പുറപ്പാട് 3:1-4
പുറപ്പാട് 3:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്തു ദൈവത്തിന്റെ പർവതമായ ഹോറേബുവരെ കൊണ്ടുചെന്നു. അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപ്പടർപ്പിന്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപ്പടർപ്പു തീപിടിച്ചു കത്തുന്നതും മുൾപ്പടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപ്പടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന് അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപ്പടർപ്പിന്റെ നടുവിൽനിന്ന് അവനെ മോശേ, മോശേ എന്നു വിളിച്ചു. അതിന് അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
പുറപ്പാട് 3:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ തന്റെ ഭാര്യാപിതാവും മിദ്യാനിലെ പുരോഹിതനുമായ യിത്രോയുടെ ആടുകളെ മേയ്‍ക്കുകയായിരുന്നു. ഒരു ദിവസം മരുഭൂമിയുടെ പടിഞ്ഞാറുഭാഗത്തേക്ക് അദ്ദേഹം ആടുകളെ നയിച്ചു. അങ്ങനെ ദൈവത്തിന്റെ പർവതമായ ഹോറേബിൽ എത്തി. അവിടെ മുൾപ്പടർപ്പിന്റെ നടുവിൽ അഗ്നിജ്വാലയുടെ മധ്യേ സർവേശ്വരന്റെ ദൂതൻ മോശയ്‍ക്കു പ്രത്യക്ഷനായി. മുൾപ്പടർപ്പ് എരിയാതെ തീ കത്തുന്നത് മോശ ശ്രദ്ധിച്ചു. “മുൾപ്പടർപ്പ് എരിഞ്ഞുപോകാതെയിരിക്കുന്നത് അദ്ഭുതം തന്നെ, ഞാൻ അതൊന്നു പോയിനോക്കട്ടെ” എന്നു മോശ സ്വയം പറഞ്ഞു. മോശ അതു കാണുന്നതിന് അടുത്തുവരുന്നതു കണ്ടപ്പോൾ ദൈവം, “മോശേ, മോശേ” എന്നു മുൾപ്പടർപ്പിന്റെ നടുവിൽനിന്നു വിളിച്ചു. “അടിയൻ ഇതാ” എന്നു മോശ പ്രതിവചിച്ചു.
പുറപ്പാട് 3:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിൻ്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്ത് കൊണ്ടു ചെന്നു. അങ്ങനെ ദൈവത്തിന്‍റെ പർവ്വതമായ ഹോരേബ് വരെ എത്തി. അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിൻ്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. അവൻ നോക്കിയപ്പോൾ മുൾപടർപ്പ് തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്നതും കണ്ടു. “മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്താണ് എന്നു ഞാൻ ചെന്നു നോക്കട്ടെ” എന്നു മോശെ പറഞ്ഞു. അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിൻ്റെ നടുവിൽനിന്ന്, അവനെ “മോശെ, മോശെ” എന്നു വിളിച്ചു. അതിന് അവൻ: “ഇതാ, ഞാൻ” എന്നു പറഞ്ഞു.
പുറപ്പാട് 3:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ കൊണ്ടു ചെന്നു. അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
പുറപ്പാട് 3:1-4 സമകാലിക മലയാളവിവർത്തനം (MCV)
ഈ സമയം മോശ തന്റെ അമ്മായിയപ്പനും മിദ്യാനിലെ പുരോഹിതനുമായ യിത്രോയുടെ ആട്ടിൻപറ്റത്തെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു; ആട്ടിൻപറ്റത്തെ നയിച്ചുകൊണ്ട് അദ്ദേഹം മരുഭൂമിക്കപ്പുറം ദൈവത്തിന്റെ പർവതമായ ഹോരേബിൽ എത്തി. അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപ്പടർപ്പിനുള്ളിൽ അഗ്നിജ്വാലയിൽ അദ്ദേഹത്തിന് പ്രത്യക്ഷനായി. മുൾപ്പടർപ്പ് കത്തുന്നുണ്ടായിരുന്നെങ്കിലും അതു വെന്തുപോകുന്നില്ലെന്ന് മോശ കണ്ടു. “മുൾപ്പടർപ്പ് വെന്തുപോകാതിരിക്കുന്ന ഈ അത്ഭുതകരമായ കാഴ്ച എന്തെന്ന് ഞാൻ അടുത്തുചെന്നു നോക്കട്ടെ,” എന്ന് മോശ തന്നോടുതന്നെ പറഞ്ഞു. അതു കാണാൻ അദ്ദേഹം അടുത്തുചെല്ലുന്നത് യഹോവ കണ്ടു. ദൈവം മുൾപ്പടർപ്പിനുള്ളിൽനിന്നും അവനെ, “മോശേ! മോശേ!” എന്നു വിളിച്ചു. “അടിയൻ ഇതാ,” എന്ന് മോശ വിളികേട്ടു.