പുറപ്പാട് 9:13-16

പുറപ്പാട് 9:13-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ യഹോവ മോശെയോടു കല്പിച്ചത്: നീ നന്നാ രാവിലെ എഴുന്നേറ്റ്, ഫറവോന്റെ മുമ്പാകെ നിന്ന് അവനോടു പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക. സർവഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിന്മേലും അയയ്ക്കും. ഇപ്പോൾത്തന്നെ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽനിന്നു ഛേദിച്ചുകളയുമായിരുന്നു. എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.

പുറപ്പാട് 9:13-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റുചെന്ന് രാജാവിനോടു പറയുക: എബ്രായരുടെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നു: എന്നെ ആരാധിക്കാൻവേണ്ടി എന്റെ ജനത്തെ വിട്ടയയ്‍ക്കുക. ഇത്തവണ നിന്റെയും ഉദ്യോഗസ്ഥന്മാരുടെയും നിന്റെ ജനങ്ങളുടെയുംമേൽ ഞാൻ സകല വ്യാധികളും അയയ്‍ക്കും. ഞാൻ ഭൂമിയിൽ അതുല്യനെന്നു നീ അറിയും. നിന്നെയും നിന്റെ ജനങ്ങളെയും ബാധകളാൽ ശിക്ഷിച്ച് ഭൂമിയിൽനിന്ന് എനിക്കു നീക്കിക്കളയാമായിരുന്നു. എങ്കിലും എന്റെ ശക്തി നീ മനസ്സിലാക്കാനും എന്റെ നാമം ഭൂമി മുഴുവൻ പ്രസിദ്ധമാക്കാനും ഞാൻ നിന്നെ ഇതുവരെ ജീവിക്കാൻ അനുവദിച്ചു.

പുറപ്പാട് 9:13-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ്, ഫറവോന്‍റെ മുമ്പാകെ നിന്ന് അവനോട് പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്ക. സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്നു നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്‍റെ ബാധകളൊക്കെയും നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെമേലും നിന്‍റെ ജനത്തിന്മേലും അയയ്ക്കും. ഇപ്പോൾ തന്നെ ഞാൻ എന്‍റെ കൈ നീട്ടി നിന്നെയും നിന്‍റെ ജനത്തെയും മാരകമായ പകർച്ചവ്യാധികളാൽ പീഡിപ്പിച്ച് നിന്നെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയുമായിരുന്നു. എങ്കിലും എന്‍റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്‍റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.

പുറപ്പാട് 9:13-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും. ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയുമായിരുന്നു. എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.

പുറപ്പാട് 9:13-16 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പിൽ ചെന്നുനിന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക. അല്ലെങ്കിൽ ഇത്തവണ ഞാൻ എന്റെ സകലബാധകളും പൂർണശക്തിയോടെ നിന്റെയും ഉദ്യോഗസ്ഥരുടെയും ജനത്തിന്റെയും നേർക്ക് അയയ്ക്കും. സർവഭൂമിയിലും എനിക്കു തുല്യനായി ആരുമില്ല എന്നു നീ അങ്ങനെ അറിയും. ഇപ്പോൾത്തന്നെ എന്റെ കൈനീട്ടി നിന്നെയും നിന്റെ ജനത്തെയും ബാധയാൽ ദണ്ഡിപ്പിച്ച് ഭൂമിയിൽനിന്ന് തുടച്ചുനീക്കാമായിരുന്നു. എന്റെ ശക്തി നിനക്കു കാണിച്ചുതരികയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു.