പുറപ്പാട് 2:10-15

പുറപ്പാട് 2:10-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടുപോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു എന്നു പറഞ്ഞ് അവൾ അവനു മോശെ എന്നു പേരിട്ടു. ആ കാലത്ത് മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചുകൊന്നു മണലിൽ മറവു ചെയ്തു. പിറ്റേദിവസവും അവൻ ചെന്നപ്പോൾ രണ്ട് എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോട്: നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത് എന്നു ചോദിച്ചു. അതിന് അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു. ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിനരികെ ഇരുന്നു.

പുറപ്പാട് 2:10-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കുഞ്ഞു വളർന്നപ്പോൾ അവൾ അവനെ രാജകുമാരിയുടെ അടുക്കൽ കൊണ്ടുചെന്നു; അങ്ങനെ അവൻ രാജകുമാരിയുടെ പുത്രനായി വളർന്നു. “ഞാൻ അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു” എന്നു പറഞ്ഞ് അവൾ അവനു മോശ എന്നു പേരിട്ടു. പ്രായപൂർത്തിയായശേഷം ഒരു ദിവസം മോശ സ്വന്തം ജനങ്ങളുടെ അടുക്കലേക്കു ചെന്നു. അവരുടെ ജോലിയുടെ കാഠിന്യം മോശയ്‍ക്കു ബോധ്യമായി. അപ്പോൾ ഒരു എബ്രായനെ ഒരു ഈജിപ്തുകാരൻ അടിക്കുന്നതു കണ്ടു. അയാൾ ചുറ്റുപാടും നോക്കി. ആരുമില്ലെന്നു കണ്ടപ്പോൾ ഈജിപ്തുകാരനെ കൊന്നു മണലിൽ മറവുചെയ്തു. അടുത്ത ദിവസം രണ്ട് എബ്രായർ തമ്മിൽ ശണ്ഠകൂടുന്നതു മോശ കണ്ടു. അവരുടെ അടുത്തു ചെന്ന് തെറ്റു ചെയ്തവനോട്: “നിന്റെ സഹോദരനെ അടിക്കുന്നത് എന്ത്” എന്നു ചോദിച്ചു. അയാൾ പറഞ്ഞു: “ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനും ആക്കിയത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാൻ ഭാവിക്കുകയാണോ?” അപ്പോൾ കാര്യം പരസ്യമായല്ലോ എന്നു ചിന്തിച്ചു മോശ ഭയപ്പെട്ടു. ഫറവോ ഈ വിവരം അറിഞ്ഞ് മോശയെ വധിക്കാൻ ശ്രമിച്ചു. എന്നാൽ മോശ ഫറവോയുടെ പിടിയിൽപ്പെടാതെ ഒളിച്ചോടി, മിദ്യാന്യരുടെ ദേശത്തു ചെന്നു പാർത്തു. ഒരു ദിവസം മോശ ഒരു കിണറിനു സമീപം ഇരിക്കുകയായിരുന്നു.

പുറപ്പാട് 2:10-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: “ഞാൻ അവനെ വെള്ളത്തിൽനിന്ന് വലിച്ചെടുത്തു” എന്നു പറഞ്ഞ് അവൾ അവനു മോശെ എന്നു പേരിട്ടു. മോശെ മുതിർന്നശേഷം അവൻ തന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ കഠിനവേല കണ്ടു. തന്‍റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നത് കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്ന് മണലിൽ മറവുചെയ്തു. പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നത് കണ്ടു, അന്യായം ചെയ്തവനോട്: “നിന്‍റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. അതിന് അവൻ: “നിന്നെ ഞങ്ങൾക്ക് പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?” എന്നു ചോദിച്ചു. അപ്പോൾ കാര്യം പരസ്യമായിപ്പോയല്ലോ എന്നു പറഞ്ഞ് മോശെ പേടിച്ചു. ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്‍റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്നു താമസിച്ചു; അവൻ ഒരു കിണറിനരികെ ഇരുന്നു.

പുറപ്പാട് 2:10-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവൾ അവന്നു മോശെ എന്നു പേരിട്ടു. ആ കാലത്തു മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു. പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു. അതിന്നു അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു. ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു.

പുറപ്പാട് 2:10-15 സമകാലിക മലയാളവിവർത്തനം (MCV)

കുട്ടി വളർന്നപ്പോൾ, അവൾ അവനെ ഫറവോന്റെ മകളുടെ അടുക്കൽ കൊണ്ടുവന്നു; അവൻ രാജകുമാരിയുടെ മകനായിത്തീർന്നു. “ഞാൻ ഇവനെ വെള്ളത്തിൽനിന്ന് എടുത്തു,” എന്നു പറഞ്ഞ് ആ രാജകുമാരി അവന് മോശ എന്നു പേരിട്ടു. ചില വർഷങ്ങൾകഴിഞ്ഞ്—മോശ മുതിർന്നതിനുശേഷം—ഒരിക്കൽ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ കഠിനാധ്വാനം നേരിട്ടുകണ്ടു; സ്വജനത്തിൽപ്പെട്ട ഒരു എബ്രായനെ ഒരു ഈജിപ്റ്റുകാരൻ അടിക്കുന്നത് അദ്ദേഹം കണ്ടു. ചുറ്റും നോക്കി ആരും ഇല്ലെന്നു കണ്ടപ്പോൾ അദ്ദേഹം ഈജിപ്റ്റുകാരനെ കൊന്നു മണലിൽ മറവുചെയ്തു. അടുത്തദിവസം അദ്ദേഹം പുറത്തേക്കു പോയപ്പോൾ രണ്ട് എബ്രായർ ശണ്ഠയിടുന്നതു കണ്ടു. കുറ്റക്കാരനോട്, “നീ നിന്റെ സ്നേഹിതനെ അടിക്കുന്നതെന്ത്?” എന്ന് അദ്ദേഹം ചോദിച്ചു. “നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?” അവൻ ചോദിച്ചു. അപ്പോൾ മോശ, “ഞാൻ ചെയ്തത് എല്ലാവരും അറിഞ്ഞുകാണും” എന്നു ചിന്തിച്ച് ഭയപ്പെട്ടു. ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശയെ കൊല്ലുന്നതിന് അന്വേഷിച്ചു. എന്നാൽ മോശ ഫറവോന്റെ അടുക്കൽനിന്ന് മിദ്യാനിൽ താമസിക്കാനായി ഓടിപ്പോയി; അവിടെ അദ്ദേഹം ഒരു കിണറ്റിനരികെ ഇരുന്നു.