പുറപ്പാട് 21:1-11

പുറപ്പാട് 21:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവരുടെ മുമ്പാകെ നീ വയ്ക്കേണ്ടുന്ന ന്യായങ്ങളാവിത്: ഒരു എബ്രായദാസനെ വിലയ്ക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ട് ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ. ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവനു ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ. അവന്റെ യജമാനൻ അവനു ഭാര്യയെ കൊടുക്കയും അവൾ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ഇരിക്കേണം; അവൻ ഏകനായി പോകേണം. എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തുപറഞ്ഞാൽ യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്ന് കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തിയിട്ട് സൂചികൊണ്ട് അവന്റെ കാത് കുത്തിത്തുളക്കേണം; പിന്നെ അവൻ എന്നേക്കും അവനു ദാസനായിരിക്കേണം. ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാർ പോകുന്നതുപോലെ പോകരുത്. അവളെ തനിക്കു സംബന്ധത്തിനു നിയമിച്ച യജമാനന് അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കു വിറ്റുകളവാൻ അവന് അധികാരം ഇല്ല. അവൻ അവളെ തന്റെ പുത്രനു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിനു തക്കവണ്ണം അവളോടു പെരുമാറേണം. അവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്. ഈ മൂന്നു കാര്യവും അവൻ അവൾക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.

പുറപ്പാട് 21:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേല്യർക്ക് നീ നല്‌കേണ്ട നിയമങ്ങൾ ഇവയാണ്: “എബ്രായനായ അടിമയെ നിങ്ങൾ വിലയ്‍ക്കു വാങ്ങിയാൽ അവൻ ആറു വർഷം നിന്നെ സേവിക്കട്ടെ. ഏഴാം വർഷം പ്രതിഫലം വാങ്ങാതെ അവനെ സ്വതന്ത്രനാക്കണം. അവൻ തനിയെയാണ് വന്നതെങ്കിൽ അങ്ങനെതന്നെ പൊയ്‍ക്കൊള്ളട്ടെ. ഭാര്യയോടുകൂടിയാണ് വന്നതെങ്കിൽ ഭാര്യയോടൊപ്പം പോകട്ടെ. യജമാനൻ അവനെ വിവാഹം കഴിപ്പിക്കുകയും അവനു മക്കളുണ്ടാകുകയും ചെയ്താൽ അവന്റെ ഭാര്യയും മക്കളും യജമാനന്റെ വകയായിരിക്കും; അവൻ ഒറ്റയ്‍ക്ക് മടങ്ങിപ്പോകണം; എന്നാൽ ‘ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുട്ടികളെയും സ്നേഹിക്കുന്നു; അതുകൊണ്ട് എനിക്ക് സ്വതന്ത്രനായി പോകേണ്ട’ എന്നു ദാസൻ തീർത്തുപറഞ്ഞാൽ, യജമാനൻ അവനെ ദൈവസന്നിധിയിൽ വാതിലിന്റെയോ കട്ടിളപ്പടിയുടെയോ അടുത്തു നിർത്തി സൂചികൊണ്ട് അവന്റെ കാതു തുളയ്‍ക്കണം; അവൻ യജമാനന് ആയുഷ്കാലം അടിമയായിരിക്കും.” “ഒരാൾ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാരെപ്പോലെ സ്വതന്ത്രയാകാൻ പാടില്ല. ഭാര്യയാക്കാൻവേണ്ടി വിലയ്‍ക്കു വാങ്ങുകയും പിന്നീട് അവളിൽ അതൃപ്തി തോന്നുകയും ചെയ്താൽ അവളെ അവളുടെ പിതാവിനു തിരിച്ചുകൊടുക്കണം. അവളെ വിദേശിക്കു വിറ്റുകളയാൻ യജമാനന് അവകാശമില്ല. അവൻ അവളോട് അന്യായമായി പ്രവർത്തിച്ചല്ലോ. മകനു ഭാര്യയാക്കാൻ വേണ്ടിയാണു വിലയ്‍ക്കു വാങ്ങിയതെങ്കിൽ അവളോടു സ്വന്തം മകളോടെന്നതുപോലെ പെരുമാറണം. രണ്ടാമതൊരുവളെ ഭാര്യയായി സ്വീകരിച്ചാൽ ആദ്യഭാര്യക്ക് ഭക്ഷണം, വസ്ത്രം, അർഹമായ മറ്റ് അവകാശങ്ങൾ ഇവയിലൊന്നും കുറവുവരുത്തരുത്. ഈ മൂന്നു വ്യവസ്ഥകളും അവൻ നിറവേറ്റുന്നില്ലെങ്കിൽ വില നല്‌കാതെ അവൾക്കു സ്വതന്ത്രയായി പോകാം.

പുറപ്പാട് 21:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നീ അവരുടെ മുമ്പാകെ അറിയിക്കേണ്ട നിയമങ്ങൾ ഇവയാണ്: “ഒരു എബ്രായദാസനെ വിലയ്ക്ക് വാങ്ങിയാൽ ആറുവർഷം സേവിച്ചിട്ട് ഏഴാം വർഷം അവൻ പ്രതിഫലം ഒന്നും ഇല്ലാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ. ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവനു ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ. അവന്‍റെ യജമാനൻ അവനു ഭാര്യയെ കൊടുക്കുകയും അവൾ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ആയിരിക്കേണം; അവൻ ഏകനായി പോകേണം. എന്നാൽ ദാസൻ: ഞാൻ എന്‍റെ യജമാനനെയും എന്‍റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകുകയില്ല എന്നു ഉറപ്പിച്ച് പറഞ്ഞാൽ യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ട് ചെന്നു കതകിൻ്റെയോ കട്ടളക്കാലിൻ്റെയോ അടുക്കൽ നിർത്തി സൂചികൊണ്ട് അവന്‍റെ കാത് കുത്തി തുളയ്ക്കേണം; പിന്നെ അവൻ എന്നേക്കും അവനു ദാസനായിരിക്കേണം. “ഒരാൾ തന്‍റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാരെ പോലെ സ്വതന്ത്രയായി പോകരുത്. അവൾക്ക് വിവാഹവാഗ്ദാനം നൽകിയ യജമാനന് അവളെ ഇഷ്ടപ്പെടാതിരുന്നാൽ അവളെ വീണ്ടെടുക്കുവാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കാർക്ക് വില്ക്കുവാൻ അവനു അധികാരമില്ല. അവൻ അവളെ തന്‍റെ പുത്രന് ഭാര്യയായി നിശ്ചയിച്ചാൽ പുത്രിമാരോട് എന്നപോലെ അവളോടു പെരുമാറേണം. അവൻ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കിൽ ആദ്യഭാര്യയുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്. ഈ മൂന്നു കാര്യവും അവൻ അവൾക്ക് ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയയ്ക്കേണം.

പുറപ്പാട് 21:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു: ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ. ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ. അവന്റെ യജമാനൻ അവന്നു ഭാര്യയെ കൊടുക്കയും അവൾ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവൻ ഏകനായി പോകേണം. എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തു പറഞ്ഞാൽ യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം. ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാർ പോകുന്നതുപോലെ പോകരുതു. അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാൻ അവന്നു അധികാരമില്ല. അവൻ അവളെ തന്റെ പുത്രന്നു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം. അവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു. ഈ മൂന്നു കാര്യവും അവൻ അവൾക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.

പുറപ്പാട് 21:1-11 സമകാലിക മലയാളവിവർത്തനം (MCV)

“നീ അവരുടെ മുന്നിൽ വെക്കേണ്ടുന്ന നിയമങ്ങൾ ഇവയാണ്: “ഒരു എബ്രായദാസനെ നീ വിലയ്ക്കു വാങ്ങുന്നെങ്കിൽ അവൻ ആറുവർഷം നിന്നെ സേവിക്കട്ടെ. എന്നാൽ ഏഴാംവർഷം പ്രതിഫലംവാങ്ങാതെ അവനെ സ്വതന്ത്രനാക്കണം. അവൻ ഏകനായിട്ടാണു വരുന്നതെങ്കിൽ ഏകനായിത്തന്നെ പോകാവുന്നതാണ്; വരുമ്പോൾ ഭാര്യയുണ്ടെങ്കിൽ അവളും അവനോടൊപ്പം പൊയ്ക്കൊള്ളണം. യജമാനൻ ഒരുവളെ അവനു ഭാര്യയായി നൽകി അവൾ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുന്നെങ്കിൽ ആ സ്ത്രീയും അവളുടെ കുട്ടികളും യജമാനന് അവകാശപ്പെട്ടിരിക്കും; ആ പുരുഷൻമാത്രം സ്വതന്ത്രനാകും. “എന്നാൽ ആ ദാസൻ: ‘ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും സ്നേഹിക്കുന്നു; എനിക്കു സ്വതന്ത്രനായി പോകാൻ ആഗ്രഹമില്ല’ എന്നു തുറന്നുപറയുന്നെങ്കിൽ യജമാനൻ അവനെ ദൈവത്തിന്റെ മുമ്പിൽ കൂട്ടിക്കൊണ്ടുപോകണം. അദ്ദേഹം അവനെ വാതിലിന്റെയോ കട്ടിളക്കാലിന്റെയോ അടുത്തുകൊണ്ടുചെന്ന് സൂചികൊണ്ട് അവന്റെ കാതു തുളയ്ക്കണം. പിന്നെ അവൻ ആജീവനാന്തം അദ്ദേഹത്തെ സേവിക്കണം. “ഒരുവൻ തന്റെ മകളെ ദാസിയായി വിൽക്കുന്നെങ്കിൽ അവൾ ദാസന്മാർ പോകുന്നതുപോലെ സ്വതന്ത്രയായി പോകരുത്. അവളെ തനിക്കായി തെരഞ്ഞെടുത്ത യജമാനന് അവളോട് ഇഷ്ടമില്ലെങ്കിൽ അദ്ദേഹം അവൾക്കു വീണ്ടെടുപ്പിനുള്ള അനുവാദം നൽകണം. അവളോടു വിശ്വാസലംഘനം നടത്തിയതുകൊണ്ട് അയാൾക്ക് അവളെ അന്യർക്ക് വിൽക്കാൻ അവകാശം ഇല്ല. അദ്ദേഹം തന്റെ മകനുവേണ്ടിയാണ് അവളെ തെരഞ്ഞെടുക്കുന്നതെങ്കിൽ ഒരു മകളുടെ അവകാശങ്ങൾ അവൾക്ക് അനുവദിച്ചുകൊടുക്കണം. ആ മനുഷ്യൻ മറ്റൊരുവളെ വിവാഹംചെയ്യുന്നെങ്കിൽ ഒന്നാമത്തവൾക്കു ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവ കുറയ്ക്കരുത്. ഇവ മൂന്നും അദ്ദേഹം അവൾക്കു കൊടുക്കുന്നില്ലെങ്കിൽ, പണം കൊടുക്കാതെ അവൾക്കു സ്വതന്ത്രയായി പോകാവുന്നതാണ്.