പുറപ്പാട് 12:1-8
പുറപ്പാട് 12:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവച്ച് അരുളിച്ചെയ്തത് എന്തെന്നാൽ: ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം. നിങ്ങൾ യിസ്രായേലിന്റെ സർവസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി അതതു കുടുംബത്തിന് ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന് ഒത്തവണ്ണം അവനും അവന്റെ വീട്ടിനടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന് ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്ത് തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കയ്പുചീരയോടുകൂടെ അതു തിന്നേണം.
പുറപ്പാട് 12:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ ഈജിപ്തിൽവച്ച് മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഈ മാസം നിങ്ങൾക്ക് വർഷത്തിന്റെ ആദ്യമാസം ആയിരിക്കണം. ഇസ്രായേൽജനത്തോടു പറയുക: ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിൻകുട്ടിയെ തന്റെ കുടുംബത്തിനുവേണ്ടി വേർതിരിക്കണം. ഒരു ആട്ടിൻകുട്ടിയെ മുഴുവൻ ഭക്ഷിക്കാൻ വേണ്ടവർ ഒരു കുടുംബത്തിൽ ഇല്ലാതിരുന്നാൽ അതിനെ അയൽവീട്ടിലെ അംഗങ്ങളുടെ എണ്ണംകൂടി കണക്കാക്കി പങ്കുവയ്‍ക്കണം. ഭക്ഷിക്കാനുള്ള കഴിവു നോക്കി വേണം ഒരാടിന് എത്ര പേർ എന്നു നിശ്ചയിക്കേണ്ടത്. ആട് ഒരു വയസ്സു തികഞ്ഞ കുറ്റമറ്റ ആൺകുട്ടി ആയിരിക്കണം. ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തീയതിവരെ നിങ്ങൾ അതിനെ സൂക്ഷിക്കണം. പതിന്നാലാം ദിവസം വൈകുന്നേരം എല്ലാ ഇസ്രായേല്യരും തങ്ങളുടെ ആട്ടിൻകുട്ടിയെ കൊല്ലണം. അതിന്റെ രക്തം കുറെ എടുത്ത് നിങ്ങൾ ഭക്ഷിക്കാൻ കൂടിയിരിക്കുന്ന വീടിന്റെ കട്ടിളക്കാലിലും മുകൾപ്പടിയിലും പുരട്ടണം. അന്നു രാത്രി മാംസം ചുട്ട് പുളിപ്പുചേർക്കാത്ത അപ്പവും കയ്പുചീരയും ചേർത്തു ഭക്ഷിക്കണം.
പുറപ്പാട് 12:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ മോശെയോടും അഹരോനോടും മിസ്രയീമിൽ വച്ചു അരുളിച്ചെയ്തത് എന്തെന്നാൽ: “ഈ മാസം നിങ്ങൾക്ക് മാസങ്ങളുടെ ആരംഭമായി വർഷത്തിന്‍റെ ഒന്നാം മാസം ആയിരിക്കേണം. നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി ഓരോ കുടുംബത്തിനും ഓരോ ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണം അനുസരിച്ച് അവനും അവന്‍റെ അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ കഴിക്കുന്നതിന് അനുസരിച്ച് കണക്ക് നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സ് പ്രായമുള്ള ആണും ആയിരിക്കേണം; അത് ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിനാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്ത് നിങ്ങൾ മാംസം ഭക്ഷിക്കുവാൻ കൂടിയിരിക്കുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടി അത് തിന്നേണം.
പുറപ്പാട് 12:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാൽ: ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം. നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.
പുറപ്പാട് 12:1-8 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോടും അഹരോനോടും ഈജിപ്റ്റിൽവെച്ച് ഇങ്ങനെ അരുളിച്ചെയ്തു, “ഈമാസം നിങ്ങളുടെ വർഷത്തിന്റെ ഒന്നാംമാസമായ ആരംഭമാസം ആയിരിക്കണം. ഈമാസം പത്താംതീയതി ഓരോ പുരുഷനും തന്റെ കുടുംബത്തിനുവേണ്ടി, ഒരു കുടുംബത്തിന് ഒന്ന് എന്ന കണക്കിൽ, ഓരോ ആട്ടിൻകുട്ടിയെ എടുത്തുകൊള്ളണം എന്നു നിങ്ങൾ ഇസ്രായേല്യസമൂഹത്തോട് ഒന്നാകെ കൽപ്പിക്കണം. ഒരാട്ടിൻകുട്ടി മുഴുവൻ ആവശ്യമില്ല എന്നു വരത്തക്കവണ്ണം ഏതെങ്കിലും കുടുംബം ചെറിയതെങ്കിൽ അവർ തങ്ങളുടെ ഏറ്റവും അടുത്തുള്ള അയൽവാസിയുമായി അവിടെയുള്ളവരുടെ എണ്ണമനുസരിച്ച് അതിനെ പങ്കുവെക്കണം. ഓരോ വ്യക്തിയും ഭക്ഷിക്കുന്നതിന്റെ അളവനുസരിച്ച് നിങ്ങൾക്ക് എത്ര ആട്ടിൻകുട്ടി ആവശ്യമുണ്ട് എന്നു നിശ്ചയിക്കണം. നിങ്ങൾ തെരഞ്ഞെടുക്കുന്ന ആട്ടിൻകുട്ടി ഒരുവർഷം പ്രായമുള്ളതും ഊനമൊന്നും ഇല്ലാത്തതുമായ ആൺ ആയിരിക്കണം; ചെമ്മരിയാടോ കോലാടോ ആകാം. മാസത്തിന്റെ പതിന്നാലാംതീയതിവരെ അവയെ സംരക്ഷിക്കുകയും അന്നു സന്ധ്യാസമയത്ത് ഇസ്രായേല്യസമൂഹത്തിലെ സകലരും അവയെ അറക്കുകയും വേണം. പിന്നെ അവർ അവയുടെ രക്തത്തിൽ കുറെ എടുത്ത്, തങ്ങൾ ആട്ടിൻകുട്ടിയെ ഭക്ഷിക്കുന്ന വീടിന്റെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും പുരട്ടണം. അവർ കയ്‌പുചീരയും പുളിപ്പില്ലാത്ത അപ്പവും കൂട്ടി തീയിൽ ചുട്ട മാംസം ആ രാത്രിയിൽത്തന്നെ ഭക്ഷിക്കണം.