പുറപ്പാട് 6:2-11

പുറപ്പാട് 6:2-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല. അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു. മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ട് എന്റെ നിയമം ഓർത്തുമിരിക്കുന്നു. അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് ഉദ്ധരിച്ച് അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങൾക്ക് അവകാശമായി തരും. ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെതന്നെ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോട്, യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു.

പുറപ്പാട് 6:2-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവം മോശയോടു പറഞ്ഞു: “ഞാൻ സർവേശ്വരനാകുന്നു. ഞാൻ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും സർവശക്തനായ ദൈവമായി പ്രത്യക്ഷപ്പെട്ടു. എന്നാൽ “സർവേശ്വരൻ” എന്ന നാമത്തിൽ അവർക്കു വെളിപ്പെട്ടിരുന്നില്ല. അവർ പരദേശിയായി പാർത്തിരുന്ന കനാൻദേശം അവർക്കു നല്‌കുമെന്ന് ഉടമ്പടി ചെയ്തിരുന്നു. ഈജിപ്തിൽ അടിമകളായി കഴിയുന്ന ഇസ്രായേൽജനങ്ങളുടെ ദീനരോദനം ഞാൻ കേട്ടു; എന്റെ ഉടമ്പടി ഞാൻ ഓർക്കുകയും ചെയ്തു. അതുകൊണ്ട് ഇസ്രായേൽജനത്തോടു പറയുക, ഞാൻ സർവേശ്വരനാകുന്നു. അടിമത്തത്തിൽനിന്നു ഞാൻ നിങ്ങളെ മോചിപ്പിക്കും; ഞാൻ അവരെ കഠിനമായി ശിക്ഷിക്കും. എന്റെ കരം നീട്ടി നിങ്ങളെ ഞാൻ രക്ഷിക്കും. നിങ്ങളെ ഞാൻ എന്റെ സ്വന്തജനമായി സ്വീകരിക്കും; ഞാൻ നിങ്ങളുടെ ദൈവമായിരിക്കും. ഈജിപ്തിലെ കഠിനാധ്വാനങ്ങളിൽനിന്നു നിങ്ങളെ മോചിപ്പിച്ച നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തേക്കു ഞാൻ നിങ്ങളെ നയിക്കും. അതു ഞാൻ നിങ്ങൾക്ക് അവകാശമായി നല്‌കും. ഞാൻ സർവേശ്വരൻ ആകുന്നു.” മോശ ഇപ്രകാരം ഇസ്രായേൽജനങ്ങളോടു പറഞ്ഞെങ്കിലും അവർ അതു ശ്രദ്ധിച്ചില്ല; അടിമത്തത്തിന്റെ ക്രൂരാനുഭവങ്ങൾ അവരുടെ മനസ്സിനെ അത്രമാത്രം തകർത്തിരുന്നു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കാൻ ഈജിപ്തിലെ രാജാവായ ഫറവോയോടു നീ ചെന്നു പറയുക.”

പുറപ്പാട് 6:2-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: “ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവ്വശക്തിയുള്ള ദൈവമായിട്ട് പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് വെളിപ്പെട്ടില്ല. അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു. മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽ മക്കളുടെ ഞരക്കം ഞാൻ കേട്ടു എന്‍റെ നിയമം ഓർത്തിരിക്കുന്നു. അതുകൊണ്ട് നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് രക്ഷിച്ച് അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എനിക്ക് ജനമാക്കുകയും ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് നിങ്ങളെ രക്ഷിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്ന് സത്യംചെയ്ത ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോയി, അത് നിങ്ങൾക്ക് അവകാശമായി തരും. ഞാൻ യഹോവ ആകുന്നു.” മോശെ ഇങ്ങനെതന്നെ യിസ്രായേൽ മക്കളോട് പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്ക് കേട്ടില്ല. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ ചെന്നു മിസ്രയീം രാജാവായ ഫറവോനോട് യിസ്രായേൽ മക്കളെ തന്‍റെ ദേശത്തുനിന്ന് വിട്ടയയ്ക്കുവാൻ പറയുക” എന്നു കല്പിച്ചു.

പുറപ്പാട് 6:2-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്താൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല. അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു. മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു എന്റെ നിയമം ഓർത്തുമിരിക്കുന്നു. അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങൾക്കു അവകാശമായി തരും. ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു.

പുറപ്പാട് 6:2-11 സമകാലിക മലയാളവിവർത്തനം (MCV)

ദൈവം മോശയോടു വീണ്ടും പറഞ്ഞു: “ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തനായ ദൈവമായി പ്രത്യക്ഷപ്പെട്ടു. എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിട്ടില്ല. അവർ പ്രവാസികളായി താമസിച്ചിരുന്ന കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോട് ഉടമ്പടിചെയ്തു. ഈജിപ്റ്റുകാർ അടിമകളാക്കിക്കൊണ്ടിരിക്കുന്ന ഇസ്രായേൽമക്കളുടെ നിലവിളി കേൾക്കുകയും ഞാൻ എന്റെ ഉടമ്പടി ഓർക്കുകയും ചെയ്തിരിക്കുന്നു. “ആകയാൽ, ഇസ്രായേല്യരോട് ഇപ്രകാരം പറയുക: ‘ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് വിടുവിക്കും; അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കും; നീട്ടിയ ഭുജത്താലും മഹാശിക്ഷാവിധികളാലും ഞാൻ നിങ്ങളെ ഉദ്ധരിക്കും. ഞാൻ നിങ്ങളെ സ്വന്തജനമായി സ്വീകരിക്കുകയും ഞാൻ നിങ്ങളുടെ ദൈവം ആയിരിക്കുകയും ചെയ്യും. ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് നിങ്ങളെ വിടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ഞാൻതന്നെ എന്നു നിങ്ങൾ അപ്പോൾ മനസ്സിലാക്കും. അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്ന് അതു നിങ്ങൾക്ക് അവകാശമായിത്തരും. ഞാൻ യഹോവ ആകുന്നു.’ ” മോശ ഇത് ഇസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ തങ്ങളെ തളർത്തുന്നരീതിയിലുള്ള ക്രൂരമായ അടിമത്തം നിമിത്തം അവർ മോശയുടെ വാക്കു ശ്രദ്ധിച്ചില്ല. ഇതിനുശേഷം യഹോവ മോശയോട്, “നീ ചെന്ന് ഈജിപ്റ്റിലെ രാജാവായ ഫറവോനോട്, ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു പറയുക” എന്നു കൽപ്പിച്ചു.