പുറപ്പാട് 20:13-26

പുറപ്പാട് 20:13-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കൊല ചെയ്യരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്‍ടിക്കരുത്. കൂട്ടുകാരന്റെ നേരേ കള്ളസ്സാക്ഷ്യം പറയരുത്. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്. ജനമൊക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവതം പുകയുന്നതും കണ്ടു; ജനം അതു കണ്ടപ്പോൾ വിറച്ചുകൊണ്ടു ദൂരത്തുനിന്നു. അവർ മോശെയോട്: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു. മോശെ ജനത്തോട്: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന് അടുത്തുചെന്നു. അപ്പോൾ യഹോവ മോശെയോടു കല്പിച്ചത്: നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയേണം: ഞാൻ സ്വർഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ. എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്. എനിക്കു മണ്ണുകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കേണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്നു നിന്നെ അനുഗ്രഹിക്കും. കല്ലുകൊണ്ട് എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അതു പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും. എന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുത്.

പുറപ്പാട് 20:13-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“കൊല ചെയ്യരുത്.” “വ്യഭിചാരം ചെയ്യരുത്” “മോഷ്‍ടിക്കരുത്” “നിന്റെ അയൽക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്” “നിന്റെ അയൽക്കാരന്റെ ഭവനത്തെയോ, അവന്റെ ഭാര്യയെയോ, ദാസീദാസന്മാരെയോ, അവന്റെ കാളയെയോ കഴുതയെയോ അവന്റെ യാതൊന്നിനെയും മോഹിക്കരുത്.” ഇടിമുഴക്കവും കാഹളധ്വനിയും കേൾക്കുകയും, മിന്നലും പുകയുന്ന പർവതവും കാണുകയും ചെയ്തപ്പോൾ ജനം ഭയന്നു വിറച്ച് അകലെ നിന്നു. അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടു സംസാരിച്ചാൽ മതി. ഞങ്ങൾ കേട്ടുകൊള്ളാം. ഞങ്ങൾ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ.” മോശ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കാനും നിങ്ങൾ പാപം ചെയ്യാതിരിക്കത്തക്കവിധം ദൈവഭയം നിങ്ങളിൽ നിലനിർത്താനുമാണ് അവിടുന്നു വന്നിരിക്കുന്നത്.” ദൈവം എഴുന്നള്ളിയിരുന്ന കനത്ത കാർമേഘത്തിന്റെ അടുത്തേക്ക് മോശ നീങ്ങിയപ്പോൾ ജനം ദൂരെ മാറിനിന്നു. സർവേശ്വരൻ മോശയോടരുളിച്ചെയ്തു: “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ഞാൻ സ്വർഗത്തിൽനിന്നു സംസാരിക്കുന്നതു നിങ്ങൾതന്നെ കണ്ടല്ലോ. എനിക്കുപുറമെ നിങ്ങൾക്കായി വെള്ളികൊണ്ടോ സ്വർണംകൊണ്ടോ ഒരു ദേവനെയും ഉണ്ടാക്കരുത്. മണ്ണുകൊണ്ട് ഒരു യാഗപീഠമുണ്ടാക്കി അതിന്മേൽ നിങ്ങളുടെ ആടുമാടുകളെ ഹോമയാഗമായും സമാധാനയാഗമായും അർപ്പിക്കുക; എന്റെ നാമം അനുസരിക്കപ്പെടുന്നിടത്തൊക്കെയും ഞാൻ വന്ന് നിങ്ങളെ അനുഗ്രഹിക്കും. കല്ലുകൊണ്ടാണ് നിങ്ങൾ യാഗപീഠം ഉണ്ടാക്കുന്നതെങ്കിൽ അതു ചെത്തിയ കല്ലുകൊണ്ട് ആകരുത്. നിന്റെ പണിയായുധം അതിൽ സ്പർശിച്ചാൽ അത് അശുദ്ധമാകും. യാഗപീഠത്തിന്റെ പടികൾ ചവുട്ടിക്കയറി നിന്റെ നഗ്നത കാണപ്പെടാൻ ഇടയാകരുത്.

പുറപ്പാട് 20:13-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കൊല ചെയ്യരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്ടിക്കരുത്. കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്. കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.” ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു. അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നു പറഞ്ഞു. മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്ത് നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്‍റെ അടുത്തുചെന്നു. അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടുവല്ലോ. എന്‍റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്. എനിക്ക് മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്‍റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്‍റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കേണം. ഞാൻ എന്‍റെ നാമത്തിന്‍റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്‍റെ അടുക്കൽവന്ന് നിന്നെ അനുഗ്രഹിക്കും. കല്ലുകൊണ്ടു എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ടു അത് പണിയരുത്; നിന്‍റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അത് അശുദ്ധമാക്കും. എന്‍റെ യാഗപീഠത്തിൽ നിന്‍റെ നഗ്നത കാണാതിരിക്കുവാൻ നീ അതിന്‍റെ പടികളിലൂടെ കയറരുത്.“

പുറപ്പാട് 20:13-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കൊല ചെയ്യരുതു. വ്യഭിചാരം ചെയ്യരുതു. മോഷ്ടിക്കരുതു. കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു. ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതു കണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു. അവർ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു. മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു. അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ. എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു. എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കേണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്നു നിന്നെ അനുഗ്രഹിക്കും. കല്ലുകൊണ്ടു എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ടു അതു പണിയരുതു; നിന്റെ ആയുധംകൊണ്ടു അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും. എന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുതു.

പുറപ്പാട് 20:13-26 സമകാലിക മലയാളവിവർത്തനം (MCV)

കൊലപാതകം ചെയ്യരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്ടിക്കരുത്. അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്. അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.” ഇടിയും മിന്നലും കാണുകയും കാഹളം കേൾക്കുകയും പർവതം പുകയുന്നതു കാണുകയും ചെയ്തപ്പോൾ ജനമെല്ലാം ഭയന്നുവിറച്ചു; അവർ ദൂരെ മാറിനിന്നു. അവർ മോശയോട്, “അങ്ങുതന്നെ ഞങ്ങളോടു സംസാരിക്കുക, ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നപേക്ഷിച്ചു. മോശ ജനത്തോട്, “ഭയപ്പെടരുത്: നിങ്ങളിൽ ദൈവഭയം ഉളവാകുന്നതുമൂലം പാപത്തിൽനിന്ന് അകന്നു ജീവിക്കുന്നതിനും ഇങ്ങനെ നിങ്ങളെ പരീക്ഷിക്കുന്നതിനുമാണ് ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു. ജനം അകലെ നിന്നു, മോശയോ ദൈവം സന്നിഹിതനായ കനത്ത ഇരുട്ടിനെ സമീപിച്ചു. ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഞാൻ സ്വർഗത്തിൽനിന്ന് നിങ്ങളോടു സംസാരിക്കുന്നതു നിങ്ങൾതന്നെ കണ്ടിരിക്കുന്നു! ഞാൻ ഒഴികെ മറ്റൊരുദൈവവും നിങ്ങൾക്കുണ്ടായിരിക്കരുത്. വെള്ളികൊണ്ടോ സ്വർണംകൊണ്ടോ നിങ്ങൾക്കായി ദേവതകളെ നിർമിക്കരുത്. “ ‘മണ്ണുകൊണ്ട് ഒരു യാഗപീഠം നിങ്ങൾ എനിക്കായി നിർമിക്കണം; അതിന്മേൽ നിങ്ങളുടെ ഹോമയാഗവസ്തുക്കൾ, സമാധാന വഴിപാടുകൾ, ചെമ്മരിയാടുകൾ, കോലാടുകൾ, കന്നുകാലികൾ എന്നിവ അർപ്പിക്കുക. എന്റെ നാമം ആദരിക്കപ്പെടാൻ ഞാൻ ഇടയാക്കുന്നിടത്തെല്ലാം വന്നു ഞാൻ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ എനിക്കായി കല്ലുകൊണ്ടു യാഗപീഠം പണിയുന്നെങ്കിൽ അതു ചെത്തിയ കല്ലുകൊണ്ട് ആകരുത്; അതിന്മേൽ പണിയായുധം പ്രയോഗിച്ചാൽ നിങ്ങൾ അതിനെ അശുദ്ധമാക്കും. എന്റെ യാഗപീഠത്തിന്മേൽ നിങ്ങളുടെ നഗ്നത അനാവരണം ചെയ്യാതിരിക്കേണ്ടതിന് ചവിട്ടുപടികളിലൂടെ അതിന്മേൽ കയറരുത്.’