പുറപ്പാട് 18:13-18

പുറപ്പാട് 18:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിറ്റന്നാൾ മോശെ ജനത്തിനു ന്യായംവിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു. അവൻ ജനത്തിനുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിനുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്ത്? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനമൊക്കെയും രാവിലെ തുടങ്ങി വൈകുന്നേരംവരെ നിന്റെ ചുറ്റും നില്ക്കയും ചെയ്യുന്നത് എന്ത് എന്ന് അവൻ ചോദിച്ചു. മോശെ തന്റെ അമ്മായപ്പനോട്: ദൈവത്തോട് ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു. അവർക്ക് ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു. അതിനു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞത്: നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല.

പുറപ്പാട് 18:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിറ്റന്നാൾ ജനങ്ങളുടെ തർക്കങ്ങൾ കേട്ട് വിധിപറയാൻ മോശ ഇരുന്നു. പ്രഭാതംമുതൽ പ്രദോഷംവരെ ജനം അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നു. മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് ഭാര്യാപിതാവ് ചോദിച്ചു: “ജനത്തിനുവേണ്ടി നീ ഇങ്ങനെ ചെയ്യുന്നതെന്ത്? അന്തിയോളം ചുറ്റും നില്‌ക്കുന്ന ജനത്തിനു ന്യായപാലനം ചെയ്യാൻ നീ ഒരാൾ മതിയാകുമോ?” മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അറിയാൻ ജനം എന്നെ സമീപിക്കുന്നു. തർക്കങ്ങൾ ഉണ്ടാകുമ്പോഴും അവർ എന്റെ അടുത്തു വരുന്നു; ഞാൻ പരാതികൾക്കു തീർപ്പു കല്പിക്കുന്നു. കൂടാതെ ദൈവകല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യുന്നു. യിത്രോ മോശയോടു പറഞ്ഞു: “നീ ചെയ്യുന്നതു ശരിയല്ല. നീയും നിന്നെ സമീപിക്കുന്ന ജനവും ക്ഷീണിച്ചുപോകും; ഒറ്റയ്‍ക്കു ചെയ്തുതീർക്കാൻ കഴിയാത്തവിധം ഭാരിച്ചതാണ് ഈ ജോലി.

പുറപ്പാട് 18:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിറ്റേദിവസം മോശെ ജനത്തിന് ന്യായം വിധിക്കുവാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു. അവൻ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: “നീ ജനത്തിന് വേണ്ടി ചെയ്യുന്ന ഈ കാര്യം എന്താണ്? നീ ഏകനും ന്യായാധിപതിയുമായി വിസ്തരിക്കുവാൻ ഇരിക്കുകയും ജനങ്ങൾ രാവിലെ തുടങ്ങി വൈകുന്നേരംവരെ നിന്‍റെ ചുറ്റും നില്‍ക്കുകയും ചെയ്യുന്നത് എന്ത്?“എന്നു അവൻ ചോദിച്ചു. മോശെ തന്‍റെ അമ്മായിയപ്പനോട്: “ദൈവത്തോട് ആലോചന ചോദിക്കുവാൻ ജനം എന്‍റെ അടുക്കൽ വരുന്നു. അവർക്ക് ഒരു തർക്കം ഉണ്ടാകുമ്പോൾ അവർ എന്‍റെ അടുക്കൽ വരും. അവർ തമ്മിലുള്ള തർക്കം ഞാൻ കേട്ടു വിധിക്കുകയും ദൈവത്തിന്‍റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യും” എന്നു പറഞ്ഞു. അതിന് മോശെയുടെ അമ്മായിയപ്പൻ അവനോട് പറഞ്ഞത്: “നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അത് നിവർത്തിക്കുവാൻ നിനക്കു കഴിയുന്നതല്ല.

പുറപ്പാട് 18:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിറ്റെന്നാൾ മോശെ ജനത്തിന്നു ന്യായം വിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു. അവൻ ജനത്തിന്നുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിന്നുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്തു? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനം ഒക്കെയും രാവിലേ തുടങ്ങി വൈകുന്നേരം വരെ നിന്റെ ചുറ്റും നിൽക്കയും ചെയ്യുന്നതു എന്തു എന്നു അവൻ ചോദിച്ചു. മോശെ തന്റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു. അവർക്കു ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു. അതിന്നു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞതു: നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല.

പുറപ്പാട് 18:13-18 സമകാലിക മലയാളവിവർത്തനം (MCV)

പിറ്റേദിവസം മോശ ജനത്തിനു ന്യായംവിധിക്കാൻ ഇരുന്നു. പ്രഭാതംമുതൽ സന്ധ്യവരെ ജനം മോശയ്ക്കുചുറ്റും നിന്നു. ജനത്തിനുവേണ്ടി മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് അദ്ദേഹത്തോട് അമ്മായിയപ്പൻ ചോദിച്ചു: “നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? ഈ ജനമെല്ലാം രാവിലെമുതൽ വൈകുന്നേരംവരെ നിന്റെ ചുറ്റും നിൽക്കുകയും നീ തനിച്ച് ന്യായവിസ്താരം നടത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?” മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അന്വേഷിച്ചുകൊണ്ടു ജനം എന്റെ അടുക്കൽ വരുന്നു. അവർക്കു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽവരും. ഞാൻ അവർക്കുമധ്യേ തീർപ്പുകൽപ്പിച്ച് ദൈവത്തിന്റെ ഉത്തരവുകളും നിയമങ്ങളും അവരെ അറിയിക്കും.” അതിനു മറുപടിയായി മോശയുടെ അമ്മായിയപ്പൻ: “നീ ഈ ചെയ്യുന്നതു നന്നല്ല. നീയും നിന്റെ അടുക്കൽ വരുന്ന ഈ ജനങ്ങളും തളർന്നുപോകും. ഈ ജോലി നിനക്കു വഹിക്കാവുന്നതിൽ അധികമാണ്; നിനക്കു തനിയേ ഇതു കൈകാര്യംചെയ്യുക സാധ്യമല്ല.