പുറപ്പാട് 24:3-11

പുറപ്പാട് 24:3-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു. മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്ത് എഴുന്നേറ്റു പർവതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു. പിന്നെ അവൻ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങളെ കഴിച്ച് യഹോവയ്ക്കു സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു. മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങൾ കഴിച്ചു.

പുറപ്പാട് 24:3-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ ചെന്ന് സർവേശ്വരന്റെ എല്ലാ കല്പനകളും നിയമങ്ങളും ജനത്തെ അറിയിച്ചു: “സർവേശ്വരൻ കല്പിച്ചതെല്ലാം ഞങ്ങൾ അനുസരിക്കുമെന്ന് ജനം ഏകസ്വരത്തിൽ പ്രതിവചിച്ചു. സർവേശ്വരന്റെ കല്പനകളെല്ലാം മോശ എഴുതിവച്ചു. അദ്ദേഹം അതിരാവിലെ എഴുന്നേറ്റു പർവതത്തിന്റെ അടിവാരത്തു വന്ന് ഒരു യാഗപീഠം നിർമ്മിച്ചു; കൂടാതെ ഇസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്ത് പന്ത്രണ്ടു സ്തംഭങ്ങളും നാട്ടി. മോശ നിയോഗിച്ച ഇസ്രായേല്യയുവാക്കൾ ചെന്നു സർവേശ്വരനു ഹോമയാഗങ്ങളും കാളയെക്കൊണ്ടുള്ള സമാധാനയാഗങ്ങളും അർപ്പിച്ചു. മോശ മൃഗങ്ങളുടെ രക്തത്തിൽ പകുതി തളികകളിൽ എടുത്തു; ബാക്കി യാഗപീഠത്തിൽ തളിച്ചു. പിന്നീടു മോശ ഉടമ്പടിപ്പുസ്‍തകം എടുത്തു ജനം കേൾക്കെ വായിച്ചു. അവർ പറഞ്ഞു: “സർവേശ്വരൻ കല്പിച്ചതെല്ലാം ഞങ്ങൾ ചെയ്യും; ഞങ്ങൾ അനുസരണമുള്ളവരായിരിക്കും.” മോശ രക്തം എടുത്തു ജനത്തിന്റെമേൽ തളിച്ചുകൊണ്ടു പറഞ്ഞു: “ഈ കല്പനകളാൽ സർവേശ്വരൻ നിങ്ങളുമായുണ്ടാക്കിയ ഉടമ്പടിയുടെ രക്തമാണിത്.” പിന്നീട് മോശയും അഹരോനും നാദാബും അബീഹൂവും എഴുപത് ഇസ്രായേൽനേതാക്കന്മാരും കൂടി പർവതത്തിലേക്കു കയറിച്ചെന്നു; അവർ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. ആകാശംപോലെ സ്വഛമായ ഇന്ദ്രനീലക്കല്ലുകൾ പടുത്ത തളംകണക്കെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ കീഴിൽ ഉണ്ടായിരുന്നു. ഇസ്രായേൽനേതാക്കന്മാർക്ക് ദൈവം ഒരു ദോഷവും വരുത്തിയില്ല; അവർ ദൈവത്തെ ദർശിച്ചു. പിന്നീട് അവർ ഭക്ഷണപാനീയങ്ങൾ കഴിച്ചു.

പുറപ്പാട് 24:3-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അപ്പോൾ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. “യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും” എന്നു ജനമൊക്കെയും ഏകസ്വരത്തോടെ ഉത്തരം പറഞ്ഞു. മോശെ യഹോവയുടെ കല്പ്നകളെല്ലാം എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിന്‍റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്‍റെ പന്ത്രണ്ട് ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് തൂണുകളും പണിതു. പിന്നെ അവർ യിസ്രായേൽ മക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങൾ കഴിച്ച് യഹോവയ്ക്ക് സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു. മോശെ രക്തത്തിൽ പകുതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. അവൻ നിയമപുസ്തകം എടുത്ത് ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു; “ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്‍റെ രക്തം ഇതാ” എന്നു പറഞ്ഞു. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരുംകൂടി കയറിച്ചെന്നു. അവർ യിസ്രായേലിന്‍റെ ദൈവത്തെ കണ്ടു; അവിടുത്തെ പാദങ്ങൾക്ക് കീഴെ നീലക്കല്ല് പാകിയ തളം പോലെയും ആകാശത്തിന്‍റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽ മക്കളുടെ പ്രമാണികൾക്ക് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങൾ കഴിച്ചു.

പുറപ്പാട് 24:3-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു. മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പർവ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു. പിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങളെ കഴിച്ചു യഹോവെക്കു സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു. മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.

പുറപ്പാട് 24:3-11 സമകാലിക മലയാളവിവർത്തനം (MCV)

മോശ ചെന്ന് യഹോവയുടെ വചനങ്ങളും നിയമങ്ങളും ജനത്തെ അറിയിച്ചു. “യഹോവ കൽപ്പിച്ചിട്ടുള്ളതെല്ലാം ഞങ്ങൾ ചെയ്യും,” എന്ന് അവർ ഏകസ്വരത്തിൽ പറഞ്ഞു. പിന്നെ, യഹോവ അരുളിച്ചെയ്തതെല്ലാം മോശ എഴുതിവെച്ചു. പിറ്റേന്ന് അതിരാവിലെ മോശ എഴുന്നേറ്റ് മലയുടെ അടിവാരത്ത് ഒരു യാഗപീഠം പണിയുകയും ഇസ്രായേൽ ഗോത്രങ്ങൾ പന്ത്രണ്ടിനെയും പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ടു കൽത്തൂണുകൾ സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം ചില ഇസ്രായേല്യയുവാക്കന്മാരെ അയച്ചു; അവർ ചെന്നു ഹോമയാഗങ്ങൾ അർപ്പിക്കുകയും യഹോവയ്ക്കു സമാധാനയാഗമായി കാളക്കിടാങ്ങളെ അർപ്പിക്കുകയും ചെയ്തു. മോശ രക്തത്തിൽ പകുതി പാത്രങ്ങളിൽ ആക്കി; മറ്റേപകുതി യാഗപീഠത്തിന്മേൽ തളിച്ചു. പിന്നെ അദ്ദേഹം ഉടമ്പടിയുടെ പുസ്തകം എടുത്തു ജനത്തെ വായിച്ചുകേൾപ്പിച്ചു. “ഞങ്ങൾ യഹോവയെ അനുസരിക്കും; അവിടന്നു കൽപ്പിച്ചിട്ടുള്ളതെല്ലാം ചെയ്യും,” എന്നു ജനം പറഞ്ഞു. മോശ രക്തം എടുത്തു ജനത്തിന്റെമേൽ തളിച്ചു. “ഈ വചനങ്ങൾ എല്ലാം അനുസരിച്ച് യഹോവ നിങ്ങളുമായി ചെയ്തിരിക്കുന്ന ഉടമ്പടിയുടെ രക്തം ഇതാകുന്നു,” എന്നു പറഞ്ഞു. ഇതിനുശേഷം മോശയും അഹരോനും നാദാബും അബീഹൂവും ഇസ്രായേൽ തലവന്മാർ എഴുപതുപേരും ചെന്ന് ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. അവിടത്തെ പാദങ്ങൾക്കുകീഴേ ഇന്ദ്രനീലം പതിച്ച തളംപോലെയോ സ്വച്ഛനീലാകാശംപോലെയോ എന്തോ ഉണ്ടായിരുന്നു. എന്നാൽ ഇസ്രായേലിന്റെ ഈ നായകന്മാർക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല. അവർ ദൈവത്തെ കണ്ട് ഭക്ഷണപാനീയങ്ങൾ കഴിച്ചു.