പുറപ്പാട് 11:4-10

പുറപ്പാട് 11:4-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർധരാത്രിയിൽ ഞാൻ മിസ്രയീമിന്റെ നടുവിൽകൂടി പോകും. അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂലൊക്കെയും മൃഗങ്ങളുടെ എല്ലാ കടിഞ്ഞൂലും ചത്തുപോകും. മിസ്രയീംദേശത്ത് എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും. എന്നാൽ യഹോവ മിസ്രയീമ്യർക്കും യിസ്രായേല്യർക്കും മധ്യേ വ്യത്യാസം വയ്ക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതിന് യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരേ ഒരു നായി പോലും നാവ് അനക്കുകയില്ല. അപ്പോൾ നിന്റെ ഈ സകല ഭൃത്യന്മാരും എന്റെ അടുക്കൽ വന്ന്: നീയും നിന്റെ കീഴിൽ ഇരിക്കുന്ന സർവജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്റെശേഷം ഞാൻ പുറപ്പെടും. അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കൽനിന്നു പുറപ്പെട്ടുപോയി. യഹോവ മോശെയോട്: മിസ്രയീംദേശത്ത് എന്റെ അദ്ഭുതങ്ങൾ പെരുകേണ്ടതിനു ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല എന്ന് അരുളിച്ചെയ്തു. മോശെയും അഹരോനും ഈ അദ്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയച്ചതുമില്ല.

പുറപ്പാട് 11:4-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ പറഞ്ഞു: “ഇത് സർവേശ്വരന്റെ വചനം. അർധരാത്രിയാകുമ്പോൾ ഞാൻ ഈജിപ്തിലൂടെ കടന്നുപോകും. അപ്പോൾ ഈജിപ്തിലെ ആദ്യജാതന്മാർ മരിക്കും. സിംഹാസനത്തിലിരിക്കുന്ന ഫറവോയുടെമുതൽ തിരികല്ലിൽ ധാന്യം പൊടിക്കുന്ന വേലക്കാരിയുടെവരെ ആദ്യജാതന്മാർ മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചത്തൊടുങ്ങും. ഈജിപ്തിൽ എല്ലായിടത്തുനിന്നും നിലവിളി ഉയരും. അങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല. എന്നാൽ ഇസ്രായേൽജനങ്ങളുടെയോ അവരുടെ മൃഗങ്ങളുടെയോ നേർക്ക് ഒരു നായ് പോലും ശബ്ദിക്കുകയില്ല. അങ്ങനെ ഈജിപ്തുകാർക്കും ഇസ്രായേൽജനങ്ങൾക്കും ഇടയിൽ സർവേശ്വരൻ ഭേദം കല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും. അങ്ങയുടെ ഭൃത്യന്മാർ വന്ന് എന്നെ വണങ്ങിയിട്ട് ‘നീയും നിന്റെ ജനവും പൊയ്‍ക്കൊൾക’ എന്നു പറയും. അപ്പോൾ ഞാൻ പുറപ്പെടും.” പിന്നെ മോശ ഉഗ്രകോപത്തോടെ രാജസന്നിധിവിട്ട് ഇറങ്ങിപ്പോയി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “കൂടുതൽ അടയാളങ്ങൾ ഞാൻ ഈജിപ്തിൽ ചെയ്യുന്നതിനുവേണ്ടി ഫറവോ നിന്റെ വാക്ക് ഇനിയും അവഗണിക്കും. ഈ അടയാളങ്ങളെല്ലാം മോശയും അഹരോനും ഫറവോയുടെ മുമ്പാകെ ചെയ്തു; എന്നാൽ സർവേശ്വരൻ ഫറവോയെ കഠിനഹൃദയനാക്കിയതുകൊണ്ട് ഇസ്രായേൽജനത്തെ അയാൾ തന്റെ ദേശത്തുനിന്നു വിട്ടയച്ചില്ല.

പുറപ്പാട് 11:4-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മോശെ ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ മിസ്രയീമിന്‍റെ നടുവിൽകൂടി പോകും. അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്‍റെ ആദ്യജാതൻ മുതൽ തിരികല്ലിൽ ധാന്യം പൊടിക്കുന്ന ദാസിയുടെ ആദ്യജാതൻ വരെയും, മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകൾ ഒക്കെയും എല്ലാ മൃഗങ്ങളുടെയും കടിഞ്ഞൂലുകളും ചത്തുപോകും. മിസ്രയീമിൽ എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും. എന്നാൽ യഹോവ മിസ്രയീമ്യർക്കും യിസ്രായേല്യർക്കും മദ്ധ്യേ വ്യത്യാസം വയ്ക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതിന് യിസ്രായേൽ മക്കളിൽ യാതൊരു മനുഷ്യൻ്റെയോ മൃഗത്തിൻ്റെയോ നേരെ ഒരു നായ് പോലും നാവ് അനക്കുകയില്ല. അപ്പോൾ നിന്‍റെ ഈ സകലഭൃത്യന്മാരും എന്‍റെ അടുക്കൽവന്ന്: നീയും നിന്‍റെ കീഴിൽ ഇരിക്കുന്ന സർവ്വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്‍റെശേഷം ഞാൻ പുറപ്പെടും.” അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്‍റെ അടുക്കൽനിന്ന് പുറപ്പെട്ടുപോയി. യഹോവ മോശെയോട്: “മിസ്രയീമിൽ എന്‍റെ അത്ഭുതങ്ങൾ വർദ്ധിക്കേണ്ടതിന് ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല” എന്നു അരുളിച്ചെയ്തു. മോശെയും അഹരോനും ഈ അത്ഭുതങ്ങളെല്ലാം ഫറവോന്‍റെ മുമ്പിൽ ചെയ്തു എങ്കിലും യഹോവ ഫറവോന്‍റെ ഹൃദയം കഠിനമാക്കി; അവൻ യിസ്രായേൽ മക്കളെ തന്‍റെ ദേശത്ത് നിന്ന് വിട്ടയച്ചതുമില്ല.

പുറപ്പാട് 11:4-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ മിസ്രയീമിന്റെ നടുവിൽകൂടി പോകും. അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂൽ ഒക്കെയും മൃഗങ്ങളുടെ എല്ലാകടിഞ്ഞൂലും ചത്തുപോകും. മിസ്രയീംദേശത്തു എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും. എന്നാൽ യഹോവ മിസ്രയീമ്യർക്കും യിസ്രായേല്യർക്കും മദ്ധ്യേ വ്യത്യാസം വെക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നു യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരെ ഒരു നായിപോലും നാവു അനക്കുകയില്ല. അപ്പോൾ നിന്റെ ഈ സകലഭൃത്യന്മാരും എന്റെ അടുക്കൽ വന്നു: നീയും നിന്റെ കീഴിൽ ഇരിക്കുന്ന സർവ്വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞു എന്നെ നമസ്കരിക്കും; അതിന്റെ ശേഷം ഞാൻ പുറപ്പെടും. അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കൽ നിന്നു പുറപ്പെട്ടുപോയി. യഹോവ മോശെയോടു: മിസ്രയീംദേശത്തു എന്റെ അത്ഭുതങ്ങൾ പെരുകേണ്ടതിന്നു ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല എന്നു അരുളിച്ചെയ്തു. മോശെയും അഹരോനും ഈ അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്തു നിന്നു വിട്ടയച്ചതുമില്ല.

പുറപ്പാട് 11:4-10 സമകാലിക മലയാളവിവർത്തനം (MCV)

മോശ ഇങ്ങനെ പ്രസ്താവിച്ചു, “യഹോവ അരുളിച്ചെയ്യുന്നതെന്തെന്നാൽ: ‘അർധരാത്രിയോടടുത്ത് ഞാൻ ഈജിപ്റ്റിന്റെ മധ്യേ സഞ്ചരിക്കും. സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിനരികെ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെ ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരും മൃഗങ്ങളുടെ സകലകടിഞ്ഞൂലുകളും ചത്തുപോകും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ വലിയ വിലാപം ഈജിപ്റ്റിൽ എല്ലായിടത്തും ഉണ്ടാകും. എന്നാൽ ഇസ്രായേല്യരുടെ ഏതെങ്കിലും മനുഷ്യന്റെയോ മൃഗത്തിന്റെയോ നേർക്ക് ഒരു നായ് പോലും കുരയ്ക്കുകയില്ല.’ യഹോവ ഈജിപ്റ്റിനും ഇസ്രായേലിനും മധ്യേ ഒരു വ്യത്യാസം വെച്ചിരിക്കുന്നെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും. താങ്കളുടെ ഉദ്യോഗസ്ഥന്മാരായ ഇവർ എല്ലാവരും എന്റെ അടുക്കൽവന്ന് എന്റെമുമ്പാകെ വണങ്ങിക്കൊണ്ട് എന്നോട്, ‘താങ്കളും താങ്കളെ അനുഗമിക്കുന്ന സകലരുംകൂടി പോകുക!’ എന്നു പറയും. അപ്പോൾ ഞാൻ വിട്ടുപോകും.” ഇതിനുശേഷം മോശ കോപംകൊണ്ടു ജ്വലിച്ച്, ഫറവോന്റെ അടുക്കൽനിന്ന് പുറപ്പെട്ടു. യഹോവ മോശയോട്, “ഫറവോൻ നിന്റെ വാക്കു നിരസിച്ചുകളയും; അങ്ങനെ ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർധിക്കാൻ ഇടയാകുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു. മോശയും അഹരോനും ഫറവോന്റെ മുമ്പാകെ ഈ അത്ഭുതങ്ങളെല്ലാം ചെയ്തെങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി. അയാൾ തന്റെ നാട്ടിൽനിന്ന് ഇസ്രായേൽജനതയെ വിട്ടയച്ചതുമില്ല.