പുറപ്പാട് 13:1-10

പുറപ്പാട് 13:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും മോശെയോട്: യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെയൊക്കെയും എനിക്കായി ശുദ്ധീകരിക്ക; അത് എനിക്കുള്ളത് ആകുന്നു എന്നു കല്പിച്ചു. അപ്പോൾ മോശെ ജനത്തോടു പറഞ്ഞത്: നിങ്ങൾ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊൾവിൻ; യഹോവ ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുത്. ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ടു പോന്നു. എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമം ആചരിക്കേണം. ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആയിരിക്കേണം. ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്റെ അതിർക്കകത്തെങ്ങും പുളിച്ച മാവും കാണരുത്. ഞാൻ മിസ്രയീമിൽനിന്നു പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്നു നീ ആ ദിവസത്തിൽ നിന്റെ മകനോട് അറിയിക്കേണം. യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇതു നിനക്കു നിന്റെ കൈയിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചത്. അതുകൊണ്ട് നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ഈ ചട്ടം ആചരിക്കേണം.

പുറപ്പാട് 13:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേലിലെ എല്ലാ ആദ്യജാതന്മാരെയും എനിക്കു സമർപ്പിക്കുക; മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യസന്താനം എനിക്കുള്ളതാണ്.” മോശ ജനത്തോടു പറഞ്ഞു: “അടിമവീടായിരുന്ന ഈജിപ്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന ഈ ദിവസം ഓർത്തുകൊള്ളുക; സർവേശ്വരൻ തന്റെ ഭുജബലത്താൽ നിങ്ങളെ അവിടെനിന്നു കൂട്ടിക്കൊണ്ടുവന്നു; അതുകൊണ്ടു പുളിപ്പുള്ള അപ്പം നിങ്ങൾ ഈ ദിവസം ഭക്ഷിക്കരുത്. ആബീബ് മാസത്തിലെ ഈ ദിവസം നിങ്ങൾ അവിടെനിന്നു പുറപ്പെട്ടുപോന്നു. കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനവർഗങ്ങൾ പാർക്കുന്ന സ്ഥലം നിങ്ങളുടെ പിതാക്കന്മാർക്കു നല്‌കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്നു; പാലും തേനും ഒഴുകുന്ന ആ സ്ഥലത്തു സർവേശ്വരൻ നിങ്ങളെ എത്തിച്ചശേഷം വർഷംതോറും ഈ മാസത്തിൽതന്നെ ഈ പെരുന്നാൾ നിങ്ങൾ ആചരിക്കണം. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാം ദിവസം സർവേശ്വരന് ഉത്സവം ആചരിക്കണം; ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പംതന്നെ നിങ്ങൾ ഭക്ഷിക്കണം; നിങ്ങളുടെയിടയിൽ പുളിപ്പുള്ള അപ്പം കാണരുത്; നിങ്ങളുടെ ദേശത്തൊരിടത്തും പുളിമാവുണ്ടായിരിക്കരുത്; ഞാൻ ഈജിപ്തു വിട്ടുപോരുമ്പോൾ എനിക്കുവേണ്ടി സർവേശ്വരൻ ചെയ്ത കാര്യങ്ങൾ നിമിത്തം ഞാൻ ഇത് ആചരിക്കുന്നു എന്ന് ഉത്സവദിവസം നിന്റെ പുത്രനോടു നീ പറയണം. സർവേശ്വരന്റെ നിയമം നിന്റെ അധരങ്ങളിൽ ഉണ്ടായിരിക്കാൻ ഈ ആചാരം കൈയിൽ അടയാളമായും നെറ്റിയിൽ ഒരു സ്മാരകചിഹ്നമായും ഇരിക്കട്ടെ. അവിടുന്നു കരുത്തുറ്റ കരത്താൽ നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചുവല്ലോ. വർഷംതോറും നിശ്ചിതസമയത്ത് ഇത് നിങ്ങൾ ആചരിക്കണം.

പുറപ്പാട് 13:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ പിന്നെയും മോശെയോട്: “യിസ്രായേൽ മക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെ ഒക്കെയും എനിക്കായി ശുദ്ധീകരിക്കുക; അത് എനിക്കുള്ളതാകുന്നു” എന്നു കല്പിച്ചു; അപ്പോൾ മോശെ ജനത്തോട് പറഞ്ഞത്: “നിങ്ങൾ അടിമവീടായ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊള്ളുവിൻ; യഹോവ ബലമുള്ള കൈകൊണ്ട് നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു; അതുകൊണ്ട് പുളിപ്പുള്ള അപ്പം തിന്നരുത്. ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ടു പോന്നു. എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്ന് നിന്‍റെ പിതാക്കന്മാരോട് സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്ക് നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമ്മം ആചരിക്കേണം. ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആയിരിക്കേണം. ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്‍റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്‍റെ ദേശത്തെങ്ങും പുളിച്ചമാവും കാണരുത്. ഞാൻ മിസ്രയീമിൽ നിന്ന് പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി പ്രവർത്തിച്ച കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്നു നീ ആ ദിവസത്തിൽ നിന്‍റെ മകനോട് അറിയിക്കേണം. യഹോവയുടെ ന്യായപ്രമാണം നിന്‍റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇത് നിനക്കു നിന്‍റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കേണം. ബലമുള്ള കൈകൊണ്ടാണ് യഹോവ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചത്. അതുകൊണ്ട് നീ വർഷംതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ഈ നിയമം ആചരിക്കേണം.

പുറപ്പാട് 13:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും മോശെയോടു: യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു; അപ്പോൾ മോശെ ജനത്തോടു പറഞ്ഞതു: നിങ്ങൾ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തു കൊൾവിൻ; യഹോവ ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുതു. ആബീബ് മാസം ഈ തിയ്യതി നിങ്ങൾ പുറപ്പെട്ടു പോന്നു. എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമ്മം ആചരിക്കേണം. ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവെക്കു ഒരു ഉത്സവം ആയിരിക്കേണം. ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുതു; നിന്റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു. ഞാൻ മിസ്രയീമിൽനിന്നു പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ആ ദിവസത്തിൽ നിന്റെ മകനോടു അറിയിക്കേണം. യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതു. അതു കൊണ്ടു നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്തു ഈ ചട്ടം ആചരിക്കേണം.

പുറപ്പാട് 13:1-10 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോട്, “സകല ആദ്യജാതന്മാരെയും എനിക്കായി ശുദ്ധീകരിക്കുക. മനുഷ്യരുടേതാകട്ടെ, മൃഗങ്ങളുടേതാകട്ടെ, ഇസ്രായേൽമക്കളുടെ ഇടയിലുള്ള എല്ലാ കടിഞ്ഞൂലുകളും എനിക്കുള്ളതാകുന്നു” എന്നു കൽപ്പിച്ചു. അപ്പോൾ മോശ ജനത്തോടു പറഞ്ഞു, “അടിമദേശമായ ഈജിപ്റ്റിൽനിന്ന് യഹോവ ശക്തമായ ഭുജത്താൽ നിങ്ങളെ വിടുവിച്ചുകൊണ്ടുപോന്നതിനാൽ നിങ്ങൾ അവിടെനിന്നു പുറപ്പെട്ട ഈ ദിവസത്തിന്റെ ഓർമ നിലനിർത്തണം. പുളിപ്പുള്ള യാതൊന്നും നിങ്ങൾ തിന്നരുത്. ആബീബുമാസം ഈ ദിവസത്തിലാണ് നിങ്ങൾ വിട്ടുപോന്നത്. യഹോവ നിങ്ങളെ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്ത്, പാലും തേനും ഒഴുകുന്നതും നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോട് അവിടന്നു വാഗ്ദാനംചെയ്തതുമായ ദേശത്ത്, കൊണ്ടുചെന്നതിനുശേഷം ഈ മാസത്തിൽ നിങ്ങൾ ഈ കർമം ആചരിക്കണം: ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുകയും ഏഴാംദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കുകയും വേണം. ആ ഏഴുദിവസവും നീ പുളിപ്പില്ലാത്ത അപ്പമാണു തിന്നേണ്ടത്; പുളിപ്പുള്ള ഒന്നുംതന്നെ നിന്റെ പക്കൽ കാണരുത്, നിന്റെ അതിരുകൾക്കുള്ളിൽ ഒരിടത്തും പുളിമാവ് അശേഷം കാണരുത്. അന്നു നീ നിന്റെ മകനോട്, ഞാൻ ഈജിപ്റ്റിൽനിന്ന് പോന്ന ദിവസം യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തമാണു ഞാൻ ഇങ്ങനെ ചെയ്യുന്നതെന്നു പറയണം. യഹോവയുടെ ന്യായപ്രമാണം നിന്റെ അധരങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കേണ്ടതിന് ഈ അനുഷ്ഠാനം നിന്റെ കൈമേൽ ഒരു ചിഹ്നവും നെറ്റിയിൽ ഒരു സ്മാരകവും ആയിരിക്കണം; യഹോവ തന്റെ ശക്തിയുള്ള കരത്താൽ നിന്നെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചു കൊണ്ടുവന്നുവല്ലോ. നീ ഓരോവർഷവും നിശ്ചിതസമയത്ത് ഈ അനുഷ്ഠാനം ആചരിച്ചുകൊള്ളണം.