യെഹെസ്കേൽ 20:1-49
യെഹെസ്കേൽ 20:1-49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഏഴാം ആണ്ട് അഞ്ചാം മാസം പത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിപ്പാൻ വന്ന് എന്റെ മുമ്പിൽ ഇരുന്നു. അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ച്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോട് അരുളപ്പാട് ചോദിപ്പാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട് എന്ന് അവരോടു പറയേണം. മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകളെ അവരോട് അറിയിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ്ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യം ചെയ്തു മിസ്രയീംദേശത്തുവച്ച് എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തിയ നാളിൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്ന് കൈ ഉയർത്തിയുംകൊണ്ട് അവരോട് അരുളിച്ചെയ്തു. ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കുവേണ്ടി നോക്കിവച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സർവദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതുമായ ദേശത്തിലേക്ക്, അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു. അവരോട്: നിങ്ങൾ ഓരോരുത്തനും താന്താന്റെ കൺമുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിൻ; മിസ്രയീമ്യബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുത്; ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു. അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കൺമുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീംദേശത്തിന്റെ നടുവിൽ വച്ച് എന്റെ ക്രോധം അവരുടെമേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും എന്നും അരുളിച്ചെയ്തു. എങ്കിലും അവരുടെ ചുറ്റും പാർക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് എന്നെത്തന്നെ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്, ഞാൻ എന്റെ നാമം നിമിത്തം പ്രവർത്തിച്ചു. അങ്ങനെ ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു. ഞാൻ എന്റെ ചട്ടങ്ങളെ അവർക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും. ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന് അവർ അറിയേണ്ടതിന് എനിക്കും അവർക്കും ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവർക്കു കൊടുത്തു. യിസ്രായേൽഗൃഹമോ മരുഭൂമിയിൽവച്ച് എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവച്ച്, എന്റെ ക്രോധം അവരുടെമേൽ പകർന്ന് അവരെ സംഹരിക്കുമെന്ന് അരുളിച്ചെയ്തു. എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിനു ഞാൻ അതിൻനിമിത്തം പ്രവർത്തിച്ചു. അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ട് അവർ എന്റെ വിധികളെ ധിക്കരിച്ച് എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ ഞാൻ അവർക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതും ആയ ദേശത്തേക്ക് അവരെ കൊണ്ടുവരികയില്ല എന്ന് ഞാൻ മരുഭൂമിയിൽ വച്ചു കൈ ഉയർത്തി സത്യം ചെയ്തു. എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽ വച്ച് അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്ക് അവരോട് അയ്യോഭാവം തോന്നി. ഞാൻ മരുഭൂമിയിൽവച്ച് അവരുടെ മക്കളോട്: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുത്; അവരുടെ വിധികളെ പ്രമാണിക്കരുത്; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്ന് എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിപ്പിൻ; എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു. എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെമേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും എന്ന് അരുളിച്ചെയ്തു. എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് അതുനിമിത്തം പ്രവർത്തിക്കയും ചെയ്തു. അവർ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണ് അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ട്, ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്ന് മരുഭൂമിയിൽവച്ചു കൈ ഉയർത്തി അവരോടു സത്യംചെയ്തു. ഞാൻ അവർക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാൻ ഉതകാത്ത വിധികളെയും കൊടുത്തു. ഞാൻ യഹോവ എന്ന് അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന് അവർ എല്ലാ കടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി. അതുകൊണ്ട് മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു. അവർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ: ഉയർന്ന എല്ലാ കുന്നും തഴച്ച സകല വൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അർപ്പിക്കയും കോപഹേതുകമായ വഴിപാടു കഴിക്കയും സൗരഭ്യവാസന നിവേദിക്കയും പാനീയബലികളെ പകരുകയും ചെയ്തു. നിങ്ങൾ പോകുന്ന പൂജാഗിരി എന്ത് എന്നു ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിനു പൂജാഗിരി എന്നു പേർ പറഞ്ഞുവരുന്നു. അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നെ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്വാനും പോകുന്നുവോ? നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകല വിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങൾ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല. എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും. ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്ന് അവിടെവച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. ഞാൻ നിങ്ങളെ കോലിൻകീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും. എന്നോടു മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്ന് ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്ത് അവർ കടക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. യിസ്രായേൽഗൃഹമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്ന് ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല. എന്റെ വിശുദ്ധപർവതത്തിൽ യിസ്രായേലിന്റെ ഉന്നതപർവതത്തിൽ തന്നെ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവച്ച് എന്നെ സേവിക്കുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകല നിവേദ്യങ്ങളെയും ആഗ്രഹിക്കും. ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും. നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. അവിടെവച്ച് നിങ്ങൾ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നെ മലിനമാക്കിയ സകല ക്രിയകളെയും ഓർക്കും; നിങ്ങൾ ചെയ്ത സകല ദോഷവും നിമിത്തം നിങ്ങൾക്ക് നിങ്ങളോടു തന്നെ വെറുപ്പു തോന്നും. യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തംതന്നെ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ച് ദക്ഷിണദേശത്തോടു പ്രസംഗിച്ച് തെക്കേദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടത്: യഹോവയുടെ വചനം കേൾക്ക; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വയ്ക്കും; അതു നിന്നിൽ പച്ചയായുള്ള സകല വൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകല വൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും. യഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകല ജഡവും കാണും; അതു കെട്ടുപോകയുമില്ല. അപ്പോൾ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, ഇവൻ മറപൊരുൾ അല്ലോ പറയുന്നത് എന്ന് അവർ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.
യെഹെസ്കേൽ 20:1-49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രവാസത്തിന്റെ ഏഴാം വർഷം അഞ്ചാം മാസം പത്താം ദിവസം ഇസ്രായേലിലെ ജനപ്രമാണികളിൽ ചിലർ സർവേശ്വരന്റെ ഹിതം ആരായാൻ എന്റെ മുമ്പിൽ വന്നു. അപ്പോൾ അവിടുത്തെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നീ ഇസ്രായേലിലെ ജനപ്രമാണികളോടു പറയുക. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ഹിതം ആരായാനാണോ നിങ്ങൾ വന്നിരിക്കുന്നത്? ഞാൻ സത്യം ചെയ്തു പറയുന്നു: “നിങ്ങൾക്ക് എന്നിൽനിന്നു മറുപടി ലഭിക്കുകയില്ല.” മനുഷ്യപുത്രാ, നീ അവരെ കുറ്റം വിധിക്കുകയില്ലേ? അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകൾ നീ അവരെ അറിയിക്കുക. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക; ഇസ്രായേലിനെ ഞാൻ തിരഞ്ഞെടുത്ത ദിവസം ഞാൻ അവരോട് ഒരു ശപഥം ചെയ്തു. നിങ്ങളുടെ സർവേശ്വരനായ കർത്താവ് ഞാനാകുന്നു എന്നു സത്യം ചെയ്തുകൊണ്ടു ഞാൻ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തി. ഞാൻ അവരെ അവിടെനിന്ന് അവർക്കായി നോക്കിവച്ചതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളെക്കാളും ശ്രേഷ്ഠവുമായ ദേശത്തേക്കു കൊണ്ടുപോകുമെന്ന് അന്നു ഞാൻ ശപഥം ചെയ്തു. ഞാൻ അവരോടു പറഞ്ഞു: നിങ്ങൾ ദൃഷ്‍ടി പതിപ്പിച്ചിരിക്കുന്ന മ്ലേച്ഛവസ്തുക്കളെ വലിച്ചെറിയുവിൻ; ഈജിപ്തിലെ വിഗ്രഹങ്ങളെ ആരാധിച്ചു നിങ്ങൾ മലിനരാകരുത്. ഞാൻ നിങ്ങളുടെ സർവേശ്വരനായ കർത്താവാകുന്നു. എന്നാൽ അവർ എന്നെ ധിക്കരിച്ചു; എന്റെ വാക്കുകൾ ശ്രദ്ധിച്ചില്ല. തങ്ങൾ ദൃഷ്‍ടി പതിപ്പിച്ചിരുന്ന മ്ലേച്ഛവസ്തുക്കളെ അവർ വലിച്ചെറിയുകയോ, ഈജിപ്തിലെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല. അപ്പോൾ ഈജിപ്തിൽ വച്ചുതന്നെ എന്റെ ക്രോധം അവരുടെമേൽ ചൊരിയണമെന്നും അത് അവരുടെമേൽ പ്രയോഗിച്ചുതീർക്കണമെന്നും ഞാൻ ചിന്തിച്ചു. എങ്കിലും ആരുടെ മധ്യത്തിൽ അവർ പാർത്തിരുന്നുവോ, ആരുടെ കൺമുമ്പിൽവച്ചു ഞാൻ അവരെ ഈജിപ്തിൽനിന്നു മോചിപ്പിക്കുമെന്നു പറഞ്ഞ് എന്നെത്തന്നെ വെളിപ്പെടുത്തിയോ ആ ജനതകളുടെ മുമ്പിൽവച്ച് എന്റെ നാമം അശുദ്ധമാക്കാതിരിക്കാൻവേണ്ടി ഞാൻ അവരോടു കാരുണ്യപൂർവം വർത്തിച്ചു. അങ്ങനെ ഞാൻ അവരെ ഈജിപ്തിൽ നിന്നു മോചിപ്പിച്ചു മരുഭൂമിയിൽ കൊണ്ടുവന്നു. എന്റെ ചട്ടങ്ങൾ അവർക്കു നല്‌കി; കല്പനകൾ അവരെ പഠിപ്പിച്ചു. അവ അനുഷ്ഠിക്കുന്ന മനുഷ്യൻ ജീവിക്കും. കൂടാതെ സർവേശ്വരനായ ഞാനാണ് അവരെ വിശുദ്ധീകരിക്കുന്നതെന്ന് അവർ അറിയാൻ അവർക്കും എനിക്കും മധ്യേ ഒരു അടയാളമായിരിക്കത്തക്കവിധം എന്റെ ശബത്തുകൾ അവർക്കു നല്‌കി. എങ്കിലും ഇസ്രായേൽജനം മരുഭൂമിയിൽവച്ച് എന്നോടു ധിക്കാരം കാട്ടി. അവർ എന്റെ ചട്ടങ്ങൾ അനുസരിക്കാതെ എന്റെ കല്പനകൾ ലംഘിച്ചു. അവ അനുസരിച്ചു നടക്കുന്നതുകൊണ്ടാണല്ലോ മനുഷ്യൻ ജീവിക്കുന്നത്. എന്റെ ശബത്തുകൾ അവർ അങ്ങേയറ്റം അശുദ്ധമാക്കി. അപ്പോൾ മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിഞ്ഞ് അവരെ നിശ്ശേഷം നശിപ്പിക്കണമെന്നു ഞാൻ വീണ്ടും ചിന്തിച്ചു. എന്നാൽ ഞാൻ അവരെ മോചിപ്പിച്ചുകൊണ്ട് വന്നതിനു സാക്ഷ്യം വഹിച്ച ജനതകളുടെ മുമ്പിൽവച്ച് എന്റെ നാമം അശുദ്ധമാക്കാതിരിക്കാൻ ഞാൻ കാരുണ്യപൂർവം അവരോട് പ്രവർത്തിച്ചിരുന്നു. ഞാൻ അവർക്ക് നല്‌കിയിരുന്നതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളിലും ശ്രേഷ്ഠവുമായ ദേശത്തേക്ക് ഞാൻ അവരെ കൊണ്ടുപോകുകയില്ലെന്ന് മരുഭൂമിയിൽവച്ച് ശപഥം ചെയ്തു. അവർ വിഗ്രഹങ്ങളെ ആരാധിച്ച് എന്റെ കല്പനകളെ നിരാകരിക്കുകയും എന്റെ ചട്ടങ്ങൾ അനുസരിക്കാതെ ശബത്തിനെ അശുദ്ധമാക്കുകയും ചെയ്തുവല്ലോ. എന്നിട്ടും എനിക്ക് അവരോട് കനിവുതോന്നി. ഞാൻ അവരെ നശിപ്പിക്കുകയോ മരുഭൂമിയിൽവച്ച് അവരെ സംഹരിക്കുകയോ ചെയ്തില്ല. മരുഭൂമിയിൽവച്ച് അവരുടെ മക്കളോട് ഞാൻ പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങൾ പ്രമാണമാക്കുകയോ അവരുടെ അനുശാസനങ്ങൾ പാലിക്കുകയോ അവരുടെ വിഗ്രഹങ്ങളെ ആരാധിച്ച് നിങ്ങളെത്തന്നെ അശുദ്ധമാക്കുകയോ ചെയ്യരുത്. സർവേശ്വരനായ ഞാൻ നിങ്ങളുടെ ദൈവമാകുന്നു; എന്റെ ചട്ടങ്ങൾ അനുസരിച്ചു നടക്കുക, എന്റെ കല്പനകൾ പാലിക്കുകയും ചെയ്യുക. എന്റെ ശബത്തുകൾ വിശുദ്ധമായി ആചരിക്കുക; ഞാനാണു നിങ്ങളുടെ സർവേശ്വരനായ കർത്താവ് എന്നു നിങ്ങൾ അറിയാൻ എനിക്കും നിങ്ങൾക്കും മധ്യേ ഇത് ഒരു അടയാളമായിരിക്കട്ടെ.” എന്നാൽ അവരും എന്നെ ധിക്കരിച്ചു. അവർ എന്റെ ചട്ടങ്ങൾ അനുസരിക്കുകയോ, എന്റെ കല്പനകൾ പാലിക്കുകയോ ചെയ്തില്ല. അവ അനുസരിക്കുന്നതു മൂലമാണല്ലോ മനുഷ്യൻ ജീവിക്കുന്നത്. അവർ എന്റെ ശബത്തിനെ അശുദ്ധമാക്കി. അപ്പോൾ മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിയണമെന്നും അവരുടെ നേരേ അതു പ്രയോഗിച്ചുതീർക്കണമെന്നും ഞാൻ വീണ്ടും ചിന്തിച്ചു. എങ്കിലും ഞാൻ അതിൽനിന്നു പിന്തിരിഞ്ഞു; അവരെ ഞാൻ മോചിപ്പിച്ചുകൊണ്ടുവന്നതിനു സാക്ഷ്യം വഹിച്ച ജനതകളുടെ മുമ്പിൽ എന്റെ നാമത്തിനു കളങ്കം വരാതിരിക്കാൻ വേണ്ടി ഞാൻ അവരോടു കാരുണ്യപൂർവം പ്രവർത്തിച്ചു. അവരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ ചിതറിക്കുമെന്നു മരുഭൂമിയിൽ വച്ചു ഞാൻ ശപഥം ചെയ്തു. കാരണം അവർ എന്റെ കല്പനകൾ പാലിച്ചില്ല. എന്റെ ചട്ടങ്ങൾ നിരസിക്കുകയും ചെയ്തു. അവർ എന്റെ ശബത്തിനെ അശുദ്ധമാക്കി അവരുടെ പിതാക്കന്മാർ പൂജിച്ച വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. അതുകൊണ്ട് പ്രയോജനപ്രദമല്ലാത്ത ചട്ടങ്ങളും ജീവൻ പ്രാപിക്കാൻ ഉതകാത്ത കല്പനകളും ഞാൻ അവർക്കു നല്‌കി. അവരുടെ വഴിപാടുകളാൽ ഞാനവരെ അശുദ്ധരാക്കി. ആദ്യജാതരെ ദഹനയാഗമായി അർപ്പിക്കാൻ ഇടയാക്കുകയും ചെയ്തു. ഇത് അവരെ ശൂന്യമാക്കാനും ഞാൻ തന്നെയാകുന്നു സർവേശ്വരനെന്ന് അവർ മനസ്സിലാക്കാനും വേണ്ടിയായിരുന്നു. മനുഷ്യപുത്രാ, ഇസ്രായേൽജനത്തോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാർ എന്നോട് അവിശ്വസ്തമായി പെരുമാറി എന്നെ നിന്ദിച്ചു. ഞാൻ അവർക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവന്നപ്പോൾ അവർ ഉയർന്ന കുന്നുകളും പച്ചമരങ്ങളും കണ്ടിടത്തെല്ലാം യാഗങ്ങൾ അർപ്പിച്ചു. സൗരഭ്യം പരത്തുന്ന ധൂപം അർപ്പിക്കുകയും പാനീയനിവേദ്യം പകരുകയും ചെയ്തുകൊണ്ടുള്ള അവരുടെ യാഗങ്ങൾ എന്നെ പ്രകോപിപ്പിച്ചു. നിങ്ങൾ പോകുന്ന പൂജാഗിരി ഏത് എന്നു ഞാൻ ചോദിച്ചു. അതുകൊണ്ട് ഇന്നും ആ സ്ഥലം ബാമാ എന്നറിയപ്പെടുന്നു. അതുകൊണ്ട് ഇസ്രായേൽജനത്തോടു പറയുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ ചെയ്തതുപോലെ വഴിപിഴച്ചു മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോയി നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധമാക്കുമോ? നിങ്ങൾ അതേ വഴിപാടുകൾ അർപ്പിക്കുമ്പോഴും നിങ്ങളുടെ പുത്രന്മാരെ ഹോമബലിയായി നല്‌കുമ്പോഴും വിഗ്രഹാരാധനമൂലം നിങ്ങളെത്തന്നെ ഇന്നും നിങ്ങൾ അശുദ്ധരാക്കുന്നു. ഇസ്രായേൽജനമേ, എന്നിൽ നിന്നു നിങ്ങൾക്ക് ഉത്തരം ലഭിക്കുമോ? ഞാൻ സത്യം ചെയ്തു പറയുന്നു, എന്നിൽനിന്നു നിങ്ങൾക്ക് ഉത്തരം ലഭിക്കുകയില്ല. ജനതകളെയും വിദേശങ്ങളിലെ ഗോത്രങ്ങളെയുംപോലെ നമുക്കു കല്ലിനെയും മരത്തെയും ആരാധിക്കാം എന്ന നിങ്ങളുടെ മനോഗതം ഒരിക്കലും നടപ്പാകുകയില്ല. ഉഗ്രരോഷത്തോടും കരുത്തുറ്റ കരങ്ങളോടും നീട്ടിയ ഭുജത്തോടുംകൂടി ഞാൻ നിശ്ചയമായും നിങ്ങളെ ഭരിക്കും. ജനതകളുടെ ഇടയിൽനിന്നു നിങ്ങളെ പുറത്തുകൊണ്ടു വരും; നിങ്ങൾ ചിതറിപ്പാർക്കുന്ന ദേശങ്ങളിൽനിന്നു നിങ്ങളെ ഒന്നിച്ചുകൂട്ടും എന്നു സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു. ജനതകളുടെ മരുഭൂമിയിലേക്ക് ഞാൻ നിങ്ങളെ കൊണ്ടുവരും; അവിടെവച്ചു ഞാൻ തന്നെ നിങ്ങളെ വിചാരണ ചെയ്യും. ഈജിപ്തിലെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പിതാക്കന്മാരെ വിചാരണചെയ്തതുപോലെ നിങ്ങളെയും ഞാൻ വിചാരണ ചെയ്യും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ഞാൻ നിങ്ങളെ എന്റെ ചെങ്കോലിൻകീഴിൽ കൊണ്ടുവരികയും ഉടമ്പടി നിങ്ങളെക്കൊണ്ട് അനുസരിപ്പിക്കുകയും ചെയ്യും. എന്നെ ധിക്കരിക്കുന്നവരെയും എനിക്കെതിരെ അതിക്രമം കാട്ടുന്നവരെയും നിങ്ങളുടെ ഇടയിൽനിന്നു ഞാൻ നീക്കിക്കളയും. അവർ ഇപ്പോൾ പാർക്കുന്ന ദേശങ്ങളിൽനിന്നു ഞാൻ അവരെ പുറത്തുകൊണ്ടുവരും. അവർ ഇസ്രായേൽദേശത്തു പ്രവേശിക്കാൻ ഇടവരുത്തുകയില്ല. ഞാനാണ് സർവേശ്വരനെന്ന് നിങ്ങൾ അപ്പോൾ അറിയും. ഇസ്രായേൽജനമേ, സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ വാക്കു നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊൾക. എന്നാൽ ഇനിമേൽ നിങ്ങളുടെ വഴിപാടുകളും വിഗ്രഹങ്ങളുംകൊണ്ട് എന്റെ നാമം അശുദ്ധമാക്കരുത്. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇസ്രായേൽജനത മുഴുവനും ഒന്നൊഴിയാതെ എന്റെ വിശുദ്ധഗിരിയിൽ ഇസ്രായേലിലെ ഗിരിമുകളിൽത്തന്നെ എന്നെ ആരാധിക്കും. അവിടെവച്ചു ഞാനവരെ സ്വീകരിക്കും. അവിടെ നിങ്ങളുടെ കാഴ്ചകളും ആദ്യഫലങ്ങളും നിവേദ്യങ്ങളും ഞാൻ ആവശ്യപ്പെടും. ജനതകളുടെ മധ്യത്തിൽനിന്ന് ഞാൻ നിങ്ങളെ പുറത്തുകൊണ്ടുവരികയും നിങ്ങൾ ചിതറിപ്പാർത്തിരുന്ന ദേശങ്ങളിൽ നിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുമ്പോൾ സുഗന്ധധൂപം പോലെ ഞാൻ നിങ്ങളെ കൈക്കൊള്ളും. ജനതകൾ കാൺകെ എന്റെ വിശുദ്ധി നിങ്ങളുടെ ഇടയിൽ ഞാൻ വെളിപ്പെടുത്തും. നിങ്ങളുടെ പിതാക്കന്മാർക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്ത ഇസ്രായേൽദേശത്തേക്കു ഞാൻ നിങ്ങളെ തിരിച്ചുകൊണ്ടുവരുമ്പോൾ ഞാനാണ് സർവേശ്വരൻ എന്നു നിങ്ങൾ അറിയും. നിങ്ങളെത്തന്നെ അശുദ്ധമാക്കിയ നിങ്ങളുടെ ജീവിതരീതിയും പ്രവൃത്തികളും അപ്പോൾ നിങ്ങൾ അനുസ്മരിക്കും. നിങ്ങളുടെ തിന്മപ്രവൃത്തികൾ ഓർത്തു നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽജനമേ, നിങ്ങളുടെ ദുഷിച്ച ജീവിതരീതിക്കും ദുർവൃത്തികൾക്കും തക്കവിധം പ്രവൃത്തിക്കാതെ എന്റെ നാമത്തെപ്രതിതന്നെ ഞാൻ നിങ്ങളോടു പെരുമാറുമ്പോൾ ഞാനാകുന്നു സർവേശ്വരൻ എന്നു നിങ്ങൾ അറിയും. സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: മനുഷ്യപുത്രാ, നെഗബിലേക്കു തിരിഞ്ഞ് അതിനെതിരെ പ്രഘോഷിക്കുക; അവിടത്തെ വനങ്ങൾക്കെതിരെ പ്രവചിക്കുക. നെഗബിലെ വനത്തോടു പറയുക: സർവേശ്വരന്റെ വചനം കേൾക്കുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇതാ ഞാൻ നിന്നെ അഗ്നിക്കിരയാക്കും. നിന്റെ സകല പച്ചമരങ്ങളും ഉണക്കമരങ്ങളും അതു ദഹിപ്പിക്കും. ആ അഗ്നിജ്വാല കെട്ടടങ്ങുകയില്ല. തെക്കു മുതൽ വടക്കുവരെ എല്ലാവരും അതിൽ ദഹിച്ചുപോകും. സർവേശ്വരനായ ഞാനാണ് അതു കൊളുത്തിയത് എന്ന് എല്ലാവരും അറിയും. അതു കെട്ടടങ്ങുകയില്ല.” അപ്പോൾ ഞാൻ പറഞ്ഞു: സർവേശ്വരനായ കർത്താവേ, ഞാൻ കടങ്കഥയല്ലേ പറയുന്നത് എന്ന് അവർ ചോദിക്കുന്നു.
യെഹെസ്കേൽ 20:1-49 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ബാബിലോന്യ പ്രവാസത്തിന്‍റെ ഏഴാം ആണ്ട് അഞ്ചാം മാസം പത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിക്കുവാൻ വന്ന് എന്റെ മുമ്പിൽ ഇരുന്നു. അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: “മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ച്, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോട് അരുളപ്പാടു ചോദിക്കുവാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോട് ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരം അരുളുകയില്ല’ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു” എന്നു അവരോടു പറയേണം. “മനുഷ്യപുത്രാ, നീ അവരെ ന്യായംവിധിക്കുമോ? നീ അവരെ ന്യായംവിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകൾ അവരോട് അറിയിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്ത്, യാക്കോബ് ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യംചെയ്ത്, മിസ്രയീമിൽവെച്ച് എന്നെത്തന്നെ അവർക്ക് വെളിപ്പെടുത്തിയ നാളിൽ: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു” എന്നു കൈ ഉയർത്തിക്കൊണ്ട് അവരോട് അരുളിച്ചെയ്തു. ഞാൻ അവരെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കുവേണ്ടി നോക്കിവച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതുമായ ദേശത്തിലേക്ക് അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു.” അവരോട്: “നിങ്ങൾ ഓരോരുത്തനും അവനവന്‍റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങൾ എറിഞ്ഞുകളയുവിൻ; മിസ്രയീമിലെ ബിംബങ്ങളെക്കൊണ്ട് നിങ്ങളെ മലിനമാക്കരുത്, ഞാനാകുന്നു നിങ്ങളുടെ ദൈവമായ യഹോവ” എന്നു കല്പിച്ചു. “അവരോ എന്നോട് മത്സരിച്ച്, എന്‍റെ വാക്കു കേൾക്കുവാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളയുകയോ മിസ്രയീമിലെ ബിംബങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീമിന്‍റെ നടുവിൽവച്ച് എന്‍റെ ക്രോധം അവരുടെ മേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും” എന്നും അരുളിച്ചെയ്തു. എങ്കിലും അവരുടെ ചുറ്റും വസിക്കുകയും ഞാൻ അവരെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് എന്നെത്തന്നെ വെളിപ്പെടുത്തിയത് കാണുകയും ചെയ്ത ജനതകളുടെ മുമ്പാകെ, എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് ഞാൻ എന്റെ നാമംനിമിത്തം പ്രവർത്തിച്ചു. അങ്ങനെ ഞാൻ അവരെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു. ഞാൻ എന്‍റെ ചട്ടങ്ങൾ അവർക്ക് കൊടുത്ത്, എന്‍റെ വിധികൾ അവരെ അറിയിച്ചു; അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും. ‘ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ’ എന്നു അവർ അറിയേണ്ടതിന് എനിക്കും അവർക്കും മദ്ധ്യത്തിൽ അടയാളമായിരിക്കുവാൻ തക്കവിധം ഞാൻ എന്റെ ശബ്ബത്തുകൾ അവർക്ക് കൊടുത്തു. യിസ്രായേൽഗൃഹമോ മരുഭൂമിയിൽവച്ച് എന്നോട് മത്സരിച്ചു; അവർ എന്റെ ചട്ടങ്ങൾ അനുസരിച്ചുനടക്കാതെ എന്‍റെ വിധികൾ ത്യജിച്ചുകളഞ്ഞു; ‘അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും.’ എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെ മേൽ പകർന്ന് അവരെ സംഹരിക്കുമെന്ന് അരുളിച്ചെയ്തു. എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജനതകളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന് ഞാൻ അത് നിമിത്തം പ്രവർത്തിച്ചു. ‘അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ട് അവർ എന്റെ വിധികളെ ധിക്കരിച്ച് എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ ഞാൻ അവർക്ക് കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതും ആയ ദേശത്തേക്ക് അവരെ കൊണ്ടുവരുകയില്ല’ എന്നു ഞാൻ മരുഭൂമിയിൽവച്ച് കൈ ഉയർത്തി സത്യംചെയ്തു. “എങ്കിലും അവരെ നശിപ്പിക്കുകയും മരുഭൂമിയിൽവച്ച് അവരെ നശിപ്പിച്ചുകളയുകയും ചെയ്യാതിരിക്കത്തക്കവിധം എനിക്ക് അവരോടു സഹതാപം തോന്നി. ഞാൻ മരുഭൂമിയിൽവച്ച് അവരുടെ മക്കളോടു: ‘നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുത്; അവരുടെ വിധികളെ പ്രമാണിക്കരുത്; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്‍റെ ചട്ടങ്ങൾ അനുസരിച്ചുനടന്ന് എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കുവിൻ; എന്‍റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കുവിൻ; ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ’ എന്നു നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ” എന്നു കല്പിച്ചു. എന്നാൽ മക്കളും എന്നോട് മത്സരിച്ചു; അവർ എന്റെ ചട്ടങ്ങൾ അനുസരിച്ചില്ല; എന്‍റെ വിധികൾ പ്രമാണിച്ചുനടന്നതുമില്ല; ‘അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.’ അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: ‘മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെ മേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും” എന്നു അരുളിച്ചെയ്തു. എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കുകയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജനതകളുടെ മുമ്പിൽ എന്‍റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് അതുനിമിത്തം പ്രവർത്തിക്കുകയും ചെയ്തു. അവർ എന്‍റെ വിധികൾ പ്രമാണിക്കാതെ എന്‍റെ ചട്ടങ്ങൾ ധിക്കരിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ ദൃഷ്ടികൾ അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളുടെമേൽ ഇരിക്കുകയും ചെയ്തതുകൊണ്ട്, ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിന്നിച്ച് രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്ന് മരുഭൂമിയിൽവച്ച് കൈ ഉയർത്തി അവരോടു സത്യംചെയ്തു. ഞാൻ അവർക്ക് ദോഷകരമായ ചട്ടങ്ങളും ജീവരക്ഷ പ്രാപിക്കുവാൻ ഉതകാത്ത വിധികളും കൊടുത്തു. ‘ഞാൻ യഹോവ’ എന്നു അവർ അറിയുവാൻ തക്കവിധം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന് അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിനാൽ ഞാൻ അവരുടെ സ്വന്തവഴിപാടുകളാൽത്തന്നെ അവരെ അശുദ്ധമാക്കി. അതുകൊണ്ട് മനുഷ്യപുത്രാ നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോട് ദ്രോഹം ചെയ്തിരിക്കുന്നതിനാൽ എന്നെ ദുഷിക്കുകയും ചെയ്തിരിക്കുന്നു. അവർക്ക് കൊടുക്കുമെന്ന് ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശത്തേക്ക് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഉയർന്ന എല്ലാ കുന്നുകളും തഴച്ച സകലവൃക്ഷങ്ങളും നോക്കി, അവിടെ യാഗങ്ങൾ അർപ്പിക്കുകയും കോപകാരണമായ വഴിപാട് കഴിക്കുകയും സൗരഭ്യവാസന നിവേദിക്കുകയും പാനീയബലികളെ പകരുകയും ചെയ്തു.” “നിങ്ങൾ പോകുന്ന പൂജാഗിരി എന്ത്” എന്നു ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന് ‘പൂജാഗിരി’ എന്നു പേരായിരിക്കുന്നു. അതുകൊണ്ട് നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നെ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേർന്ന് പരസംഗം ചെയ്യുവാനും പോകുന്നുവോ? നിങ്ങളുടെ വഴിപാടുകൾ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളാലും നിങ്ങളെത്തന്നെ അശുദ്ധമാക്കുന്നു; യിസ്രായേൽ ഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. “‘നാം മരത്തെയും കല്ലിനെയും സേവിച്ച്, ജനതകളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക’ എന്നു നിങ്ങൾ പറയുന്നതായ നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കുകയില്ല. എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. “ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജനതകളിൽനിന്നു പുറപ്പെടുവിക്കുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യും. ഞാൻ നിങ്ങളെ ജനതകളുടെ മരുഭൂമിയിലേക്ക് കൊണ്ടുചെന്ന് അവിടെവച്ച് അഭിമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീമിലെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോട് ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ഞാൻ നിങ്ങളെ വടിയുടെകീഴിലൂടെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും. എന്നോട് മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്ന് ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽ ദേശത്ത് അവർ കടക്കുകയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.” യിസ്രായേൽ ഗൃഹമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചെന്നു ഓരോരുത്തൻ അവനവന്‍റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്ളുവിൻ; എന്നാൽ പിന്നീട് നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല. എന്റെ വിശുദ്ധപർവ്വതത്തിൽ, യിസ്രായേലിന്റെ ഉന്നത പർവ്വതത്തിൽ തന്നെ, യിസ്രായേൽഗൃഹമെല്ലാം ഒട്ടൊഴിയാതെ അവിടെ ദേശത്തുവച്ച് എന്നെ സേവിക്കുമെന്ന്” യഹോവയായ കർത്താവിന്റെ അരുളപ്പാടു; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും. ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് പുറപ്പെടുവിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജനതകൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും. നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുക്കുമെന്ന് ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്ക് നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. അവിടെവച്ചു നിങ്ങൾ നിങ്ങളുടെ വഴികളും നിങ്ങളെത്തന്നെ മലിനമാക്കിയ സകലക്രിയകളും ഓർക്കും; നിങ്ങൾ ചെയ്ത സകലദോഷവും നിമിത്തം നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും. യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നെ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ച് തെക്കേദേശത്തിനെതിരായി പ്രസംഗിച്ച്, തെക്കേദിക്കിലെ വനപ്രദേശത്തിനെതിരായി പ്രവചിച്ച് തെക്കുള്ള വനത്തോടു പറയേണ്ടത്: യഹോവയുടെ വചനം കേൾക്കുക; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്‍റെ നടുവിൽ തീ വയ്ക്കും; അത് നിന്നിൽ ഉള്ള സകല പച്ചവൃക്ഷത്തെയും ഉണങ്ങിയവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകുകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളെല്ലാം അതിനാൽ കരിഞ്ഞുപോകും. ‘യഹോവയായ ഞാൻ അത് കത്തിച്ചു’ എന്നു സകലജനവും കാണും; അത് കെട്ടുപോകുകയുമില്ല.” അപ്പോൾ ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, ‘ഇവൻ ഉപമയല്ലയോ സംസാരിക്കുന്നത്’ എന്നു അവർ എന്നെക്കുറിച്ച് പറയുന്നു” എന്നു പറഞ്ഞു.
യെഹെസ്കേൽ 20:1-49 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിപ്പാൻ വന്നു എന്റെ മുമ്പിൽ ഇരുന്നു. അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോടു അരുളപ്പാടു ചോദിപ്പാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു എന്നു അവരോടു പറയേണം. മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ് ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യംചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവർക്കു വെളിപ്പെടുത്തിയ നാളിൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയർത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു. ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കുവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു. അവരോടു: നിങ്ങൾ ഓരോരുത്തനും താന്താന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിൻ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു. അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീംദേശത്തിന്റെ നടുവിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപം അവരിൽ നിവർത്തിക്കും എന്നും അരുളിച്ചെയ്തു. എങ്കിലും അവരുടെ ചുറ്റും പാർക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമംനിമിത്തം പ്രവർത്തിച്ചു. അങ്ങനെ ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു മരുഭൂമിയിൽ കൊണ്ടുവന്നു. ഞാൻ എന്റെ ചട്ടങ്ങളെ അവർക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും. ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവർ അറിയേണ്ടതിന്നു എനിക്കും അവർക്കു ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവർക്കു കൊടുത്തു. യിസ്രായേൽഗൃഹമോ മരുഭൂമിയിൽവെച്ചു എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു. എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന്നു ഞാൻ അതിൻ നിമിത്തം പ്രവർത്തിച്ചു. അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ടു അവർ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ ഞാൻ അവർക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടുവരികയില്ല എന്നു ഞാൻ മരുഭൂമിയിൽവെച്ചു കൈ ഉയർത്തി സത്യം ചെയ്തു. എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽവെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി. ഞാൻ മരുഭൂമിയിൽവെച്ചു അവരുടെ മക്കളോടു: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിപ്പിൻ; എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു. എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപം അവരിൽ നിവർത്തിക്കും എന്നു അരുളിച്ചെയ്തു. എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവർത്തിക്കയും ചെയ്തു. അവർ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു, ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്നു മരുഭൂമിയിൽവെച്ചു കൈ ഉയർത്തി അവരോടു സത്യം ചെയ്തു. ഞാൻ അവർക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാൻ ഉതകാത്ത വിധികളെയും കൊടുത്തു. ഞാൻ യഹോവ എന്നു അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന്നു അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി. അതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു. അവർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ: ഉയർന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അർപ്പിക്കയും കോപഹേതുകമായ വഴിപാടു കഴിക്കയും സൗരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു. നിങ്ങൾ പോകുന്ന പൂജാഗിരി എന്തു എന്നു ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന്നു പൂജാഗിരി എന്നു പേർ പറഞ്ഞുവരുന്നു. അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്വാനും പോകുന്നുവോ? നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങൾ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല. എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും. ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ഞാൻ നിങ്ങളെ കോലിൻകീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും. എന്നോടു മത്സരിച്ചു അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്നു ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്തു അവർ കടക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. യിസ്രായേൽഗൃഹമേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്നു ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല. എന്റെ വിശുദ്ധപർവ്വതത്തിൽ, യിസ്രായേലിന്റെ ഉന്നത പർവ്വതത്തിൽ തന്നേ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവെച്ചു എന്നെ സേവിക്കുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും. ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളിൽ നിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും. നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഓർക്കും; നിങ്ങൾ ചെയ്ത സകലദോഷവുംനിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നേ വെറുപ്പുതോന്നും. യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നേ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു: യഹോവയുടെ വചനം കേൾക്ക; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വെക്കും; അതു നിന്നിൽ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും. യഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല. അപ്പോൾ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, ഇവൻ മറപൊരുൾ അല്ലോ പറയുന്നതു എന്നു അവർ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.
യെഹെസ്കേൽ 20:1-49 സമകാലിക മലയാളവിവർത്തനം (MCV)
ഏഴാംവർഷം അഞ്ചാംമാസം പത്താംതീയതി ഇസ്രായേലിലെ ഗോത്രത്തലവന്മാരിൽ ചിലർ യഹോവയോട് അരുളപ്പാടു ചോദിക്കുന്നതിനായി വന്ന് എന്റെമുമ്പിൽ ഇരുന്നു. അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, നീ ഇസ്രായേൽ ഗോത്രത്തലവന്മാരോട് സംസാരിക്കുക, ‘നിങ്ങൾ എന്നോട് അരുളപ്പാടു ചോദിക്കാൻ വന്നിരിക്കുന്നോ? നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരം നൽകുകയില്ല എന്ന് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു പറയുക. “നീ അവരെ ന്യായംവിധിക്കുമോ? മനുഷ്യപുത്രാ, നീ അവരെ ന്യായംവിധിക്കുമോ? അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകൾ നീ അവരെ അറിയിക്കുക. എന്നിട്ട് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇസ്രായേലിനെ തെരഞ്ഞെടുത്ത ദിവസംതന്നെ, യാക്കോബ് ഗൃഹത്തിലെ സന്തതികളോടു കൈയുയർത്തി ശപഥംചെയ്ത് ഈജിപ്റ്റുദേശത്തുവെച്ച് എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തിയിരുന്നു. “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു,” എന്ന് കൈയുയർത്തി അവരോട് അരുളിച്ചെയ്തു. ഈജിപ്റ്റുദേശത്തുനിന്ന് അവരെ പുറപ്പെടുവിച്ച് ഞാൻ അവർക്കുവേണ്ടി തെരഞ്ഞെടുത്തതും പാലും തേനും ഒഴുകുന്ന ദേശത്തേക്കും, എല്ലാ ദേശങ്ങളിലുംവെച്ച് മനോഹരമായിരിക്കുന്ന ദേശത്തിലേക്ക് അവരെ കൊണ്ടുവരുമെന്ന് അന്നു ഞാൻ അവരോടു ശപഥംചെയ്തു. ഞാൻ അവരോട്: “നിങ്ങളിൽ ഓരോരുത്തനും താന്താങ്ങളുടെ കണ്ണിൽ മലിനമായിരിക്കുന്ന വിഗ്രഹങ്ങളെ എറിഞ്ഞുകളയുക. ഈജിപ്റ്റിലെ വിഗ്രഹങ്ങളെക്കൊണ്ട് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു, എന്ന് അരുളിച്ചെയ്തു.” “ ‘എന്നാൽ അവർ എനിക്കെതിരേ മത്സരിച്ചു. എന്നെ അനുസരിക്കാൻ അവർക്കു മനസ്സുണ്ടായില്ല. അവർ ദൃഷ്ടിവെച്ചിരുന്ന നിന്ദ്യമായ വിഗ്രഹങ്ങളെ അവർ നീക്കിക്കളയുകയോ ഈജിപ്റ്റിലെ ബിംബങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല. അതുകൊണ്ട് ഞാൻ ഈജിപ്റ്റുദേശത്തിന്റെ നടുവിൽവെച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിഞ്ഞ് എന്റെ കോപം അവരുടെമേൽ ചെലവഴിക്കും എന്ന് അരുളിച്ചെയ്തു. എന്നാൽ എന്റെ നാമംനിമിത്തം ഞാൻ അവരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്നു. അവരുടെ നിവാസസ്ഥാനത്തിനുചുറ്റും അധിവസിച്ചുവന്ന ഇതര രാഷ്ട്രങ്ങൾക്കിടയിലും അവർ കാൺകെത്തന്നെ എന്നെത്തന്നെ വെളിപ്പെടുത്തിയതുമായ ജനത്തിന്റെ മധ്യത്തിൽ എന്റെ നാമം അശുദ്ധമാകാതിരിക്കേണ്ടതിനും ഞാൻ അപ്രകാരംചെയ്തു. അങ്ങനെ ഞാൻ അവരെ ഈജിപ്റ്റുദേശത്തുനിന്ന് പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു. അവർക്കു ഞാൻ എന്റെ ഉത്തരവുകൾ നൽകുകയും എന്റെ നിയമങ്ങൾ അവരെ അറിയിക്കുകയും ചെയ്തു. അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും. മാത്രമല്ല, എനിക്കും അവർക്കും മധ്യേ ഒരു ചിഹ്നമായിരിക്കേണ്ടതിനും ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു എന്ന് അവർ അറിയുന്നതിനുംവേണ്ടി ഞാൻ എന്റെ ശബ്ബത്തുകൾ അവർക്കു കൽപ്പിച്ചുകൊടുത്തു. “ ‘എന്നാൽ ഇസ്രായേൽജനം മരുഭൂമിയിൽവെച്ച് എന്നോടു മത്സരിച്ചു; അവർ എന്റെ ഉത്തരവുകൾ പാലിക്കാതെ എന്റെ നിയമങ്ങൾ നിരസിച്ചു—അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും—എന്റെ ശബ്ബത്തുകളെ അവർ അത്യന്തം അശുദ്ധമാക്കി. അപ്പോൾ അവരെ സംഹരിക്കേണ്ടതിന് മരുഭൂമിയിൽവെച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിയാൻ ഞാൻ നിശ്ചയിച്ചു. ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതു കണ്ട രാഷ്ട്രങ്ങളുടെ ദൃഷ്ടിയിൽ എന്റെ നാമം മലിനമാകാതിരിക്കേണ്ടതിന് ഞാൻ അതിനുവേണ്ടി പ്രവർത്തിച്ചു. അവരുടെ ഹൃദയം നിരന്തരം അവരുടെ വിഗ്രഹങ്ങൾക്കു സമർപ്പിതമായിരുന്നതുമൂലം അവർ എന്റെ നിയമങ്ങൾ അനുസരിക്കാതിരിക്കുകയും ഉത്തരവുകൾ പാലിക്കാതിരിക്കുകയും എന്റെ ശബ്ബത്തുകൾ അശുദ്ധമാക്കുകയും ചെയ്തു. അതുകൊണ്ട് ഞാൻ അവർക്കു നൽകിയ, പാലും തേനും ഒഴുകുന്നതും സകലദേശങ്ങളിലുംവെച്ച് ഏറ്റവും മനോഹരവുമായ ദേശത്തേക്ക് അവരെ കൊണ്ടുവരികയില്ല എന്ന് മരുഭൂമിയിൽവെച്ച് ഞാൻ അവരോടു കൈയുയർത്തി ശപഥംചെയ്തു. എങ്കിലും എനിക്ക് അവരോടു സഹതാപം തോന്നിയതുകൊണ്ട് ഞാൻ അവരെ നശിപ്പിക്കുകയും മരുഭൂമിയിൽവെച്ച് അവരെ നാമാവശേഷമാക്കുകയും ചെയ്യാതിരുന്നു. മരുഭൂമിയിൽവെച്ച് ഞാൻ അവരുടെ സന്താനങ്ങളോട്: “നിങ്ങളുടെ പിതാക്കന്മാരുടെ നിയമവ്യവസ്ഥകൾ അനുവർത്തിക്കുകയോ അവരുടെ നിയമങ്ങൾ പ്രമാണിക്കയോ അവരുടെ വിഗ്രഹങ്ങളാൽ നിങ്ങളെത്തന്നെ അശുദ്ധമാക്കുകയോചെയ്യരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; നിങ്ങൾ എന്റെ ഉത്തരവുകളിൽ പാലിക്കുകയും എന്റെ നിയമങ്ങൾ അനുഷ്ഠിക്കയും ചെയ്യുക. എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും മധ്യേ ഒരു ചിഹ്നമായിരിക്കട്ടെ എന്നു കൽപ്പിച്ചു.” “ ‘എന്നാൽ അവരുടെ മക്കളും എനിക്കെതിരേ മത്സരിച്ചു; അവർ എന്റെ ഉത്തരവുകൾ പാലിക്കുകയോ, “അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും,” എന്നു ഞാൻ പ്രഖ്യാപനംചെയ്തിരുന്ന എന്റെ നിയമങ്ങൾ പ്രമാണിക്കാൻ മനസ്സുവെക്കുകയോ ചെയ്തില്ല. അവർ എന്റെ ശബ്ബത്തുകൾ അശുദ്ധമാക്കി. അതിനാൽ മരുഭൂമിയിൽവെച്ച് അവർക്കെതിരേ എന്റെ ക്രോധം അവരുടെമേൽ ചൊരിയണമെന്നും എന്റെ കോപം അവരുടെമേൽ നിവർത്തിക്കണമെന്നും അരുളിച്ചെയ്തു. എന്നാൽ ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ടതായ രാഷ്ട്രങ്ങളുടെമുമ്പിൽ എന്റെ നാമം അശുദ്ധമാകാതിരിക്കാൻ ഞാൻ എന്റെ കരം പിൻവലിച്ചു. അവർ എന്റെ നിയമങ്ങൾ അനുസരിക്കാതെ എന്റെ ഉത്തരവുകൾ നിരസിച്ചുകളകയും എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ ദൃഷ്ടികൾ അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളുടെമേൽ ഇരിക്കുകയും ചെയ്തതിനാൽ ഞാൻ അവരെ ഈ ജനതകൾക്കിടയിൽ ചിതറിക്കുകയും രാജ്യങ്ങൾക്കിടയിൽ ഛിന്നഭിന്നമാക്കുകയും ചെയ്യുമെന്നു മരുഭൂമിയിൽവെച്ച് ഞാൻ കൈയുയർത്തി അവരോടു ശപഥംചെയ്തു. അതുകൊണ്ട് ഞാൻ അവർക്കു നന്മയല്ലാത്ത നിയമവ്യവസ്ഥകളും ജീവിക്കാൻ ഉപകരിക്കാത്ത നിയമങ്ങളും നൽകി; അവർ തങ്ങളുടെ ആദ്യജാതന്മാരെയെല്ലാം അഗ്നിപ്രവേശം ചെയ്യിച്ചതുകൊണ്ട് അവരിൽ ഭീതി നിറയ്ക്കാനായി തങ്ങളുടെ വഴിപാടുകളാൽത്തന്നെ ഞാൻ അവരെ അശുദ്ധരാക്കി; ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയേണ്ടതിനുതന്നെ.’ “അതുകൊണ്ട് മനുഷ്യപുത്രാ, നീ ഇസ്രായേൽജനത്തോട്, ‘ഇതാകുന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: ഇക്കാര്യത്തിലും നിങ്ങളുടെ പിതാക്കന്മാർ എനിക്കെതിരേ അവിശ്വസ്തരായി തീർന്നതിനാൽ എന്നെ നിന്ദിക്കുകയാണ് ചെയ്തിട്ടുള്ളത്. ഞാൻ അവർക്കു കൊടുക്കുമെന്നു കൈയുയർത്തി ശപഥംചെയ്ത ദേശത്തേക്ക് ഞാൻ അവരെ കൊണ്ടുവന്നശേഷം അവിടെയുള്ള എല്ലാ ഉയർന്ന മലകളും തഴച്ചുവളരുന്ന വൃക്ഷങ്ങളും അവർ തെരഞ്ഞെടുത്ത് അവിടെയെല്ലാം യാഗമർപ്പിക്കുകയും എന്റെ കോപം ജ്വലിപ്പിക്കുംവിധം ബലിയർപ്പിക്കുകയും സുഗന്ധധൂപം നിവേദിക്കുകയും പാനീയബലികൾ പകരുകയും ചെയ്തു. അപ്പോൾ ഞാൻ അവരോട്, നിങ്ങൾ പോകുന്ന ക്ഷേത്രം ഏത്?’ ” എന്നു ചോദിച്ചു. അതിനാൽ ഇപ്രകാരമുള്ള ക്ഷേത്രങ്ങൾ ഇന്നുവരെയും ബാമാ എന്നു വിളിക്കപ്പെടുന്നു. “അതിനാൽ ഇസ്രായേൽജനത്തോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പിതാക്കന്മാരുടെ പാരമ്പര്യമനുസരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളെ മോഹിക്കുകയും ചെയ്യുമോ? നിങ്ങൾ നിങ്ങളുടെ വഴിപാട് അർപ്പിച്ച്—നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിച്ച്—നിങ്ങൾ ഇന്നുവരെയും നിങ്ങളുടെ എല്ലാ വിഗ്രഹങ്ങളെക്കൊണ്ടും നിങ്ങളെത്തന്നെ അശുദ്ധരാക്കുകയാണു ചെയ്യുന്നത്. അങ്ങനെയിരിക്കെ, ഇസ്രായേൽജനമേ, നിങ്ങൾ എന്നോട് അരുളപ്പാടു ചോദിക്കാൻ ഞാൻ അനുവദിക്കണമോ? ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരം നൽകുകയില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “ ‘ “മരത്തെയും കല്ലിനെയും സേവിക്കുന്ന രാഷ്ട്രങ്ങളെപ്പോലെയും ലോകത്തിലെ ജനതകളെപ്പോലെയും ഞങ്ങൾക്ക് ആകണം,” എന്നു നിങ്ങൾ പറയുന്നു; എന്നാൽ നിങ്ങളുടെ മനസ്സിലെ സങ്കൽപ്പം ഒരിക്കലും നടക്കുകയില്ല. ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ക്രോധവർഷംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ക്രോധവർഷംകൊണ്ടും ഞാൻ നിങ്ങളെ ജനതകൾക്കിടയിൽനിന്നു തിരിയെ വരുത്തുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യും. ഞാൻ നിങ്ങളെ ജനതകളുടെ മരുഭൂമിയിലേക്കു കൊണ്ടുവന്ന് അവിടെവെച്ച് അഭിമുഖമായി നിങ്ങളുടെ ന്യായവിധി നടപ്പിലാക്കും. ഈജിപ്റ്റുദേശത്തിലെ മരുഭൂമിയിൽവെച്ച് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ന്യായംവിധിച്ചതുപോലെ ഞാൻ നിങ്ങളെയും ന്യായംവിധിക്കും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഞാൻ നിങ്ങളെ എന്റെ വടിക്കുകീഴിൽ നടത്തുകയും ഉടമ്പടിയുടെ ബന്ധനത്തിലേക്കു കൊണ്ടുവരികയും ചെയ്യും. എന്നോട് മത്സരിച്ച് എനിക്കെതിരേ അക്രമം പ്രവർത്തിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയും; അവർ ചെന്നുപാർക്കുന്ന ദേശത്തുനിന്നു ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും അവർ ഇസ്രായേൽദേശത്തു പ്രവേശിക്കുകയില്ല. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. “ ‘ഇസ്രായേൽജനമേ, നിങ്ങളെക്കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഓരോരുത്തരും പോയി അവരവരുടെ വിഗ്രഹങ്ങളെ സേവിച്ചുകൊൾക; എന്നാൽ പിന്നീട് നിങ്ങൾ എന്റെ വാക്കു ശ്രദ്ധിക്കും; നിങ്ങളുടെ വഴിപാടുകളും വിഗ്രഹങ്ങളുംകൊണ്ട് പിന്നെയൊരിക്കലും എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കുകയില്ല. എന്റെ വിശുദ്ധപർവതത്തിൽ, ഇസ്രായേലിന്റെ ഉന്നതഗിരിയിൽത്തന്നെ എല്ലാ ഇസ്രായേൽഗൃഹവും, ഒന്നൊഴിയാതെ സ്വന്ത ദേശത്തുവെച്ച് എന്നെ സേവിക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. അവിടെ ഞാൻ അവരെ കൈക്കൊള്ളും. അവിടെ നിങ്ങളുടെ വിശിഷ്ടദാനങ്ങളായ വഴിപാടുകളെയും നിങ്ങളുടെ യാഗങ്ങളോടുകൂടെ ഞാൻ ആവശ്യപ്പെടും. ഞാൻ നിങ്ങളെ ജനതകളിൽനിന്നു തിരികെ വരുത്തുകയും നിങ്ങൾ ചിതറിക്കപ്പെട്ടിരുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യുമ്പോൾ സുഗന്ധധൂപമായി നിങ്ങളെ കൈക്കൊള്ളും. രാഷ്ട്രങ്ങൾ കാൺകെ ഞാൻ നിങ്ങളിലൂടെ പരിശുദ്ധൻ എന്നു തെളിയിക്കപ്പെടും. നിങ്ങളുടെ പൂർവികർക്കു കൊടുക്കുമെന്നു ഞാൻ കൈയുയർത്തി ശപഥംചെയ്ത ദേശമായ ഇസ്രായേൽദേശത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുവരുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. അവിടെവെച്ചു നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കിയ നിങ്ങളുടെ പെരുമാറ്റവും നിങ്ങളുടെ എല്ലാ പ്രവൃത്തികളും ഓർക്കും. നിങ്ങൾ ചെയ്ത എല്ലാ ദുഷ്ടതകളുംനിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നെ വെറുപ്പുതോന്നും. ഇസ്രായേൽജനമേ, നിങ്ങളുടെ ദുഷ്ടവഴികളോ നിങ്ങളുടെ ദുഷിച്ച പ്രവൃത്തികളോ അനുസരിച്ചല്ല, എന്റെ നാമം നിമിത്തംതന്നെ ഞാൻ നിങ്ങളോടു ഇടപെടുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ” യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, നീ തെക്കോട്ടു നിന്റെ മുഖംതിരിച്ച് തെക്കേദിക്കിനെതിരായി, തെക്കേദിക്കിലുള്ള വനത്തിനെതിരായിത്തന്നെ പ്രവചിക്കുക. തെക്കേദിക്കിലെ കാടുകളോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾക്കുക, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങളെ അഗ്നിക്കിരയാക്കാൻ പോകുന്നു. അത് നിങ്ങളിലുള്ള എല്ലാ പച്ചമരത്തെയും ഉണങ്ങിയമരത്തെയും ദഹിപ്പിച്ചുകളയും. കത്തിയാളുന്ന ആ തീജ്വാല അണയ്ക്കപ്പെടുകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള സകലമുഖങ്ങളും അതിനാൽ കരിഞ്ഞുപോകും. യഹോവയായ ഞാൻ അതു ജ്വലിപ്പിച്ചെന്ന് സകലരും കാണും; അത് അണഞ്ഞുപോകുകയില്ല.’ ” അപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, അവൻ എന്നെക്കുറിച്ച്, ‘അവൻ സാദൃശ്യകഥകളാണല്ലോ സംസാരിക്കുന്നത്,’ എന്നു പറയുന്നുവല്ലോ” എന്നു പറഞ്ഞു.