിയുടെ ഇടയ്‍ക്കും ആയിരിക്കും. മറ്റുഗോത്രങ്ങൾക്കുള്ള ഓഹരികൾ: കിഴക്കുമുതൽ പടിഞ്ഞാറുവരെ ബെന്യാമീൻ ഗോത്രത്തിനുള്ളതായിരിക്കണം. അതിനോടു ചേർന്ന് കിഴക്കു പടിഞ്ഞാറായി കിടക്കുന്നത് ശിമെയോൻഗോത്രത്തിനുള്ള ഓഹരിയത്രേ. അതിനോടു തൊട്ട് കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഓഹരി ഇസ്സാഖാർഗോത്രത്തിനും അതിനോടു ചേർന്ന് കിഴക്കു പടിഞ്ഞാറുള്ളത് സെബൂലൂൻ ഗോത്രത്തിനുമുള്ളത്. സെബൂലൂൻ ഗോത്രത്തിന്റെ ഓഹരിയോട് ചേർന്ന് കിഴക്കു പടിഞ്ഞാറായി കിടക്കുന്നത് ഗാദ്ഗോത്രത്തിനുള്ളതാണ്. ഗാദിന്റെ തെക്കേ അതിരിനോടു ചേർന്ന് താമാർമുതൽ മെരീബത്ത്-കാദേശ് ജലാശയംവരെയും ഈജിപ്തു തോടുമുതൽ മെഡിറ്ററേനിയൻ കടൽവരെയും ആണ് തെക്കേ അതിര്. ഇതാണ് ഇസ്രായേൽഗോത്രങ്ങൾക്ക് പൈതൃകമായി നല്‌കേണ്ട ദേശം; ഓരോ ഗോത്രത്തിനും ലഭിക്കേണ്ട ഓഹരികളും ഇവ തന്നെ. ഇതു സർവേശ്വരനായ കർത്താവിന്റെ വചനം. നഗരത്തിൽനിന്നു പുറത്തേക്കു കടക്കാനുള്ള മാർഗങ്ങൾ ഇനി പറയുന്നവയാണ്: നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള വടക്കുവശത്തെ മതിലിന് മൂന്നു പടിപ്പുരകൾ. ഇസ്രായേൽഗോത്രങ്ങളുടെ പേരുകൾ തന്നെയാണ് പടിപ്പുരകളുടെയും പേരുകൾ. അവയുടെ പേരുകൾ രൂബേൻ, ലേവി, യെഹൂദാ. നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള കിഴക്കെ മതിലിൽ യോസേഫിന്റെയും ബെന്യാമീന്റെയും ദാനിന്റെയും പടിപ്പുരകൾ. നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള തെക്കേ മതിലിന് മൂന്നു പടിപ്പുരകൾ: ശിമെയോൻ, ഇസ്സാഖാർ, സെബൂലൂൻ പടിപ്പുരകൾ. നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള പടിഞ്ഞാറേ മതിലിന് മൂന്നു പടിപ്പുരകൾ: ഗാദ്, ആശേർ, നഫ്താലി. നഗരചുറ്റളവ് പതിനെണ്ണായിരം മുഴം ആയിരിക്കും. ഇന്നു മുതൽ ഈ നഗരത്തിന്റെ പേര് യാഹ്ശമ്മാ എന്ന് ആയിരിക്കും.

യെഹെസ്കേൽ 48:1-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: വടക്കെ അറ്റം മുതൽ ഹെത്ലോൻ വഴിക്കരികിലുള്ള ഹമാത്ത്‌വരെ വടക്കോട്ട് ദമാസ്ക്കസിൻ്റെ അതിർത്തിയിലുള്ള ഹസർ-ഏനാനും, ഇങ്ങനെ വടക്ക് ഹമാത്തിന്‍റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാൻ്റെ ഓഹരി ഒന്ന്. ദാൻ്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ആശേരിന്‍റെ ഓഹരി ഒന്ന്. ആശേരിന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്ന്. നഫ്താലിയുടെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്ന്. മനശ്ശെയുടെ അതിർത്തിയിൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്‍റെ ഓഹരി ഒന്ന്. എഫ്രയീമിന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ രൂബേന്‍റെ ഓഹരി ഒന്ന്. രൂബേന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ യെഹൂദായുടെ ഓഹരി ഒന്ന്. യെഹൂദായുടെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ഇരുപത്തയ്യായിരം (25,000) മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളത് നിങ്ങൾ അർപ്പിക്കേണ്ട വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്‍റെ നടുവിൽ ആയിരിക്കേണം. നിങ്ങൾ യഹോവയ്ക്ക് വഴിപാടായി വേർതിരിക്കുന്ന പ്രദേശം ഇരുപത്തയ്യായിരം (25,000) മുഴം നീളവും പതിനായിരം (10,000) മുഴം വീതിയും ആയിരിക്കേണം. ഈ വിശുദ്ധവഴിപാട് പുരോഹിതന്മാർക്കുള്ളതായിരിക്കേണം; അത് വടക്ക് ഇരുപത്തയ്യായിരം (25,000) മുഴം നീളവും പടിഞ്ഞാറ് പതിനായിരം (10,000) മുഴം വീതിയും കിഴക്ക് പതിനായിരം (10,000) മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം (25,000) മുഴം നീളവും ഉള്ളത് തന്നെ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്‍റെ നടുവിൽ ആയിരിക്കേണം. അത് എന്‍റെ കാര്യങ്ങൾ നിർവഹിക്കുകയും, യിസ്രായേൽ മക്കൾ തെറ്റിപ്പോയ കാലത്ത്, ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കുകയും ചെയ്ത, സാദോക്കിന്‍റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം. അങ്ങനെ അത് അവർക്ക് ലേവ്യരുടെ അതിർത്തിയിൽ, ദേശത്തിന്‍റെ വഴിപാടിൽനിന്ന് ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കേണം. പുരോഹിതന്മാരുടെ അതിരിനോടുചേർന്ന് ലേവ്യർക്കും ഇരുപത്തയ്യായിരം (25,000) മുഴം നീളവും പതിനായിരം മുഴം (10,000) വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം (25,000) മുഴം നീളവും ഇരുപതിനായിരം (20,000) മുഴം വീതിയും തന്നെ. അവർ അതിൽ ഒട്ടും വില്‍ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്‍റെ ആദ്യഫലമായ ഇത് അന്യർക്ക് കൈവശം കൊടുക്കുകയുമരുത്; അത് യഹോവയ്ക്കു വിശുദ്ധമാണല്ലോ. എന്നാൽ ഇരുപത്തയ്യായിരം (25,000) മുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം (5,000) മുഴം നഗരത്തിനു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും, നഗരം അതിന്‍റെ നടുവിലും ആയിരിക്കേണം. അതിന്‍റെ അളവ് ഇപ്രകാരമാണ്: വടക്കെഭാഗം നാലായിരത്തഞ്ഞൂറും (4,500) തെക്കെഭാഗം നാലായിരത്തഞ്ഞൂറും (4,500) കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും (4,500) പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും (4,500) മുഴം. നഗരത്തിനുള്ള വെളിമ്പ്രദേശമോ; വടക്കോട്ട് ഇരുനൂറ്റമ്പതും തെക്കോട്ട് ഇരുനൂറ്റമ്പതും കിഴക്കോട്ടു ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ട് ഇരുനൂറ്റമ്പതും മുഴം. എന്നാൽ വിശുദ്ധവഴിപാടിന് ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും (10,000) പടിഞ്ഞാറോട്ടു പതിനായിരവും (10,000) മുഴം; ശേഷിക്കുന്നത് വിശുദ്ധവഴിപാടിനൊത്തവണ്ണം തന്നെ ആയിരിക്കേണം; അതിന്‍റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം. യിസ്രായേലിന്‍റെ സർവ്വഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യേണം. വഴിപാടുസ്ഥലം മുഴുവനും ഇരുപത്തയ്യായിരം (25,000) നീളവും ഇരുപത്തയ്യായിരം (25,000) വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടി ഈ വിശുദ്ധവഴിപാടുസ്ഥലം സമചതുരമായി നിങ്ങൾ അർപ്പിക്കേണം. ശേഷിക്കുന്ന ഭാഗം പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വഴിപാടുസ്ഥലത്തിൻ്റെ ഇരുപത്തയ്യായിരം (25,000) മുഴത്തിനെതിരെ കിഴക്കെ അതിർത്തിയിലും പടിഞ്ഞാറ് ഇരുപത്തയ്യായിരം (25,000) മുഴത്തിനെതിരെ പടിഞ്ഞാറേ അതിർത്തിയിലും ഗോത്രങ്ങളുടെ ഓഹരികൾക്ക് ഒത്തവണ്ണം തന്നെ; ഇത് പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടുസ്ഥലവും വിശുദ്ധമന്ദിരമായ ആലയവും അതിന്‍റെ നടുവിൽ ആയിരിക്കേണം; ലേവ്യർക്കുള്ള സ്വത്തും നഗരസ്വത്തും പ്രഭുവിനുള്ള സ്ഥലത്തിന്‍റെ മദ്ധ്യത്തിലായിരിക്കണം; യെഹൂദായുടെ അതിരിനും ബെന്യാമീന്‍റെ അതിരിനും ഇടയിൽ ഉള്ളത് പ്രഭുവിനുള്ളതായിരിക്കേണം. ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ബെന്യാമീന് ഓഹരി ഒന്ന്. ബെന്യാമീന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ശിമെയോന് ഓഹരി ഒന്ന്. ശിമെയൊന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന് ഓഹരി ഒന്ന്. യിസ്സാഖാരിന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ സെബൂലൂന് ഓഹരി ഒന്ന്. സെബൂലൂൻ്റെ അതിർത്തിയിൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ഗാദിന് ഓഹരി ഒന്ന്. ഗാദിന്‍റെ അതിർത്തിയിൽ തെക്കോട്ട് തെക്കേ ഭാഗത്ത് താമാർമുതൽ മെരീബത്ത്-കാദേശ് ജലാശയംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം. നിങ്ങൾ ചീട്ടിട്ട് യിസ്രായേൽ ഗോത്രങ്ങൾക്ക് അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതുതന്നെ; അവരുടെ ഓഹരികൾ ഇവ തന്നെ” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. നഗരത്തിന്‍റെ അളവുകൾ ഇപ്രകാരമാണ്: വടക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു (4,500) മുഴം. നഗരത്തിന്‍റെ ഗോപുരങ്ങൾ യിസ്രായേൽ ഗോത്രങ്ങളുടെ പേരുകൾക്ക് ഒത്തവണ്ണമായിരിക്കണം; വടക്കോട്ട് മൂന്നു ഗോപുരം; രൂബേന്‍റെ ഗോപുരം ഒന്ന്; യെഹൂദായുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്. കിഴക്കുഭാഗത്ത് നാലായിരത്തഞ്ഞൂറു (4 500) മുഴം; ഗോപുരം മൂന്നു: യോസേഫിന്‍റെ ഗോപുരം ഒന്ന്; ബെന്യാമീന്‍റെ ഗോപുരം ഒന്ന്; ദാൻ്റെ ഗോപുരം ഒന്ന്. തെക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു (4,500) മുഴം; ഗോപുരം മൂന്നു; ശിമെയോന്‍റെ ഗോപുരം ഒന്ന്; യിസ്സാഖാരിന്‍റെ ഗോപുരം ഒന്ന്; സെബൂലൂൻ്റെ ഗോപുരം ഒന്ന്. പടിഞ്ഞാറെ ഭാഗത്ത് നാലായിരത്തഞ്ഞൂറു (4,500) മുഴം; ഗോപുരം മൂന്നു: ഗാദിന്‍റെ ഗോപുരം ഒന്ന്; ആശേരിന്‍റെ ഗോപുരം ഒന്ന്; നഫ്താലിയുടെ ഗോപുരം ഒന്ന്. അതിന്‍റെ ചുറ്റളവ് പതിനെണ്ണായിരം (18,000) മുഴം. അന്നുമുതൽ നഗരത്തിനു ‘യഹോവശമ്മാ’ എന്നു പേരാകും.

യെഹെസ്കേൽ 48:1-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ആവിതു: വടക്കെ അറ്റംമുതൽ ഹെത്ലോൻ വഴിക്കരികെയുള്ള ഹമാത്ത്‌വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസർ-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്നു. ദാന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ആശേരിന്റെ ഓഹരി ഒന്നു. ആശേരിന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്നു. നഫ്താലിയുടെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്നു. മനശ്ശെയുടെ അതിരിങ്കൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്നു. എഫ്രയീമിന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെഭാഗംവരെ രൂബേന്റെ ഓഹരി ഒന്നു. രൂബേന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ യെഹൂദയുടെ ഓഹരി ഒന്നു. യെഹൂദയുടെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങൾ അർപ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം. നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം. ഈ വിശുദ്ധവഴിപാടു പുരോഹിതന്മാർക്കു ഉള്ളതായിരിക്കേണം; അതു വടക്കു ഇരുപത്തയ്യായിരംമുഴം നീളവും പടിഞ്ഞാറു പതിനായിരം മുഴം വീതിയും കിഴക്കു പതിനായിരം മുഴം വീതിയും തെക്കു ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നേ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം. അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്തു ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം. അങ്ങനെ അതു അവർക്കു ലേവ്യരുടെ അതിരിങ്കൽ ദേശത്തിന്റെ വഴിപാടിൽനിന്നു ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കേണം. പുരോഹിതന്മാരുടെ അതിരിന്നൊത്തവണ്ണം ലേവ്യർക്കും ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നേ. അവർ അതിൽ ഒട്ടും വില്ക്കരുതു; കൈമാറ്റം ചെയ്യരുതു; ദേശത്തിന്റെ ആദ്യഫലമായ ഇതു അന്യർക്കു കൈവശം കൊടുക്കയുമരുതു; അതു യഹോവെക്കു വിശുദ്ധമല്ലോ. എന്നാൽ ഇരുപത്തയ്യായിരംമുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിന്നു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം. അതിന്റെ അളവു ആവിതു: വടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം. നഗരത്തിന്നുള്ള വെളിമ്പ്രദേശമോ; വടക്കോട്ടു ഇരുനൂറ്റമ്പതും തെക്കോട്ടു ഇരുനൂറ്റമ്പതും കിഴക്കോട്ടു ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ടു ഇരുനൂറ്റമ്പതും മുഴം. എന്നാൽ വിശുദ്ധവഴിപാടിന്നു ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന്നു ഒത്തവണ്ണം തന്നേ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം. യിസ്രായേലിന്റെ സർവ്വഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യേണം. വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങൾ അർപ്പിക്കേണം. ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികൾക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കേണം; പ്രഭുവിന്നുള്ളതിന്റെ നടുവിൽ ലേവ്യർക്കുള്ള സ്വത്തുമുതല്ക്കും നഗരസ്വത്തുമുതല്ക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്റെ അതിരിന്നും ഇടയിൽ ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം. ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ബെന്യാമിന്നു ഓഹരി ഒന്നു. ബെന്യാമീന്റെ അതിരിങ്കൽ കഴിക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ശിമെയോന്നു ഓഹരി ഒന്നു. ശിമെയൊന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന്നു ഓഹരി ഒന്നു. യിസ്സാഖാരിന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ സെബൂലൂന്നു ഓഹരി ഒന്നു. സെബൂലൂന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഗാദിന്നു ഓഹരി ഒന്നു. ഗാദിന്റെ അതിരിങ്കൽ തെക്കോട്ടു തെക്കെ ഭാഗത്തു അതിർ താമാർമുതൽ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം. നിങ്ങൾ ചീട്ടിട്ടു യിസ്രായേൽഗോത്രങ്ങൾക്കു അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നേ; അവരുടെ ഓഹരികൾ ഇവതന്നേ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. നഗരത്തിന്റെ പരിമാണമാവിതു: വടക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം. നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽഗോത്രങ്ങളുടെ പേരുകൾക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു. കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: യോസേഫിന്റെ ഗോപുരം ഒന്നു; ബെന്യാമീന്റെ ഗോപുരം ഒന്നു; ദാന്റെ ഗോപുരം ഒന്നു. തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്നു; യിസ്സാഖാരിന്റെ ഗോപുരം ഒന്നു; സെബൂലൂന്റെ ഗോപുരം ഒന്നു. പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: ഗാദിന്റെ ഗോപുരം ഒന്നു; ആശേരിന്റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു. അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവശമ്മാ (യഹോവ അവിടെ) എന്നു പേരാകും.

യെഹെസ്കേൽ 48:1-35 സമകാലിക മലയാളവിവർത്തനം (MCV)

“ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: “വടക്കേ അതിർത്തിയിൽ, ദാനിന് ഒരു ഓഹരി ഉണ്ടായിരിക്കും; വടക്കേ അറ്റംമുതൽ ഹെത്ത്ലോനിലേക്കുള്ള വഴിയോടുചേർന്ന് ലെബോ-ഹമാത്തുവരെയും ഹസർ-ഏനാനും ഹമാത്തിനോടുചേർന്നുള്ള ദമസ്കോസിന്റെ വടക്കേ അതിർത്തിവരെയും ആയിരിക്കും അതിന്റെ കിഴക്കേവശംമുതൽ പടിഞ്ഞാറുവശംവരെയുള്ള അതിർത്തിയുടെ ഒരുഭാഗം. കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെയുള്ള ദാന്റെ അതിർത്തിയിൽ ആശേരിന് ഒരു ഓഹരി ഉണ്ടായിരിക്കും. നഫ്താലിക്ക് ഒരു ഓഹരി ഉണ്ടായിരിക്കും; അത് ആശേരിന്റെ അതിർത്തിമുതൽ കിഴക്കുപടിഞ്ഞാറായി വ്യാപിച്ചുകിടക്കും. മനശ്ശെക്ക് ഒരു ഓഹരി ഉണ്ടായിരിക്കും; അതു നഫ്താലിയുടെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും ആയിരിക്കും. എഫ്രയീമിന് ഒരു ഓഹരി; അതു മനശ്ശെയുടെ അതിർത്തിയിൽ തുടങ്ങി കിഴക്കുപടിഞ്ഞാറായി നീണ്ടുകിടക്കും. രൂബേന് ഒരു ഓഹരി; അത് എഫ്രയീമിന്റെ അതിർത്തിയിൽ തുടങ്ങി കിഴക്കുനിന്നും പടിഞ്ഞാറുവരെ ആയിരിക്കും. യെഹൂദയ്ക്ക് ഒരു ഓഹരി; അത് രൂബേന്റെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും ആയിരിക്കും. “യെഹൂദയുടെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും നിങ്ങൾ യഹോവയ്ക്കു പ്രത്യേക വഴിപാടായി വേർതിരിക്കുന്ന പ്രദേശമായിരിക്കും. അതിന് 25,000 മുഴം വീതിയുണ്ടായിരിക്കും. അതിന്റെ നീളം കിഴക്കുമുതൽ പടിഞ്ഞാറുവരെ ഒരു ഗോത്രപ്രദേശത്തിന്റെ നീളത്തിനു തുല്യമായിരിക്കും. വിശുദ്ധമന്ദിരം അതിന്റെ മധ്യത്തിൽ ആയിരിക്കും. “യഹോവയ്ക്കു നിങ്ങൾ വഴിപാടായി വേർതിരിക്കുന്ന പ്രദേശം 25,000 മുഴം നീളവും 10,000 മുഴം വീതിയും ഉള്ളതായിരിക്കും. ഇത് പുരോഹിതന്മാർക്കുള്ള വിശുദ്ധസ്ഥലമായിരിക്കും. വടക്കുഭാഗത്ത് അത് 25,000 മുഴം നീളത്തിലായിരിക്കും. പടിഞ്ഞാറുഭാഗത്ത് അതിന്റെ വീതി 10,000 മുഴവും, കിഴക്കുഭാഗത്ത് 10,000 മുഴവുമായിരിക്കും. തെക്കേഭാഗത്തും നീളം 25,000 മുഴമായിരിക്കും. അതിന്റെ മധ്യത്തിൽ യഹോവയുടെ ആലയമായിരിക്കും. ഈ സ്ഥലം സാദോക്കിന്റെ പുത്രന്മാരായ വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കും. ഇസ്രായേൽജനം വഴിതെറ്റിപ്പോയപ്പോൾ, ഒപ്പംപോയ ലേവ്യരെപ്പോലെ ആയിത്തീരാതെ എന്നെ വിശ്വസ്തരായി സേവിച്ചവരാണല്ലോ ഇവർ. അത് ലേവ്യർക്കു കൊടുത്ത അവകാശദേശത്തിന്റെ അതിരിനോടുചേർന്ന്, ദേശത്തിന്റെ വിശുദ്ധ അംശത്തിൽനിന്ന് ഇവർക്കു നൽകപ്പെടുന്ന അതിവിശുദ്ധമായ സവിശേഷദാനമായിരിക്കും. “പുരോഹിതന്മാരുടെ ഈ പ്രദേശത്തോടു ചേർന്ന് ലേവ്യർക്ക് 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള ഒരു ഓഹരി ഉണ്ടായിരിക്കും. അതിന്റെ ആകെ നീളം 25,000 മുഴവും, വീതി 10,000 മുഴവും തന്നെ. അതിൽ ഒരു ഭാഗവും അവർ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇത് ദേശത്തിലെ ഏറ്റവും ഉത്തമമായ സ്ഥലമാണ്. അതു യഹോവയ്ക്കു വിശുദ്ധമാകുകയാൽ അന്യർക്ക് കൈവശമായി കൊടുക്കരുത്. “ശേഷിച്ച സ്ഥലം, 5,000 മുഴം വീതിയിലും 25,000 മുഴം നീളത്തിലുമുള്ളത്, നഗരത്തിന്റെ പൊതു ആവശ്യത്തിനുവേണ്ടിയും ഭവനങ്ങൾക്കും മേച്ചിൽസ്ഥലങ്ങൾക്കുംവേണ്ടിയും ആയിരിക്കണം. നഗരം അതിന്റെ മധ്യത്തിൽ ആയിരിക്കും. അതിന്റെ അളവുകൾ ഇപ്രകാരം ആയിരിക്കണം: വടക്കേവശം 4,500 മുഴം; തെക്കേവശം 4,500 മുഴം; കിഴക്കേവശം 4,500 മുഴം; പടിഞ്ഞാറേവശം 4,500 മുഴം. നഗരത്തിനുവേണ്ടിയുള്ള മേച്ചിൽപ്പുറം വടക്ക് 250 മുഴവും തെക്ക് 250 മുഴവും കിഴക്ക് 250 മുഴവും പടിഞ്ഞാറ് 250 മുഴവും ദൈർഘ്യമുള്ളതായിരിക്കും. അവശേഷിക്കുന്ന സ്ഥലം വിശുദ്ധഅംശത്തിന്റെ അതിരിനോടുചേർന്ന് അതിന്റെ നീളത്തിനൊത്ത് കിഴക്കോട്ടു 10,000 മുഴവും, പടിഞ്ഞാറോട്ടു 10,000 മുഴവും ആയിരിക്കും. അതിലെ ഉത്പന്നങ്ങൾ നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനത്തിനുവേണ്ടി ആയിരിക്കും. അതിൽ കൃഷിചെയ്യുന്ന കൃഷിക്കാർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംപെട്ടവർ ആയിരിക്കും. ഓരോ വശത്തും 25,000 മുഴംവീതമുള്ള ഒരു സമചതുരമാണ് മുഴുവൻ സ്ഥലവും. വിശുദ്ധസ്ഥലം ഒരു സവിശേഷ ദാനമായി നഗരത്തിന്റെ സ്വത്തിനോടുചേർത്ത് നിങ്ങൾ വേർതിരിക്കും. “വിശുദ്ധസ്ഥലത്തിനും നഗരത്തിന്റെ സ്വത്തിനുംശേഷം ഇരുവശത്തും അവശേഷിക്കുന്ന സ്ഥലം പ്രഭുവിനുള്ളതായിരിക്കും. അതിന്റെ വിസ്തൃതി വിശുദ്ധസ്ഥലത്തിന്റെ 25,000 മുഴംമുതൽ കിഴക്കേ അതിർത്തിവരെയും 25,000 മുഴംമുതൽ പടിഞ്ഞാറോട്ട് പടിഞ്ഞാറേ അതിർത്തിവരെയും ആയിരിക്കും. ഗോത്രങ്ങളുടെ ഓഹരിയോട് ചേർന്നുള്ള ഈ രണ്ട് സ്ഥലങ്ങളും പ്രഭുവിന്റെ വകയായിരിക്കും. ആലയത്തിന്റെ അങ്കണം ഉൾപ്പെടുന്ന വിശുദ്ധ ഓഹരി ഇവയുടെ മധ്യത്തിൽ ആയിരിക്കും. അങ്ങനെ ലേവ്യരുടെ അവകാശവും നഗരത്തിന്റേതായ സ്ഥലവും പ്രഭുവിനുള്ള സ്ഥലത്തിന്റെ മധ്യത്തിലായിരിക്കും. പ്രഭുവിനുള്ള സ്ഥലം യെഹൂദയുടെ അതിരിനും ബെന്യാമീന്റെ അതിരിനും മധ്യത്തിലായിരിക്കും. “ശേഷമുള്ള ഗോത്രങ്ങൾക്കുള്ള സ്ഥലം: “ബെന്യാമീന് ഒരു ഓഹരി. അതു കിഴക്ക് തുടങ്ങി പടിഞ്ഞാറുവരെ വ്യാപിച്ചിരിക്കും. ശിമെയോന് ഒരു ഓഹരി; അത് ബെന്യാമീന്റെ ഓഹരിമുതൽ കിഴക്കുപടിഞ്ഞാറ് വ്യാപിച്ചിരിക്കും. യിസ്സാഖാറിന് ഒരു ഓഹരി; അത് ശിമെയോന്റെ ഓഹരിമുതൽ കിഴക്കുതൊട്ടു പടിഞ്ഞാറുവരെ ആയിരിക്കും. സെബൂലൂന് ഒരു ഓഹരി; അത് യിസ്സാഖാറിന്റെ ഓഹരിമുതൽ കിഴക്കുപടിഞ്ഞാറ് വ്യാപിച്ചിരിക്കും ഗാദിന് ഒരു ഓഹരി; അത് സെബൂലൂന്റെ അതിർത്തിയിൽ തുടങ്ങി കിഴക്കുമുതൽ പടിഞ്ഞാറുവരെ ആയിരിക്കും. ഗാദിന്റെ തെക്കേ അതിർത്തി താമാർമുതൽ തെക്കോട്ടുപോയി മെരീബത്ത് കാദേശിലെ ജലാശയംവരെയും തുടർന്ന് ഈജിപ്റ്റിലെ തോടിനോടുചേർന്ന് മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കും. “ഇതാണ് നീ ഇസ്രായേൽഗോത്രത്തിന് അവകാശമായി വിഭാഗിക്കേണ്ട ദേശം. അവരുടെ ഓഹരികൾ ഇവതന്നെ,” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “നഗരത്തിന്റെ പുറത്തേക്കുള്ള കവാടങ്ങൾ ഇവയായിരിക്കും: “4,500 മുഴം നീളമുള്ള വടക്കുവശത്തുനിന്നാണ്, ഇസ്രായേൽഗോത്രങ്ങളുടെ പേരുകൾക്ക് അനുസൃതമായി നഗരകവാടങ്ങളുടെ നാമകരണം ആരംഭിക്കുന്നത്. വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ കവാടം, യെഹൂദയുടെ കവാടം, ലേവിയുടെ കവാടം എന്നിങ്ങനെ ആയിരിക്കും അവയുടെ പേരുകൾ. കിഴക്കേവശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ ഇവയാണ്: യോസേഫിന്റെ കവാടം, ബെന്യാമീന്റെ കവാടം, ദാന്റെ കവാടം. തെക്കേവശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ: ശിമെയോന്റെ കവാടം, യിസ്സാഖാറിന്റെ കവാടം, സെബൂലൂന്റെ കവാടം. പടിഞ്ഞാറേ വശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ: ഗാദിന്റെ കവാടം, ആശേരിന്റെ കവാടം, നഫ്താലിയുടെ കവാടം. “നഗരത്തിന്റെ ചുറ്റളവ് 18,000 മുഴം.