പുറപ്പാട് 21:22-25
പുറപ്പാട് 21:22-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യർ തമ്മിൽ ശണ്ഠകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുംപോലെ അവൻ കൊടുക്കേണം. മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവനു പകരം ജീവൻ കൊടുക്കേണം. കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്; കൈക്കു പകരം കൈ; കാലിനു പകരം കാൽ; പൊള്ളലിനു പകരം പൊള്ളൽ; മുറിവിനു പകരം മുറിവ്; തിണർപ്പിനു പകരം തിണർപ്പ്.
പുറപ്പാട് 21:22-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“പുരുഷന്മാർ കലഹിക്കുന്നതിനിടയിൽ ഒരു ഗർഭിണിക്ക് പരുക്കേല്ക്കുകയും ഗർഭം അലസുകയും മറ്റ് ഉപദ്രവമൊന്നും ഏല്ക്കാതിരിക്കുകയും ചെയ്താൽ പരുക്കേല്പിച്ചയാൾ അവളുടെ ഭർത്താവിന്റെ ആവശ്യപ്രകാരം മധ്യസ്ഥന്മാർ നിശ്ചയിക്കുന്ന തുക പിഴയായി നല്കണം. എന്നാൽ അവൾക്ക് ഉപദ്രവം ഏറ്റാൽ ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ, പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്ന ക്രമത്തിൽ ശിക്ഷ നല്കണം.
പുറപ്പാട് 21:22-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“മനുഷ്യർ തമ്മിൽ വഴക്കുകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്ക് മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവ് ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുന്നതുപോലെ അവൻ കൊടുക്കേണം. മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കേണം. കണ്ണിന് പകരം കണ്ണ്; പല്ലിന് പകരം പല്ല്; കൈയ്ക്കു പകരം കൈ; കാലിന് പകരം കാൽ; പൊള്ളലിന് പകരം പൊള്ളൽ; മുറിവിന് പകരം മുറിവ്; ചതവിന് പകരം ചതവ്.
പുറപ്പാട് 21:22-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുമ്പോലെ അവൻ കൊടുക്കേണം. മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന്നു പകരം ജീവൻ കൊടുക്കേണം. കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ; പൊള്ളലിന്നു പകരം പൊള്ളൽ; മുറിവിന്നു പകരം മുറിവു; തിണർപ്പിന്നു പകരം തിണർപ്പു.
പുറപ്പാട് 21:22-25 സമകാലിക മലയാളവിവർത്തനം (MCV)
“ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരു ഗർഭിണിക്ക് ആഘാതം ഏൽക്കുകയും മാസംതികയാതെ പ്രസവിക്കുകയും എന്നാൽ ഗുരുതരമായ പരിക്ക് ഇല്ലാതിരിക്കുകയും ചെയ്താൽ സ്ത്രീയുടെ ഭർത്താവ് ആവശ്യപ്പെടുന്നതും ന്യായാധിപന്മാർ നിശ്ചയിക്കുന്നതുമായ പിഴ അക്രമി അടയ്ക്കേണ്ടതാണ്. എന്നാൽ ഗുരുതരമായ പരിക്കുണ്ടെങ്കിൽ നിങ്ങൾ ജീവനുപകരം ജീവൻ കൊടുക്കണം. കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കു പകരം കൈ, പാദത്തിനു പകരം പാദം, പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്നീ ക്രമത്തിൽ ശിക്ഷ നടപ്പാക്കണം.