പുറപ്പാട് 17:1-6
പുറപ്പാട് 17:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽ നിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിനു കുടിപ്പാൻ വെള്ളമില്ലായിരുന്നു. അതുകൊണ്ട് ജനം മോശെയോട്: ഞങ്ങൾക്കു കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചുപറഞ്ഞതിനു മോശെ അവരോട്: നിങ്ങൾ എന്നോട് എന്തിനു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നത് എന്ത് എന്നു പറഞ്ഞു. ജനത്തിന് അവിടെവച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരേ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിനു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നത് എന്തിന് എന്നു പറഞ്ഞു. മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിനു ഞാൻ എന്തു ചെയ്യേണ്ടൂ? അവർ എന്നെ കല്ലെറിവാൻ പോകുന്നുവല്ലോ എന്നു പറഞ്ഞു. യഹോവ മോശെയോട്: യിസ്രായേൽ മൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കൈയിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക. ഞാൻ ഹോറേബിൽ നിന്റെ മുമ്പാകെ പാറയുടെമേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിനു കുടിപ്പാൻ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽ മൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.
പുറപ്പാട് 17:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ കല്പനപ്രകാരം ഇസ്രായേൽജനം മുഴുവൻ സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ട് രെഫീദീമിൽ എത്തി പാളയമടിച്ചു; അവിടെ അവർക്കു കുടിക്കാൻ വെള്ളമില്ലായിരുന്നു. “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരിക” എന്നു പറഞ്ഞു ജനങ്ങൾ മോശയോട് ആവലാതിപ്പെട്ടു. മോശ അവരോടു പറഞ്ഞു: “നിങ്ങൾ എന്നോടു കലഹിക്കുന്നതെന്ത്? സർവേശ്വരനെ എന്തിനു പരീക്ഷിക്കുന്നു?” ദാഹിച്ചു വലഞ്ഞ ജനം പിറുപിറുത്തുകൊണ്ടു മോശയോടു പറഞ്ഞു: “ഞങ്ങളും ഞങ്ങളുടെ കുട്ടികളും കന്നുകാലികളും ദാഹിച്ചു മരിക്കാനാണോ നീ ഈജിപ്തിൽനിന്നു ഞങ്ങളെ വിടുവിച്ചു കൊണ്ടുവന്നത്?” മോശ സർവേശ്വരനോടു നിലവിളിച്ചു പറഞ്ഞു: “ഈ ജനത്തോടു ഞാൻ എന്തു ചെയ്യും? നിമിഷങ്ങൾക്കകം എന്നെ അവർ കല്ലെറിയും.” സർവേശ്വരൻ മോശയോട് കല്പിച്ചു: “ഏതാനും ഇസ്രായേൽപ്രമാണിമാരുമൊത്ത് നീ ജനത്തിന്റെ മുമ്പേ പോകുക. നദിയെ അടിച്ച വടിയും കൈയിൽ എടുക്കുക. ഞാൻ ഹോറേബ്മലയിലെ ഒരു പാറമേൽ നില്‌ക്കും; നീ ആ പാറയിൽ അടിക്കണം; അപ്പോൾ ജനങ്ങൾക്കു കുടിക്കാൻ വെള്ളം അതിൽനിന്നു പുറപ്പെടും.” ഇസ്രായേൽപ്രമാണിമാർ കാൺകെ മോശ അപ്രകാരം ചെയ്തു.
പുറപ്പാട് 17:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം യിസ്രായേൽ മക്കളുടെ സംഘം എല്ലാം യഹോവയുടെ കല്പനപ്രകാരം സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു. അവർ രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു. അതുകൊണ്ട് ജനം മോശെയോട്: “ഞങ്ങൾക്ക് കുടിക്കുവാൻ വെള്ളം തരിക” എന്നു കലഹിച്ചു പറഞ്ഞതിന് മോശെ അവരോട്: “നിങ്ങൾ എന്നോട് എന്തിന് കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നത് എന്ത്?” എന്നു പറഞ്ഞു. ജനത്തിന് അവിടെവച്ച് വളരെ ദാഹിച്ചതുകൊണ്ട് ജനം മോശെയുടെ നേരെ പിറുപിറുത്തു: “ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ട് ചാകേണ്ടതിന് നീ ഞങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്നത് എന്തിന്?” എന്നു പറഞ്ഞു. മോശെ യഹോവയോട് നിലവിളിച്ചു: “ഈ ജനത്തോട് ഞാൻ എന്താണ് ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയുവാൻ പോകുന്നുവല്ലോ” എന്നു പറഞ്ഞു. യഹോവ മോശെയോട്: “യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ട് നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്ത് ജനത്തിന്‍റെ മുമ്പാകെ കടന്നുപോകുക. ഞാൻ ഹോരേബിൽ നിന്‍റെ മുമ്പിൽ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന് കുടിക്കുവാൻ വെള്ളം അതിൽനിന്ന് പുറപ്പെടും” എന്നു കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.
പുറപ്പാട് 17:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു. അതുകൊണ്ടു ജനം മോശെയോടു: ഞങ്ങൾക്കു കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടു: നിങ്ങൾ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു. ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു. മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിന്നു ഞാൻ എന്തു ചെയ്യേണ്ടു? അവർ എന്നെ കല്ലെറിവാൻ പോകുന്നുവല്ലോ എന്നു പറഞ്ഞു. യഹോവ മോശെയോടു: യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക. ഞാൻ ഹോരേബിൽ നിന്റെ മുമ്പാകെ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാൻ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.
പുറപ്പാട് 17:1-6 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ കൽപ്പിച്ചതനുസരിച്ച് ഇസ്രായേല്യസമൂഹം ഒന്നാകെ സീൻമരുഭൂമിയിൽനിന്ന് യാത്രതിരിച്ചു. അവർ യഹോവയുടെ കൽപ്പനപ്രകാരം പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം രെഫീദീമിൽ എത്തി; താവളമടിച്ചു. എന്നാൽ അവിടെ ജനത്തിനു കുടിക്കാൻ വെള്ളം ഇല്ലായിരുന്നു. “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ,” എന്നു പറഞ്ഞ് അവർ മോശയോടു കലഹിച്ചു. മോശ അവരോട്, “നിങ്ങൾ എന്തിനാണ് എന്നോടു കലഹിക്കുന്നത്? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു. എന്നാൽ അവിടെവെച്ചു ജനത്തിനു ദാഹിക്കുകയും അവർ മോശയോടു പിറുപിറുക്കുകയും ചെയ്തു. “ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും കന്നുകാലികളും ദാഹിച്ചു മരിക്കേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് എന്തിന്?” അവർ ചോദിച്ചു. അപ്പോൾ മോശ യഹോവയോട്, “ഞാൻ ഈ ജനത്തിന് എന്താണു ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയാൻ പോകുന്നു” എന്നു നിലവിളിച്ചു. അതിനുത്തരമായി, “നീ ജനത്തിനുമുമ്പായി നടക്കുക. ഇസ്രായേലിലെ ഏതാനും ഗോത്രത്തലവന്മാരെയും കൂടെ കൊണ്ടുപോകണം. നീ നൈൽനദിയെ അടിച്ച വടി കൈയിൽ എടുത്തുകൊള്ളണം. അവിടെ ഹോരേബിലെ പാറമേൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കും. നീ പാറയെ അടിക്കണം, അതിൽനിന്നു, ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. മോശ ഇസ്രായേല്യ ഗോത്രത്തലവന്മാർ കാൺകെ അങ്ങനെ ചെയ്തു.