പുറപ്പാട് 28:1-8

പുറപ്പാട് 28:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ. നിന്റെ സഹോദരനായ അഹരോനുവേണ്ടി മഹത്ത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന സകല ജ്ഞാനികളോടും നീ പറയേണം. അവർ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവതന്നെ. നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം. പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. അതിന്റെ രണ്ട് അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണച്ചിരിക്കേണം. അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട് അതിൽനിന്നുതന്നെ അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം.

പുറപ്പാട് 28:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാൻ ഇസ്രായേൽജനത്തിൽനിന്ന് നിന്റെ അടുക്കലേക്കു വിളിക്കുക. അഹരോനു ധരിക്കാൻ ശ്രേഷ്ഠവും മനോഹരവുമായ പൗരോഹിത്യവസ്ത്രം നീ ഉണ്ടാക്കണം. എന്റെ പുരോഹിതശുശ്രൂഷയ്‍ക്കായി അഹരോനെ അവരോധിക്കുന്നതിനുവേണ്ട വസ്ത്രങ്ങളുണ്ടാക്കാൻ ഞാൻ പ്രത്യേക നൈപുണ്യം നല്‌കിയിട്ടുള്ള എല്ലാ വിദഗ്ദ്ധന്മാരോടും പറയുക. മാർച്ചട്ട, ഏഫോദ്, പുറങ്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, ഇടക്കെട്ട് എന്നിവയാണ് അവർ നിർമ്മിക്കേണ്ട വസ്ത്രങ്ങൾ. പുരോഹിതന്മാരായി എനിക്ക് ശുശ്രൂഷ ചെയ്യാൻ നിന്റെ സഹോദരനായ അഹരോനും പുത്രന്മാർക്കും വേണ്ട വിശുദ്ധവസ്ത്രങ്ങൾ അവരുണ്ടാക്കണം. അവർ അതിന് നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളുള്ള പിരിച്ച നൂലുകളും സ്വർണക്കസവും ഉപയോഗിക്കട്ടെ. അവർ നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള നൂലും സ്വർണക്കസവുംകൊണ്ടു നെയ്തെടുത്ത തുണി ഉപയോഗിച്ചു വിദഗ്ദ്ധമായി ഏഫോദു നിർമ്മിക്കട്ടെ. അതിന്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിനു രണ്ടു തോൾവാറുകൾ തയ്ച്ചു പിടിപ്പിക്കണം. ഏഫോദിനായി ഉപയോഗിച്ച സ്വർണനൂൽ, നീല, ധൂമ്രം, ചുവപ്പുനൂലുകൾ, നേർത്ത ലിനൻ എന്നിവകൊണ്ട് ഏഫോദു കെട്ടി മുറുക്കുന്നതിനുള്ള അരപ്പട്ടയും വിദഗ്ദ്ധമായി നിർമ്മിക്കണം.

പുറപ്പാട് 28:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് നിന്‍റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്‍റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ. നിന്‍റെ സഹോദരനായ അഹരോന് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രം ഉണ്ടാക്കണമെന്ന് ഞാൻ ജ്ഞാനാത്മാവുകൊണ്ട് നിറച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം. അവർ ഉണ്ടാക്കേണ്ട വസ്ത്രങ്ങൾ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവയാണ്. നിന്‍റെ സഹോദരനായ അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്‍റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം. പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. അതിന്‍റെ രണ്ടു അറ്റത്തോട് ചേർന്നതായി രണ്ടു തോൾപ്പട്ട ഉണ്ടായിരിക്കേണം. അത് തമ്മിൽ ബന്ധിപ്പിച്ചിരിക്കേണം. അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. അതിന്‍റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം.

പുറപ്പാട് 28:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നേ നിന്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‌വാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന്നു അവന്നു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറെച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം. അവർ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവർ അവന്നും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അതിന്നു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം. പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. അതിന്റെ രണ്ടു അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണെച്ചിരിക്കേണം. അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതിൽനിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരിക്കേണം.

പുറപ്പാട് 28:1-8 സമകാലിക മലയാളവിവർത്തനം (MCV)

“ഇസ്രായേൽജനത്തിന്റെ മധ്യേനിന്നു നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ അടുക്കൽ വരുത്തുക. നിന്റെ സഹോദരനായ അഹരോന്റെ മഹത്ത്വത്തിനും അലങ്കാരത്തിനുംവേണ്ടി അവനു വിശുദ്ധവസ്ത്രം നിർമിക്കണം. എനിക്കു പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രങ്ങൾ നിർമിക്കണമെന്ന്, ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന എല്ലാ വിദഗ്ദ്ധന്മാരോടും പറയുക. അവർ നിർമിക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്: ഒരു നിർണയപ്പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവതന്നെ. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ സഹോദരനായ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി വിശുദ്ധവസ്ത്രങ്ങൾ അവർ നിർമിക്കണം. തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവ അവർ ഉപയോഗിക്കണം. “നെയ്ത്തുകാരന്റെ ചിത്രപ്പണിയായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുള്ള ഏഫോദ് നിർമിക്കണം. അതിന്റെ രണ്ടറ്റത്തോടുംചേർന്ന് അവയെത്തമ്മിൽ പിണച്ചുചേർക്കേണ്ടതിന് രണ്ടു ചുമൽക്കണ്ടം അതിന് ഉണ്ടായിരിക്കണം. അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, ഏഫോദിൽനിന്നുതന്നെ ഉള്ളതായി, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതേരീതിയിൽ നിർമിക്കണം.