പുറപ്പാട് 14:1-4

പുറപ്പാട് 14:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങൾ തിരിഞ്ഞു മിഗ്ദോലിനും കടലിനും മധ്യേ ബാൽസെഫോനു സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേൽമക്കളോടു പറക; അതിന്റെ സമീപത്തു സമുദ്രത്തിനരികെ നിങ്ങൾ പാളയം ഇറങ്ങേണം. എന്നാൽ അവർ ദേശത്ത് ഉഴലുന്നു; മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും. ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിനു ഫറവോനിലും അവന്റെ സകല സൈന്യങ്ങളിലും ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും. അവർ അങ്ങനെ ചെയ്തു.

പുറപ്പാട് 14:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “തിരിച്ചു പോയി മിഗ്ദോലിനും കടലിനുമിടയ്‍ക്ക് ബാൽസെഫോനു മുമ്പിലായി പിഹഹിരോത്തിനു സമീപം കടൽത്തീരത്തു പാളയമടിക്കാൻ ഇസ്രായേൽജനത്തോടു പറയുക.” അപ്പോൾ ഫറവോ, “ഇതാ ഇസ്രായേൽജനം അലഞ്ഞു തിരിയുന്നു. അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു” എന്ന് വിചാരിക്കും. ഫറവോയുടെ ഹൃദയം ഞാൻ കഠിനമാക്കും; അവൻ അവരെ പിന്തുടരും. ഫറവോയുടെയും അവന്റെ സകല സൈന്യങ്ങളുടെയുംമേൽ ഞാൻ മഹത്ത്വം കൈവരിക്കും. അപ്പോൾ ഞാനാണ് സർവേശ്വരൻ എന്ന് ഈജിപ്തുകാർ അറിയും.” സർവേശ്വരൻ കല്പിച്ചതുപോലെ ഇസ്രായേൽജനം ചെയ്തു.

പുറപ്പാട് 14:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ പിന്നെയും മോശെയോട് കല്പിച്ചത് എന്തെന്നാൽ: “നിങ്ങൾ തിരിഞ്ഞ് മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽ-സെഫോന് സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം അടിക്കണമെന്ന് യിസ്രായേൽ മക്കളോട് പറയുക; അതിന്‍റെ സമീപത്ത് സമുദ്രത്തിനരികെ നിങ്ങൾ പാളയം അടിക്കണം. എന്നാൽ അവർ ദേശത്ത് അലഞ്ഞുതിരിയുന്നു; അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും. ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്‍റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന് ഫറവോനിലും അവന്‍റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നെ മഹത്വപ്പെടുത്തും.”

പുറപ്പാട് 14:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാൽസെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേൽമക്കളോടു പറക; അതിന്റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങൾ പാളയം ഇറങ്ങേണം. എന്നാൽ അവർ ദേശത്തു ഉഴലുന്നു; മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും. ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നേ മഹത്വപ്പെടുത്തും.

പുറപ്പാട് 14:1-4 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തത്, “നിങ്ങൾ തിരിഞ്ഞു മിഗ്ദോലിനും കടലിനും ഇടയ്ക്കുള്ള പീ-ഹഹീരോത്തിൽ പാളയമടിക്കണമെന്ന് ഇസ്രായേൽമക്കളോടു പറയുക. അവർ ബാൽ-സെഫോനുനേരേ എതിർവശത്തു കടലിനരികെ താവളമടിക്കണം. ‘ഇസ്രായേല്യർ മരുഭൂമിയിൽ കുടുങ്ങി, വഴിയറിയാതെ ദേശത്തെല്ലാം അലഞ്ഞുതിരിയുകയാണ്’ എന്നു ഫറവോൻ ചിന്തിക്കും. ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കുകയും അവൻ അവരെ പിൻതുടരുകയും ചെയ്യും. എന്നാൽ ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും; ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” ആകയാൽ ഇസ്രായേല്യർ അങ്ങനെ ചെയ്തു.