പുറപ്പാട് 12:21-23
പുറപ്പാട് 12:21-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം മോശെ യിസ്രായേൽ മൂപ്പന്മാരെയൊക്കെയും വിളിച്ച് അവരോടു പറഞ്ഞത്: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്ക് ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ. ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്. യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിനു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നുപോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിനു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല.
പുറപ്പാട് 12:21-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് മോശ ഇസ്രായേലിലെ പ്രമുഖന്മാരെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനൊത്തവിധം പെസഹാക്കുഞ്ഞാടിനെ തിരഞ്ഞെടുത്ത് അവയെ കൊല്ലണം. അതിന്റെ രക്തം കുറെ ഒരു പാത്രത്തിൽ എടുത്ത് ഈസോപ്പ്ചെടിയുടെ കുറെ ചില്ലകൾ ചേർത്തു കെട്ടിയതു രക്തത്തിൽ മുക്കി കട്ടിളക്കാലുകളിലും മുകൾപ്പടിയിലും പുരട്ടണം. നിങ്ങളിൽ ആരും പുലരുവോളം പുറത്തു പോകരുത്. ഈജിപ്തുകാരെ സംഹരിക്കാൻ സർവേശ്വരൻ വരും. കട്ടിളക്കാലുകളിലും മുകൾപ്പടിയിലും രക്തം കാണുമ്പോൾ സർവേശ്വരൻ വാതിൽ ഒഴിഞ്ഞുമാറി കടന്നുപോകും. നിങ്ങളുടെ ഭവനങ്ങളിൽ പ്രവേശിച്ച് ആരെയും നശിപ്പിക്കാൻ അവിടുന്ന് സംഹാരകനെ അനുവദിക്കുകയില്ല.
പുറപ്പാട് 12:21-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ച് അവരോട് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്ത് പെസഹയെ അറുക്കുവിൻ. ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്ത് പാത്രത്തിലുള്ള രക്തത്തിൽ മുക്കി കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും പുരട്ടേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്‍റെ വാതിലിന് പുറത്തിറങ്ങരുത്. യഹോവ മിസ്രയീമ്യരെ നശിപ്പിക്കേണ്ടതിന് കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞ് കടന്ന് പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ നശിപ്പിക്കേണ്ടതിന് സംഹാരകൻ വരുവാൻ സമ്മതിക്കുകയുമില്ല.
പുറപ്പാട് 12:21-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ. ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു. യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല.
പുറപ്പാട് 12:21-23 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം മോശ ഇസ്രായേലിലെ സകലഗോത്രത്തലവന്മാരെയും കൂട്ടിവരുത്തി അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ഉടൻതന്നെ പോയി നിങ്ങളുടെ കുടുംബങ്ങൾക്കൊത്തവണ്ണം ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്ത് പെസഹാക്കുഞ്ഞാടിനെ അറക്കുക. ഈസോപ്പുചെടിയുടെ ഒരു കെട്ടെടുത്ത് കിണ്ണത്തിലെ രക്തത്തിൽ മുക്കി കട്ടിളക്കാലുകളിൽ രണ്ടിലും കട്ടിളകളുടെ മീതേയുള്ള പടിയിലും തേയ്ക്കണം. നിങ്ങളിൽ ആരും നേരംപുലരുംവരെ വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്. യഹോവ ഈജിപ്റ്റുകാരെ ദണ്ഡിപ്പിക്കുന്നതിനു ദേശത്തുകൂടി കടന്നുപോകുമ്പോൾ, കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും രക്തം കാണുകയും ആ വാതിൽ ഒഴിഞ്ഞു കടന്നുപോകുകയും ചെയ്യും; നിങ്ങളെ സംഹരിക്കാൻ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നതിന് അവിടന്നു സംഹാരകനെ അനുവദിക്കുകയില്ല.