പുറപ്പാട് 2:15-22

പുറപ്പാട് 2:15-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിനരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറച്ചു. എന്നാൽ ഇടയന്മാർ വന്ന് അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു. അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ എന്ന് അവൻ ചോദിച്ചു. ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്ക് വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു എന്ന് അവർ പറഞ്ഞു. അവൻ തന്റെ പുത്രിമാരോട്: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നത് എന്ത്? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു. മോശെക്ക് അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറായെ കൊടുത്തു. അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്ന് അവൻ പറഞ്ഞ് അവനു ഗേർശോം എന്നു പേരിട്ടു.

പുറപ്പാട് 2:15-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫറവോ ഈ വിവരം അറിഞ്ഞ് മോശയെ വധിക്കാൻ ശ്രമിച്ചു. എന്നാൽ മോശ ഫറവോയുടെ പിടിയിൽപ്പെടാതെ ഒളിച്ചോടി, മിദ്യാന്യരുടെ ദേശത്തു ചെന്നു പാർത്തു. ഒരു ദിവസം മോശ ഒരു കിണറിനു സമീപം ഇരിക്കുകയായിരുന്നു. മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ പിതാവിന്റെ ആടുകൾക്കു വെള്ളം കൊടുക്കാൻ കിണറിന്റെ അടുത്തു വന്ന് വെള്ളം കോരി തൊട്ടികൾ നിറച്ചു. എന്നാൽ ഇടയന്മാർ വന്ന് അവരെ ഓടിക്കാൻ തുടങ്ങി. അപ്പോൾ മോശ അവരുടെ രക്ഷയ്‍ക്കെത്തി. പുരോഹിതന്റെ ആടുകൾക്കു വെള്ളം കൊടുക്കാൻ സഹായിച്ചു. അവർ പിതാവായ റെഗൂവേലിന്റെ അടുക്കൽ ചെന്നപ്പോൾ, “ഇന്നു നിങ്ങൾ ഇത്രവേഗം മടങ്ങിവന്നതെങ്ങനെ?” എന്നദ്ദേഹം ചോദിച്ചു. “ഒരു ഈജിപ്തുകാരൻ ഞങ്ങളെ ഇടയന്മാരിൽനിന്നു രക്ഷിച്ചു; വെള്ളം കോരി ആടുകളെ കുടിപ്പിക്കുകയും ചെയ്തു” എന്ന് അവർ പറഞ്ഞു. “അയാൾ എവിടെ? അയാളെ വിട്ടിട്ടു പോന്നതെന്ത്? അയാളെ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ടുവരിക” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മോശ അവരോടൊപ്പം പാർക്കാൻ സമ്മതിച്ചു; പുരോഹിതൻ തന്റെ മകൾ സിപ്പോറായെ മോശയ്‍ക്കു ഭാര്യയായി നല്‌കി. അവൾ ഒരു മകനെ പ്രസവിച്ചു; “ഞാൻ പരദേശിയായി പാർക്കുന്നവനാണല്ലോ” എന്നു പറഞ്ഞ് മോശ അവന് ഗേർശോം എന്നു പേരിട്ടു.

പുറപ്പാട് 2:15-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്‍റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്നു താമസിച്ചു; അവൻ ഒരു കിണറിനരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്‍റെ ആടുകൾക്കു കുടിക്കുവാൻ വെള്ളംകോരി തൊട്ടികൾ നിറച്ചു. എന്നാൽ ഇടയന്മാർ വന്ന് അവരെ ഓടിച്ചു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു. അവർ തങ്ങളുടെ അപ്പനായ രെയൂവേലിന്‍റെ അടുക്കൽ വന്നപ്പോൾ: “നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ?” എന്നു അവൻ ചോദിച്ചു. “ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിച്ച്, ഞങ്ങൾക്കു വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു” എന്നു അവർ പറഞ്ഞു. അവൻ തന്‍റെ പുത്രിമാരോട്: “അവൻ എവിടെ? നിങ്ങൾ അവനെ അവിടെ വിട്ടേച്ചു വന്നതെന്ത്? ഭക്ഷണം കഴിക്കുവാൻ അവനെ വിളിക്കുവിൻ” എന്നു പറഞ്ഞു. മോശെയ്ക്ക് അവനോടുകൂടെ താമസിക്കുവാൻ സമ്മതമായി; അവൻ മോശെയ്ക്ക് തന്‍റെ മകൾ സിപ്പോറയെ കൊടുത്തു. അവൾ ഒരു മകനെ പ്രസവിച്ചു: “ഞാൻ അന്യദേശത്ത് പരദേശി ആയിരിക്കുന്നു” എന്നു പറഞ്ഞ് മോശെ അവനു ഗേർശോം എന്നു പേരിട്ടു.

പുറപ്പാട് 2:15-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു. എന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു. അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്നു ഇത്ര വേഗം വന്നതു എങ്ങനെ എന്നു അവൻ ചോദിച്ചു. ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവർ പറഞ്ഞു. അവൻ തന്റെ പുത്രിമാരോടു: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു. മോശെക്കു അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറയെ കൊടുത്തു. അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവൻ പറഞ്ഞു അവന്നു ഗേർശോം എന്നു പേരിട്ടു.

പുറപ്പാട് 2:15-22 സമകാലിക മലയാളവിവർത്തനം (MCV)

ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശയെ കൊല്ലുന്നതിന് അന്വേഷിച്ചു. എന്നാൽ മോശ ഫറവോന്റെ അടുക്കൽനിന്ന് മിദ്യാനിൽ താമസിക്കാനായി ഓടിപ്പോയി; അവിടെ അദ്ദേഹം ഒരു കിണറ്റിനരികെ ഇരുന്നു. മിദ്യാനിലെ ഒരു പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു; അവർ തങ്ങളുടെ പിതാവിന്റെ ആട്ടിൻപറ്റത്തിനു കുടിക്കാനുള്ള വെള്ളം കോരി തൊട്ടികളിൽ നിറയ്ക്കാൻ അവിടെ എത്തി. ചില ഇടയന്മാർ വന്ന് അവരെ ഓടിച്ചുകളഞ്ഞു. എന്നാൽ മോശ എഴുന്നേറ്റ് അവരെ സഹായിച്ചു. അവരുടെ ആട്ടിൻപറ്റത്തിനു വെള്ളം കൊടുത്തു. അവർ പിതാവായ രെയൂവേലിന്റെ അടുക്കൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം അവരോട്, “നിങ്ങൾ ഇന്ന് ഇത്രയും നേരത്തേ മടങ്ങിയെത്തിയതെങ്ങനെ?” എന്നു ചോദിച്ചു. അതിന് അവർ, “ഒരു ഈജിപ്റ്റുകാരൻ ഞങ്ങളെ ഇടയന്മാരുടെ കൈയിൽനിന്നു രക്ഷിച്ചു. അദ്ദേഹം ഞങ്ങൾക്കും ആട്ടിൻപറ്റത്തിനും വെള്ളം കോരിത്തരികയും ചെയ്തു” എന്നു മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹം പുത്രിമാരോട്, “അദ്ദേഹം എവിടെ? നിങ്ങൾ അദ്ദേഹത്തെ വിട്ടിട്ടുപോന്നത് എന്ത്? നിങ്ങൾ അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിക്കുക” എന്നു പറഞ്ഞു. മോശ ആ മനുഷ്യനോടുകൂടെ താമസിക്കാമെന്നു സമ്മതിച്ചു. അദ്ദേഹം തന്റെ മകൾ സിപ്പോറയെ മോശയ്ക്കു വിവാഹംചെയ്തുകൊടുത്തു. തുടർന്നു സിപ്പോറ ഒരു മകനെ പ്രസവിച്ചു. “അന്യനാട്ടിൽ ഞാനൊരു പ്രവാസിയായിത്തീർന്നിരിക്കുന്നു,” എന്നു പറഞ്ഞ് മോശ അവന് ഗെർശോം എന്നു പേരിട്ടു.