പുറപ്പാട് 2:1-15
പുറപ്പാട് 2:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു. അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ട് അവനെ മൂന്നു മാസം ഒളിച്ചുവച്ചു. അവനെ പിന്നെ ഒളിച്ചുവയ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിനു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വച്ചു. അവന് എന്തു ഭവിക്കുമെന്ന് അറിവാൻ അവന്റെ പെങ്ങൾ ദൂരത്തുനിന്നു. അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തു കൊണ്ടു വരുവാൻ ദാസിയെ അയച്ചു. അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്ക് അതിനോട് അലിവു തോന്നി: ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്ന് എന്നു പറഞ്ഞു. അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: ഈ പൈതലിനു മുലകൊടുക്കേണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു. ഫറവോന്റെ പുത്രി അവളോട്: ചെന്നു കൊണ്ടുവരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചു കൊണ്ടുവന്നു. ഫറവോന്റെ പുത്രി അവളോട്: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളർത്തി. പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടുപോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു എന്നു പറഞ്ഞ് അവൾ അവനു മോശെ എന്നു പേരിട്ടു. ആ കാലത്ത് മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചുകൊന്നു മണലിൽ മറവു ചെയ്തു. പിറ്റേദിവസവും അവൻ ചെന്നപ്പോൾ രണ്ട് എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോട്: നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത് എന്നു ചോദിച്ചു. അതിന് അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു. ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിനരികെ ഇരുന്നു.
പുറപ്പാട് 2:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ കാലത്ത് ലേവിഗോത്രത്തിൽപ്പെട്ട ഒരാൾ അതേ ഗോത്രത്തിൽനിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു. അവർക്കൊരു പുത്രൻ ജനിച്ചു. ശിശു കോമളനായിരുന്നതിനാൽ അമ്മ അവനെ മൂന്നുമാസം ഒളിച്ചുവച്ചു. പിന്നീട് അസാധ്യമെന്നു ബോധ്യമായപ്പോൾ അവൾ ഞാങ്ങണകൊണ്ട് ഒരു പെട്ടിയുണ്ടാക്കി, വെള്ളം കയറാത്തവിധം അതിൽ പശയും കീലും തേച്ചു; കുഞ്ഞിനെ അതിൽ കിടത്തി; നൈൽനദിയുടെ തീരത്ത് ഞാങ്ങണയുടെ ഇടയിൽ വച്ചു. അവന് എന്തു സംഭവിക്കുമെന്ന് അറിയാൻ അവന്റെ സഹോദരി അല്പം അകലെ കാത്തുനിന്നു. അപ്പോൾ ഫറവോയുടെ പുത്രി നദിയിൽ കുളിക്കാൻ വന്നു; അവളുടെ തോഴിമാർ നദീതീരത്തുകൂടി നടന്നു; ഞാങ്ങണയുടെ ഇടയിലിരുന്ന പെട്ടി രാജകുമാരിയുടെ ദൃഷ്‍ടിയിൽപെട്ടു. അത് എടുത്തുകൊണ്ടുവരാൻ അവൾ തോഴിയെ അയച്ചു. പെട്ടി തുറന്നപ്പോൾ ഒരു ആൺകുഞ്ഞ് കരയുന്നു. രാജകുമാരിക്ക് ആ ശിശുവിനോടു കരുണ തോന്നി. അവൾ പറഞ്ഞു: “ഇത് ഒരു എബ്രായശിശുവാണ്.” ശിശുവിന്റെ സഹോദരി രാജകുമാരിയെ സമീപിച്ചു ചോദിച്ചു: “ഈ കുട്ടിയെ പാലൂട്ടി വളർത്താൻ ഒരു എബ്രായസ്ത്രീയെ ഞാൻ കൂട്ടിക്കൊണ്ടു വരണമോ?” “കൊണ്ടുവരിക” എന്നു രാജകുമാരി പറഞ്ഞു. അവൾ ഓടിച്ചെന്ന് കുഞ്ഞിന്റെ അമ്മയെത്തന്നെ കൂട്ടിക്കൊണ്ടുവന്നു. രാജകുമാരി പറഞ്ഞു: “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി പാലൂട്ടി വളർത്തുക. അതിനുള്ള ശമ്പളം ഞാൻ തരാം”. ആ സ്‍ത്രീ കുഞ്ഞിനെ കൊണ്ടുപോയി വളർത്തി. കുഞ്ഞു വളർന്നപ്പോൾ അവൾ അവനെ രാജകുമാരിയുടെ അടുക്കൽ കൊണ്ടുചെന്നു; അങ്ങനെ അവൻ രാജകുമാരിയുടെ പുത്രനായി വളർന്നു. “ഞാൻ അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു” എന്നു പറഞ്ഞ് അവൾ അവനു മോശ എന്നു പേരിട്ടു. പ്രായപൂർത്തിയായശേഷം ഒരു ദിവസം മോശ സ്വന്തം ജനങ്ങളുടെ അടുക്കലേക്കു ചെന്നു. അവരുടെ ജോലിയുടെ കാഠിന്യം മോശയ്‍ക്കു ബോധ്യമായി. അപ്പോൾ ഒരു എബ്രായനെ ഒരു ഈജിപ്തുകാരൻ അടിക്കുന്നതു കണ്ടു. അയാൾ ചുറ്റുപാടും നോക്കി. ആരുമില്ലെന്നു കണ്ടപ്പോൾ ഈജിപ്തുകാരനെ കൊന്നു മണലിൽ മറവുചെയ്തു. അടുത്ത ദിവസം രണ്ട് എബ്രായർ തമ്മിൽ ശണ്ഠകൂടുന്നതു മോശ കണ്ടു. അവരുടെ അടുത്തു ചെന്ന് തെറ്റു ചെയ്തവനോട്: “നിന്റെ സഹോദരനെ അടിക്കുന്നത് എന്ത്” എന്നു ചോദിച്ചു. അയാൾ പറഞ്ഞു: “ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനും ആക്കിയത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാൻ ഭാവിക്കുകയാണോ?” അപ്പോൾ കാര്യം പരസ്യമായല്ലോ എന്നു ചിന്തിച്ചു മോശ ഭയപ്പെട്ടു. ഫറവോ ഈ വിവരം അറിഞ്ഞ് മോശയെ വധിക്കാൻ ശ്രമിച്ചു. എന്നാൽ മോശ ഫറവോയുടെ പിടിയിൽപ്പെടാതെ ഒളിച്ചോടി, മിദ്യാന്യരുടെ ദേശത്തു ചെന്നു പാർത്തു. ഒരു ദിവസം മോശ ഒരു കിണറിനു സമീപം ഇരിക്കുകയായിരുന്നു.
പുറപ്പാട് 2:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ ഒരു ലേവ്യകന്യകയെ വിവാഹം കഴിച്ചു. അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ട് അവനെ മൂന്നുമാസം ഒളിപ്പിച്ചുവച്ചു. അവനെ പിന്നെ ഒളിച്ചുവയ്ക്കുവാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന് പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു. അവനു എന്ത് സംഭവിക്കുമെന്ന് അറിയുവാൻ അവന്‍റെ സഹോദരി ദൂരത്ത് നിന്നു. അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിക്കുവാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അത് എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു. അവൾ അത് തുറന്നപ്പോൾ പൈതലിനെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അതിനോട് അലിവുതോന്നി: “ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്നാകുന്നു” എന്നു പറഞ്ഞു. അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: “ഈ പൈതലിന് മുലപ്പാൽ കൊടുക്കണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരണമോ?” എന്നു ചോദിച്ചു. ഫറവോന്റെ പുത്രി അവളോട്: “ചെന്നു കൊണ്ടുവരുക” എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിൻ്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോന്റെ പുത്രി അവളോട്: “നീ ഈ പൈതലിനെ കൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം” എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തുകൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തി. പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: “ഞാൻ അവനെ വെള്ളത്തിൽനിന്ന് വലിച്ചെടുത്തു” എന്നു പറഞ്ഞ് അവൾ അവനു മോശെ എന്നു പേരിട്ടു. മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ കഠിനവേല കണ്ടു. തന്‍റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നത് കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്ന് മണലിൽ മറവുചെയ്തു. പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നത് കണ്ടു, അന്യായം ചെയ്തവനോട്: “നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. അതിന് അവൻ: “നിന്നെ ഞങ്ങൾക്ക് പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?” എന്നു ചോദിച്ചു. അപ്പോൾ കാര്യം പരസ്യമായിപ്പോയല്ലോ എന്നു പറഞ്ഞ് മോശെ പേടിച്ചു. ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്നു താമസിച്ചു; അവൻ ഒരു കിണറിനരികെ ഇരുന്നു.
പുറപ്പാട് 2:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു. അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു. അവനെ പിന്നെ ഒളിച്ചുവെപ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു. അവന്നു എന്തു ഭവിക്കുമെന്നു അറിവാൻ അവന്റെ പെങ്ങൾ ദൂരത്തു നിന്നു. അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു. അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്കു അതിനോടു അലിവുതോന്നി: ഇതു എബ്രായരുടെ പൈതങ്ങളിൽ ഒന്നു എന്നു പറഞ്ഞു. അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോടു: ഈ പൈതലിന്നു മുല കൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരേണമോ എന്നു ചോദിച്ചു. ഫറവോന്റെ പുത്രി അവളോടു: ചെന്നു കൊണ്ടുവരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോന്റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളർത്തി. പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവൾ അവന്നു മോശെ എന്നു പേരിട്ടു. ആ കാലത്തു മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു. പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു. അതിന്നു അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു. ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു.
പുറപ്പാട് 2:1-15 സമകാലിക മലയാളവിവർത്തനം (MCV)
ഈ സമയം ലേവിഗോത്രത്തിൽപ്പെട്ട ഒരു പുരുഷൻ ഒരു ലേവ്യസ്ത്രീയെ വിവാഹംചെയ്തു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അഴകുള്ള ഒരു കുട്ടിയാണ് എന്നു കണ്ടിട്ട് അവൾ അവനെ മൂന്നുമാസം ഒളിപ്പിച്ചുവെച്ചു. എന്നാൽ അവനെ ഒളിപ്പിച്ചുവെക്കാൻ ഒട്ടും കഴിയാതായപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി അതിന്മേൽ പശയും കീലും തേച്ച്, കുട്ടിയെ അതിൽ കിടത്തി, നൈൽനദീതീരത്തു ഞാങ്ങണകൾക്കിടയിൽ വെച്ചു. അവന് എന്തു സംഭവിക്കുമെന്നു നോക്കിക്കൊണ്ട്, ശിശുവിന്റെ സഹോദരി കുറച്ചകലെ മാറിനിന്നു. ഉടനെതന്നെ ഫറവോന്റെ പുത്രി നദിയിൽ കുളിക്കാൻ വന്നു. അവളുടെ പരിചാരികമാർ നദിക്കരയിലൂടെ നടക്കുകയായിരുന്നു. അവൾ ആ പെട്ടകം ഞാങ്ങണകൾക്കിടയിൽ കണ്ടിട്ട് അതെടുക്കാൻ തന്റെ ദാസിയെ അയച്ചു. അവൾ അതു തുറന്നപ്പോൾ കുട്ടിയെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അവനോടു സഹതാപം തോന്നി. “ഇത് എബ്രായശിശുക്കളിൽ ഒന്നാണ്,” അവൾ പറഞ്ഞു. അപ്പോൾ ആ ശിശുവിന്റെ സഹോദരി ഫറവോന്റെ പുത്രിയോട്, “നിങ്ങൾക്കുവേണ്ടി ഈ കുഞ്ഞിനെ പരിചരിക്കാൻ ഞാൻ ചെന്ന് ഒരു എബ്രായസ്ത്രീയെ കൊണ്ടുവരട്ടെയോ?” എന്നു ചോദിച്ചു. “ഉവ്വ്, പൊയ്ക്കൊൾക,” ഫറവോന്റെ പുത്രി മറുപടി പറഞ്ഞു. അതനുസരിച്ച് പെൺകുട്ടി ചെന്ന്, അവന്റെ അമ്മയെ കൂട്ടിക്കൊണ്ടുവന്നു. ഫറവോന്റെ പുത്രി അവളോട്, “എനിക്കുവേണ്ടി ഈ കുഞ്ഞിനെ കൊണ്ടുപോയി മുലയൂട്ടിവളർത്തുക; നിന്റെ സേവനത്തിനു ഞാൻ പ്രതിഫലം തരാം” എന്നു പറഞ്ഞു. അങ്ങനെ ആ സ്ത്രീ പൈതലിനെ കൊണ്ടുപോയി വളർത്തി. കുട്ടി വളർന്നപ്പോൾ, അവൾ അവനെ ഫറവോന്റെ മകളുടെ അടുക്കൽ കൊണ്ടുവന്നു; അവൻ രാജകുമാരിയുടെ മകനായിത്തീർന്നു. “ഞാൻ ഇവനെ വെള്ളത്തിൽനിന്ന് എടുത്തു,” എന്നു പറഞ്ഞ് ആ രാജകുമാരി അവന് മോശ എന്നു പേരിട്ടു. ചില വർഷങ്ങൾകഴിഞ്ഞ്—മോശ മുതിർന്നതിനുശേഷം—ഒരിക്കൽ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ കഠിനാധ്വാനം നേരിട്ടുകണ്ടു; സ്വജനത്തിൽപ്പെട്ട ഒരു എബ്രായനെ ഒരു ഈജിപ്റ്റുകാരൻ അടിക്കുന്നത് അദ്ദേഹം കണ്ടു. ചുറ്റും നോക്കി ആരും ഇല്ലെന്നു കണ്ടപ്പോൾ അദ്ദേഹം ഈജിപ്റ്റുകാരനെ കൊന്നു മണലിൽ മറവുചെയ്തു. അടുത്തദിവസം അദ്ദേഹം പുറത്തേക്കു പോയപ്പോൾ രണ്ട് എബ്രായർ ശണ്ഠയിടുന്നതു കണ്ടു. കുറ്റക്കാരനോട്, “നീ നിന്റെ സ്നേഹിതനെ അടിക്കുന്നതെന്ത്?” എന്ന് അദ്ദേഹം ചോദിച്ചു. “നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?” അവൻ ചോദിച്ചു. അപ്പോൾ മോശ, “ഞാൻ ചെയ്തത് എല്ലാവരും അറിഞ്ഞുകാണും” എന്നു ചിന്തിച്ച് ഭയപ്പെട്ടു. ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശയെ കൊല്ലുന്നതിന് അന്വേഷിച്ചു. എന്നാൽ മോശ ഫറവോന്റെ അടുക്കൽനിന്ന് മിദ്യാനിൽ താമസിക്കാനായി ഓടിപ്പോയി; അവിടെ അദ്ദേഹം ഒരു കിണറ്റിനരികെ ഇരുന്നു.