പുറപ്പാട് 19:1-7

പുറപ്പാട് 19:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേ ദിവസം അവർ സീനായി മരുഭൂമിയിൽ എത്തി. അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവതത്തിനെതിരേ യിസ്രായേൽ പാളയമിറങ്ങി. മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവതത്തിൽനിന്നു അവനോടു വിളിച്ചു കല്പിച്ചത്: നീ യാക്കോബ്ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോട് അറിയിക്കയും ചെയ്യേണ്ടത് എന്തെന്നാൽ: ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ. ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ട് അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജാതികളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമിയൊക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു. മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേൾപ്പിച്ചു.

പുറപ്പാട് 19:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനം രെഫീദീമിൽനിന്നു യാത്ര തുടർന്നു; ഈജിപ്തിൽനിന്നു പുറപ്പെട്ട് കൃത്യം മൂന്നു മാസം പൂർത്തിയായപ്പോൾ സീനായ്മരുഭൂമിയിൽ എത്തിച്ചേർന്നു. അവിടെ അവർ സീനായ്മലയ്‍ക്ക് അഭിമുഖമായി പാളയമടിച്ചു. മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. സർവേശ്വരൻ മലയിൽനിന്ന് മോശയെ വിളിച്ച് യാക്കോബിന്റെ വംശജരായ ഇസ്രായേല്യരോട് ഇപ്രകാരം പറയാൻ കല്പിച്ചു: “ഞാൻ ഈജിപ്തുകാരോടു പ്രവർത്തിച്ചതും കഴുകൻ തന്റെ കുഞ്ഞുങ്ങളെ ചിറകിൽ വഹിച്ചുകൊണ്ടു വരുന്നതുപോലെ നിങ്ങളെ എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ. നിങ്ങൾ എന്റെ വാക്കുകേട്ട് എന്റെ ഉടമ്പടി പാലിച്ചാൽ സകല ജനതകളിലുംവച്ചു നിങ്ങൾ എനിക്ക് പ്രത്യേക ജനം ആയിരിക്കും; ഭൂമി മുഴുവനും എൻറേതാണെങ്കിലും. നിങ്ങൾ എനിക്ക് ഒരു പുരോഹിതവംശവും വിശുദ്ധജനതയും ആയിരിക്കും.” മോശ ജനനേതാക്കന്മാരെ വിളിച്ചുകൂട്ടി സർവേശ്വരന്റെ കല്പന അവരെ അറിയിച്ചു.

പുറപ്പാട് 19:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടതിന്‍റെ മൂന്നാം മാസത്തിൽ അവർ സീനായിമരുഭൂമിയിൽ എത്തി. അവർ രെഫീദീമിൽനിന്ന് യാത്രതിരിച്ച് സീനായിമരുഭൂമിയിൽ വന്നു. അവിടെ പർവ്വതത്തിന് മുമ്പിൽ പാളയമിറങ്ങി. മോശെ ദൈവസന്നിധിയിൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്ന് അവനോട് കല്പിച്ചത്: “നീ യാക്കോബ് ഗൃഹത്തോട് പറയുകയും യിസ്രായേൽ മക്കളോട് അറിയിക്കുകയും ചെയ്യേണ്ടത്: “ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്‍റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ. അതുകൊണ്ട് നിങ്ങൾ എന്‍റെ വാക്ക് കേട്ടു അനുസരിക്കുകയും എന്‍റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്ക് സകല ജനതകളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; കാ‍രണം ഭൂമി ഒക്കെയും എനിക്കുള്ളതാണല്ലോ. നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു.” മോശെ വന്ന് ജനത്തിന്‍റെ മൂപ്പന്മാരെ വിളിച്ച്, യഹോവ തന്നോട് കല്പിച്ച ഈ വചനങ്ങളെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു.

പുറപ്പാട് 19:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേദിവസം അവർ സീനായിമരുഭൂമിയിൽ എത്തി. അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി. മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്നു അവനോടു വിളിച്ചു കല്പിച്ചതു: നീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാൽ: ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ. ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു. മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേൾപ്പിച്ചു.

പുറപ്പാട് 19:1-7 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ മൂന്നാംമാസത്തിൽ—അതേദിവസം—അവർ സീനായിമരുഭൂമിയിൽ എത്തി. അവർ രെഫീദീമിൽനിന്ന് യാത്രതിരിച്ച് സീനായിമരുഭൂമിയിൽ പ്രവേശിച്ചു. അവിടെ പർവതത്തിനു മുന്നിലായി ഇസ്രായേൽ പാളയമടിച്ചു. ഇതിനുശേഷം മോശ ദൈവത്തിന്റെ അടുത്തേക്കുചെന്നു; യഹോവ പർവതത്തിൽനിന്ന് അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ യാക്കോബ് ഗൃഹത്തോടു പറയേണ്ടതും ഇസ്രായേൽമക്കളോട് അറിയിക്കേണ്ടതും എന്തെന്നാൽ: ‘ഞാൻ ഈജിപ്റ്റിനോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകുകളിന്മേൽ വഹിച്ച് എന്റെ അടുക്കലേക്കു കൊണ്ടുവന്നതും നിങ്ങൾ നേരിട്ടു കണ്ടിരിക്കുന്നു. ഇനി, നിങ്ങൾ എന്റെ വാക്കുകേട്ട്, അനുസരിച്ച് എന്റെ ഉടമ്പടി പാലിച്ചാൽ എല്ലാ ജനതകളിലുംവെച്ച് എനിക്കുള്ള വിലപ്പെട്ട നിക്ഷേപം നിങ്ങളായിരിക്കും. കാരണം സർവഭൂമിയും എന്റേതാകുന്നു. നിങ്ങൾ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനതയും ആയിരിക്കും.’ ഇസ്രായേല്യരോടു നീ പറയേണ്ടുന്ന വചനങ്ങൾ ഇവയാകുന്നു.” മോശ ചെന്ന് സമുദായനേതാക്കന്മാരെ വിളിച്ചു, യഹോവ കൽപ്പിച്ച സകലവചനങ്ങളും അവരെ അറിയിച്ചു.