പുറപ്പാട് 18:13-23
പുറപ്പാട് 18:13-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിറ്റന്നാൾ മോശെ ജനത്തിനു ന്യായംവിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു. അവൻ ജനത്തിനുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിനുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്ത്? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനമൊക്കെയും രാവിലെ തുടങ്ങി വൈകുന്നേരംവരെ നിന്റെ ചുറ്റും നില്ക്കയും ചെയ്യുന്നത് എന്ത് എന്ന് അവൻ ചോദിച്ചു. മോശെ തന്റെ അമ്മായപ്പനോട്: ദൈവത്തോട് ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു. അവർക്ക് ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു. അതിനു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞത്: നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല. ആകയാൽ എന്റെ വാക്കു കേൾക്ക; ഞാൻ ഒരു ആലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിനുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക. അവർക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക. അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകല ജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരം പേർക്ക് അധിപതിമാരായും നൂറു പേർക്ക് അധിപതിമാരായും അമ്പതു പേർക്ക് അധിപതിമാരായും പത്തു പേർക്ക് അധിപതിമാരായും നിയമിക്ക. അവർ എല്ലാ സമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യമൊക്കെയും അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യമൊക്കെയും അവർ തന്നെ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും. നീ ഈ കാര്യം ചെയ്കയും ദൈവം അത് അനുവദിക്കയും ചെയ്താൽ നിനക്കു നിന്നു പൊറുക്കാം. ഈ ജനത്തിനൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകുകയും ചെയ്യാം.
പുറപ്പാട് 18:13-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിറ്റന്നാൾ ജനങ്ങളുടെ തർക്കങ്ങൾ കേട്ട് വിധിപറയാൻ മോശ ഇരുന്നു. പ്രഭാതംമുതൽ പ്രദോഷംവരെ ജനം അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നു. മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് ഭാര്യാപിതാവ് ചോദിച്ചു: “ജനത്തിനുവേണ്ടി നീ ഇങ്ങനെ ചെയ്യുന്നതെന്ത്? അന്തിയോളം ചുറ്റും നില്‌ക്കുന്ന ജനത്തിനു ന്യായപാലനം ചെയ്യാൻ നീ ഒരാൾ മതിയാകുമോ?” മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അറിയാൻ ജനം എന്നെ സമീപിക്കുന്നു. തർക്കങ്ങൾ ഉണ്ടാകുമ്പോഴും അവർ എന്റെ അടുത്തു വരുന്നു; ഞാൻ പരാതികൾക്കു തീർപ്പു കല്പിക്കുന്നു. കൂടാതെ ദൈവകല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യുന്നു. യിത്രോ മോശയോടു പറഞ്ഞു: “നീ ചെയ്യുന്നതു ശരിയല്ല. നീയും നിന്നെ സമീപിക്കുന്ന ജനവും ക്ഷീണിച്ചുപോകും; ഒറ്റയ്‍ക്കു ചെയ്തുതീർക്കാൻ കഴിയാത്തവിധം ഭാരിച്ചതാണ് ഈ ജോലി. എന്റെ വാക്ക് ശ്രദ്ധിക്കുക; ഞാൻ ഒരു ഉപദേശം നല്‌കാം; ദൈവം നിന്റെ കൂടെ ഉണ്ടായിരിക്കട്ടെ; ദൈവസന്നിധിയിൽ ജനത്തിന്റെ പ്രശ്നങ്ങൾ കൊണ്ടുവരുന്ന അവരുടെ പ്രതിപുരുഷനായിരിക്കണം നീ. ദൈവത്തിന്റെ വിധികളും നിയമങ്ങളും നീ അവരെ പഠിപ്പിക്കണം; അവർ നടക്കേണ്ട വഴികളും ചെയ്യേണ്ട കാര്യങ്ങളും അവരെ മനസ്സിലാക്കണം. ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലി വാങ്ങാത്തവരും കഴിവുറ്റവരുമായ ആളുകളെ തിരഞ്ഞെടുത്ത് ആയിരവും നൂറും അമ്പതും പത്തും വീതമുള്ള ഗണങ്ങൾക്ക് അധിപതികളായി നിയമിക്കണം. എല്ലായ്പോഴും അവർ ജനങ്ങൾക്ക് ന്യായപാലനം ചെയ്യട്ടെ; വലിയ പ്രശ്നങ്ങളെല്ലാം അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയതൊക്കെയും അവർതന്നെ തീർക്കട്ടെ; ഇങ്ങനെ അവർ സഹായിക്കുമ്പോൾ നിന്റെ ഭാരം ലഘുവായിത്തീരും; ദൈവകല്പന എന്നു കരുതി നീ ഇങ്ങനെ ചെയ്താൽ നിനക്ക് ഇത് അനായാസമാകും; ഈ ജനത്തിന് സമാധാനത്തോടെ വീട്ടിലേക്കു പോകുകയും ചെയ്യാം.”
പുറപ്പാട് 18:13-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിറ്റേദിവസം മോശെ ജനത്തിന് ന്യായം വിധിക്കുവാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു. അവൻ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: “നീ ജനത്തിന് വേണ്ടി ചെയ്യുന്ന ഈ കാര്യം എന്താണ്? നീ ഏകനും ന്യായാധിപതിയുമായി വിസ്തരിക്കുവാൻ ഇരിക്കുകയും ജനങ്ങൾ രാവിലെ തുടങ്ങി വൈകുന്നേരംവരെ നിന്റെ ചുറ്റും നില്‍ക്കുകയും ചെയ്യുന്നത് എന്ത്?“എന്നു അവൻ ചോദിച്ചു. മോശെ തന്‍റെ അമ്മായിയപ്പനോട്: “ദൈവത്തോട് ആലോചന ചോദിക്കുവാൻ ജനം എന്റെ അടുക്കൽ വരുന്നു. അവർക്ക് ഒരു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർ തമ്മിലുള്ള തർക്കം ഞാൻ കേട്ടു വിധിക്കുകയും ദൈവത്തിന്‍റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യും” എന്നു പറഞ്ഞു. അതിന് മോശെയുടെ അമ്മായിയപ്പൻ അവനോട് പറഞ്ഞത്: “നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അത് നിവർത്തിക്കുവാൻ നിനക്കു കഴിയുന്നതല്ല. ആകയാൽ എന്‍റെ വാക്ക് കേൾക്കുക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന് വേണ്ടി ദൈവസന്നിധിയിൽ ഇരിക്കുക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക. അവർക്ക് കല്പനകളും പ്രമാണങ്ങളും ഉപദേശിക്കുകയും നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃത്തിയും അവരെ അറിയിക്കുകയും ചെയ്ക. അതുകൂടാതെ, ദൈവഭക്തന്മാരും സത്യവാന്മാരും കൈക്കൂലി വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരം (1,000) പേർക്ക് അധിപതിമാരായും, നൂറുപേർക്ക് അധിപതിമാരായും, അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും നിയമിക്കുക. അവർ എല്ലാസമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യം അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം അവർ തന്നെ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും. നീ ഈ കാര്യം ചെയ്യുകയും ദൈവം അത് അനുവദിക്കുകയും ചെയ്താൽ നിനക്കു നിലനില്ക്കാം. ഈ ജനങ്ങൾക്കെല്ലാം സമാധാനത്തോടെ അവരുടെ സ്ഥലത്തേക്ക് പോകുകയും ചെയ്യാം.”
പുറപ്പാട് 18:13-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിറ്റെന്നാൾ മോശെ ജനത്തിന്നു ന്യായം വിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു. അവൻ ജനത്തിന്നുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിന്നുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്തു? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനം ഒക്കെയും രാവിലേ തുടങ്ങി വൈകുന്നേരം വരെ നിന്റെ ചുറ്റും നിൽക്കയും ചെയ്യുന്നതു എന്തു എന്നു അവൻ ചോദിച്ചു. മോശെ തന്റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു. അവർക്കു ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു. അതിന്നു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞതു: നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല. ആകയാൽ എന്റെ വാക്കു കേൾക്ക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന്നുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക. അവർക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക. അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേർക്കു അധിപതിമാരായും നൂറുപേർക്കു അധിപതിമാരായും അമ്പതുപേർക്കു അധിപതിമാരായും പത്തുപേർക്കു അധിപതിമാരായും നിയമിക്ക. അവർ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിക്കട്ടെ; വലിയ കാര്യം ഒക്കെയും അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം ഒക്കെയും അവർ തന്നേ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും. നീ ഈ കാര്യം ചെയ്കയും ദൈവം അതു അനുവദിക്കയും ചെയ്താൽ നിനക്കു നിന്നുപൊറുക്കാം. ഈ ജനത്തിന്നൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകയുമാം.
പുറപ്പാട് 18:13-23 സമകാലിക മലയാളവിവർത്തനം (MCV)
പിറ്റേദിവസം മോശ ജനത്തിനു ന്യായംവിധിക്കാൻ ഇരുന്നു. പ്രഭാതംമുതൽ സന്ധ്യവരെ ജനം മോശയ്ക്കുചുറ്റും നിന്നു. ജനത്തിനുവേണ്ടി മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് അദ്ദേഹത്തോട് അമ്മായിയപ്പൻ ചോദിച്ചു: “നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? ഈ ജനമെല്ലാം രാവിലെമുതൽ വൈകുന്നേരംവരെ നിന്റെ ചുറ്റും നിൽക്കുകയും നീ തനിച്ച് ന്യായവിസ്താരം നടത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?” മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അന്വേഷിച്ചുകൊണ്ടു ജനം എന്റെ അടുക്കൽ വരുന്നു. അവർക്കു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽവരും. ഞാൻ അവർക്കുമധ്യേ തീർപ്പുകൽപ്പിച്ച് ദൈവത്തിന്റെ ഉത്തരവുകളും നിയമങ്ങളും അവരെ അറിയിക്കും.” അതിനു മറുപടിയായി മോശയുടെ അമ്മായിയപ്പൻ: “നീ ഈ ചെയ്യുന്നതു നന്നല്ല. നീയും നിന്റെ അടുക്കൽ വരുന്ന ഈ ജനങ്ങളും തളർന്നുപോകും. ഈ ജോലി നിനക്കു വഹിക്കാവുന്നതിൽ അധികമാണ്; നിനക്കു തനിയേ ഇതു കൈകാര്യംചെയ്യുക സാധ്യമല്ല. ഇപ്പോൾ എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ നിനക്ക് ഉപദേശം നൽകാം; ദൈവം നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ. നീ ദൈവസന്നിധിയിൽ ജനത്തിന്റെ പ്രതിനിധി ആയി അവരുടെ വ്യവഹാരങ്ങൾ ദൈവത്തിന്റെ അടുക്കൽ കൊണ്ടുചെല്ലണം. അവിടത്തെ ഉത്തരവുകളും നിയമങ്ങളും അവരെ പഠിപ്പിക്കയും ജീവിക്കേണ്ട വിധവും അനുഷ്ഠിക്കേണ്ട കർത്തവ്യങ്ങളും അവരെ പ്രബോധിപ്പിക്കുകയും ചെയ്യണം. സകലജനത്തിൽനിന്ന് പ്രാപ്തരും ദൈവഭയമുള്ളവരും സത്യസന്ധരും ദുരാദായം വെറുക്കുന്നവരുമായ ചില പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിക്കുക. അവർ എപ്പോഴും ജനത്തിനു ന്യായംവിധിക്കട്ടെ. സങ്കീർണമായ വ്യവഹാരങ്ങൾ അവർ നിന്റെ അടുക്കൽ കൊണ്ടുവരികയും ലഘുവായ കാര്യങ്ങളിൽ അവർതന്നെ തീർപ്പുകൽപ്പിക്കുകയും ചെയ്യട്ടെ. അങ്ങനെയായാൽ നിന്റെ ജോലിഭാരം കുറയും, അങ്ങനെ അവരും അതു നിന്നോടൊപ്പം പങ്കിടുമല്ലോ! നീ ഇതു ചെയ്യുകയും ദൈവം അത് അനുവദിക്കുകയും ചെയ്താൽ നിനക്കു കഠിനാധ്വാനം ഒഴിവാക്കാം, ജനമെല്ലാം സംതൃപ്തരായി വീടുകളിലേക്കു മടങ്ങുകയും ചെയ്യും.”