പുറപ്പാട് 4:1-17 - Compare All Versions

പുറപ്പാട് 4:1-17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അതിനു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്ക് കേൾക്കാതെയും, യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു. യഹോവ അവനോട്: നിന്റെ കൈയിൽ ഇരിക്കുന്നത് എന്ത് എന്നു ചോദിച്ചു. ഒരു വടി എന്ന് അവൻ പറഞ്ഞു. അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ട് ഓടിപ്പോയി. യഹോവ മോശെയോട്: നിന്റെ കൈ നീട്ടി അതിനെ വാലിനു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്റെ കൈയിൽ വടിയായിത്തീർന്നു. ഇത് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്ന് അവർ വിശ്വസിക്കേണ്ടതിന് ആകുന്നു. യഹോവ പിന്നെയും അവനോട്: നിന്റെ കൈ മാർവിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠം ഉള്ളതായി കണ്ടു. നിന്റെ കൈ വീണ്ടും മാർവിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവിടത്തിൽ ഇട്ടു, മാർവിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു. എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും. ഈ രണ്ട് അടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കേണം; നദിയിൽനിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായിത്തീരും. മോശെ യഹോവയോട്: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. അതിന് യഹോവ അവനോട്: മനുഷ്യനു വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന്, നീ സംസാരിക്കേണ്ടതു നിനക്ക് ഉപദേശിച്ചുതരും എന്ന് അരുളിച്ചെയ്തു. എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയയ്ക്കേണമേ എന്നു പറഞ്ഞു. അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരേ ജ്വലിച്ചു, അവൻ അരുളിച്ചെയ്തത്: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവനു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു. നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും. നീ അവനോടു സംസാരിച്ച് അവനു വാക്കു പറഞ്ഞു കൊടുക്കേണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കും. നിങ്ങൾ ചെയ്യേണ്ടുന്നത് ഉപദേശിച്ചു തരും. നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവനു ദൈവവും ആയിരിക്കും. അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന് ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊൾക.

പങ്ക് വെക്കു
പുറപ്പാട് 4 MALOVBSI

പുറപ്പാട് 4:1-17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മോശ പറഞ്ഞു: “അവർ എന്നെ വിശ്വസിക്കുകയില്ല, ഞാൻ പറയുന്നതു ശ്രദ്ധിക്കുകയുമില്ല. ‘സർവേശ്വരൻ നിനക്കു പ്രത്യക്ഷപ്പെട്ടില്ല’ എന്ന് അവർ പറയും.” അപ്പോൾ അവിടുന്നു ചോദിച്ചു: “നിന്റെ കൈയിലിരിക്കുന്നതെന്താണ്?” അദ്ദേഹം പറഞ്ഞു: “ഒരു വടി.” അവിടുന്ന് അരുളിച്ചെയ്തു: “നീ അതു നിലത്തിടുക.” മോശ വടി താഴെയിട്ടപ്പോൾ അതു സർപ്പമായിത്തീർന്നു; മോശ അതിനെ കണ്ട് ഓടിയകന്നു. എന്നാൽ അവിടുന്നു മോശയോട് അരുളിച്ചെയ്തു: “നീ കൈ നീട്ടി അതിന്റെ വാലിൽ പിടിക്കുക.” അദ്ദേഹം അതിനെ പിടിച്ചപ്പോൾ അതു വീണ്ടും വടിയായിത്തീർന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ നിനക്കു പ്രത്യക്ഷനായി എന്ന് അവർ ഇതുനിമിത്തം വിശ്വസിക്കും.” സർവേശ്വരൻ വീണ്ടും മോശയോടു കല്പിച്ചു: “നിന്റെ കൈ നിന്റെ മാറിടത്തിൽ വയ്‍ക്കുക.” മോശെ കൈ മാറിടത്തിൽ വച്ചു. തിരിച്ചെടുത്തപ്പോൾ അതു കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെള്ള നിറമായി. “കൈ വീണ്ടും മാറിടത്തിൽ വയ്‍ക്കുക.” ദൈവം കല്പിച്ചു. കൈ മാറിടത്തിൽ വച്ചിട്ടു തിരിച്ചെടുത്തപ്പോൾ അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾപോലെ ആയിത്തീർന്നു. അവർ നിന്നെ വിശ്വസിക്കാതെ ആദ്യ അടയാളം നിരാകരിച്ചാൽ രണ്ടാമത്തെ അടയാളം വിശ്വസിക്കും. അവർ ഈ രണ്ട് അടയാളങ്ങളും അവിശ്വസിച്ചു നിന്റെ വാക്കു ശ്രദ്ധിക്കാതെയിരുന്നാൽ നൈൽനദിയിൽനിന്നു കുറെ വെള്ളമെടുത്ത് ഉണങ്ങിയ നിലത്തൊഴിക്കണം; അത് അവിടെ രക്തമായിത്തീരും.” മോശ സർവേശ്വരനോടു പറഞ്ഞു: “സർവേശ്വരാ, ഞാൻ വാക്സാമർഥ്യം ഇല്ലാത്തവൻ; അവിടുന്ന് ഈ ദാസനോട് സംസാരിക്കുന്നതിനു മുമ്പും ഇപ്പോഴും അങ്ങനെതന്നെ. സംസാരിക്കുമ്പോൾ എനിക്ക് തടസ്സവുമുണ്ട്.” അപ്പോൾ അവിടുന്നു ചോദിച്ചു: “മനുഷ്യന് വായ് നല്‌കിയതാര്? ഒരുവനെ മൂകനോ, ബധിരനോ, കാഴ്ചയുള്ളവനോ, കാഴ്ചയില്ലാത്തവനോ ആക്കുന്നത് ആര്? സർവേശ്വരനായ ഞാൻ അല്ലേ? അതുകൊണ്ട് ഉടനെ പുറപ്പെടുക. ഞാൻ ഞാനാകുന്നവൻ തന്നെ, നിന്റെ നാവിനോടൊപ്പം ഉണ്ടായിരിക്കും. സംസാരിക്കേണ്ടത് ഞാൻ നിനക്കു പറഞ്ഞുതരും.” മോശയാകട്ടെ വീണ്ടും അപേക്ഷിച്ചു: “എന്റെ സർവേശ്വരാ, മറ്റാരെയെങ്കിലും അയയ്‍ക്കേണമേ.” അപ്പോൾ സർവേശ്വരൻ മോശയോട് കുപിതനായി പറഞ്ഞു: “ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലേ? അവൻ നല്ല വാക്ചാതുര്യമുള്ളവനാണല്ലോ. നിന്നെ കാണാൻ അവൻ വരുന്നുണ്ട്; നിന്നെ കാണുമ്പോൾ അവൻ സന്തോഷിക്കും. പറയേണ്ട കാര്യങ്ങൾ നീ അവനു പറഞ്ഞു കൊടുക്കണം. ഞാൻ നിങ്ങൾ ഇരുവരുടെയും നാവിനെ ശക്തിപ്പെടുത്തും; നിങ്ങൾ എന്താണു ചെയ്യേണ്ടതെന്നു ഞാൻ നിങ്ങളെ പഠിപ്പിക്കും. നിനക്കുവേണ്ടി അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു നാവ് ആയിരിക്കും. നീ അവനു ദൈവത്തെപ്പോലെ ആയിരിക്കും. അടയാളങ്ങൾക്കുള്ള വടി കൈയിൽ എടുത്തുകൊള്ളുക.

പങ്ക് വെക്കു
പുറപ്പാട് 4 MALCLBSI

പുറപ്പാട് 4:1-17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അതിന് മോശെ: “അവർ എന്നെ വിശ്വസിക്കാതെയും എന്‍റെ വാക്ക് കേൾക്കാതെയും: ‘യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല’ എന്നു പറയും” എന്നുത്തരം പറഞ്ഞു. യഹോവ അവനോട്: “നിന്‍റെ കയ്യിൽ ഇരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. “ഒരു വടി” എന്നു അവൻ പറഞ്ഞു. “അത് നിലത്തിടുക” എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ടു ഓടിപ്പോയി. യഹോവ മോശെയോട്: “നിന്‍റെ കൈ നീട്ടി അതിന്‍റെ വാലിൽ പിടിക്കുക” എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്‍റെ കയ്യിൽ വടിയായിത്തീർന്നു. “ഇത് അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന് ആകുന്നു.” യഹോവ പിന്നെയും അവനോട്: “നിന്‍റെ കൈ മാറിടത്തിൽ ഇടുക” എന്നു കല്പിച്ചു. അവൻ കൈ മാറിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ മഞ്ഞുപോലെ വെളുത്ത് കുഷ്ഠമുള്ളതായി കണ്ടു. “നിന്‍റെ കൈ വീണ്ടും മാറിടത്തിൽ ഇടുക” എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാറിടത്തിൽ ഇട്ടു, മാറിടത്തിൽനിന്ന് പുറത്തെടുത്തപ്പോൾ, അത് വീണ്ടും അവന്‍റെ ശരീരത്തിന്‍റെ മാംസംപോലെ ആയി കണ്ടു. എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം സമ്മതിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും. ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്‍റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളംകോരി ഉണങ്ങിയ നിലത്ത് ഒഴിക്കേണം; നദിയിൽ നിന്ന് കോരിയ വെള്ളം ഉണങ്ങിയ നിലത്ത് രക്തമായിത്തീരും.“ മോശെ യഹോവയോട്: “കർത്താവേ, നീ അടിയനോട് സംസാരിച്ചതിന് മുമ്പും അതിനുശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു. അതിന് യഹോവ അവനോട്: “മനുഷ്യന് വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്‍റെ വായോടുകൂടെ ഇരുന്ന് നീ സംസാരിക്കേണ്ടത് നിനക്കു ഉപദേശിച്ചു തരും” എന്നു അരുളിച്ചെയ്തു. എന്നാൽ മോശെ: “കർത്താവേ, നിനക്കു പ്രിയമുള്ള മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയുടെ നേരെ കോപിച്ച് പറഞ്ഞത്: “ലേവ്യനായ അഹരോൻ നിന്‍റെ സഹോദരനല്ലയോ? അവൻ നല്ലവണ്ണം സംസാരിക്കുമെന്ന് ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും. നീ അവനോട് സംസാരിച്ച് അവനു വാക്ക് പറഞ്ഞുകൊടുക്കണം. ഞാൻ നിന്‍റെ വായോടും അവന്‍റെ വായോടുംകൂടി ഇരിക്കും; നിങ്ങൾ ചെയ്യേണ്ടത് ഉപദേശിച്ചു തരും. നിനക്കു പകരം അവൻ ജനത്തോട് സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവനു ദൈവവും ആയിരിക്കും. അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന് ഈ വടിയും നിന്‍റെ കയ്യിൽ എടുത്തുകൊൾള്ളുക.“

പങ്ക് വെക്കു
പുറപ്പാട് 4 IRVMAL

പുറപ്പാട് 4:1-17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു. യഹോവ അവനോടു: നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു. അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അതു ഒരു സർപ്പമായ്തീർന്നു; മോശെ അതിനെ കണ്ടു ഓടിപ്പോയി. യഹോവ മോശെയോടു: നിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യിൽ വടിയായ്തീർന്നു. ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു ആകുന്നു യഹോവ പിന്നെയും അവനോടു: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു. നിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു. എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും. ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്കു കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്തു ഒഴിക്കേണം; നദിയിൽ നിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായ്തീരും. മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു. എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു. അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവൻ അരുളിച്ചെയ്തു: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും. നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞുകൊടുക്കേണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കും; നിങ്ങൾ ചെയ്യേണ്ടുന്നതു ഉപദേശിച്ചു തരും. നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും. അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾക.

പുറപ്പാട് 4:1-17 MCV (സമകാലിക മലയാളവിവർത്തനം)

അതിന് മോശ, “അവർ എന്നെ വിശ്വസിക്കുകയോ എന്റെ വാക്കു കേൾക്കുകയോ ചെയ്യാതെ ‘യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല’ എന്നു പറയും” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യഹോവ അവനോട്, “നിന്റെ കൈയിലിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. “ഒരു വടി,” അവൻ ഉത്തരം പറഞ്ഞു. “അതു നിലത്തിടുക,” എന്ന് യഹോവ കൽപ്പിച്ചു. മോശ അതു നിലത്തിട്ടു. അതൊരു പാമ്പായിത്തീർന്നു. അവൻ അതിന്റെ അടുത്തുനിന്ന് ഓടിമാറി. പിന്നെ യഹോവ അവനോട്, “നീ കൈനീട്ടി അതിനെ വാലിൽ പിടിച്ച് എടുക്കുക” എന്നു കൽപ്പിച്ചു. അപ്പോൾ മോശ കൈനീട്ടി പാമ്പിനെ പിടിച്ചു; അത് അവന്റെ കൈയിൽ വീണ്ടും വടിയായിത്തീർന്നു. “ഇത്, അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—നിനക്കു പ്രത്യക്ഷനായിരിക്കുന്നു എന്ന് അവർ വിശ്വസിക്കേണ്ടതിനുതന്നെ,” എന്നു ദൈവം അരുളിച്ചെയ്തു. ഇതിനുശേഷം യഹോവ, “നിന്റെ കൈ മാറിടത്തിൽ വെക്കുക” എന്നു കൽപ്പിച്ചു. മോശ കൈ മാറിടത്തിൽ വെച്ചു; അവൻ അതു പുറത്തെടുത്തപ്പോൾ അതു ഹിമംപോലെ വെളുത്തു കുഷ്ഠം ബാധിച്ചിരുന്നു. “നീ അതു വീണ്ടും മാറിടത്തിൽ വെക്കുക,” എന്ന് അവിടന്നു കൽപ്പിച്ചു. മോശ വീണ്ടും തന്റെ കൈ മാറിടത്തിൽ വെച്ചു. അത് അവൻ പുറത്തെടുത്തപ്പോൾ, തന്റെ മറ്റു ശരീരഭാഗങ്ങളെന്നപോലെ പൂർവസ്ഥിതിയിലായി. തുടർന്ന് യഹോവ അരുളിച്ചെയ്തു, “അവർ നിന്നെ വിശ്വസിക്കാതിരിക്കുകയോ ഒന്നാമത്തെ അത്ഭുതചിഹ്നം ഗൗനിക്കാതിരിക്കുകയോ ചെയ്താൽ രണ്ടാമത്തേതിൽ വിശ്വസിച്ചേക്കും. എന്നാൽ ഈ രണ്ട് അത്ഭുതചിഹ്നങ്ങളിലും അവർ വിശ്വസിക്കാതിരിക്കുകയോ നിന്റെ വാക്കു കേൾക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, നീ നൈൽനദിയിൽനിന്ന് വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം. നീ നദിയിൽനിന്ന് എടുക്കുന്ന വെള്ളം നിലത്ത് രക്തമായിത്തീരും.” മോശ യഹോവയോട്, “കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിച്ചാലും; അടിയൻ മുമ്പുതന്നെയോ, അവിടന്ന് അടിയനോടു സംസാരിച്ചതിനുശേഷമോ ഒരിക്കലും വാക്ചാതുര്യമുള്ളവനായിരുന്നിട്ടില്ല. അടിയൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു. യഹോവ അവനോട്, “മനുഷ്യന്റെ വായ് മെനഞ്ഞതാര്? അവനെ ബധിരനോ മൂകനോ ആക്കുന്നതാര്? അവനു കാഴ്ച നൽകുന്നതോ അവനെ അന്ധനാക്കുന്നതോ ആര്? യഹോവയായ ഞാൻ അല്ലയോ? ഇപ്പോൾ പോകുക; ഞാൻ നിന്നെ സംസാരിക്കാൻ സഹായിക്കുകയും എന്തു പറയണമെന്നു നിനക്ക് ഉപദേശിച്ചുതരികയും ചെയ്യും” എന്നു പറഞ്ഞു. എന്നാൽ മോശ, “അയ്യോ, കർത്താവേ, ദയവുചെയ്തു മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്നു പറഞ്ഞു. അപ്പോൾ യഹോവയുടെ കോപം മോശയ്ക്കുനേരേ ജ്വലിച്ചു; അവിടന്ന് അരുളിച്ചെയ്തു: “ലേവ്യനായ അഹരോൻ നിന്റെ സഹോദരൻ അല്ലയോ? അവനു നന്നായി സംസാരിക്കാൻ കഴിയുമെന്നു ഞാൻ അറിയുന്നു; നിന്നെ വന്നു കാണാൻ അവൻ യാത്രതിരിച്ചുകഴിഞ്ഞു; നിന്നെ കാണുമ്പോൾ അവന്റെ ഹൃദയം ആനന്ദിക്കും. പറയേണ്ടുന്ന വാക്കുകൾ നീ അവനു പറഞ്ഞുകൊടുക്കുക. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കുകയും എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾക്ക് ഉപദേശിച്ചുതരികയും ചെയ്യും. അവൻ നിനക്കുപകരം ജനത്തോടു സംസാരിക്കും; അവൻ നിന്റെ വക്താവും നീ അവനു ദൈവവും എന്ന നിലയിലാകും. എന്നാൽ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കാൻ ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊള്ളുക.”

പങ്ക് വെക്കു
പുറപ്പാട് 4 MCV