യെഹെസ്കേൽ 31:4-9

യെഹെസ്കേൽ 31:4-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്ക് അയച്ചുകൊടുത്തു. അതുകൊണ്ട് അതു വളർന്നു വയലിലെ സകല വൃക്ഷങ്ങളെക്കാളും പൊങ്ങി; അത് വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്ന് തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി. അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവയൊക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗമൊക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാർത്തു. ഇങ്ങനെ അതിന്റെ വേർ വളരെ വെള്ളത്തിനരികെ ആയിരുന്നതുകൊണ്ട് അത് വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു. ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്ക് അതിനെ മറപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല. കൊമ്പുകളുടെ പെരുപ്പംകൊണ്ടു ഞാൻ അതിനു ഭംഗി വരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകല വൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു.

യെഹെസ്കേൽ 31:4-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ജലം അതിനെ പോഷിപ്പിച്ചു; അടിയുറവകൾ അതിനെ അത്യുന്നതമായി വളർത്തി ഉറവകളിൽനിന്നു പുറപ്പെട്ട നീർച്ചാലുകൾ അതു നിന്നിരുന്ന സ്ഥലം ചുറ്റി ഒഴുകി. അവ വനവൃക്ഷങ്ങൾക്കെല്ലാം വേണ്ട ജലം നല്‌കി. അതുകൊണ്ടു വനത്തിലെ എല്ലാ വൃക്ഷങ്ങൾക്കും ഉപരി ആ ദേവദാരു വളർന്നുപൊങ്ങി; വെള്ളം സമൃദ്ധമായി ലഭിച്ചതിനാൽ അതു ശാഖകൾ നീട്ടി വളർന്നു പന്തലിച്ചു. ആകാശത്തിലെ പറവകൾ അതിന്റെ കൊമ്പുകളിൽ കൂടുവച്ചു; അതിന്റെ ശാഖകൾക്കു കീഴിൽ വന്യമൃഗങ്ങൾ പെറ്റുപെരുകി. അതിന്റെ തണലിൽ ജനതകൾ പാർത്തു. അതിന്റെ വേരിന് സമൃദ്ധമായി ജലം ലഭിച്ചതിനാൽ വലിപ്പംകൊണ്ടും ശാഖകളുടെ നീളംകൊണ്ടും അതു മനോഹരമായി ശോഭിച്ചു. ദൈവത്തിന്റെ തോട്ടത്തിലെ ഒരു ദേവദാരുവും അതിനോടു കിടപിടിക്കുമായിരുന്നില്ല; സരളവൃക്ഷങ്ങൾ അതിന്റെ ശാഖകൾക്കു പോലും സമമായിരുന്നില്ല. അരിഞ്ഞിൽ മരവും അതിന്റെ ശാഖകൾക്കു തുല്യമായിരുന്നില്ല. ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും സൗന്ദര്യത്തിൽ അതിനോടു തുല്യമായിരുന്നില്ല. ശാഖകളുടെ ബാഹുല്യംകൊണ്ടു ഞാൻ അതിനെ സുന്ദരമാക്കി; ദൈവത്തിന്റെ തോട്ടമായ ഏദനിലെ സകല വൃക്ഷങ്ങൾക്കും അതിനോടസൂയതോന്നി.

യെഹെസ്കേൽ 31:4-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്‍റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അത് തന്‍റെ പ്രവാഹങ്ങളെ വയലിലെ സകലവൃക്ഷങ്ങളുടെയും അടുക്കലേക്ക് അയച്ചുകൊടുത്തു. അതുകൊണ്ട് അത് വളർന്ന് വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; വെള്ളത്തിന്‍റെ സമൃദ്ധികൊണ്ട് അത് പടർന്ന് തന്‍റെ കൊമ്പുകളെ വർദ്ധിപ്പിച്ച് ചില്ലികളെ നീട്ടി. അതിന്‍റെ ചില്ലികളിൽ ആകാശത്തിലെ പറവകൾ എല്ലാം കൂടുണ്ടാക്കി; അതിന്‍റെ കൊമ്പുകളുടെ കീഴിൽ കാട്ടുമൃഗങ്ങൾ എല്ലാം പ്രസവിച്ചുകിടന്നു; അതിന്‍റെ തണലിൽ വലിയ ജനസമൂഹമെല്ലാം വസിച്ചു. ഇങ്ങനെ അതിന്‍റെ വേര് ജലസമൃദ്ധിക്കരികിൽ ആയിരുന്നതുകൊണ്ട്, അത് വലുതായി കൊമ്പുകൾ നീട്ടി ശോഭിച്ചിരുന്നു. ദൈവത്തിന്‍റെ തോട്ടത്തിലെ ദേവദാരുക്കൾക്ക് അതിനെ മറയ്ക്കുവാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്‍റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്‍റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്‍റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോട് സമമായിരുന്നതുമില്ല. കൊമ്പുകളുടെ പെരുപ്പംകൊണ്ട് ഞാൻ അതിന് ഭംഗിവരുത്തിയതിനാൽ ദൈവത്തിന്‍റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു.”

യെഹെസ്കേൽ 31:4-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു. അതുകൊണ്ടു അതു വളർന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി. അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാർത്തു. ഇങ്ങനെ അതിന്റെ വേർ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു. ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്കു അതിനെ മറെപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല. കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാൻ അതിന്നു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.

യെഹെസ്കേൽ 31:4-9 സമകാലിക മലയാളവിവർത്തനം (MCV)

വെള്ളം അതിനെ സമ്പുഷ്ടമാക്കി, ആഴമുള്ള ഉറവുകൾ അതിനെ വളർന്നുയരാൻ സഹായിച്ചു; അരുവികൾ അതിന്റെ തടത്തിനു ചുറ്റും ഒഴുകി, അവയുടെ ചാലുകൾ വയലിലെ എല്ലാ വൃക്ഷങ്ങളുടെയും അടുക്കൽ വന്നുചേർന്നു. അങ്ങനെ വയലിലെ എല്ലാ വൃക്ഷങ്ങൾക്കും മകുടമാകുമാറ് അതു പൊക്കത്തിൽ തഴച്ചുവളർന്നു; അതിന്റെ ശിഖരങ്ങൾ വർധിച്ചു, ശാഖകൾ നീണ്ടുവളർന്നു, ജലസമൃദ്ധിനിമിത്തം അവ പന്തലിച്ചു. ആകാശത്തിലെ സകലപറവകളും അതിന്റെ ശാഖകളിൽ കൂടുവെച്ചു; വയലിലെ എല്ലാ മൃഗങ്ങളും അതിന്റെ ശാഖകൾക്കു കീഴിൽ പെറ്റുപെരുകി, വലിയ ജനതകളെല്ലാം അതിന്റെ തണലിൽ ജീവിച്ചു. പടർന്നുപന്തലിച്ച ശാഖകളോടെ സമൃദ്ധമായ ജലധാരകളിലേക്ക് അതിന്റെ വേരുകൾ ഇറങ്ങിച്ചെന്നതിനാൽ അതു സൗന്ദര്യപ്രതാപിയായിത്തീർന്നു. ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾ അതിനു തുല്യമായിരുന്നില്ല, സരളമരങ്ങൾ അതിന്റെ ശാഖകൾക്കു തുല്യമായിരുന്നില്ല, അരിഞ്ഞിൽമരങ്ങളും അതിന്റെ ചില്ലകളോടു കിടപിടിച്ചില്ല. ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷത്തിനും അതിനോളം ഭംഗി ഉണ്ടായിരുന്നില്ല. സമൃദ്ധമായ ശാഖാപടലത്തോടുകൂടി ഞാൻ അതിനെ മനോഹരമാക്കിത്തീർത്തു, ദൈവത്തിന്റെ തോട്ടമായ ഏദെനിലെ എല്ലാവൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടിരുന്നു.