പുറപ്പാട് 32:9-13
പുറപ്പാട് 32:9-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ട് എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു. എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിനു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നത് എന്ത്? മലകളിൽവച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിനു വരുവാനുള്ള ഈ അനർഥത്തെക്കുറിച്ച് അനുതപിക്കേണമേ. നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശമൊക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തുവല്ലോ.
പുറപ്പാട് 32:9-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു മോശയോടു പറഞ്ഞു: “അവർ വളരെ ദുശ്ശാഠ്യമുള്ള ജനമാണെന്നു ഞാൻ കാണുന്നു; അവർക്കെതിരേ എന്റെ കോപം ജ്വലിക്കും. അത് അവരെ ദഹിപ്പിക്കും. നീ അതിനു തടസ്സം നില്‌ക്കരുത്; എന്നാൽ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും.” എന്നാൽ മോശ തന്റെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ കേണപേക്ഷിച്ചു: “മഹാശക്തിയും കരബലവുംകൊണ്ട് ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്ന അവിടുന്ന് ജനത്തോട് ഇങ്ങനെ കോപിക്കുന്നതെന്ത്? മലകളിൽവച്ചു സംഹരിച്ചു ഭൂമുഖത്തുനിന്നുതന്നെ അവരെ നീക്കിക്കളയണമെന്ന ദുരുദ്ദേശ്യത്തോടെ ആയിരുന്നു ജനത്തെ കൂട്ടിക്കൊണ്ടു പോയത് എന്നു ഈജിപ്തുകാരെക്കൊണ്ട് എന്തിനു പറയിക്കണം. അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ. ജനത്തിനെതിരായ അവിടുത്തെ തീരുമാനം നടപ്പാക്കരുതേ. അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും അവിടുത്തെ സ്വന്തനാമത്തിൽ ചെയ്ത പ്രതിജ്ഞ ഓർക്കണമേ; ‘ഞാൻ നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കും; ഈ സ്ഥലമെല്ലാം നിന്റെ ഭാവിതലമുറകൾക്ക് അവകാശമായി നല്‌കും; അവർ അതു കൈവശമാക്കും’ എന്ന് അങ്ങ് പ്രതിജ്ഞ ചെയ്തിരുന്നല്ലോ.”
പുറപ്പാട് 32:9-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഞാൻ ഈ ജനത്തെ നോക്കി, അത് ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ട് എന്റെ കോപം അവർക്ക് വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും” എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു. എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു: “യഹോവേ, അവിടുത്തെ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന അവിടുത്തെ ജനത്തിന് വിരോധമായി അങ്ങേയുടെ കോപം ജ്വലിക്കുന്നത് എന്ത്? മലകളിൽവച്ച് കൊന്നുകളയുവാനും ഭൂതലത്തിൽനിന്ന് നശിപ്പിക്കുവാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? അവിടുത്തെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് അവിടുത്തെ ജനത്തിന് വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ച് അനുതപിക്കേണമേ. അങ്ങേയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കുകയും ഞാൻ അരുളിച്ചെയ്ത ഈ ദേശം നിങ്ങളുടെ സന്തതിക്ക് കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്ന് അങ്ങ് സ്വന്തനാമത്തിൽ അവരോട് സത്യംചെയ്തുവല്ലോ.”
പുറപ്പാട് 32:9-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ടു എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ചു ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാൻ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു. എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു? മലകളിൽവെച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ. നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.
പുറപ്പാട് 32:9-13 സമകാലിക മലയാളവിവർത്തനം (MCV)
“ഞാൻ ഈ ജനത്തെ നോക്കി, അവർ ദുശ്ശാഠ്യമുള്ള ജനം എന്നുകണ്ടു,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. “അതുകൊണ്ട്, എന്റെ കോപം അവർക്കുനേരേ ജ്വലിച്ചു; ഞാൻ അവരെ ദഹിപ്പിച്ചു കളയേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജനതയാക്കും.” എന്നാൽ മോശ തന്റെ ദൈവമായ യഹോവയോടു കരുണയ്ക്കായി യാചിച്ചുകൊണ്ടു പറഞ്ഞത്: “യഹോവേ, അങ്ങു മഹാശക്തികൊണ്ടും കരബലംകൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അങ്ങയുടെ ജനത്തിനു വിരോധമായി അവിടത്തെ കോപം ജ്വലിക്കുന്നത് എന്ത്? ‘മലകളിൽവെച്ച് അവരെ കൊന്നുകളയാനും ഭൂമുഖത്തുനിന്ന് അവരെ തുടച്ചുമാറ്റാനുംവേണ്ടി ദുഷ്ടലാക്കോടെ അവിടന്ന് അവരെ കൊണ്ടുപോയി,’ എന്ന് ഈജിപ്റ്റുകാരെക്കൊണ്ടു പറയിക്കുന്നതെന്തിന്? അങ്ങയുടെ ഉഗ്രകോപത്തിൽനിന്നും പിന്തിരിഞ്ഞ് ഈ ജനത്തിനു വരാൻപോകുന്ന മഹാനാശത്തെക്കുറിച്ച് അനുതപിക്കണമേ! അവിടത്തെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കണമേ. ‘ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കുകയും ഞാൻ വാഗ്ദാനംചെയ്ത എല്ലാ ദേശവും നിങ്ങളുടെ സന്തതിക്കു കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമാക്കുകയും ചെയ്യുമെന്ന് അങ്ങ് അങ്ങയെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തല്ലോ.’ ”