പുറപ്പാട് 3:4-10
പുറപ്പാട് 3:4-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നോക്കേണ്ടതിന് അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപ്പടർപ്പിന്റെ നടുവിൽനിന്ന് അവനെ മോശേ, മോശേ എന്നു വിളിച്ചു. അതിന് അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ട് അടുക്കരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരുപ്പ് അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. യഹോവ അരുളിച്ചെയ്തത്: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കൈയിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്ക് അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു. യിസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു. ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിനു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയയ്ക്കും.
പുറപ്പാട് 3:4-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ അതു കാണുന്നതിന് അടുത്തുവരുന്നതു കണ്ടപ്പോൾ ദൈവം, “മോശേ, മോശേ” എന്നു മുൾപ്പടർപ്പിന്റെ നടുവിൽനിന്നു വിളിച്ചു. “അടിയൻ ഇതാ” എന്നു മോശ പ്രതിവചിച്ചു. അപ്പോൾ ദൈവം കല്പിച്ചു. “ഇങ്ങോട്ട് അടുത്തുവരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ കാലിൽനിന്ന് ചെരുപ്പ് ഊരിക്കളയുക. ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു. അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.” ദൈവത്തെ നോക്കാൻ ഭയപ്പെട്ട് മോശ മുഖം മൂടി. പിന്നീട് സർവേശ്വരൻ അരുളിച്ചെയ്തു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ നന്നായി അറിയുന്നു; മേൽനോട്ടക്കാരുടെ ക്രൂരത നിമിത്തമുള്ള അവരുടെ നിലവിളി ഞാൻ കേൾക്കുന്നു; അവരുടെ ദുരിതം ഞാൻ മനസ്സിലാക്കുന്നു. ഈജിപ്തുകാരിൽനിന്ന് അവരെ മോചിപ്പിച്ച് ഫലഭൂയിഷ്ഠവും ഐശ്വര്യസമ്പൂർണവുമായ വിശാലഭൂമിയിലേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക് ഞാൻ അവരെ നയിക്കും. ഞാൻ അതിനായി ഇറങ്ങി വന്നിരിക്കുന്നു. കനാന്യരും ഹിത്യരും അമോര്യരും പെരിസ്യരും ഹിവ്യരും യെബൂസ്യരും പാർക്കുന്ന സ്ഥലത്തേക്കു തന്നെ. ഇസ്രായേൽജനത്തിന്റെ നിലവിളി എന്റെ കാതുകളിൽ എത്തിയിരിക്കുന്നു; ഈജിപ്തുകാർ അവരെ പീഡിപ്പിക്കുന്നതു ഞാൻ കണ്ടിരിക്കുന്നു. വരിക, എന്റെ ജനമായ ഇസ്രായേല്യരെ ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ ഞാൻ നിന്നെ ഫറവോയുടെ അടുക്കലേക്കയയ്‍ക്കും.”
പുറപ്പാട് 3:4-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിൻ്റെ നടുവിൽനിന്ന്, അവനെ “മോശെ, മോശെ” എന്നു വിളിച്ചു. അതിന് അവൻ: “ഇതാ, ഞാൻ” എന്നു പറഞ്ഞു. അപ്പോൾ ദൈവം: “ഇങ്ങോട്ടടുത്ത് വരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക” എന്നു കല്പിച്ചു. “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” എന്നും അവിടുന്ന് അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ട് മുഖം മൂടി. യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “മിസ്രയീമിൽ താമസിക്കുന്ന എന്‍റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്ന് വിടുവിക്കുവാനും ആ ദേശത്ത് നിന്ന് നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്ക് അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു. യിസ്രായേൽ മക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു. ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്ന് വിടുവിക്കേണ്ടതിന് ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയയ്ക്കും.”
പുറപ്പാട് 3:4-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തു നിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു. യിസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു. ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും.
പുറപ്പാട് 3:4-10 സമകാലിക മലയാളവിവർത്തനം (MCV)
അതു കാണാൻ അദ്ദേഹം അടുത്തുചെല്ലുന്നത് യഹോവ കണ്ടു. ദൈവം മുൾപ്പടർപ്പിനുള്ളിൽനിന്നും അവനെ, “മോശേ! മോശേ!” എന്നു വിളിച്ചു. “അടിയൻ ഇതാ,” എന്ന് മോശ വിളികേട്ടു. “ഇവിടേക്ക് അടുത്തുവരരുത്. നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,” എന്നു ദൈവം കൽപ്പിച്ചു. “ഞാൻ നിന്റെ പിതാവിന്റെ ദൈവവും അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു,” എന്നും അവിടന്ന് അരുളിച്ചെയ്തു. അപ്പോൾ മോശ മുഖം മറച്ചു; ദൈവത്തെ നോക്കാൻ അദ്ദേഹം ഭയപ്പെട്ടു. യഹോവ ഇങ്ങനെ അരുളിച്ചെയ്തു, “ഈജിപ്റ്റിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടിരിക്കുന്നു. അടിമകളുടെ മേൽനോട്ടക്കാർ നിമിത്തമുള്ള അവരുടെ നിലവിളി ഞാൻ കേട്ടു. ഞാൻ അവരുടെ സങ്കടം അറിയുന്നു. അതുകൊണ്ട് ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നതിനും അവരെ ആ ദേശത്തുനിന്ന് പുറപ്പെടുവിച്ച് നല്ലതും വിശാലവുമായ ദേശത്തേക്ക്; പാലും തേനും ഒഴുകുന്ന ദേശത്തേക്ക്—കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്കു—കൊണ്ടുപോകുന്നതിനു ഞാൻ ഇറങ്ങിവന്നിരിക്കുന്നു. ഇസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്റ്റുകാർ അവരെ പീഡിപ്പിക്കുന്നതു ഞാൻ കാണുകയുംചെയ്തിരിക്കുന്നു. ആകയാൽ നീ ഇപ്പോൾ ചെല്ലുക, എന്റെ ജനമായ ഇസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവരാൻ ഞാൻ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയയ്ക്കും.”