പുറപ്പാട് 4:10-12
പുറപ്പാട് 4:10-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ യഹോവയോട്: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. അതിന് യഹോവ അവനോട്: മനുഷ്യനു വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന്, നീ സംസാരിക്കേണ്ടതു നിനക്ക് ഉപദേശിച്ചുതരും എന്ന് അരുളിച്ചെയ്തു.
പുറപ്പാട് 4:10-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ സർവേശ്വരനോടു പറഞ്ഞു: “സർവേശ്വരാ, ഞാൻ വാക്സാമർഥ്യം ഇല്ലാത്തവൻ; അവിടുന്ന് ഈ ദാസനോട് സംസാരിക്കുന്നതിനു മുമ്പും ഇപ്പോഴും അങ്ങനെതന്നെ. സംസാരിക്കുമ്പോൾ എനിക്ക് തടസ്സവുമുണ്ട്.” അപ്പോൾ അവിടുന്നു ചോദിച്ചു: “മനുഷ്യന് വായ് നല്കിയതാര്? ഒരുവനെ മൂകനോ, ബധിരനോ, കാഴ്ചയുള്ളവനോ, കാഴ്ചയില്ലാത്തവനോ ആക്കുന്നത് ആര്? സർവേശ്വരനായ ഞാൻ അല്ലേ? അതുകൊണ്ട് ഉടനെ പുറപ്പെടുക. ഞാൻ ഞാനാകുന്നവൻ തന്നെ, നിന്റെ നാവിനോടൊപ്പം ഉണ്ടായിരിക്കും. സംസാരിക്കേണ്ടത് ഞാൻ നിനക്കു പറഞ്ഞുതരും.”
പുറപ്പാട് 4:10-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ യഹോവയോട്: “കർത്താവേ, നീ അടിയനോട് സംസാരിച്ചതിന് മുമ്പും അതിനുശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു. അതിന് യഹോവ അവനോട്: “മനുഷ്യന് വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന് നീ സംസാരിക്കേണ്ടത് നിനക്കു ഉപദേശിച്ചു തരും” എന്നു അരുളിച്ചെയ്തു.
പുറപ്പാട് 4:10-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.
പുറപ്പാട് 4:10-12 സമകാലിക മലയാളവിവർത്തനം (MCV)
മോശ യഹോവയോട്, “കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിച്ചാലും; അടിയൻ മുമ്പുതന്നെയോ, അവിടന്ന് അടിയനോടു സംസാരിച്ചതിനുശേഷമോ ഒരിക്കലും വാക്ചാതുര്യമുള്ളവനായിരുന്നിട്ടില്ല. അടിയൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു. യഹോവ അവനോട്, “മനുഷ്യന്റെ വായ് മെനഞ്ഞതാര്? അവനെ ബധിരനോ മൂകനോ ആക്കുന്നതാര്? അവനു കാഴ്ച നൽകുന്നതോ അവനെ അന്ധനാക്കുന്നതോ ആര്? യഹോവയായ ഞാൻ അല്ലയോ? ഇപ്പോൾ പോകുക; ഞാൻ നിന്നെ സംസാരിക്കാൻ സഹായിക്കുകയും എന്തു പറയണമെന്നു നിനക്ക് ഉപദേശിച്ചുതരികയും ചെയ്യും” എന്നു പറഞ്ഞു.