പുറപ്പാട് 6:1-30
പുറപ്പാട് 6:1-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ മോശെയോട്: ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് അവൻ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്റെ ദേശത്തുനിന്ന് ഓടിച്ചുകളയും എന്ന് അരുളിച്ചെയ്തു. ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല. അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു. മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ട് എന്റെ നിയമം ഓർത്തുമിരിക്കുന്നു. അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് ഉദ്ധരിച്ച് അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങൾക്ക് അവകാശമായി തരും. ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെതന്നെ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോട്, യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു. അതിനു മോശെ: യിസ്രായേൽമക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു. അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്ന് പുറപ്പെടുവിക്കേണ്ടതിന് അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു. അവരുടെ കുടുംബത്തലവന്മാർ ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി; ഇവ രൂബേന്റെ കുലങ്ങൾ. ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൗൽ; ഇവ ശിമെയോന്റെ കുലങ്ങൾ. വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു. ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു. കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തിമൂന്നു സംവത്സരം. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി; ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു. അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു. അമ്രാമിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരമായിരുന്നു. യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി. ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി. അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവനു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു. കോരഹിന്റെ പുത്രന്മാർ: അസ്സൂർ, എല്ക്കാനാ, അബീയാസാഫ്, ഇവ കോരഹ്യകുലങ്ങൾ. അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അവനു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലംകുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു. നിങ്ങൾ യിസ്രായേൽമക്കളെ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നെ. യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നെ. യഹോവ മിസ്രയീംദേശത്തുവച്ചു മോശെയോട് അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു. അതിനു മോശെ: ഞാൻ വാഗ്വൈഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്ക് എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
പുറപ്പാട് 6:1-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഫറവോയോടു ചെയ്യാൻ പോകുന്നത് നീ ഇപ്പോൾ കാണും; എന്റെ ശക്തിയുള്ള കരം നിമിത്തം അവൻ ജനത്തെ വിട്ടയയ്‍ക്കും. എന്റെ കരുത്തുറ്റ കരം നിമിത്തം അവൻ അവരെ ഈ ദേശത്തുനിന്നു പറഞ്ഞയയ്‍ക്കേണ്ടി വരും.” ദൈവം മോശയോടു പറഞ്ഞു: “ഞാൻ സർവേശ്വരനാകുന്നു. ഞാൻ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും സർവശക്തനായ ദൈവമായി പ്രത്യക്ഷപ്പെട്ടു. എന്നാൽ “സർവേശ്വരൻ” എന്ന നാമത്തിൽ അവർക്കു വെളിപ്പെട്ടിരുന്നില്ല. അവർ പരദേശിയായി പാർത്തിരുന്ന കനാൻദേശം അവർക്കു നല്‌കുമെന്ന് ഉടമ്പടി ചെയ്തിരുന്നു. ഈജിപ്തിൽ അടിമകളായി കഴിയുന്ന ഇസ്രായേൽജനങ്ങളുടെ ദീനരോദനം ഞാൻ കേട്ടു; എന്റെ ഉടമ്പടി ഞാൻ ഓർക്കുകയും ചെയ്തു. അതുകൊണ്ട് ഇസ്രായേൽജനത്തോടു പറയുക, ഞാൻ സർവേശ്വരനാകുന്നു. അടിമത്തത്തിൽനിന്നു ഞാൻ നിങ്ങളെ മോചിപ്പിക്കും; ഞാൻ അവരെ കഠിനമായി ശിക്ഷിക്കും. എന്റെ കരം നീട്ടി നിങ്ങളെ ഞാൻ രക്ഷിക്കും. നിങ്ങളെ ഞാൻ എന്റെ സ്വന്തജനമായി സ്വീകരിക്കും; ഞാൻ നിങ്ങളുടെ ദൈവമായിരിക്കും. ഈജിപ്തിലെ കഠിനാധ്വാനങ്ങളിൽനിന്നു നിങ്ങളെ മോചിപ്പിച്ച നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തേക്കു ഞാൻ നിങ്ങളെ നയിക്കും. അതു ഞാൻ നിങ്ങൾക്ക് അവകാശമായി നല്‌കും. ഞാൻ സർവേശ്വരൻ ആകുന്നു.” മോശ ഇപ്രകാരം ഇസ്രായേൽജനങ്ങളോടു പറഞ്ഞെങ്കിലും അവർ അതു ശ്രദ്ധിച്ചില്ല; അടിമത്തത്തിന്റെ ക്രൂരാനുഭവങ്ങൾ അവരുടെ മനസ്സിനെ അത്രമാത്രം തകർത്തിരുന്നു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കാൻ ഈജിപ്തിലെ രാജാവായ ഫറവോയോടു നീ ചെന്നു പറയുക.” എന്നാൽ മോശ സർവേശ്വരനോടു പറഞ്ഞു: “ഇസ്രായേൽജനം എന്നെ ശ്രദ്ധിച്ചില്ലല്ലോ; പിന്നെ വാക്സാമർഥ്യമില്ലാത്ത എന്നെ ഫറവോ എങ്ങനെ ശ്രദ്ധിക്കും. സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ ഞാൻ നിങ്ങളെ നിയമിച്ചിരിക്കുന്നുവെന്ന് ഇസ്രായേൽജനങ്ങളോടും ഈജിപ്തിലെ രാജാവായ ഫറവോയോടും പറയുക.” യാക്കോബിന്റെ ആദ്യജാതനായ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു; ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി. രൂബേൻഗോത്രത്തിലെ കുടുംബത്തലവന്മാർ ഇവരായിരുന്നു. ശിമെയോന്റെ പുത്രന്മാർ: യെമുവേൽ, യാമിൻ, ഓഹദ്, യാക്കിൻ, സോഹർ എന്നിവരും കനാന്യസ്‍ത്രീയിൽ ജനിച്ച ശൗലും ആകുന്നു. ഇവർ ശിമെയോൻഗോത്രത്തിലെ കുടുംബത്തലവന്മാർ. തലമുറയനുസരിച്ച് ലേവിയുടെ പുത്രന്മാർ ഗേർശോൻ, കെഹാത്ത്, മെരാരി എന്നിവരായിരുന്നു. ലേവി നൂറ്റിമുപ്പത്തേഴുവർഷം ജീവിച്ചിരുന്നു. ഗേർശോന്റെ പിൻതലമുറക്കാരാണ് ലിബ്നിയും ശിമെയിയും അവരുടെ കുടുംബങ്ങളും. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ എന്നിവർ. കെഹാത്ത് നൂറ്റിമുപ്പത്തിമൂന്നു വർഷം ജീവിച്ചിരുന്നു. മെരാരിയുടെ പുത്രന്മാരാണ് മഹ്ലിയും മൂശിയും. ലേവിയുടെ പിൻതലമുറക്കാരുടെ കുലങ്ങൾ ഇവയാണ്. അമ്രാം പിതൃസഹോദരിയായ യോഖേബെദിനെ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് മോശയും അഹരോനും. അമ്രാം നൂറ്റിമുപ്പത്തേഴു വർഷം ജീവിച്ചിരുന്നു. ഇസ്ഹാരിന്റെ പുത്രന്മാർ കോരഹ്, നേഫെഗ്, സിക്രി എന്നിവരാകുന്നു. ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി എന്നിവരായിരുന്നു. അമ്മീനാദാബിന്റെ പുത്രിയും നഹശോന്റെ സഹോദരിയുമായ എലീശേബയെ അഹരോൻ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് നാദാബും അബീഹൂവും എലെയാസാരും ഇഥാമാരും. കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാനാ, അബീയാസഫ്. ഇവരാണ് കോരഹ്‍വംശജർ. അഹരോന്റെ പുത്രനായ എലെയാസാർ പുതിയേലിന്റെ പുത്രിമാരിൽ ഒരാളെ വിവാഹം ചെയ്തു. അവളുടെ പുത്രനാണ് ഫീനെഹാസ്. ലേവിഗോത്രത്തിൽ പെട്ട കുലങ്ങളുടെയും കുടുംബങ്ങളുടെയും തലവന്മാർ ഇവരാകുന്നു. ഇസ്രായേൽജനത്തെ കൂട്ടമായി ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ സർവേശ്വരൻ കല്പിച്ചത് ഈ മോശയോടും അഹരോനോടും ആയിരുന്നു. ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു വിട്ടയയ്‍ക്കാൻ ഫറവോയോടു സംസാരിച്ചതും ഇവരാണ്. ഈജിപ്തിൽവച്ചു സർവേശ്വരൻ മോശയോടു സംസാരിച്ച ദിവസം അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ സർവേശ്വരൻ ആകുന്നു; ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം ഈജിപ്തു രാജാവായ ഫറവോയോടു പറയണം.” മോശ സർവേശ്വരനോടു പറഞ്ഞു: “എനിക്ക് വാക്സാമർഥ്യമില്ല; പിന്നെ ഫറവോ എങ്ങനെ എന്നെ ശ്രദ്ധിക്കും?”
പുറപ്പാട് 6:1-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ മോശെയോട്: “ഞാൻ ഫറവോനോട് ചെയ്യുന്നത് എന്താണ് എന്നു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് ഫറവോൻ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്റെ ദേശത്തുനിന്ന് ഓടിച്ചുകളയും” എന്നു അരുളിച്ചെയ്തു. ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: “ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവ്വശക്തിയുള്ള ദൈവമായിട്ട് പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് വെളിപ്പെട്ടില്ല. അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു. മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽ മക്കളുടെ ഞരക്കം ഞാൻ കേട്ടു എന്റെ നിയമം ഓർത്തിരിക്കുന്നു. അതുകൊണ്ട് നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് രക്ഷിച്ച് അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എനിക്ക് ജനമാക്കുകയും ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് നിങ്ങളെ രക്ഷിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്ന് സത്യംചെയ്ത ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോയി, അത് നിങ്ങൾക്ക് അവകാശമായി തരും. ഞാൻ യഹോവ ആകുന്നു.” മോശെ ഇങ്ങനെതന്നെ യിസ്രായേൽ മക്കളോട് പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്ക് കേട്ടില്ല. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ ചെന്നു മിസ്രയീം രാജാവായ ഫറവോനോട് യിസ്രായേൽ മക്കളെ തന്‍റെ ദേശത്തുനിന്ന് വിട്ടയയ്ക്കുവാൻ പറയുക” എന്നു കല്പിച്ചു. അതിന് മോശെ: “യിസ്രായേൽ മക്കൾ എന്‍റെ വാക്ക് കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ലല്ലോ” എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു. അതിനുശേഷം യഹോവ മോശെയോടും അഹരോനോടും സംസാരിച്ചു. യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കേണ്ടതിന് അവരെ യിസ്രായേൽ മക്കളുടെ അടുക്കലേക്കും മിസ്രയീമിലെ രാജാവായ ഫറവോന്‍റെ അടുക്കലേക്കും നിയോഗിച്ചയച്ചു. അവരുടെ കുടുംബത്തലവന്മാർ: യിസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, പല്ലൂ, ഹെസ്രോൻ, കർമ്മി; ഇവർ രൂബേന്‍റെ കുലങ്ങൾ. ശിമെയോന്‍റെ മക്കൾ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൗല്‍; ഇവർ ശിമെയോന്‍റെ കുലങ്ങൾ. വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴ് വര്‍ഷം ആയിരുന്നു. ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കെഹാത്തിന്‍റെ ആയുഷ്കാലം നൂറ്റി മുപ്പത്തിമൂന്ന് വര്‍ഷം. മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി, ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു. അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബേദിനെ വിവാഹം കഴിച്ചു; അവൾ അവനു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴ് വര്‍ഷം ആയിരുന്നു. യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി. ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി. അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോൻ്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവനു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു. കോരഹിന്റെ പുത്രന്മാർ, അസ്സീർ, എൽക്കാനാ അബിയാസാഫ്. ഇവ കോരഹ്യകുലങ്ങൾ. അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിൻ്റെ പുത്രിമാരിൽ ഒരുവളെ വിവാഹം കഴിച്ചു. അവൾ അവനു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലംകുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു. “നിങ്ങൾ യിസ്രായേൽ മക്കളെ ഗണംഗണമായി മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കുവിൻ” എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നെ. യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കുവാൻ മിസ്രയീമിലെ രാജാവായ ഫറവോനോട് സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നെ. 3 യഹോവ മിസ്രയീമിൽ വച്ചു മോശെയോട് അരുളിച്ചെയ്ത ദിവസം: “ഞാൻ യഹോവ ആകുന്നു; ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ മിസ്രയീമിലെ രാജാവായ ഫറവോനോട് പറയേണം” എന്നു യഹോവ മോശെയോട് കല്പിച്ചു. അതിന് മോശെ: “ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ; ഫറവോൻ എന്റെ വാക്ക് എങ്ങനെ കേൾക്കും” എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
പുറപ്പാട് 6:1-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ മോശെയോടു: ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ടു അവൻ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഓടിച്ചുകളയും എന്നു അരുളിച്ചെയ്തു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്താൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല. അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു. മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു എന്റെ നിയമം ഓർത്തുമിരിക്കുന്നു. അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങൾക്കു അവകാശമായി തരും. ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു. അതിന്നു മോശെ: യിസ്രായേൽമക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു. അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു. അവരുടെ കുടുംബത്തലവന്മാർ ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി; ഇവ രൂബേന്റെ കുലങ്ങൾ. ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൗൽ; ഇവ ശിമെയോന്റെ കുലങ്ങൾ. വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു. ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു. കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തുമൂന്നു സംവത്സരം. മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി. ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു. അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു. യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി. ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി. അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു. കോരഹിന്റെ പുത്രന്മാർ: അസ്സൂർ, എൽക്കാനാ അബിയാസാഫ്. ഇവ കോരഹ്യകുലങ്ങൾ. അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലം കുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു. നിങ്ങൾ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നേ. യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നേ. യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു. അതിന്നു മോശെ: ഞാൻ വാഗ്വൈവഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്കു എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
പുറപ്പാട് 6:1-30 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ യഹോവ മോശയോട്, “ഞാൻ ഫറവോനോട് എന്തു ചെയ്യുമെന്നു നീ കാണും. എന്റെ ശക്തിയുള്ള ഭുജംനിമിത്തം അവൻ അവരെ വിട്ടയയ്ക്കും; എന്റെ ബലമുള്ള കരം കണ്ടിട്ട് അവൻ അവരെ ദേശത്തുനിന്ന് ആട്ടിയോടിക്കും” എന്ന് അരുളിച്ചെയ്തു. ദൈവം മോശയോടു വീണ്ടും പറഞ്ഞു: “ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തനായ ദൈവമായി പ്രത്യക്ഷപ്പെട്ടു. എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിട്ടില്ല. അവർ പ്രവാസികളായി താമസിച്ചിരുന്ന കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോട് ഉടമ്പടിചെയ്തു. ഈജിപ്റ്റുകാർ അടിമകളാക്കിക്കൊണ്ടിരിക്കുന്ന ഇസ്രായേൽമക്കളുടെ നിലവിളി കേൾക്കുകയും ഞാൻ എന്റെ ഉടമ്പടി ഓർക്കുകയും ചെയ്തിരിക്കുന്നു. “ആകയാൽ, ഇസ്രായേല്യരോട് ഇപ്രകാരം പറയുക: ‘ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് വിടുവിക്കും; അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കും; നീട്ടിയ ഭുജത്താലും മഹാശിക്ഷാവിധികളാലും ഞാൻ നിങ്ങളെ ഉദ്ധരിക്കും. ഞാൻ നിങ്ങളെ സ്വന്തജനമായി സ്വീകരിക്കുകയും ഞാൻ നിങ്ങളുടെ ദൈവം ആയിരിക്കുകയും ചെയ്യും. ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് നിങ്ങളെ വിടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ഞാൻതന്നെ എന്നു നിങ്ങൾ അപ്പോൾ മനസ്സിലാക്കും. അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്ന് അതു നിങ്ങൾക്ക് അവകാശമായിത്തരും. ഞാൻ യഹോവ ആകുന്നു.’ ” മോശ ഇത് ഇസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ തങ്ങളെ തളർത്തുന്നരീതിയിലുള്ള ക്രൂരമായ അടിമത്തം നിമിത്തം അവർ മോശയുടെ വാക്കു ശ്രദ്ധിച്ചില്ല. ഇതിനുശേഷം യഹോവ മോശയോട്, “നീ ചെന്ന് ഈജിപ്റ്റിലെ രാജാവായ ഫറവോനോട്, ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു പറയുക” എന്നു കൽപ്പിച്ചു. എന്നാൽ മോശ യഹോവയോട്, “ഇസ്രായേൽമക്കൾപോലും എന്റെ വാക്കു കേൾക്കുന്നില്ല, പിന്നെ ഫറവോൻ എന്റെ വാക്കു കേൾക്കുന്നതെങ്ങനെ? ഞാൻ വാക്ചാതുര്യമുള്ളവനല്ലല്ലോ” എന്നു പറഞ്ഞു. എന്നാൽ യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു. ഇസ്രായേൽജനത്തെ ഈജിപ്റ്റിൽനിന്ന് വിടുവിക്കേണ്ടതിന് ഇസ്രായേൽമക്കളുടെ അടുക്കലേക്കും ഈജിപ്റ്റുരാജാവായ ഫറവോന്റെ അടുക്കലേക്കും അവിടന്ന് ഞങ്ങളെ നിയോഗിച്ചയച്ചു. അവരുടെ പിതൃഭവനങ്ങളിലെ തലവന്മാർ ഇവരായിരുന്നു: ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി; ഇവയായിരുന്നു രൂബേന്റെ കുലങ്ങൾ. ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമിൻ, ഓഹദ്, യാഖീൻ, സോഹർ, ഒരു കനാന്യസ്ത്രീയുടെ മകനായ ശാവൂൽ; ഇവയായിരുന്നു ശിമെയോന്റെ കുലങ്ങൾ. തങ്ങളുടെ വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി. (ലേവി 137 വർഷം ജീവിച്ചിരുന്നു.) കുലങ്ങളുടെ ക്രമമനുസരിച്ച് ഗെർശോന്റെ പുത്രന്മാർ ലിബ്നിയും ശിമെയിയും ആയിരുന്നു. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ എന്നിവരായിരുന്നു. (കെഹാത്ത് 133 വർഷം ജീവിച്ചിരുന്നു.) മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി എന്നിവരായിരുന്നു. ഇവരാണ് തങ്ങളുടെ പ്രമാണരേഖകളിൻപ്രകാരം ലേവിയുടെ കുലങ്ങൾ. അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബേദിനെ വിവാഹംകഴിച്ചു; അവൾ അവന് അഹരോനെയും മോശയെയും പ്രസവിച്ചു. അമ്രാം നൂറ്റിമുപ്പത്തിയേഴു വർഷം ജീവിച്ചിരുന്നു. യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി എന്നിവരായിരുന്നു. ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എത്സാഫാൻ, സിത്രി. അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ പെങ്ങളുമായ എലീശേബയെ വിവാഹംകഴിച്ചു; അവൾ അവന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു. കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാനാ, അബീയാസാഫ് എന്നിവരായിരുന്നു. കോരഹിന്റെ കുലങ്ങൾ ഇവതന്നെ. അഹരോന്റെ മകനായ എലെയാസാർ ഫൂതിയേലിന്റെ പെൺമക്കളിൽ ഒരുവളെ വിവാഹംകഴിച്ചു; അവൾ അവന് ഫീനെഹാസിനെ പ്രസവിച്ചു. ഇവരായിരുന്നു ലേവ്യകുടുംബങ്ങളുടെ കുലംകുലമായുള്ള തലവന്മാർ. “ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോരുക” എന്ന് യഹോവ കൽപ്പിച്ചത് ഇതേ അഹരോനോടും മോശയോടും ആയിരുന്നു. ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനെപ്പറ്റി ഈജിപ്റ്റിലെ രാജാവായ ഫറവോനോടു സംസാരിച്ചവരും ഇവരായിരുന്നു—ഈ മോശയും അഹരോനും. യഹോവ ഈജിപ്റ്റിൽവെച്ചു മോശയോടു സംസാരിച്ചപ്പോൾ അവിടന്ന്, “ഞാൻ യഹോവ ആകുന്നു, ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം ഈജിപ്റ്റിലെ രാജാവായ ഫറവോനോടു പറയുക” എന്നു കൽപ്പിച്ചു. എന്നാൽ മോശ യഹോവയോട്, “വാക്ചാതുര്യമില്ലാത്തവനാണു ഞാൻ; ഫറവോൻ എന്റെ വാക്കു കേൾക്കുന്നതെങ്ങനെ?” എന്നു ചോദിച്ചു.