പുറപ്പാട് 14:4-7

പുറപ്പാട് 14:4-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിനു ഫറവോനിലും അവന്റെ സകല സൈന്യങ്ങളിലും ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും. അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്നു മിസ്രയീംരാജാവിന് അറിവു കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സു മാറി; യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്ത് എന്ന് അവർ പറഞ്ഞു. പിന്നെ അവൻ രഥം കെട്ടിച്ചു പടജ്ജനത്തെയും വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകല രഥങ്ങളെയും അവയ്ക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.

പുറപ്പാട് 14:4-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫറവോയുടെ ഹൃദയം ഞാൻ കഠിനമാക്കും; അവൻ അവരെ പിന്തുടരും. ഫറവോയുടെയും അവന്റെ സകല സൈന്യങ്ങളുടെയുംമേൽ ഞാൻ മഹത്ത്വം കൈവരിക്കും. അപ്പോൾ ഞാനാണ് സർവേശ്വരൻ എന്ന് ഈജിപ്തുകാർ അറിയും.” സർവേശ്വരൻ കല്പിച്ചതുപോലെ ഇസ്രായേൽജനം ചെയ്തു. ഇസ്രായേൽജനം നാടുവിട്ടു എന്ന് അറിഞ്ഞപ്പോൾ ഈജിപ്തിലെ ഫറവോയുടെയും സേവകരുടെയും മനസ്സു മാറി. “നാം എന്താണു ചെയ്തത്? നമ്മുടെ അടിമകളെ നാം വിട്ടയച്ചുകളഞ്ഞല്ലോ” എന്നവർ പരിതപിച്ചു. ഇസ്രായേല്യരെ പിന്തുടരാൻ ഫറവോ രഥങ്ങളെയും സൈന്യത്തെയും സജ്ജമാക്കി. മികച്ച അറുനൂറു രഥങ്ങൾ ഉൾപ്പെടെ അനേകം രഥങ്ങളും പടനായകന്മാരും അടങ്ങിയ സൈന്യം പുറപ്പെട്ടു.

പുറപ്പാട് 14:4-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്‍റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന് ഫറവോനിലും അവന്‍റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നെ മഹത്വപ്പെടുത്തും.” അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്നു മിസ്രയീം രാജാവിന് അറിവ് കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ച് ഫറവോൻ്റെയും അവന്‍റെ ഭൃത്യന്മാരുടെയും മനസ്സുമാറി: “യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്ന് വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്താണ്?” എന്നു അവർ പറഞ്ഞു. പിന്നെ അവൻ രഥങ്ങളെയും പടജ്ജനത്തെയും സജ്ജമാക്കി. വിശേഷപ്പെട്ട അറുനൂറ് രഥങ്ങളും (600) മിസ്രയീമിലെ സകലരഥങ്ങളും അവയ്ക്ക് വേണ്ടുന്ന തേരാളികളെയും കൂട്ടി.

പുറപ്പാട് 14:4-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നേ മഹത്വപ്പെടുത്തും. അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവർ പറഞ്ഞു. പിന്നെ അവൻ രഥം കെട്ടിച്ചു പടജ്ജനത്തെയും വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവെക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.

പുറപ്പാട് 14:4-7 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കുകയും അവൻ അവരെ പിൻതുടരുകയും ചെയ്യും. എന്നാൽ ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും; ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” ആകയാൽ ഇസ്രായേല്യർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയിരിക്കുന്നു എന്ന് ഈജിപ്റ്റിലെ രാജാവ് കേട്ടപ്പോൾ ഫറവോനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അവരോടുള്ള മനോഭാവം മാറ്റി, “നാം ഈ ചെയ്തതെന്ത്? നമ്മുടെ അടിമവേലയിൽനിന്ന് ഇസ്രായേല്യരെ വിട്ടയച്ചല്ലോ” എന്ന് അവർ പറഞ്ഞു. അങ്ങനെ ഫറവോൻ തന്റെ രഥം സജ്ജമാക്കി, സൈന്യത്തെയും തന്നോടൊപ്പം അണിനിരത്തി. ഈജിപ്റ്റിലെ സകലരഥങ്ങളോടുംകൂടെ, ഏറ്റവും മികച്ച അറുനൂറു രഥങ്ങളെയും അവയിൽ എല്ലാറ്റിലും തേരാളികളെയും അദ്ദേഹം ഒരുക്കി.