പുറപ്പാട് 32:7-35
പുറപ്പാട് 32:7-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യഹോവ മോശെയോട്: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ച് അതിനു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്ന് അരുളിച്ചെയ്തു. ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ട് എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു. എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിനു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നത് എന്ത്? മലകളിൽവച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിനു വരുവാനുള്ള ഈ അനർഥത്തെക്കുറിച്ച് അനുതപിക്കേണമേ. നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശമൊക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തുവല്ലോ. അപ്പോൾ യഹോവ തന്റെ ജനത്തിനു വരുത്തും എന്നു കല്പിച്ച അനർഥത്തെക്കുറിച്ച് അനുതപിച്ചു. മോശെ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കൈയിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു. പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്റെ എഴുത്തുമായിരുന്നു. ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോട്: പാളയത്തിൽ യുദ്ധഘോഷം ഉണ്ട് എന്നു പറഞ്ഞു. അതിന് അവൻ: ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാൻ കേൾക്കുന്നത് എന്നു പറഞ്ഞു. അവൻ പാളയത്തിനു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു; അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു; അവൻ പലകകളെ കൈയിൽനിന്ന് എറിഞ്ഞു പർവതത്തിന്റെ അടിവാരത്തുവച്ചു പൊട്ടിച്ചുകളഞ്ഞു. അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു. മോശെ അഹരോനോട്: ഈ ജനത്തിന്മേൽ ഇത്ര വലിയ പാപം വരുത്തുവാൻ അവർ നിന്നോട് എന്തു ചെയ്തു എന്നു ചോദിച്ചു. അതിന് അഹരോൻ പറഞ്ഞത്: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ. ഞങ്ങൾക്കു മുമ്പായി നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്ക് എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്ന് അവർ എന്നോടു പറഞ്ഞു. ഞാൻ അവരോട്: പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവർ അത് എന്റെ പക്കൽ തന്നു; ഞാൻ അതു തീയിൽ ഇട്ടു, ഈ കാളക്കുട്ടി പുറത്തുവന്നു. അവരുടെ വിരോധികൾക്കു മുമ്പാകെ അവർ ഹാസ്യമാകത്തക്കവണ്ണം അഹരോൻ അവരെ അഴിച്ചുവിട്ടുകളകയാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു മോശെ പാളയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി. അവൻ അവരോട്: നിങ്ങൾ ഓരോരുത്തൻ താന്താന്റെ വാൾ അരയ്ക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്ന് ഓരോരുത്തൻ താന്താന്റെ സഹോദരനെയും താന്താന്റെ സ്നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. ലേവ്യർ മോശെ പറഞ്ഞതുപോലെ ചെയ്തു, അന്ന് ഏകദേശം മൂവായിരം പേർ വീണു. യഹോവ ഇന്നു നിങ്ങൾക്ക് അനുഗ്രഹം നല്കേണ്ടതിനു നിങ്ങൾ ഇന്ന് ഓരോരുത്തൻ താന്താന്റെ മകനും താന്താന്റെ സഹോദരനും വിരോധമായി യഹോവയ്ക്കു നിങ്ങളെത്തന്നെ ഏല്പിച്ചുകൊടുപ്പിൻ എന്നു മോശെ പറഞ്ഞു. പിറ്റന്നാൾ മോശെ: നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ എനിക്ക് ഇടയാകും എന്നു പറഞ്ഞു. അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞത് എന്തെന്നാൽ: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങൾക്ക് ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു. എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്ന് എന്റെ പേർ മായിച്ചുകളയേണമേ. യഹോവ മോശെയോട്: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും. ആകയാൽ നീ പോയി ഞാൻ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും എന്ന് അരുളിച്ചെയ്തു. അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ട് യഹോവ അവരെ ദണ്ഡിപ്പിച്ചു.
പുറപ്പാട് 32:7-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിൽനിന്നു നീ കൊണ്ടുവന്ന ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഇറങ്ങിച്ചെല്ലുക. ഞാൻ നിർദ്ദേശിച്ചിരുന്ന വഴിവിട്ട് അവർ കാളക്കുട്ടിയെ വാർത്തുണ്ടാക്കി. ഇസ്രായേലേ, ഇതാ ഈജിപ്തിൽനിന്നു നിങ്ങളെ കൊണ്ടുവന്ന ദൈവം എന്നു പറഞ്ഞ് അതിനെ ആരാധിക്കുകയും അതിനു യാഗങ്ങളർപ്പിക്കുകയും ചെയ്യുന്നു.” അവിടുന്നു മോശയോടു പറഞ്ഞു: “അവർ വളരെ ദുശ്ശാഠ്യമുള്ള ജനമാണെന്നു ഞാൻ കാണുന്നു; അവർക്കെതിരേ എന്റെ കോപം ജ്വലിക്കും. അത് അവരെ ദഹിപ്പിക്കും. നീ അതിനു തടസ്സം നില്‌ക്കരുത്; എന്നാൽ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും.” എന്നാൽ മോശ തന്റെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ കേണപേക്ഷിച്ചു: “മഹാശക്തിയും കരബലവുംകൊണ്ട് ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്ന അവിടുന്ന് ജനത്തോട് ഇങ്ങനെ കോപിക്കുന്നതെന്ത്? മലകളിൽവച്ചു സംഹരിച്ചു ഭൂമുഖത്തുനിന്നുതന്നെ അവരെ നീക്കിക്കളയണമെന്ന ദുരുദ്ദേശ്യത്തോടെ ആയിരുന്നു ജനത്തെ കൂട്ടിക്കൊണ്ടു പോയത് എന്നു ഈജിപ്തുകാരെക്കൊണ്ട് എന്തിനു പറയിക്കണം. അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ. ജനത്തിനെതിരായ അവിടുത്തെ തീരുമാനം നടപ്പാക്കരുതേ. അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും അവിടുത്തെ സ്വന്തനാമത്തിൽ ചെയ്ത പ്രതിജ്ഞ ഓർക്കണമേ; ‘ഞാൻ നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കും; ഈ സ്ഥലമെല്ലാം നിന്റെ ഭാവിതലമുറകൾക്ക് അവകാശമായി നല്‌കും; അവർ അതു കൈവശമാക്കും’ എന്ന് അങ്ങ് പ്രതിജ്ഞ ചെയ്തിരുന്നല്ലോ.” ജനത്തിനെതിരേ എടുത്ത തീരുമാനത്തിൽനിന്നു സർവേശ്വരൻ പിന്മാറി; അവരുടെമേൽ വരുത്താൻ നിശ്ചയിച്ചിരുന്ന അനർഥം വരുത്തിയതുമില്ല. ഇരുവശങ്ങളിലും എഴുതിയിരുന്ന രണ്ടു സാക്ഷ്യകല്പലകകളും കൈയിലെടുത്തു മോശ മലയിൽ നിന്നിറങ്ങി. കല്പലകകൾ ദൈവത്തിന്റെ കരവേലയും അവയിൽ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തും ആയിരുന്നു. ജനത്തിന്റെ ആർപ്പുവിളി കേട്ട് യോശുവ, “പാളയത്തിൽ യുദ്ധാരവം കേൾക്കുന്നു” എന്നു മോശയോടു പറഞ്ഞു. എന്നാൽ മോശ പറഞ്ഞു: “വിജയികളുടെ വിജയാഘോഷമോ പരാജിതരുടെ നിലവിളിയോ അല്ല, പാട്ടു പാടുന്ന ശബ്ദമാണ് ഞാൻ കേൾക്കുന്നത്.” പാളയത്തിൽ എത്തിയപ്പോൾ മോശ കാളക്കുട്ടിയെ കണ്ടു. അതിന്റെ മുമ്പിൽ ജനം നൃത്തം ചെയ്യുന്നു. മോശയുടെ കോപം ആളിക്കത്തി; അദ്ദേഹം കൈയിലിരുന്ന കല്പലകകൾ മലയുടെ അടിവാരത്തിലേക്ക് എറിഞ്ഞുടച്ചുകളഞ്ഞു. അവർ വാർത്തുണ്ടാക്കിയ കാളക്കുട്ടിയെ എടുത്തു തീയിലിട്ടു ചുട്ടു. എന്നിട്ട് ഇടിച്ചുപൊടിച്ചു വെള്ളത്തിൽ കലക്കി ഇസ്രായേൽജനത്തെ കുടിപ്പിച്ചു. മോശ അഹരോനോടു ചോദിച്ചു: “ഈ മഹാപാപം ജനത്തിന്റെമേൽ വരുത്തിവയ്‍ക്കാൻ തക്കവിധം അവർ നിന്നോട് എന്തു ചെയ്തു?” അഹരോൻ പറഞ്ഞു; “അങ്ങു കോപിക്കരുതേ; തെറ്റു ചെയ്യാനുള്ള ജനത്തിന്റെ പ്രവണത അങ്ങേക്ക് അറിയാമല്ലോ. ‘ഞങ്ങളെ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടുവന്ന മോശയ്‍ക്ക് എന്തുപറ്റി എന്ന് അറിയുന്നില്ല. അതുകൊണ്ട് ഞങ്ങളെ നയിക്കാൻ ഒരു ദേവനെ ഉണ്ടാക്കിത്തരിക’ എന്ന് അവർ എന്നോടു പറഞ്ഞു. അവർ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടു; അവർ അതെല്ലാം കൊണ്ടുവന്നു. ഞാൻ അത് തീയിലിട്ടപ്പോൾ ഈ കാളക്കുട്ടി പുറത്തുവന്നു. “ശത്രുക്കളുടെ മുമ്പാകെ അപഹാസ്യരാകുംവിധം ജനം അഴിഞ്ഞാടുന്നത് അഹരോൻ അവരെ നിയന്ത്രണമില്ലാതെ വിഹരിക്കാൻ വിട്ടതുകൊണ്ടാണെന്നു മോശ മനസ്സിലാക്കി. പാളയത്തിന്റെ കവാടത്തിൽനിന്നുകൊണ്ടു മോശ വിളിച്ചുപറഞ്ഞു: “സർവേശ്വരന്റെ പക്ഷത്തുള്ളവർ എന്റെ അടുക്കൽ വരട്ടെ.” ലേവ്യരെല്ലാം അദ്ദേഹത്തിന്റെ അടുക്കൽ ഒത്തുകൂടി. മോശ അവരോടു പറഞ്ഞു:” ഇതു സർവേശ്വരന്റെ വചനം. ഓരോരുത്തനും സ്വന്തം വാൾ അരയിൽ ധരിക്കട്ടെ; പാളയത്തിൽ വാതിൽതോറും ചെന്നു സഹോദരന്മാരെയും സ്നേഹിതരെയും അയൽക്കാരെയും കൊന്നുകളയുക.” മോശ കല്പിച്ചതുപോലെ ലേവ്യർ ചെയ്തു. ഏകദേശം മൂവായിരം പേരെ അവർ വെട്ടിവീഴ്ത്തി. സർവേശ്വരന്റെ ശുശ്രൂഷയ്‍ക്കായി നിങ്ങൾ സ്വയം സമർപ്പിച്ചിരിക്കുന്നു; സ്വന്തം പുത്രന്മാരെയും സഹോദരന്മാരെയും നിഗ്രഹിക്കാൻ നിങ്ങൾ മടികാണിച്ചില്ലല്ലോ; അതുകൊണ്ടു സർവേശ്വരന്റെ അനുഗ്രഹം ഇന്നുതന്നെ നിങ്ങൾക്കു ലഭിക്കും.” പിറ്റേ ദിവസം മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ മഹാപാപം ചെയ്തിരിക്കുന്നു; ഞാൻ സർവേശ്വരന്റെ സന്നിധിയിലേക്കു കയറിച്ചെല്ലട്ടെ. നിങ്ങളുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യാൻ എനിക്കു കഴിഞ്ഞേക്കും.” മോശ സർവേശ്വരന്റെ സന്നിധിയിൽ മടങ്ങിച്ചെന്നു പറഞ്ഞു: “കഷ്ടം! ഈ ജനം മഹാപാപം ചെയ്തുപോയി; അവർ സ്വർണംകൊണ്ടു ദേവനെ ഉണ്ടാക്കി. അവരുടെ പാപം അവരോടു ക്ഷമിക്കണമേ. ഇല്ലെങ്കിൽ അവിടുത്തെ പുസ്തകത്തിൽ അങ്ങ് എഴുതിയിരിക്കുന്ന എന്റെ പേരു മായിച്ചു കളഞ്ഞാലും.” അവിടുന്നു മോശയോടു പറഞ്ഞു: “എനിക്കെതിരായി പാപം ചെയ്തവന്റെ പേരു മാത്രമേ എന്റെ പുസ്തകത്തിൽനിന്നു നീക്കം ചെയ്യൂ. നീ പോയി ഞാൻ നിന്നോടു പറഞ്ഞ ദേശത്തേക്കു ജനത്തെ നയിക്കുക. എന്റെ ദൂതൻ നിനക്കുമുമ്പേ സഞ്ചരിക്കും; എന്നാൽ ശിക്ഷാദിവസം ഞാൻ അവരുടെ പാപത്തിനു ശിക്ഷ നല്‌കും.” കാളക്കുട്ടിയെ ഉണ്ടാക്കാൻ ജനം അഹരോനെ നിർബന്ധിച്ചതുകൊണ്ടു സർവേശ്വരൻ അവരുടെമേൽ ഒരു ബാധ അയച്ചു.
പുറപ്പാട് 32:7-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ യഹോവ മോശെയോട്: “നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്റെ ജനം സ്വയം തങ്ങളെ തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോട് കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി അതിനെ നമസ്കരിച്ച് യാഗം കഴിച്ചു: യിസ്രായേലേ, ഇത് നിന്നെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു” എന്നു അരുളിച്ചെയ്തു. “ഞാൻ ഈ ജനത്തെ നോക്കി, അത് ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ട് എന്റെ കോപം അവർക്ക് വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും” എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു. എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു: “യഹോവേ, അവിടുത്തെ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന അവിടുത്തെ ജനത്തിന് വിരോധമായി അങ്ങേയുടെ കോപം ജ്വലിക്കുന്നത് എന്ത്? മലകളിൽവച്ച് കൊന്നുകളയുവാനും ഭൂതലത്തിൽനിന്ന് നശിപ്പിക്കുവാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? അവിടുത്തെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് അവിടുത്തെ ജനത്തിന് വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ച് അനുതപിക്കേണമേ. അങ്ങേയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കുകയും ഞാൻ അരുളിച്ചെയ്ത ഈ ദേശം നിങ്ങളുടെ സന്തതിക്ക് കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്ന് അങ്ങ് സ്വന്തനാമത്തിൽ അവരോട് സത്യംചെയ്തുവല്ലോ.” അപ്പോൾ യഹോവ തന്‍റെ ജനത്തിന് വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ച് അനുതപിച്ചു. മോശെ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിൻ്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. ആ പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു. പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്‍റെ എഴുത്തും ആയിരുന്നു. ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോട്: “പാളയത്തിൽ യുദ്ധഘോഷം ഉണ്ട്” എന്നു പറഞ്ഞു. അതിന് അവൻ: “ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റ് നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമാണ് ഞാൻ കേൾക്കുന്നത്” എന്നു പറഞ്ഞു. അവൻ പാളയത്തിന് അടുത്തെത്തിയപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു. അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു. അവൻ പലകകളെ കയ്യിൽനിന്ന് എറിഞ്ഞ് പർവ്വതത്തിന്‍റെ അടിവാരത്തുവച്ച് പൊട്ടിച്ചുകളഞ്ഞു. അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽ മക്കളെ കുടിപ്പിച്ചു. മോശെ അഹരോനോടു: “ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോട് എന്ത് ചെയ്തു” എന്നു ചോദിച്ചു. അതിന് അഹരോൻ പറഞ്ഞത്: “യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്ക് ചാഞ്ഞിരിക്കുന്നു എന്നു നീ അറിയുന്നുവല്ലോ. ‘ഞങ്ങളെ നയിക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന മോശെയ്ക്ക് എന്ത് സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു അവർ എന്നോട് പറഞ്ഞു. ഞാൻ അവരോട്: ‘പൊന്നുള്ളവർ അത് അഴിച്ചെടുക്കട്ടെ’ എന്നു പറഞ്ഞു. അവർ അത് എന്റെ പക്കൽ തന്നു; ഞാൻ അത് തീയിൽ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു. അവരുടെ ശത്രുക്കൾക്കു മുമ്പിൽ അവർ പരിഹാസ്യരാകുവാൻ അഹരോൻ അവരെ അനുവദിച്ചതിനാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ട് മോശെ പാളയത്തിന്‍റെ വാതില്ക്കൽ നിന്നുകൊണ്ടു: “യഹോവയുടെ പക്ഷത്ത് ഉള്ളവർ എന്‍റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. അപ്പോൾ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി. അവൻ അവരോട്: “നിങ്ങൾ ഓരോരുത്തരും അവനവന്‍റെ വാൾ അരയ്ക്ക് കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്ന് ഓരോരുത്തൻ തന്‍റെ സഹോദരനെയും, സ്നേഹിതനെയും അയല്ക്കാരനെയും കൊന്നുകളയുവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്നു പറഞ്ഞു. മോശെ പറഞ്ഞതുപോലെ ലേവ്യർ ചെയ്തു. അന്നു ഏകദേശം മൂവായിരം (3,000) പേർ വീണു. “യഹോവ ഇന്ന് നിങ്ങൾക്ക് അനുഗ്രഹം നല്കേണ്ടതിന് നിങ്ങൾ ഇന്ന് ഓരോരുത്തനും സ്വന്തം മകനും സഹോദരനും വിരോധമായി യഹോവയ്ക്ക് നിങ്ങളെ തന്നെ ഏല്പിച്ചുകൊടുക്കുവിൻ” എന്നു മോശെ പറഞ്ഞു. പിറ്റെന്നാൾ മോശെ: “നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; നിങ്ങളുടെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാൻ എനിക്ക് കഴിഞ്ഞേക്കും” എന്നു പറഞ്ഞു. അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് പറഞ്ഞത് എന്തെന്നാൽ: “അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ട് തങ്ങൾക്ക് ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു. എങ്കിലും അങ്ങ് അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ അങ്ങേയുടെ പുസ്തകത്തിൽനിന്ന് എന്റെ പേർ മായിച്ചുകളയേണമേ.“ യഹോവ മോശെയോട്: “എന്നോട് പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്ന് മായിച്ചുകളയും. ആകയാൽ നീ പോയി ഞാൻ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്ക് ജനത്തെ കൂട്ടിക്കൊണ്ട് പോകുക; എന്‍റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെ മേൽ സന്ദർശിക്കും” എന്നു അരുളിച്ചെയ്തു. ഒരു കാളക്കുട്ടിയെ ഉണ്ടാക്കുവാൻ ജനം അഹരോനെ നിർബന്ധിച്ചതുകൊണ്ട് യഹോവ അവരെ ദണ്ഡിപ്പിച്ചു.
പുറപ്പാട് 32:7-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു. ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ടു എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ചു ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാൻ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു. എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു? മലകളിൽവെച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ. നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു. മോശെ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു. പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു. ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോടു: പാളയത്തിൽ യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു. അതിന്നു അവൻ: ജയിച്ചു ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാൻ കേൾക്കുന്നതു എന്നു പറഞ്ഞു. അവൻ പാളയത്തിന്നു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു അവൻ പലകകളെ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു. അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു. മോശെ അഹരോനോടു: ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു. അതിന്നു അഹരോൻ പറഞ്ഞതു: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ. ഞങ്ങൾക്കു മുമ്പായി നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു അവർ എന്നോടു പറഞ്ഞു. ഞാൻ അവരോടു: പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവർ അതു എന്റെ പക്കൽ തന്നു; ഞാൻ അതു തീയിൽ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു. അവരുടെ വിരോധികൾക്കു മുമ്പാകെ അവർ ഹാസ്യമാകത്തക്കവണ്ണം അഹരോൻ അവരെ അഴിച്ചുവിട്ടുകളകയാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു മോശെ പാളയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ടു: യഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി. അവൻ അവരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ വാൾ അരെക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്നു ഓരോരുത്തൻ താന്താന്റെ സഹോദരനെയും താന്താന്റെ സ്നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. ലേവ്യർ മോശെ പറഞ്ഞതുപോലെ ചെയ്തു അന്നു ഏകദേശം മൂവായിരം പേർ വീണു. യഹോവ ഇന്നു നിങ്ങൾക്കു അനുഗ്രഹം നല്കേണ്ടതിന്നു നിങ്ങൾ ഇന്നു ഓരോരുത്തൻ താന്താന്റെ മകന്നും താന്താന്റെ സഹോദരന്നും വിരോധമായി യഹോവെക്കു നിങ്ങളെ തന്നേ ഏല്പിച്ചുകൊടുപ്പിൻ എന്നു മോശെ പറഞ്ഞു. പിറ്റെന്നാൾ മോശെ: നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ എനിക്കു ഇടയാകും എന്നു പറഞ്ഞു. അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു. എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ. യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും. ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും എന്നു അരുളിച്ചെയ്തു. അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ടു യഹോവ അവരെ ദണ്ഡിപ്പിച്ചു.
പുറപ്പാട് 32:7-35 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ യഹോവ മോശയോട് ഇപ്രകാരം കൽപ്പിച്ചു: “നീ ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കൽപ്പിച്ചതിൽനിന്ന് അവർ അതിവേഗം വ്യതിചലിച്ചിരിക്കുന്നു; അവർ കാളക്കിടാവിന്റെ രൂപത്തിൽ ഒരു വിഗ്രഹത്തെ വാർത്തുണ്ടാക്കിയിരിക്കുന്നു: അവർ അതിനെ വണങ്ങി, അതിനു യാഗം കഴിച്ച്, ‘ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ,’ എന്നു പറഞ്ഞു.” “ഞാൻ ഈ ജനത്തെ നോക്കി, അവർ ദുശ്ശാഠ്യമുള്ള ജനം എന്നുകണ്ടു,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. “അതുകൊണ്ട്, എന്റെ കോപം അവർക്കുനേരേ ജ്വലിച്ചു; ഞാൻ അവരെ ദഹിപ്പിച്ചു കളയേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജനതയാക്കും.” എന്നാൽ മോശ തന്റെ ദൈവമായ യഹോവയോടു കരുണയ്ക്കായി യാചിച്ചുകൊണ്ടു പറഞ്ഞത്: “യഹോവേ, അങ്ങു മഹാശക്തികൊണ്ടും കരബലംകൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അങ്ങയുടെ ജനത്തിനു വിരോധമായി അവിടത്തെ കോപം ജ്വലിക്കുന്നത് എന്ത്? ‘മലകളിൽവെച്ച് അവരെ കൊന്നുകളയാനും ഭൂമുഖത്തുനിന്ന് അവരെ തുടച്ചുമാറ്റാനുംവേണ്ടി ദുഷ്ടലാക്കോടെ അവിടന്ന് അവരെ കൊണ്ടുപോയി,’ എന്ന് ഈജിപ്റ്റുകാരെക്കൊണ്ടു പറയിക്കുന്നതെന്തിന്? അങ്ങയുടെ ഉഗ്രകോപത്തിൽനിന്നും പിന്തിരിഞ്ഞ് ഈ ജനത്തിനു വരാൻപോകുന്ന മഹാനാശത്തെക്കുറിച്ച് അനുതപിക്കണമേ! അവിടത്തെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കണമേ. ‘ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കുകയും ഞാൻ വാഗ്ദാനംചെയ്ത എല്ലാ ദേശവും നിങ്ങളുടെ സന്തതിക്കു കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമാക്കുകയും ചെയ്യുമെന്ന് അങ്ങ് അങ്ങയെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തല്ലോ.’ ” അപ്പോൾ യഹോവ അനുതപിച്ചു: താൻ ജനത്തിന്റെമേൽ വരുത്തുമെന്നു പറഞ്ഞ മഹാനാശം വരുത്തിയതുമില്ല. ഇതിനുശേഷം മോശ തിരിഞ്ഞു, കൈയിൽ ഉടമ്പടിയുടെ രണ്ടു പലകയുമായി പർവതത്തിൽനിന്ന് ഇറങ്ങി. പലക അപ്പുറവും ഇപ്പുറവുമായി, രണ്ടുവശത്തും എഴുത്തുള്ളതായിരുന്നു. പലക ദൈവത്തിന്റെ പണിയും പലകയിൽ കൊത്തിയിരുന്ന എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു. ജനത്തിന്റെ ആഘോഷശബ്ദം യോശുവ കേട്ടപ്പോൾ അദ്ദേഹം മോശയോട്: “പാളയത്തിൽ യുദ്ധഘോഷം ഉണ്ട്” എന്നു പറഞ്ഞു. “അതു ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റവരുടെ നിലവിളിയുമല്ല; പാടുന്നവരുടെ ശബ്ദമാണു ഞാൻ കേൾക്കുന്നത്,” എന്ന് മോശ പറഞ്ഞു. മോശ പാളയത്തിനു സമീപമെത്തിയപ്പോൾ കാളക്കിടാവിനെയും നൃത്തക്കാരെയും കണ്ടു, അദ്ദേഹത്തിന്റെ കോപം ജ്വലിച്ചു: അദ്ദേഹം പലക രണ്ടും കൈയിൽനിന്ന് എറിഞ്ഞുകളഞ്ഞു. അദ്ദേഹം പർവതത്തിന്റെ അടിവാരത്തിൽവെച്ച് അവ പൊട്ടിച്ചുകളഞ്ഞു. അവർ ഉണ്ടാക്കിയ കാളക്കിടാവിനെ അദ്ദേഹം എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി, വെള്ളത്തിൽ കലക്കി ഇസ്രായേൽമക്കളെ കുടിപ്പിച്ചു. മോശ അഹരോനോട്, “ഇത്രവലിയ പാപത്തിലേക്ക് ഈ ജനത്തെ നയിക്കാൻ തക്കവണ്ണം അവർ നിന്നോട് എന്തു ചെയ്തു?” എന്നു ചോദിച്ചു. “യജമാനൻ കോപിക്കരുതേ, ഈ ജനം എത്രവരെ ദോഷത്തിലേക്കു ചായുമെന്ന് അങ്ങ് അറിയുന്നല്ലോ. ‘ഞങ്ങളുടെമുമ്പിൽ നടക്കേണ്ടതിനു ഞങ്ങൾക്കു ദേവതകളെ ഉണ്ടാക്കിത്തരിക. ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന മോശ എന്ന പുരുഷന് എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല,’ എന്നു ജനം എന്നോടു പറഞ്ഞു. അപ്പോൾ ഞാൻ അവരോട്, ‘പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ’ എന്നു പറഞ്ഞു. അവർ സ്വർണം എന്റെ കൈയിൽ തന്നു; ഞാൻ അതു തീയിൽ ഇട്ടു, ഈ കാളക്കിടാവ് പുറത്തുവന്നു” എന്ന് അഹരോൻ പറഞ്ഞു. ജനം നിയന്ത്രണംവിട്ടവരായി എന്നും അഹരോൻ അവരെ കെട്ടഴിച്ചുവിട്ടു എന്നും തന്നിമിത്തം ശത്രുക്കളുടെമുമ്പിൽ അവർ പരിഹാസ്യരായി എന്നും മോശ കണ്ടു. മോശ പാളയത്തിന്റെ കവാടത്തിൽനിന്നുകൊണ്ടു “യഹോവയുടെ പക്ഷത്തുള്ളവർ എന്റെ അടുക്കൽ വരട്ടെ,” എന്നു പറഞ്ഞു. ലേവ്യർ എല്ലാവരും അദ്ദേഹത്തിന്റെ അടുക്കൽ വന്നുകൂടി. അപ്പോൾ മോശ അവരോട്, “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഓരോരുത്തനും വാൾ അരയ്ക്കു കെട്ടട്ടെ. പാളയത്തിന്റെ കവാടംതോറും ചെന്ന് ഓരോരുത്തനും സ്വന്തം സഹോദരനെയും സ്നേഹിതനെയും അയൽവാസിയെയും കൊന്നുകളയട്ടെ.’ ” മോശ കൽപ്പിച്ചതുപോലെ ലേവ്യർ ചെയ്തു; അന്നു മൂവായിരത്തോളംപേർ മരിച്ചു. അപ്പോൾ മോശ, “നിങ്ങൾ സ്വന്തം പുത്രന്മാർക്കും സഹോദരന്മാർക്കും എതിരേ എഴുന്നേറ്റതുകൊണ്ട് ഇന്നു നിങ്ങൾ യഹോവയ്ക്കായി വേർതിരിക്കപ്പെട്ടിരിക്കുന്നു; ഇന്നു നിങ്ങളെ അവിടന്ന് അനുഗ്രഹിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അടുത്തദിവസം മോശ ജനത്തോടു പറഞ്ഞത്, “നിങ്ങൾ മഹാപാപം ചെയ്തിരിക്കുന്നു. ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും. ഒരുപക്ഷേ നിങ്ങളുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യാൻ എനിക്കു കഴിഞ്ഞേക്കും.” അങ്ങനെ മോശ യഹോവയുടെ അടുക്കൽ കയറിച്ചെന്നു. “ഈ ജനം എത്ര മഹാപാപം ചെയ്തിരിക്കുന്നു! അവർ തങ്ങൾക്കുതന്നെ സ്വർണംകൊണ്ടു ദേവന്മാരെ ഉണ്ടാക്കി. എന്നാൽ, ഇപ്പോൾ അവരുടെ പാപം ക്ഷമിക്കണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ പുസ്തകത്തിൽനിന്ന് എന്റെ പേരു മായിച്ചുകളയണമേ,” എന്നപേക്ഷിച്ചു. യഹോവ മോശയോട്, “എന്നോടു പാപം ചെയ്തവന്റെ പേരു ഞാൻ എന്റെ പുസ്തകത്തിൽനിന്ന് മായിച്ചുകളയും. ആകയാൽ, നീ പോയി ഞാൻ നിന്നോടു കൽപ്പിച്ച ദേശത്തേക്ക് ഈ ജനത്തെ കൂട്ടിക്കൊണ്ടുപോകണം; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും; എന്നാൽ അവരുടെ പ്രവൃത്തികളുടെ കണക്കുചോദിക്കുമ്പോൾ അവരുടെ പാപങ്ങൾക്കു ഞാൻ അവരെ ശിക്ഷിക്കും” എന്ന് അരുളിച്ചെയ്തു. അഹരോൻ ഉണ്ടാക്കിയ കാളക്കിടാവിന്റെ കാര്യത്തിൽ അവർ ചെയ്ത പാപംനിമിത്തം യഹോവ ജനത്തെ ഒരു ബാധയാൽ ദണ്ഡിപ്പിച്ചു.