പുറപ്പാട് 4:18-23
പുറപ്പാട് 4:18-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്ന് അവനോട്: ഞാൻ പുറപ്പെട്ട്, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു. യഹോവ മിദ്യാനിൽവച്ചു മോശെയോട്: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്ന് അരുളിച്ചെയ്തു. അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തു കയറ്റി മിസ്രയീംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കൈയിൽ എടുത്തു. യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അദ്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. നീ ഫറവോനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ. എനിക്കു ശുശ്രൂഷ ചെയ്വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെതന്നെ കൊന്നുകളയും എന്നു പറക.
പുറപ്പാട് 4:18-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ ഭാര്യാപിതാവായ യിത്രോവിനെ സമീപിച്ചു പറഞ്ഞു: “എന്റെ ചാർച്ചക്കാർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ എന്ന് അറിയാൻ ഈജിപ്തിലേക്ക് മടങ്ങിപ്പോകാൻ എന്നെ അനുവദിച്ചാലും.” യിത്രോ പറഞ്ഞു: “സമാധാനത്തോടെ പോകുക.” സർവേശ്വരൻ മോശയോട് മിദ്യാനിൽവച്ച് അരുളിച്ചെയ്തു: “ഈജിപ്തിലേക്കു മടങ്ങിപ്പോകുക; നിന്നെ കൊല്ലാൻ ശ്രമിച്ചവരെല്ലാം മരിച്ചുപോയിരിക്കുന്നു.” മോശ ഭാര്യയെയും പുത്രന്മാരെയും കഴുതപ്പുറത്തു കയറ്റി ഈജിപ്തിലേക്കു യാത്രയായി; ദൈവത്തിന്റെ ശക്തി വെളിപ്പെടുത്താനുപയോഗിക്കേണ്ട വടിയും മോശ കൈയിലെടുത്തു. സർവേശ്വരൻ വീണ്ടും മോശയോട് അരുളിച്ചെയ്തു: “നീ ഈജിപ്തിൽ മടങ്ങിച്ചെന്ന് ഞാൻ നിനക്ക് വശമാക്കി തന്നിട്ടുള്ള എല്ലാ അദ്ഭുതങ്ങളും ഫറവോയുടെ മുമ്പിൽ ചെയ്യണം. എന്നാൽ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. അവൻ ജനത്തെ വിട്ടയയ്‍ക്കുകയില്ല. നീ ഫറവോയോടു പറയണം; സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇസ്രായേൽ എന്റെ ആദ്യജാതനാണ്. ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: എന്നെ ആരാധിക്കാൻ എന്റെ പുത്രനെ വിട്ടയയ്‍ക്കുക. നീ അതിനു വിസമ്മതിച്ചാൽ ഞാൻ നിന്റെ ആദ്യജാതനെ വധിക്കും.”
പുറപ്പാട് 4:18-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിൻ്റെ അടുക്കൽ ചെന്നു അവനോട്: “ഞാൻ പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു, അവർ ജീവനോടിരിക്കുന്നുവോ” എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോട്: “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. യഹോവ മിദ്യാനിൽവച്ച് മോശെയോട്: “മിസ്രയീമിലേക്കു മടങ്ങിപ്പോകുക; നിന്നെ കൊല്ലുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി” എന്നു അരുളിച്ചെയ്തു. അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്ത് കയറ്റി മിസ്രയീമിലേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു. യഹോവ മോശെയോട് അരുളിച്ചെയ്തത്: “നീ മിസ്രയീമിൽ എത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്യുവാൻ ഓർത്തുകൊള്ളുക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. നീ ഫറവോനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ. എനിക്ക് ശുശ്രൂഷ ചെയ്യുവാൻ എന്‍റെ പുത്രനെ വിട്ടയയ്ക്കണമെന്ന് ഞാൻ നിന്നോട് കല്പിക്കുന്നു; അവനെ വിട്ടയയ്ക്കുവാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നെ കൊന്നുകളയും” എന്നു പറയുക.
പുറപ്പാട് 4:18-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്നു അവനോടു: ഞാൻ പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. യഹോവ മിദ്യാനിൽവെച്ചു മോശെയോടു: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്നു അരുളിച്ചെയ്തു. അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തു കയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു. യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. എനിക്കു ശുശ്രൂഷ ചെയ്വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.
പുറപ്പാട് 4:18-23 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെ മോശ തന്റെ അമ്മായിയപ്പനായ യിത്രോവിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്, “ഈജിപ്റ്റിൽ എന്റെ സ്വജനങ്ങളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കേണ്ടതിന് അവരുടെ അടുക്കൽ പോകാൻ എന്നെ അനുവദിക്കണം” എന്നു പറഞ്ഞു. അതിനു യിത്രോ, “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. യഹോവ മോശയോടു മിദ്യാനിൽവെച്ച്, “ഈജിപ്റ്റിലേക്കു മടങ്ങിപ്പൊയ്ക്കൊൾക; നിന്നെ വധിക്കാൻ ആഗ്രഹിച്ച പുരുഷന്മാരെല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തിരുന്നു. അങ്ങനെ മോശ തന്റെ ഭാര്യയെയും പുത്രന്മാരെയും ഒരു കഴുതപ്പുറത്തു കയറ്റി, അവരെയും കൂട്ടി തിരികെ ഈജിപ്റ്റിലേക്കു യാത്രയായി. ദൈവത്തിന്റെ വടിയും അദ്ദേഹം കൈയിൽ എടുത്തു. യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഈജിപ്റ്റിൽ ചെല്ലുമ്പോൾ ഞാൻ നിന്നെ ഭരമേൽപ്പിച്ചിട്ടുള്ള സകല അത്ഭുതങ്ങളും ഫറവോന്റെ മുമ്പാകെ ചെയ്യണം. എന്നാൽ ഞാൻ അവന്റെ ഹൃദയം കഠിനമാക്കുമ്പോൾ ജനങ്ങളെ പോകാൻ അവൻ അനുവദിക്കാതിരിക്കുകയും ചെയ്യും. അപ്പോൾ ഫറവോനോട്, ഇപ്രകാരം പറയണം, ‘യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻതന്നെ. “എന്നെ ആരാധിക്കാൻ എന്റെ പുത്രനെ വിട്ടയയ്ക്കണം” എന്നു ഞാൻ നിന്നോടു പറഞ്ഞല്ലോ. എന്നാൽ നീ അവനെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ, കൊന്നുകളയും’ എന്നുകൂടി പറയുക.”