പുറപ്പാട് 13:17-22

പുറപ്പാട് 13:17-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഫറവോൻ ജനത്തെ വിട്ടയച്ചശേഷം ഫെലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴി അടുത്തത് എന്നു വരികിലും ജനം യുദ്ധം കാണുമ്പോൾ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല. ചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു. മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടുപോന്നു. ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകേണമെന്ന് പറഞ്ഞ് അവൻ യിസ്രായേൽമക്കളെക്കൊണ്ട് ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു. അവർ സുക്കോത്തിൽനിന്നു യാത്ര പുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി. അവർ പകലും രാവും യാത്രചെയ്യുവാൻ തക്കവണ്ണം അവർക്കു വഴി കാണിക്കേണ്ടതിനു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്നു മാറിയതുമില്ല.

പുറപ്പാട് 13:17-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫറവോ ജനങ്ങളെ വിട്ടയച്ചപ്പോൾ ഫെലിസ്ത്യദേശത്തിലൂടെ പോകുന്നതായിരുന്നു എളുപ്പമെങ്കിലും യുദ്ധം ഉണ്ടായാൽ ജനം മനസ്സു മാറി ഈജിപ്തിലേക്കു മടങ്ങിയാലോ എന്നു കരുതി ദൈവം അവരെ ആ വഴി നയിച്ചില്ല. അങ്ങനെ മണലാരണ്യത്തിലെ വളഞ്ഞ വഴിയിലൂടെയാണ് അവിടുന്ന് അവരെ ചെങ്കടൽത്തീരത്തേക്കു നയിച്ചത്. എന്നാൽ ഇസ്രായേൽജനം യുദ്ധസന്നദ്ധരായിട്ടാണ് ഈജിപ്തിൽനിന്നു പുറപ്പെട്ടത്. “ദൈവം തീർച്ചയായും നിങ്ങളെ കടാക്ഷിച്ചു വിടുവിക്കും. അപ്പോൾ എന്റെ അസ്ഥികൾ കൂടി നിങ്ങൾ കൊണ്ടുപോകണം” എന്നു യോസേഫ് ഇസ്രായേൽജനങ്ങളെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതനുസരിച്ച് മോശ യോസേഫിന്റെ അസ്ഥികളും എടുത്തിരുന്നു. അവർ സുക്കോത്തിൽനിന്നു പുറപ്പെട്ട് മരുഭൂമിയുടെ അതിർത്തിയിലുള്ള ഏഥാമിൽ പാളയമടിച്ചു. അവർക്ക് രാവും പകലും യാത്ര ചെയ്യാനാകുംവിധം അവരെ നയിച്ചുകൊണ്ട് പകൽ മേഘസ്തംഭത്തിലും അവർക്ക് വെളിച്ചം പകർന്നുകൊണ്ടു രാത്രി അഗ്നിസ്തംഭത്തിലുമായി സർവേശ്വരൻ അവർക്കു മുമ്പേ പൊയ്‍ക്കൊണ്ടിരുന്നു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്ന് അപ്രത്യക്ഷമായില്ല.

പുറപ്പാട് 13:17-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഫറവോൻ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്ത് കൂടിയുള്ള വഴി എളുപ്പമായിരുന്നു. എങ്കിലും ജനം യുദ്ധം കാണുമ്പോൾ അനുതപിച്ച് മിസ്രയീമിലേയ്ക്ക് മടങ്ങിപ്പോകുമെന്ന് വിചാരിച്ച് ദൈവം അവരെ അതിലെ കൊണ്ടുപോയില്ല; ചെങ്കടലിനരികെയുള്ള മരുഭൂമിയിൽകൂടെ ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് ഗോത്രംഗോത്രമായി പുറപ്പെട്ടു. മോശെ യോസേഫിന്‍റെ അസ്ഥികളും എടുത്തുകൊണ്ടുപോന്നു. “ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്‍റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകേണം” എന്നു പറഞ്ഞ് അവൻ യിസ്രായേൽമക്കളെക്കൊണ്ട് ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു. അവർ സുക്കോത്തിൽനിന്ന് യാത്ര പുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി. അവർ പകലും രാവും യാത്ര ചെയ്യുവാൻ തക്കവിധത്തിൽ വഴി കാണിക്കേണ്ടതിന് പകൽ മേഘസ്തംഭത്തിലും വെളിച്ചം കൊടുക്കണ്ടതിന് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്‍റെ മുമ്പിൽനിന്ന് മാറിയതുമില്ല.

പുറപ്പാട് 13:17-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഫറവോൻ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്തു കൂടിയുള്ള വഴി അടുത്തതു എന്നുവരികിലും ജനം യുദ്ധം കാണുമ്പോൾ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവെച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല; ചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു. മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടു പോന്നു. ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്നു എടുത്തുകൊണ്ടു പോകേണമെന്നു പറഞ്ഞു അവൻ യിസ്രായേൽമക്കളെക്കൊണ്ടു ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു. അവർ സുക്കോത്തിൽനിന്നു യാത്രപുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി. അവർ പകലും രാവും യാത്രചെയ്‌വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്നു മാറിയതുമില്ല.

പുറപ്പാട് 13:17-22 സമകാലിക മലയാളവിവർത്തനം (MCV)

ഫറവോൻ ജനത്തെ വിട്ടയച്ചപ്പോൾ, ഫെലിസ്ത്യദേശത്തുകൂടിയുള്ള വഴി ദൂരം കുറഞ്ഞതായിരുന്നെങ്കിലും ദൈവം അവരെ ആ വഴിയിൽക്കൂടി നടത്തിയില്ല. “യുദ്ധം നേരിട്ടാൽ അവർക്കു മനംമാറ്റം ഉണ്ടാകുകയും അവർ ഈജിപ്റ്റിലേക്കു മടങ്ങുകയും ചെയ്തേക്കാം,” എന്നു ദൈവം കരുതി. ആകയാൽ ദൈവം ജനത്തെ ചെങ്കടലിനരികെയുള്ള മരുഭൂമിയിൽ വലയംചെയ്യിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു. യോസേഫിന്റെ അസ്ഥികളും മോശ എടുത്തിരുന്നു. കാരണം, “നിങ്ങളെ സഹായിക്കാൻ ദൈവം നിശ്ചയമായും വരും. അപ്പോൾ നിങ്ങൾ ഈ സ്ഥലത്തുനിന്ന് എന്റെ അസ്ഥികൾ കൊണ്ടുപോകണം” എന്ന് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് യോസേഫ് ശപഥംചെയ്യിച്ചിരുന്നു. അവർ സൂക്കോത്തിൽനിന്ന് പുറപ്പെട്ട് മരുഭൂമിയുടെ അരികിലുള്ള ഏഥാമിൽ പാളയമടിച്ചു. യഹോവ അവരെ വഴികാണിക്കാൻ പകൽസമയത്ത് ഒരു മേഘത്തൂണിലും രാത്രിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിത്തൂണിലുമായി അവർക്കുമുമ്പേ സഞ്ചരിച്ചു; അങ്ങനെ അവർക്കു പകലും രാത്രിയും യാത്രചെയ്യാൻ കഴിഞ്ഞു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുന്നിൽനിന്ന് മാറിയില്ല.